
അബ്ദുൾ അസീസ് കുഞ്ഞിമരക്കാർ എന്ന അസീസ് നാസായും മകൻ മുജ്തബയും, അമിതാഭ് ബച്ചൻ, ശശി കപൂർ, മനോജ് കുമാർ എന്നിവർക്കൊപ്പം അസീസ്
ഗാനഗന്ധര്വന് യേശുദാസിനും മുമ്പ് ബോളിവുഡിന്റെ ഹൃദയംകവര്‍ന്ന ഒരു മലയാളിപ്പാട്ടുകാരനുണ്ട് -കാസര്കോട്ടുകാരന് അബ്ദുല്‍ അസീസ് കുഞ്ഞിമരയ്ക്കാര്‍. 'ചോട്ടി സി ബാത്തി'ലെ 'ജാനേമന് ജാനേമന് തേരെ ദോ നയന്‍' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ യേശുദാസ് ഹിന്ദി സിനിമാലോകത്ത് ചുവടുറപ്പിച്ചത് 1976-ല്‍. അതിനും രണ്ടുവര്‍ഷം മുമ്പായിരുന്നു അസീസ് കുഞ്ഞിമരയ്ക്കാരുടെ സിനിമാപ്രവേശം-സ്വയം ചിട്ടപ്പെടുത്തി പാടിയ 'ജൂം ബരാബര്‍ ജൂം ശരാബി ജൂം ബരാബര്‍ ജൂം' എന്ന സൂപ്പര്‍ ഹിറ്റ് പാട്ടുമായി. ഇന്ത്യന്‍ സിനിമയില്‍ കേട്ട എക്കാലത്തെയും ജനപ്രിയ ഖവാലികളില്‍ ഒന്ന്. പില്ക്കാലത്ത് ആ പേരില്‍ ഒരു ഹിറ്റ് സിനിമപോലും വന്നു-അഭിഷേക് ബച്ചന് നായകനായ 'ജൂം ബരാബര്‍ ജൂം.' എണ്ണമറ്റ കവര്‍ വേര്‍ഷനുകളിലൂടെ, റീമിക്സുകളിലൂടെ തലമുറകളില്‍നിന്ന് തലമുറകളിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്ന ആ തട്ടുപൊളിപ്പന്‍ ഗാനത്തിന് ശബ്ദം പകര്‍ന്നയാള്‍ പക്ഷേ, മറ്റൊരു പേരിലായിരുന്നു ബോളിവുഡില്‍ പ്രശസ്തന്‍ -അസീസ് നാസാ, ഖവാലികളുടെ ഉസ്താദ്.
ആദ്യമായി ആ ഗാനം കാതില്‍ വന്നുവീണ നിമിഷങ്ങള്‍ ഇന്നുമുണ്ട് ഓര്‍മയില്‍. കോഴിക്കോട്ടെ പാളയം സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസുകളില്‍നിന്ന് നീണ്ടുവന്ന കൗതുകക്കണ്ണുകള്ക്കും കാതുകള്‍ക്കും മുന്നില്‍ ഒരു നാടോടി ഗാനമേള. തറയിലിരുന്ന്, പൊട്ടിപ്പൊളിഞ്ഞ ഹാര്‍മോണിയത്തിന്റെ കട്ടകളിലൂടെ ചടുലവേഗത്തില്‍ വിരലോടിച്ച് തൊണ്ടകീറി പാടുകയാണ് അച്ഛന്. ഡോലക്ക് വായിച്ച് പാട്ടില്‍ പങ്കുചേരുന്ന അമ്മ. പാട്ടിന്റെ താളത്തിനൊത്ത് നൃത്തംവെക്കുന്ന ഓമനത്തമുള്ള ഇരട്ടപ്പെണ്‍കുട്ടികള്‍. ബസില്‍നിന്ന് ആരൊക്കെയോ എറിഞ്ഞുകൊടുത്ത നാണയത്തുട്ടുകള്‍ തിടുക്കത്തില്‍ പെറുക്കിയെടുത്ത ശേഷം 'സദസ്സി'ന്റെ അഭ്യര്‍ഥന മാനിച്ച് വീണ്ടും അതേ പാട്ട് പാടുന്നു അച്ഛനും അമ്മയും. 