ചന്ദ്രയെ ``വീഴ്ത്തിയ'' മുകേഷ്


4 min read
Read later
Print
Share

സ്വന്തം ജീവിതത്തിൽ നിന്ന് മുകേഷ് യാത്രപറയാതെ പടിയിറങ്ങിപ്പോയി എന്ന സത്യം ഉൾക്കൊള്ളാൻ തയ്യാറായിട്ടില്ല ഇന്നും ചന്ദ്രയുടെ മനസ്സ്. `

-

ഇന്ന് മുകേഷിന്റെ ജന്മവാർഷികം
--------------
ചന്ദ്രയെ ``വീഴ്ത്തിയ'' മുകേഷ്
--------------------
ഭഗവത് സുബ്രഹ്മണ്യം ചന്ദ്രശേഖർ. പോളിയോ ബാധിച്ച കൈവിരലുകളുടെ ഇന്ദ്രജാലത്താൽ ക്രിക്കറ്റിലെ ലോകോത്തര ബാറ്റ്സ്മാൻമാരെ രണ്ടു ദശകത്തിലേറെക്കാലം പിടിച്ചുകെട്ടിയ കിടിലൻ ലെഗ് സ്പിന്നർ. ആ ചന്ദ്രയെ പോലും `പിടിച്ചുകെട്ടിയ'' ഒരാളേയുള്ളു ഉലകത്തിൽ -- മുകേഷ് ചന്ദ്ര മാഥൂർ. പാട്ടുകാരനായ നമ്മുടെ മുകേഷ് തന്നെ.

ആദ്യമായും അവസാനമായും ചന്ദ്രയെ നേരിൽ കണ്ടു സംസാരിച്ച ദിവസം ഓർമ്മയുണ്ട്. മേരാ നാം ജോക്കറിലെ ``ജാനേ കഹാം ഗയേ വോ ദിൻ..'' എന്ന ഗാനത്തിന്റെ ശീലുകൾ സ്വരശലഭങ്ങളായി ചുറ്റിലും പാറിനടക്കുന്നുണ്ടായിരുന്നു അപ്പോൾ. ഹോട്ടൽ മുറിയിലെ സി ഡി പ്ലെയറിൽ ഇടതടവില്ലാതെ പാടിക്കൊണ്ടിരിക്കുകയാണ് മുകേഷ്. സോഫയിൽ ചാരിയിരുന്ന് സ്പോർട്സ് സ്റ്റാറിന്റെ പുതിയ ലക്കം മറിച്ചു നോക്കുന്ന ചന്ദ്രയെ ആരാധനാപൂർവം നോക്കിനിന്നു കുറെ നേരം. ഉള്ളിലെ ആ ക്രിക്കറ്റ് പ്രേമിയായ സ്കൂൾ കുട്ടി മരിക്കുന്നില്ലല്ലോ ഒരിക്കലും. പിന്നെ പതുക്കെ പറഞ്ഞു: ``അങ്ങയുടെ ബൗളിങ് ആസ്വദിക്കാൻ ഊണും ഉറക്കവും ഉപേക്ഷിച്ച് വീട്ടിലെ കൊച്ചു മർഫി റേഡിയോക്ക് മുന്നിൽ തപസ്സിരുന്നിട്ടുണ്ട് ഞാനും എന്റെ അനിയനും; ചെറുപ്പത്തിൽ...'' വർഷങ്ങളായി കേട്ട് ശീലിച്ച ആ ആരാധനാവചസ്സുകൾ ഹൃദയപൂർവം സ്വീകരിച്ച് തിരികെ മറ്റൊരു ``ഗൂഗ്ലി'' എറിയുന്നു അദ്ദേഹം: ``ഞാനും റേഡിയോക്ക് മുന്നിൽ തപസ്സിരുന്നിരുന്നു ഒരു കാലത്ത്. കമന്ററി കേൾക്കാനല്ല; മുകേഷ് ജിയുടെ പാട്ടുകൾ കേൾക്കാൻ..''

