ആ ഒരൊറ്റ ഫോൺ കോൾ മതിയായിരുന്നു മഞ്ജുവിന്റെ ജീവിതം മാറ്റിമറിക്കാൻ


രവി മേനോൻ

3 min read
Read later
Print
Share

കാൽ നൂറ്റാണ്ടിനിടെ പിന്നീട് സിനിമക്ക് വേണ്ടി അധികം പാട്ടുകളൊന്നും പാടാൻ ഭാഗ്യമുണ്ടായില്ല മഞ്ജുവിന്. എങ്കിലും നിരാശയില്ല. പാടിയ പാട്ടുകൾ പാഴായിപ്പോയില്ലല്ലോ.

മഞ്ജു മേനോൻ, മഞ്ജു മുല്ലശ്ശേരിയിൽ

കട്ടിലിന്റെ ഒരറ്റത്ത് പാതിവിടർന്ന പുഞ്ചിരിയുമായി ഭവ്യതയോടെ ഒതുങ്ങിയിരുന്ന കൗമാരക്കാരിയെ ചൂണ്ടി രാജുമ്മാമ പറഞ്ഞു: ``അസ്സലായി പാടും ഇവൾ. നിനക്ക് കേൾക്കണോ?''
നിമിഷങ്ങൾക്കകം മുല്ലശ്ശേരി രാജഗോപാലിന്റെ കിടപ്പുമുറി ഒരു ``ജൽസാഘർ'' ആയി മാറുന്നു. അന്തരീക്ഷത്തിൽ സൂര്യകാന്തിയും തളിരിട്ട കിനാക്കളും വാസന്തപഞ്ചമിയും സ്വർണ്ണമുകിലും ഗാനശലഭങ്ങളായി പാറിനടക്കുന്നു. മഞ്ജു മേനോൻ എന്ന ഗായിക എന്റെ ജീവിതത്തിലേക്ക് ആദ്യമായി കടന്നുവന്ന നിമിഷങ്ങൾ. ശബ്ദാനുകരണത്തെക്കാൾ ഗാനങ്ങളുടെ ഭാവാംശത്തിന് പ്രാധാന്യം നൽകിയുള്ള മഞ്ജുവിന്റെ ആലാപനം അന്നേ മനസ്സിൽ തങ്ങി.

``ഇവൾ സിനിമയിൽ പാടാൻ പോണു.''-- കിടക്കയിൽ ചെരിഞ്ഞുകിടന്നുകൊണ്ട് രാജുമ്മാമ പറഞ്ഞു. ``ഇപ്പൊ വിളിച്ചു സംസാരിച്ചതേയുള്ളൂ നമ്മടെ ജയനുമായി. നല്ലൊരു പാട്ട് ഇവൾക്ക് കൊടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട് അവൻ.'' ആ ഒരൊറ്റ ഫോൺ കോൾ മതിയായിരുന്നു മഞ്ജുവിന്റെ ജീവിതം മാറ്റിമറിക്കാൻ. അധികം വൈകാതെ ജയരാജ് സംവിധാനം ചെയ്ത ``സോപാന''(1994) ത്തിൽ കൈതപ്രവും എസ് പി വെങ്കിടേഷും ചേർന്നൊരുക്കിയ ``താരനൂപുരം ചാർത്തി മൂകയാമം ശ്യാമപരിഭവം പെയ്തു..'' എന്ന സൂപ്പർഹിറ്റ് യുഗ്മഗാനത്തിലൂടെ മഞ്ജു പിന്നണിഗായികയായി അരങ്ങേറുന്നു. ഒപ്പം പാടിയത് സാക്ഷാൽ ഗാനഗന്ധർവൻ. ഇതിലും സ്വപ്നതുല്യമാകാനുണ്ടോ അരങ്ങേറ്റം?