'കാലി ഘടാ ഹേ മസ്ത് ഫസാ ഹേ ജാമ് ഉഡാക്കര് ഗൂമ് ഗൂമ് ഗൂമ്....' എന്ന വരിക്കൊത്ത് രസിച്ചു താളമിടുന്നു കേള്‍വിക്കാര്‍. ചുറ്റും നിര്‍ത്തിയിട്ടിരുന്ന ബസുകളിലൊന്നില്‍ ഇരുന്ന് അവരിലൊരാളായി ആ രസികന്‍ മെഹ്ഫിലിന് സാക്ഷ്യം വഹിച്ച സ്കൂള്‍കുട്ടി ആ നിമിഷങ്ങള്‍ എങ്ങനെ മറക്കാന്‍?'ഫൈവ് റൈഫിള്‍സ്' (1974) എന്ന പടത്തിലെ പാട്ടാണതെന്ന് പിന്നീടറിഞ്ഞു. പക്ഷേ, പാട്ടുകാരന്റെ 'മലയാളിത്തം' മനസ്സിലാക്കിയത് അടുത്തിടെ മാത്രം. ''കാസര്‍കോടാണ് ഡാഡിയുടെ പൂര്‍വികരുടെ തറവാട്. ബിസിനസുകാരുടെ കുടുംബമായിരുന്നു. ഒരു കാലത്ത് ബീഡിക്കമ്പനിയൊക്കെ നടത്തിയിരുന്നതായി കേട്ടിട്ടുണ്ട്.''-അസീസ് നാസായുടെ മകനും ബോളിവുഡിലെ തിരക്കേറിയ ഖവാലി കലാകാരനുമായ മുജ്തബ അസീസിന്റെ ഓര്മ. ഏഴുപതിറ്റാണ്ടോളംമുമ്പ് ബിസിനസ് താത്പര്യങ്ങളുമായി ഭാര്യയോടൊപ്പം മുംബൈയില്‍ കുടിയേറിയതാണ് മുജ്തബയുടെ അപ്പൂപ്പന് കുഞ്ഞിമരയ്ക്കാര്‍. മരയ്ക്കാരുടെ മകന് അസീസ് ജനിച്ചതും ജീവിതകാലം മുഴുവന്‍ ചെലവിട്ടതും മുംബൈയില്‍ത്തന്നെ. സ്വാഭാവികമായും അദ്ദേഹത്തിന്റെ കേരളബന്ധം അറിയുന്നവര്‍ അപൂര്‍വം. സംഗീതപ്രേമം ചെറുപ്പംമുതലുണ്ട് അസീസ് നാസായ്ക്ക്. ഹിന്ദുസ്ഥാനി, ഖവാലി, ഗസല്‍, സിനിമാഗാനങ്ങള്‍... അങ്ങനെ വൈവിധ്യമാര്‍ന്ന ഇഷ്ടങ്ങള്‍. ഒരു പൊടി കൂടുതല്‍ സ്നേഹം ഖവാലിയോടായിരുന്നു എന്നു മാത്രം. ''കുടുംബത്തില്‍ പൊതുവേ സംഗീതത്തോട് വിരോധമാണ് എല്ലാവര്ക്കും. മകനെ പരമാവധി പാട്ടില്‍ നിന്നകറ്റാന്‍ ശ്രമിച്ചു മാതാപിതാക്കള്‍. പക്ഷേ, ഡാഡിയുണ്ടോ പിന്മാറുന്നു. കഷ്ടപ്പെട്ട്, രഹസ്യമായി ഹിന്ദുസ്ഥാനി സംഗീതം ഹൃദിസ്ഥമാക്കി അദ്ദേഹം. ഒറ്റയ്ക്ക്, ഒരു ഗുരുവിന്റെയും സഹായമില്ലാതെയായിരുന്നു പഠനം''-മുജ്തബ പറയുന്നു. പ്രശസ്ത ഖവാലി സംഗീതജ്ഞന് ഇസ്മായില്‍ ആസാദിന്റെ ട്രൂപ്പില്‍ കോറസ് ഗായകനായി ഇടംനേടിയതാണ് അസീസിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. അധികം