സത്യജിത് റായ് ഇന്ത്യയെ കരയിച്ചതെങ്ങനെ?


By രവിമേനോൻ

5 min read
Read later
Print
Share

സിതാർ ഇതിഹാസമായ രവിശങ്കറാണ് പഥേർ പാഞ്ചലിയുടെ സംഗീത സംവിധായകൻ. ലോകമറിയുന്ന ``പണ്ഡിറ്റ്‌'' ആയിട്ടില്ല അന്ന് അദ്ദേഹം. രണ്ടു സിനിമയും ഒന്നു രണ്ടു ബാലേകളും ചെയ്ത പരിചയമാണ് സംഗീത സംവിധാനത്തിൽ ആകെയുള്ള കൈമുതൽ.

Photo | Facebook, Ravi Menon

സത്യജിത് റായിയുടെ ജന്മശതാബ്ദി മെയ് 2

നീണ്ട അലച്ചിലിനൊടുവിൽ വീട്ടിൽ വന്നു കയറിയ ഭർത്താവിനെ, മകളുടെ അകാലമരണവാർത്ത എങ്ങനെ അറിയിക്കുമെന്നോർത്ത് പകച്ചു നിൽക്കുന്ന സർബജയ റോയ്. ``പഥേർ പാഞ്ചലി''യിലെ ഏറ്റവും ഹൃദയഭേദകമായ രംഗമാണത്. നിശബ്ദമായ ഒരു വിങ്ങലായി ഇന്നും മനസ്സിനെ പിന്തുടരുന്ന കഥാസന്ദർഭം.

ഇക്കാലമത്രയും തീരാദുരിതത്തിന്റേയും മുഴുപ്പട്ടിണിയുടേയും പിടിയിലായിരുന്നു സ്വന്തം കുടുംബം എന്നറിയില്ല ഹരിഹർ റോയിയ്ക്ക്. നഗര ജീവിത വിശേഷങ്ങൾ ഉത്സാഹത്തോടെ പങ്കുവെക്കുന്നതിനിടെ, മകൾക്ക് വേണ്ടി കൊണ്ടുവന്ന പുടവ ഹരിഹർ ഉയർത്തിക്കാട്ടുമ്പോൾ സർവ നിയന്ത്രണങ്ങളും വിട്ടു പൊട്ടിക്കരഞ്ഞു പോകുന്നു സർബജയ. ഒന്നും മനസ്സിലാകാതെ തരിച്ചിരിക്കുന്ന ഭർത്താവിന്റെ മടിയിലേക്ക് അവർ തളർന്നു വീഴുമ്പോൾ പശ്ചാത്തലത്തിൽ കേൾക്കുക താർ ഷഹനായി എന്ന സംഗീതോപകരണത്തിന്റെ വിഷദാർദ്ര നാദം. ``എന്നെ ഏറ്റവും കരയിച്ചിട്ടുള്ള ശബ്ദമാണത്. വേർപാടിന്റെ വേദന ഇത്ര ആഴത്തിൽ അനുഭവിപ്പിക്കുന്ന മറ്റൊരു സംഗീത ശകലം ലോക സിനിമയിൽ തന്നെ കേട്ടിട്ടില്ല.'' വിഖ്യാത ചലച്ചിത്രകാരൻ റിച്ചാർഡ്‌ അറ്റൻബറോ ഒരിക്കൽ പറഞ്ഞു.

അറ്റൻബറോയുടെ വീക്ഷണം പങ്കുവെക്കുന്ന പ്രമുഖർ വേറെയുമുണ്ട്: വയലിൻ ഇതിഹാസം യഹൂദി മെനൂഹിൻ, തബല മാന്ത്രികൻ അല്ലാ രഖ, ഹോളിവുഡ് സംഗീതസംവിധായകൻ എനിയോ മോറിക്കോൺ, എഴുത്തുകാരനായ ആർതർ സി ക്ലർക്ക്, വിഖ്യാത ചലച്ചിത്രശിൽപ്പികളായ ഫ്രാൻസിസ് ഫോർഡ് കപ്പോള, ബിമൽ റോയ്, ഗുൽസാർ, ഗോവിന്ദ് നിഹലാനി.. അങ്ങനെ പലരും; ഏറ്റവുമൊടുവിൽ സൽമാൻ റുഷ്ദി വരെ.