``രാജു അങ്കിളിന്റെ ആ ഒരൊറ്റ വാക്കിൽ നിന്നാണ് മഞ്ജു മേനോൻ എന്ന പിന്നണി ഗായിക ജനിക്കുന്നത്.''-- മഞ്ജു പറയും. ``തുടർന്ന് ഞാൻ പാടിയ പാട്ടുകൾക്ക് പിന്നിലുമുണ്ടായിരുന്നു സംഗീതത്തെ ജീവനുതുല്യം സ്നേഹിക്കുന്ന, നന്മ നിറഞ്ഞ ആ മനസ്സ്. '' ദേശാടനത്തിലും (നാവാ മുകുന്ദാ ഹരേ, നീലക്കാർമുകിൽ, കളിവീടുറങ്ങിയല്ലോ ഫീമെയ്ൽ വേർഷൻ) ആറാം തമ്പുരാനിലും ഒക്കെ മഞ്ജു പാടിയത് മുല്ലശ്ശേരി രാജഗോപാലിന്റെ പ്രോത്സാഹനത്തോടെ തന്നെ.'' ആറാം തമ്പുരാനിലെ ``സന്തതം സുമശരൻ'' (ഗിരീഷ് പുത്തഞ്ചേരി -- രവീന്ദ്രൻ) എന്ന സുന്ദരഗാനം മഞ്ജുവിന് വലിയൊരു ബ്രേക്ക് ആകേണ്ടതായിരുന്നു. അത്രയും ഹൃദയസ്പർശിയായിരുന്നു ആ രാഗമാലികയുടെ ആലാപനവും ചിത്രീകരണവും.
``ഗിരീഷേട്ടൻ പോലും പ്രതീക്ഷിച്ചിരുന്നു ആ പാട്ട് എനിക്ക് ഭാഗ്യം കൊണ്ടുവരുമെന്ന്. എന്തുചെയ്യാം. നമ്മൾ വിചാരിക്കുന്ന പോലെയല്ലല്ലോ കാര്യങ്ങൾ നടക്കുക; സിനിമയിലാകുമ്പോൾ പ്രത്യേകിച്ചും. ഇവിടെ പിടിച്ചുനിൽക്കാൻ ബന്ധങ്ങൾ നിലനിർത്താനുള്ള കഴിവ് വേണം. എപ്പോഴും ഫോളോ അപ്പ് ചെയ്തുകൊണ്ടിരിക്കണം. പൊതുവെ ആൾക്കൂട്ടങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്ന പ്രകൃതക്കാരിയായ എനിക്ക് അതൊന്നും പറഞ്ഞിട്ടുള്ളതല്ല. കിട്ടിയ അവസരങ്ങൾ കൊണ്ട് തൃപ്തിപ്പെട്ടു. നൂറും ഇരുനൂറും പാട്ടുകൾ പാടിയിട്ടും തിരിച്ചറിയപ്പെടാതെ പോകുന്നതിനേക്കാൾ ഭേദമാണല്ലോ പാടിയ വിരലിലെണ്ണാവുന്ന പാട്ടുകളിലൂടെ നിങ്ങളൊക്കെ എന്നെ ഓർത്തുവെക്കുന്നത്.'' -- വാക്കുകളിലെ വിഷാദഛായ സൗമ്യമായ ഒരു പുഞ്ചിരിയാൽ മറയ്ക്കാൻ ശ്രമിക്കുന്നു, പാട്ടുകാരനായ ഭർത്താവ് മുരളിയോടൊപ്പം എറണാകുളത്ത് താമസിക്കുന്ന മഞ്ജു.

ആദ്യം കാണുമ്പോൾ പാലക്കാട് ജില്ലയിലെ മീനാക്ഷിപുരത്താണ് മഞ്ജു താമസം. അച്ഛൻ ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥൻ. ഏഴാം വയസ്സിൽ വേദികളിൽ പാടിത്തുടങ്ങിയതാണ് മഞ്ജു. ``അന്നതൊരു ഹോബി മാത്രമായിരുന്നില്ല. ആവശ്യം കൂടിയായിരുന്നു. കുടുംബത്തിന്റെ മുഴുവൻ ആവശ്യം''-- മഞ്ജു പറയും. ``വലിയ വരുമാനമുള്ള ജോലിയല്ല അച്ഛന്റേത്. വീട്ടിൽ സാമ്പത്തികപ്രശ്നങ്ങൾ ധാരാളം. പാടി ലഭിച്ചിരുന്നത് ചെറിയ തുക ആയിരുന്നെങ്കിലും അന്നത്തെ സാഹചര്യത്തിൽ അത് വലിയൊരു വരുമാനമായിരുന്നു.'' മുല്ലശ്ശേരിയിൽ വെച്ച് പരിചയപ്പെട്ട കോളേജ് കുമാരിയുടെ വിടർന്ന പുഞ്ചിരിയ്ക്ക് പിന്നിലെ നൊമ്പരപ്പെടുത്തുന്ന ജീവിത യാഥാർഥ്യങ്ങൾ ഏറെക്കാലം കഴിഞ്ഞു മഞ്ജു പറഞ്ഞറിഞ്ഞപ്പോൾ അത്ഭുതം തോന്നി; തെല്ലു വേദനയും. സംഗീതത്തെ ഏകാഗ്ര തപസ്യയായിക്കണ്ട് പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രമിച്ച ആ പെൺകുട്ടി ഇന്നുമുണ്ട് മഞ്ജുവിന്റെ ഉള്ളിൽ.