വൈകാതെ അദ്ദേഹം സ്വന്തമായി ഖവാലികള് അവതരിപ്പിച്ചുതുടങ്ങുന്നു. ഗ്രാമഫോണ്‍ കമ്പനിയുമായി കരാറൊപ്പിട്ടത് 1958-ല്‍. നാലുവര്‍ഷത്തിനകം ആദ്യത്തെ ഖവാലി റെക്കോഡ് പുറത്തുവരുന്നു: 'ജിയാ നഹി മാനാ...' തുടര്‍ന്ന് നിഗാഹ്-എ-കരം തുടങ്ങി വേറെയും റെക്കോഡുകള്‍. എളുപ്പം വിറ്റഴിഞ്ഞു ആ പാട്ടുകളെല്ലാം. ലഹരിയായി പടര്‍ന്ന പാട്ട്
1969-ലാണ് അസീസ് നാസായുടെ മാസ്റ്റര്‍പീസ് ആയ ജൂം ബരാബര്‍ ജൂം ശരാബിയുടെ വരവ്. പാട്ടിന്റെ പല്ലവി രചിച്ചത് സുഹൃത്തും കവിയുമായ ഹസ്രത് മൊഹാനി. ''ഹസ്രത് സാഹിബ് എഴുതിയ ആദ്യവരി ഇങ്ങനെയായിരുന്നു: ജൂം ജൂം ജൂം ശരാബി ജൂം. ഡാഡി അതില്‍ ചെറിയൊരു മാറ്റം വരുത്തി ജൂം ബരാബര്‍ ജൂം ശരാബി എന്നാക്കി. പാടാനുള്ള സുഖംകൂടി കണക്കിലെടുത്താവണം. പാട്ടിന്റെ അവശേഷിച്ച വരികള്‍ എഴുതി
പൂര്‍ത്തിയാക്കിയത് നാസാ ഷോലാപ്പുരിയാണ്'' -മുജ്തബ പറയുന്നു. അഗാധമായ അര്‍ഥതലങ്ങളുള്ള രചനയൊന്നുമല്ല. നര്‍മവും കുസൃതിയും കലര്‍ന്ന ഒരു ഉത്സവഗാനം. തലയ്ക്കുമീതെ മഴമേഘജാലവും ചുറ്റും ആത്മീയാന്തരീക്ഷവും ഉള്ളപ്പോള്‍ കൈയില്‍ മദ്യചഷകവുമായി നൃത്തംചെയ്യാന്‍ മടിക്കുന്നതെന്തിന് എന്നൊക്കെയാണ് കവിയുടെ ചോദ്യം. വേദികളില്‍ അസീസ് ജൂം ബരാബര്‍ അവതരിപ്പിച്ചുതുടങ്ങിയ കാലത്ത് വരികളിലെ മദ്യസാന്നിധ്യം വിവാദവിഷയമായിരുന്നെങ്കിലും അതൊന്നും പാട്ടിന്റെ ജനപ്രീതിയെ ബാധിച്ചില്ല. കൊളംബിയയുടെ ഗ്രാമഫോണ്‍ റെക്കോഡുകൂടി വന്നതോടെ കാമ്പസുകളുടെ ഹരമായി മാറി ആ ഗാനം. തൊട്ടുപിന്നാലെ ബോളിവുഡിലും ജൂം ബരാബര്‍ ആരാധകരെ സൃഷ്ടിച്ചുതുടങ്ങുന്നു. 'മേരെ ഗരീബ് നവാസ്' എന്ന സിനിമയിലാണ് ആദ്യം ഈ പാട്ട് ഉപയോഗിച്ചത്. ആളുകളെ ആകര്‍ഷിക്കാന്‍വേണ്ടി അസീസിന്റെ ലൈവ് പ്രോഗ്രാം സിനിമയില്‍ ഏച്ചുകെട്ടുകയായിരുന്നു സംവിധായകന്. അത് കഴിഞ്ഞാണ് 'ഫൈവ് റൈഫിള്‍സി'ന്റെ വരവ്. സംവിധായകന് ഐ.