ദിവസവും കൊച്ചുവെളുപ്പാൻ കാലത്ത് എഴുന്നേറ്റ് ടെലിവിഷൻ ചാനലുകളിൽ വരുന്ന പഴയ ഹിന്ദി സിനിമകൾ മുടങ്ങാതെ കണ്ട്, അവയിലെ അപൂർവങ്ങളായ മുകേഷ് ഗാനങ്ങൾ തന്റെ ശേഖരത്തിലേക്ക് മുതൽകൂട്ടുന്ന ചന്ദ്രയെ കുറിച്ച് അന്നാണ് അത്ഭുതത്തോടെ കേട്ടറിഞ്ഞത്. ``ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും തുണയായി, തണലായി എനിക്കൊപ്പമുണ്ട് മുകേഷ്. ഓരോ തവണയും വിധി എന്നെ അപ്രതീക്ഷിതമായ ലെഗ് ബ്രേക്കുകളിലൂടെ പരീക്ഷിക്കുമ്പോൾ, ആ വീഴ്ചകളിൽ നിന്ന് സ്നേഹത്തോടെ കൈപിടിച്ചുയർത്തും മുകേഷിന്റെ പാട്ടുകൾ. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ലഭിച്ച 242 വിക്കറ്റുകളും അടിയറവെച്ചാലും മുകേഷിനോടുള്ള ആ കടപ്പാടിന് പകരമാവില്ല.''-- ആത്മാർത്ഥതയുടെ തെളിച്ചമുള്ള വാക്കുകൾ. ``ഞാൻ ബൗളിങ് റണ്ണപ്പിനായി ഒരുങ്ങുമ്പോൾ ഗാലറിയിൽ ഇരുന്ന് മുകേഷിന്റെ ഹിറ്റ് പാട്ടുകൾ ഉറക്കെ പാടിയിരുന്നവരുണ്ട്; ടേപ്പ് റെക്കോർഡറിൽ മുകേഷിന്റെ പാട്ടുകൾ ഉറക്കെ വെച്ചവരും. ആ പാട്ടുകളോളം എന്നെ ഉത്തേജിതനാക്കുന്ന മറ്റൊന്നുമില്ലെന്ന് അവർക്ക് നന്നായി അറിയാം. സുനിൽ (ഗാവസ്കർ) പോലും എന്റെ സമീപത്തുകൂടി നടന്നുപോകുമ്പോൾ മുകേഷിന്റെ പാട്ടുകൾ പാടും. അതൊരു കാലം. ഇനിയൊരിക്കലും തിരിച്ചുവരാത്ത വസന്തകാലം....'' ചലച്ചിത്രങ്ങളിൽ നിന്നും അല്ലാതെയുമായി മുകേഷിന്റെ ആയിരത്തോളം ഗാനങ്ങളുടെ ശേഖരം അഭിമാനത്തോടെ സൂക്ഷിക്കുന്ന ചന്ദ്ര പറയും.

മുകേഷ് എപ്പോൾ, എങ്ങനെ തന്റെ ജീവിതത്തിന്റെ ഭാഗമായിത്തീർന്നു എന്ന് ഓർത്തെടുക്കാനാവുന്നില്ല ചന്ദ്രക്ക്. കുട്ടിക്കാലത്ത് പൊതുവെ അന്തർമുഖനായിരുന്നു ചന്ദ്ര; ഏകാന്തപഥികനും. വിരസമായ ആ ഏകാകിതയിലേക്കാണ് ഒരു നാൾ മുകേഷ് ഗന്ധർവ ഗായകനെപ്പോലെ കടന്നുവന്നത് -- റേഡിയോ സിലോണിലൂടെ. എന്നെങ്കിലും പ്രിയഗായകനെ ഒന്ന് നേരിൽ കാണണം എന്നായിരുന്നു അക്കാലത്തെ ഏറ്റവും വലിയ മോഹം. ``ഹിന്ദി ഭാഷയിൽ വലിയ പിടിപാടില്ല അന്ന്. വാക്കുകളുടെ അർത്ഥവും അറിയില്ല. എന്നിട്ടും ആ പാട്ടുകളിലെ ആശയം എനിക്ക് ഉൾക്കൊള്ളാനായെങ്കിൽ അത് മുകേഷിന്റെ മാത്രം മിടുക്ക് എന്ന് പറയും ഞാൻ. വളരെ വർഷങ്ങൾക്കു ശേഷം ആ പാട്ടുകളിലെ കവിതയുടെ അർത്ഥഗാംഭീര്യം മുകേഷിൽ നിന്ന് തന്നെ ചോദിച്ചു മനസ്സിലാക്കിയപ്പോഴാണ് എന്റെ അനുമാനങ്ങൾ തെറ്റായിരുന്നില്ല എന്ന് ബോധ്യമായത്.''