ഭാവഗായകൻ ജയചന്ദ്രനൊപ്പം പതിവായി ഗാനമേളകളിൽ പങ്കെടുത്തിരുന്ന നാളുകളിലാണ് കോഴിക്കോട് ചാലപ്പുറത്തെ മുല്ലശ്ശേരിയിലേക്കുള്ള ആദ്യ വരവ്. ``ജയൻ അങ്കിളാണ് രാജുവേട്ടൻ എന്ന വലിയ മനുഷ്യനെപ്പറ്റി ആദ്യമായി പറഞ്ഞത്. പിറ്റേന്നത്തെ ഗാനമേളയുടെ റിഹേഴ്‌സൽ മുല്ലശ്ശേരിയുടെ പൂമുഖത്തായിരുന്നു. ജയചന്ദ്രൻ അങ്കിളിന്റെ പാട്ടു കേൾക്കാൻ രാജു അങ്കിൾ ആഗ്രഹം പ്രകടിപ്പിച്ചതാണ് കാരണം. റിഹേഴ്‌സലിനിടെ, കിടക്കുന്ന മുറിയിലേക്ക് വിളിച്ചുവരുത്തി എന്നെക്കൊണ്ട് കുറെ പാട്ടുകൾ പാടിച്ചു അദ്ദേഹം. പാടിയത് അങ്കിളിന് ഇഷ്ടപ്പെട്ടിരിക്കണം. ഇല്ലെങ്കിൽ ജയരാജ് സാറിനെ വിളിച്ച് എന്നെ സിനിമയിൽ പാടിക്കാൻ ആവശ്യപ്പെടില്ലല്ലോ..''

``സോപാന''ത്തിലേക്ക് ജയരാജിന്റെ ക്ഷണം ലഭിച്ചപ്പോൾ അത്ഭുതമായിരുന്നു മഞ്ജുവിന്. ``അന്നത്തെ ജീവിതസാഹചര്യത്തിൽ സിനിമാപ്പാട്ടിനെ കുറിച്ചൊന്നും ചിന്തിക്കാൻ പോലുമാവില്ല എനിക്ക്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ഒരു മിഡിൽ ക്ലാസ് കുടുംബം. സിനിമയൊന്നും സങ്കൽപ്പങ്ങളിൽ പോലുമില്ല. അതുകൊണ്ടുതന്നെ അവിശ്വസനീയമായിരുന്നു ആ ഓഫർ..'' താൻ അന്നുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരു പുത്തൻ ഗായികയെ മുല്ലശ്ശേരി രാജഗോപാലിന്റെ ഒരൊറ്റ വാക്കിന്റെ പേരിൽ സിനിമയിൽ പരീക്ഷിക്കാൻ തയ്യാറായ ജയരാജിനോട് തീർത്താലും തീരാത്ത കടപ്പാടുണ്ട് മഞ്ജുവിന്. സിനിമയിൽ ആരാണ് അത്തരം റിസ്കുകൾ എടുക്കാൻ തയ്യാറാകുക?