എസ്. ജോഹറിന്റെ ആഗ്രഹമായിരുന്നു സിനിമയില്‍ ജൂം ബരാബര്കൂടി വേണമെന്നത്. അതിനുവേണ്ടി ഒരു ഖവാലി രംഗം തന്നെ ചിത്രീകരിച്ചുചേര്ത്തു അദ്ദേഹം. എട്ടുനിലയില്‍ പൊട്ടിയ ആ സിനിമയില്‍നിന്ന് ഇന്ന് ഓര്‍മയില്‍ അവശേഷിക്കുന്നത് അസീസ് നാസാ ചിട്ടപ്പെടുത്തി പാടിയ ജൂം ബരാബര്‍ മാത്രം. പടത്തിലെ മറ്റു പാട്ടുകളെല്ലാം ഒരുക്കിയത് കല്യാണ്ജി ആനന്ദ്ജി. ജൂം ബരാബറിന് പിന്നാലെ വന്ന 'ഛഡ്ത്ത സൂരജ്' എന്ന ഖവാലിയും റെക്കോഡ് വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിച്ചതോടെ സിനിമയില്‍ അസീസിന് തിരക്കേറി. സ്വന്തം സിനിമകളിലെ ഖവാലികളുടെ പൂര്‍ണതയ്ക്കായി നൗഷാദ് സാഹിബുവരെ അസീസിനെ ആശ്രയിച്ചിരുന്ന കാലമുണ്ടായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു മകന്. പാല്‍ക്കി, രാം ഔര്‍ ശ്യാം, സാഥി, സംഘര്‍ഷ് എന്നീ ചിത്രങ്ങളില്‍ നൗഷാദിന്റെ സഹായിയായിരുന്നു അസീസ്. മുഹമ്മദ് റഫി, കിഷോര്‍ കുമാര്‍, ആശ ഭോസ്ലെ എന്നിവര്‍ക്കൊപ്പം പാടാനുള്ള അവസരം ഒത്തുവന്നതും ഇക്കാലത്തുതന്നെ -രഫു ചക്കര്‍, ഫകീറ, ലൈലാ മജ്നു, നെഹ്ലെ പേ ദഹ്ല, തൃഷ്ണ തുടങ്ങിയ ചിത്രങ്ങളില്‍. ഏറ്റവും ശ്രദ്ധേയമായത് സൂപ്പര്‍ ഹിറ്റ് ചിത്രമായ ഖുര്‍ബാനിയിലെ ശീര്‍ഷകഗാനമാണ്. ഫാറൂഖ് കൈസര്‍ എഴുതി കല്യാണ്ജി ആനന്ദ്ജി ചിട്ടപ്പെടുത്തിയ 'ഖുര്‍ബാനി ഖുര്‍ബാനി ഖുര്‍ബാനി' എന്ന ഖവാലിയില്‍ കിഷോര്‍ കുമാറിനും അന്‍വറിനുമൊപ്പം അസീസും ഉണ്ടായിരുന്നു ഗായകനായി. അസീസ് ശബ്ദം നല്കിയ ഖവാലി ഭാഗം 'ഖുര്‍ബാനി'യില്‍ രണ്ടിടത്ത് ഉപയോഗിച്ചിട്ടുണ്ട് സംവിധായകന് ഫിറോസ് ഖാന്.
കേള്‍വിജ്ഞാനം മാത്രമായിരുന്നു പിതാവിന്റെ കൈമുതല്‍ എന്നോര്‍ക്കുന്നു മുജ്തബ. തെക്കന്‍ മുംബൈയില്‍ അസീസിന്റെ കുടുംബം താമസിച്ചിരുന്ന വീടിന് അടുത്തായിരുന്നു ഉസ്താദ് ബഡെ ഗുലാം അലി ഖാന്റെ വസതി. മിക്കവാറും ദിവസങ്ങളില്‍ അവിടെ ഉസ്താദുമാരുടെ കച്ചേരികള്‍ ഉണ്ടാകും. ഗേറ്റിന് പുറത്തുനിന്ന് അതാസ്വദിക്കുകയും മനഃപാഠമാക്കുകയുമായിരുന്നു അസീസിന്റെ പ്രധാന ഹോബി. ചെറുപ്പത്തിലേ നിരന്തരസാധകത്തിലൂടെ തേച്ചുമിനുക്കിയെടുത്തതാണ് ഏതു സ്ഥായിയിലും അനായാസം പാടാനുള്ള കഴിവ്. പ്രശസ്തനായ ശേഷം