1970 കളുടെ തുടക്കത്തിൽ മുംബൈയിലെ ഒരു റെക്കോർഡിംഗ് സ്റ്റുഡിയോയിൽ വെച്ച് തന്റെ ആരാധനാപാത്രത്തെ ആദ്യമായി നേരിൽ കണ്ടു ചന്ദ്ര. ജ്യോത് ജലേ എന്ന സിനിമയുടെ റെക്കോഡിംഗിന് ചന്ദ്രയെ കൂട്ടിക്കൊണ്ടുപോയത് സംഗീതപ്രേമിയായ സുഹൃത്ത്. ടെസ്റ്റ് ക്രിക്കറ്റ് താരം എന്ന നിലയ്ക്ക് ഇന്ത്യയൊട്ടുക്കും പ്രശസ്തനായിക്കഴിഞ്ഞിരുന്നു അതിനകം ചന്ദ്ര. മുകേഷിനാകട്ടെ തെല്ലുമില്ല ക്രിക്കറ്റ് ഭ്രമം. കളിക്കാരെയൊട്ട് അറിയുകയുമില്ല. പക്ഷേ തന്റെ ഏറ്റവും അപ്രശസ്തമായ പാട്ടുകളെ കുറിച്ചു പോലും സൂക്ഷ്മമായി പഠിച്ചുവെച്ചിരുന്ന ബാംഗ്ലൂർ സ്വദേശിയായ ചെറുപ്പക്കാരൻ മുകേഷിനെ അമ്പരപ്പിച്ചുകളഞ്ഞു. സുദീർഘമായ ഒരു സൗഹൃദത്തിന്റെ തുടക്കമായി ആ കൂടിക്കാഴ്ച്ച. 1976 ൽ മുകേഷിന്റെ അകാലനിര്യാണത്തോളം നീണ്ട ഗാഢമായ സംഗീത സൗഹൃദം. ``എത്രയോ റെക്കോർഡിംഗുകൾക്ക് മുകേഷ്ജിയെ അനുഗമിച്ചിട്ടുണ്ട് ഞാൻ. മുംബൈയിൽ ചെല്ലുമ്പോഴെല്ലാം ഞങ്ങൾ ഒരുമിച്ചുകൂടും. സംഗീതത്തെ കുറിച്ചുമാത്രമായിരിക്കും സംഭാഷണം. പഴയ പാട്ടുകളുടെ പിന്നിലെ അറിയാക്കഥകൾ അദ്ദേഹം പങ്കുവെക്കും. രാത്രി മുഴുവൻ നീളുന്ന സദിരുകൾ...അവയൊന്നും റെക്കോർഡ് ചെയ്യാനായില്ലല്ലോ എന്നൊരു ദുഃഖം മാത്രം ബാക്കി. മൊബൈൽ ഫോൺ എന്ന സങ്കൽപ്പം പോലും ഇല്ലായിരുന്ന കാലമല്ലേ?'' 1976 ൽ മുംബൈയിലെ ഒരു ചൈനീസ് റെസ്റ്റോറണ്ടിൽ വെച്ചായിരുന്നു അവസാന കൂടിക്കാഴ്ച്ച. അന്നും പഴയ പാട്ടുകൾ മതിമറന്നു പാടി മുകേഷ്. അവയ്ക്ക് പിന്നിലെ കഥകൾ വിസ്തരിച്ചു. ഏതാനും മാസങ്ങൾക്കകം അമേരിക്കയിലെ ഡെട്രോയിറ്റിൽ ഒരു ഗാനമേളക്കിടെ ഹൃദയസ്തംഭനം മൂലം മുകേഷ് അന്തരിച്ച വാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി ചന്ദ്ര. ജീവിതത്തിന്റെ താളം ഒരു മാത്ര പിഴച്ചപോലെ.