പ്രതിബന്ധങ്ങൾ വേറെയുമുണ്ടായിരുന്നു മുന്നിൽ. ഭരണി സ്റ്റുഡിയോയിൽ ചെന്ന് പാട്ടു പാടി റെക്കോർഡ് ചെയ്തുകഴിഞ്ഞപ്പോൾ നിർമ്മാതാക്കളിൽ ആർക്കോ വീണ്ടുവിചാരം. പുതിയ കുട്ടിയെ കൊണ്ട് പാടിച്ചാൽ പടത്തിന് ഗുണമുണ്ടാകുമോ? കാസറ്റ് വിറ്റുപോകുമോ? മഞ്ജുവിന് പകരം ചിത്രയെ കൊണ്ട് താരനൂപുരം രണ്ടാമതും പാടിച്ചു റെക്കോർഡ് ചെയ്യാൻ തീരുമാനിക്കുന്നു അവർ. ``മറ്റാരോ പറഞ്ഞിട്ടാണ് ഈ കഥയൊക്കെ പിന്നീട് ഞാൻ അറിഞ്ഞത്. പുതിയൊരു ഗായികയെ പരീക്ഷിക്കാൻ അധികമാരും ഇന്നത്തെപ്പോലെ ധൈര്യം കാണിക്കാത്ത കാലം. എന്നാൽ ചിത്രച്ചേച്ചി വന്ന് എന്റെ പാട്ട് കേട്ടതോടെ കാര്യങ്ങൾ വീണ്ടും മാറി. ഈ കുട്ടി നന്നായി പാടിയിട്ടുണ്ടല്ലോ, ഇത് മാറ്റുന്നതെന്തിന് എന്നായിരുന്നു ചേച്ചിയുടെ ചോദ്യം. പലരും നിർബന്ധിച്ചെങ്കിലും മാറ്റിപ്പാടാൻ വഴങ്ങിയില്ലത്രേ ചേച്ചി. അങ്ങനെ എന്റെ പാട്ട് കഷ്ടിച്ച് രക്ഷപ്പെടുന്നു. കൈതപ്രം സാറിനും ജയരാജ് സാറിനും വലിയ ഇഷ്ടമായി ആ പാട്ടെന്ന് പിന്നീട് അവർ പറഞ്ഞറിഞ്ഞു.''
നിലാവുള്ള രാത്രിയുടെ പശ്ചാത്തലത്തിലാണ് ജയരാജ് താരനൂപുരം ചിത്രീകരിച്ചത്. കവിത പോലെ ഭാവാർദ്രമായ പ്രണയരംഗം.

കാൽ നൂറ്റാണ്ടിനിടെ പിന്നീട് സിനിമക്ക് വേണ്ടി അധികം പാട്ടുകളൊന്നും പാടാൻ ഭാഗ്യമുണ്ടായില്ല മഞ്ജുവിന്. എങ്കിലും നിരാശയില്ല. പാടിയ പാട്ടുകൾ പാഴായിപ്പോയില്ലല്ലോ. ഈശ്വരാനുഗ്രഹത്താൽ അവ ഇന്നും ഓർക്കപ്പെടുന്നു. പാട്ടുകാരുടെ മലവെള്ളപ്പാച്ചിലിൽ ശബ്ദങ്ങൾ പോലും തിരിച്ചറിയപ്പെടാതെ പോകുന്ന പുതിയ കാലത്തും മഞ്ജുവിന്റെ താരനൂപുരം കിലുങ്ങിക്കൊണ്ടേയിരിക്കുന്നു. യുട്യൂബിലെന്നപോലെ ആസ്വാദകമനസ്സുകളിലും.

Content Highlights: Singer Manju Menon Mullassery Rajagopal Jayaraj Sopanam Aaram Thampuran Santhatham Ravi Menon

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chithra

4 min

'വൺസ് മോർ' കേട്ടാൽ അഭിമാനപുളകിതരാകാത്ത പാട്ടുകാരുണ്ടോ? ശരത് ഉണ്ട്, അതും ചിത്രയ്ക്കൊപ്പം പാടിയപ്പോൾ

Aug 13, 2021


Monisha

2 min

മോനിഷയെ മലയാള സിനിമയില്‍ അടയാളപ്പെടുത്തിയ 'മഞ്ഞള്‍പ്രസാദം'

Dec 6, 2021


Shabnam

5 min

വെണ്ണിലാ ചന്ദനക്കിണ്ണം; ഒരൊറ്റ പാട്ടിലൂടെ ഹൃദയം കവർന്ന ഗായിക, ശബ്നം

Jul 21, 2021


Most Commented