മുഹമ്മദ് ഇബ്രാഹിം ഖാന് സാഹിബ്, മദന്‍ മോഹന്റെ ഗുരുവായ റഫീഖ് ഗസ്നവി എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചു അദ്ദേഹം. അബ്ദുള്‍ അസീസ് കുഞ്ഞിമരയ്ക്കാരെ അസീസ് നാസാ ആക്കി മാറ്റിയത് സുഹൃത്തും എഴുത്തുകാരനുമായ ഖാലിദ് നിസാമി. സംഗീതജീവിതത്തില്‍ അസീസിന് ഭാഗ്യംകൊണ്ടുവന്നു ആ പേരുമാറ്റം. മുമ്പേ പറന്ന പക്ഷി പാട്ടുകളുടെ വാദ്യവിന്യാസത്തില്‍ കാലത്തിനു മുമ്പേ സഞ്ചരിച്ചയാളാണ് അസീസ് എന്നുപറയും മുജ്തബ. ''ഖവാലികളിലും ഗസലുകളിലും പല പരിഷ്കാരങ്ങളും അവതരിപ്പിച്ചു അദ്ദേഹം. തബലയും ഹാര്‍മോണിയവും മാത്രമേ അതുവരെ ഖവാലികളുടെ പശ്ചാത്തലത്തില്‍ കേട്ടിരുന്നുള്ളൂ. മാന്‍ഡലിന്‍, ബേസ് ഗിറ്റാര്‍, കോംഗോസ്, ബോംഗോസ്, ഇലക്ട്രിക് ഗിറ്റാര്‍ തുടങ്ങിയ പാശ്ചാത്യ ഉപകരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സ്റ്റേജ് പരിപാടികള്‍ കൊഴുപ്പിച്ചെടുത്തു അദ്ദേഹം. ബപ്പി ലാഹിരിയെ പോലുള്ളവര്‍ അത്തരം പരീക്ഷണങ്ങള്ക്കൊരുങ്ങിയത് പിന്നെയും പത്തുവര്‍ഷംകൂടി കഴിഞ്ഞാണ് എന്നോര്‍ക്കണം.''
ചെല്ലുന്നിടത്തെല്ലാം ആരാധകരെ സൃഷ്ടിച്ചു അസീസ് നാസാ. ''പ്രമുഖ സിനിമാപ്പാട്ടുകാരുടെ പ്രതിഫലം പതിനായിരങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന കാലത്ത് ഡാഡി ഒരൊറ്റ ഖവാലി പ്രോഗ്രാമിന് രണ്ടുലക്ഷത്തോളം രൂപ ഈടാക്കിയതായി കേട്ടിട്ടുണ്ട്. അഭൂതപൂര്‍വമായിരുന്നു അദ്ദേഹത്തിന്റെ ജനകീയത. റാഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഡാഡി വണ്ടിയിലുണ്ട് എന്നറിഞ്ഞ് ഏതോ സ്റ്റേഷനില്‍ ആരാധകര്‍ ട്രെയിന്‍ തടഞ്ഞ സംഭവംവരെ ഉണ്ട്. ഒരു ഷേക്ക് ഹാന്‍ഡ് നല്കാന്വേണ്ടി മാത്രം ക്ഷമയോടെ ഗാനമേളാവേദികളില്‍ കാത്തുനില്ക്കുമായിരുന്നു ആളുകള്‍. ആരെയും നിരാശരാക്കിയില്ല ഡാഡി. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് എക്കാലവും പ്രിയങ്കരനായിരുന്നു അദ്ദേഹം'' -എഴുത്തുകാരിയായ അമ്മ മുംതസിനും ഭാര്യ നസിയയ്ക്കുമൊപ്പം മുംബൈയില്‍ താമസിക്കുന്ന മുജ്തബ പറയുന്നു.