മുകേഷിന്റെ മകന്റെ പേരാണ് സ്വന്തം മകനും ചന്ദ്ര നൽകിയത് -- നിതിൻ. വെറുമൊരു സംഗീതാസ്വാദകൻ മാത്രമെന്ന് ആവർത്തിച്ചു പറയുമ്പോഴും സൗഹൃദ സദസ്സുകളിൽ മുകേഷിന്റെ ഗാനങ്ങൾ പാടാൻ മടിക്കാറില്ല ചന്ദ്ര. ഏതു സ്ഥായിയിലൂടെയും അനായാസം സഞ്ചരിക്കുന്ന ചന്ദ്രയുടെ ആലാപനത്തെ കുറിച്ച് ഒരിക്കൽ പ്രശസ്ത ക്രിക്കറ്റ് ലേഖകൻ സുരേഷ് മേനോൻ എഴുതിയതോർക്കുന്നു. കളിക്കളത്തിൽ ചന്ദ്ര പാടിയിരുന്ന മൂളിപ്പാട്ടുകൾ ഗാവസ്കറെ പോലുള്ള കൂട്ടുകാരുടെ ഓർമ്മയിൽ ഇന്നുമുണ്ട്: യേ മേരാ ദീവാനാപൻ ഹേ, ജിസ് ദേശ് മേ ഗംഗാ ബഹ്തീ ഹേ, സാരംഗാ തേരി യാദ് മേ... ``മുകേഷിന്റെ ഏതു പാട്ടാണ് കൂടുതൽ ഇഷ്ടമെന്ന് എന്നോട് ചോദിക്കാതിരിക്കൂ. നൂറു നൂറു പാട്ടുകൾ ഓർമ്മയിൽ തിക്കിത്തിരക്കി കടന്നുവരും. ഏറ്റവും പ്രിയപ്പെട്ട സ്വന്തം പ്രകടനം ഏതെന്ന് ചോദിക്കുന്നത് പോലെയാണത്.''-- ചന്ദ്ര.

സ്വന്തം ജീവിതത്തിൽ നിന്ന് മുകേഷ് യാത്രപറയാതെ പടിയിറങ്ങിപ്പോയി എന്ന സത്യം ഉൾക്കൊള്ളാൻ തയ്യാറായിട്ടില്ല ഇന്നും ചന്ദ്രയുടെ മനസ്സ്. `` ``ഇതാ ഈ നിമിഷവും എനിക്കൊപ്പമുണ്ട് മുകേഷ് ജി. ദിവസവും ഞാൻ അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുന്നു. കൂടുതൽ കൂടുതൽ അവയെ കുറിച്ച് അറിയാൻ ശ്രമിക്കുന്നു''. 1990 കളുടെ മധ്യത്തിൽ ഒരു കാറപകടത്തിൽ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട് മിക്കവാറും ശയ്യാവലംബിയായി മാറിയപ്പോഴും ചന്ദ്രക്ക് ആശ്വാസമേകിയത് മുകേഷിന്റെ പാട്ടുകൾ തന്നെ. വേദനയുടെ കാലമായിരുന്നു അത്. ചികിത്സകൾ ഒന്നും ഫലം ചെയ്യാതിരുന്ന ആ നാളുകളിലും അദൃശ്യനായ ഒരു സ്നേഹിതനെ പോലെ മുകേഷ് ഒപ്പമുണ്ടായിരുന്നു; ജീ ചാഹേ ജബ് ഹം കോ ആവാസ് ദോ, ഹം ഹേ വഹീ ഹം ഥേ ജഹാം .. (എന്നെ കാണാൻ തോന്നുമ്പോൾ വിളിക്കുക, നേരത്തെ ഉണ്ടായിരുന്നിടത്ത് തന്നെ ഞാൻ ഉണ്ടാകും...) എന്ന് പാടിക്കൊണ്ട്. മേരാ നാം ജോക്കർ എന്ന സിനിമക്ക് വേണ്ടി ശൈലേന്ദ്ര രചിച്ച ജീനാ യഹാം മർനാ യഹാം എന്ന പ്രശസ്തഗാനത്തിന്റെ വരികൾ...

--രവിമേനോൻ

Content highlights : Singer Mukesh birthday Ravi Menon paattuvazhiyorathu

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shyam

3 min

കടലിൽ നിന്നുയർന്ന മൈനാകത്തിന് നാൽപ്പത് വയസ്സ്

May 3, 2021


Sheela

2 min

ഷീലയും ശാരദയും ഗായകർ, സുശീലയെയും ജാനകിയും നർത്തകിമാർ; അങ്ങനെയും ഉണ്ടായിരുന്നു ഒരു ദിവസം

Apr 29, 2021


S Janaki

4 min

'നിറകണ്ണുകളോടെ വേദിക്ക് പിന്നിൽ തല താഴ്ത്തി ഇരുന്നു ജാനകി, തിരിച്ചടികൾ അവസാനിച്ചിരുന്നില്ല'

Mar 8, 2022

Most Commented