1992 ഒക്ടോബര്‍ എട്ടിന് അസീസ് നാസാ കഥാവശേഷനാകുമ്പോള്‍ മുജ്തബയ്ക്ക് അഞ്ചു വയസ്സ്. സംഗീതം രക്തത്തില്‍ അലിഞ്ഞിരുന്നതുകൊണ്ടാകും മകന് സഞ്ചരിച്ചതും പിതാവിന്റെ വഴിയേതന്നെ. ഗുലാം അലിയുടെ ഗസലുകളും സലാമത്ത് അലി ഖാന്റെ കച്ചേരികളുമൊക്കെ കേട്ടാണ് മുജ്തബ വളര്‍ന്നത്. ഉസ്താദ് അഫ്സല് ഖാനും അബ്ദുള്‍ കരീം ഖാനുമായിരുന്നു ഗുരുക്കന്മാര്. ആദ്യ സ്റ്റേജ് പരിപാടി എട്ടാം വയസ്സില്‍. പിതാവിന്റെ പാട്ടുകളാണ് മുജ്തബ അധികവും സ്റ്റേജില്‍ പാടുക-അന്നും ഇന്നും. ഇടയ്ക്ക് കുറച്ചു ടെലിവിഷന്‍ പരമ്പരകളിലും പാട്ടുകള്‍ ചിട്ടപ്പെടുത്തി പാടിയെങ്കിലും സിനിമയിലേക്ക് വഴിതുറന്നത് ഖവാലികള് തന്നെ. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനവും സംഗീതസംവിധാനവും നിര്‍വഹിച്ച ബാജിറാവ് മസ്താനി (2015) യിലൂടെയായിരുന്നു ബോളിവുഡില്‍ മുജ്തബയുടെ അരങ്ങേറ്റം. ദീവാനി മസ്താനി, ആയത് എന്നീ ഗാനങ്ങളിലെ ഖവാലി ശകലങ്ങള്‍ ചിട്ടപ്പെടുത്തിയതും പാടിയതും മുജ്തബയാണ്. ആദ്യഗാനത്തില്‍ ശ്രേയാ ഘോഷാലിനും രണ്ടാമത്തേതില്‍ അര്‍ജിത് സിങ്ങിനും ഒപ്പം പാടാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു അദ്ദേഹം. രണ്ടുവര്‍ഷം കഴിഞ്ഞ് ബന്‍സാലിയുടെ 'പദ്മാവതി'ലും പാടി. 'ഏക് ദില്‍ ഏക് ജാന്‍' എന്ന പാട്ടിലെ ഖവാലി ഭാഗം. അതുകഴിഞ്ഞ് സ്നിഫ്, ഇന്ദു സര്‍ക്കാര്‍ തുടങ്ങി കുറച്ചുചിത്രങ്ങള്‍ കൂടി. 'ഇന്ദു സര്ക്കാ'റില്‍ സ്വന്തം പിതാവ് അനശ്വരമാക്കി മാറ്റിയ ഛഡ്ത്ത സൂരജ് എന്ന വിഖ്യാത ഖവാലിയാണ് മുജ്തബ പുനരവതരിപ്പിച്ചത്. രംഗത്തഭിനയിച്ചതും മുജ്തബ തന്നെ. പിതാവിന്റെ പാട്ടുകള്‍ ഒരിക്കലെങ്കിലും കേള്‍ക്കാത്ത ദിനങ്ങളില്ല മുജ്തബയുടെ ജീവിതത്തില്‍. ആ ഗാനങ്ങളായിരുന്നല്ലോ സംഗീതലോകത്തേക്കുള്ള മുജ്തബയുടെ വിസിറ്റിങ് കാര്‍ഡ്. ''ജൂം ബരാബറും ഛഡ്ത്ത സൂരജുമൊക്കെ സ്റ്റേജില്‍ പാടുമ്പോള്‍ മുന്നിലിരിക്കുന്നവരുടെ കണ്ണുകളിലെ തിളക്കം ശ്രദ്ധിക്കാറുണ്ട് ഞാന്‍. കാലം മാറിയിരിക്കാം, തലമുറകള്‍ മാറിയിരിക്കാം. പക്ഷേ, അസീസ് നാസായുടെ പാട്ടുകള്‍ക്ക് എന്നും ഒരേപ്രായം. പുതിയ തലമുറപോലും ജൂം ബരാബര്‍ എന്ന പാട്ടിനൊത്ത് ചുവടുവെക്കുന്നത് കാണുമ്പോള്‍ ആ സത്യം വീണ്ടും വീണ്ടും തിരിച്ചറിയുന്നു ഞാന്‍...''
Content Highlights: singer abdul azeez kunju marakkar, Aziz Nazan, Jhoom Barabar song Bollywood hits
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..