അത്ഭുതം തോന്നാം: `പഥേർ പാഞ്ചലി' (ചെറുപാതയുടെ സംഗീതം) യിലെ ഈ രംഗത്ത് പശ്ചാത്തല സംഗീതമേ വേണ്ടെന്നു വെച്ചിരുന്നതാണ് സംവിധായകൻ സത്യജിത് റായ്. കഥാസന്ദർഭത്തിന്റെ ഗൗരവം അത് ചോർത്തിക്കളയുമോ എന്നൊരു തോന്നൽ. പക്ഷേ ഷൂട്ട്‌ ചെയ്ത രംഗം കണ്ടപ്പോൾ എവിടെയോ എന്തോ ഒരപൂർണ്ണത പോലെ. മകളെ നഷ്ടപ്പെട്ട അമ്മയുടെ ആത്മവേദന താൻ ഉദ്ദേശിച്ച ഭാവതീവ്രതയോടെ പ്രേക്ഷകനിൽ എത്തുന്നുണ്ടോ എന്ന് റായ്ക്ക് സംശയം. മാത്രമല്ല സർബജയയുടെ ഉറക്കെയുള്ള കരച്ചിൽ ഒരു പരിധി വരെ ആ രംഗത്തിൽ അമിതനാടകീയത കലർത്തുന്നുമുണ്ട്. ശബ്ദം പാടേ ഒഴിവാക്കി അതേ രംഗം കണ്ടുനോക്കിയപ്പോഴാകട്ടെ, ഫലം അത്ഭുതകരമായിരുന്നു. നിശബ്ദതയാണ് സിനിമയുടെ ഏറ്റവും വലിയ ശക്തി എന്ന് റായ് തിരിച്ചറിഞ്ഞ സന്ദർഭം.

``പശ്ചാത്തല സംഗീതം സിനിമയ്ക്ക് അനിവാര്യമല്ലെന്ന് ഇന്നെനിക്കറിയാം. പക്ഷേ അന്നത്തെ തുടക്കക്കാരനായ സംവിധായകന് അത്രത്തോളം ധൈര്യമില്ല. പൂർണനിശബ്ദതയോടെ ഒരു രംഗം വെള്ളിത്തിരയിൽ കാണുമ്പോൾ സൌണ്ട്ട്രാക്കിന് എന്തെങ്കിലും കുഴപ്പമുള്ളതായി പ്രേക്ഷകർക്ക്‌ തോന്നുമോ എന്ന് ഞാൻ ഭയപ്പെട്ടു. പശ്ചാത്തലത്തിൽ ലളിതമെങ്കിലും ആളുകളുടെ മനസ്സിനെ ചെന്ന് തൊടുന്ന ഒരു സംഗീതശകലമുണ്ടെങ്കിൽ നന്നായിരിക്കും എന്ന് തീരുമാനിക്കാൻ കാരണം അതാണ്‌.'' ചരിത്രകാരനും ബ്രിട്ടീഷ് ഗ്രന്ഥകർത്താവുമായ ആൻഡ്രൂ റോബിൻസണ് നൽകിയ അഭിമുഖത്തിൽ പിൽക്കാലത്ത് റായ് പറഞ്ഞു.

സിതാർ ഇതിഹാസമായ രവിശങ്കറാണ് `പഥേർ പാഞ്ചലി'യുടെ സംഗീത സംവിധായകൻ. ലോകമറിയുന്ന ``പണ്ഡിറ്റ്‌'' ആയിട്ടില്ല അന്ന് അദ്ദേഹം. രണ്ടു സിനിമയും ഒന്നു രണ്ടു ബാലേകളും ചെയ്ത പരിചയമാണ് സംഗീത സംവിധാനത്തിൽ ആകെയുള്ള കൈമുതൽ. ``ദുർഗയുടെ മരണം ഹരിഹറിന്റെയും സർബജയയുടെയും ജീവിതത്തിൽ സൃഷ്ടിക്കുന്ന ശൂന്യതയുടെ ആഴം ഋജുവായും ലളിതമായും പ്രേക്ഷകരിൽ എത്തിക്കണം എന്നാണ് സത്യജിത് റായ് നൽകിയ നിർദേശം.'' ടെലിഗ്രാഫ് പത്രത്തിലെ ഓർമ്മക്കോളത്തിൽ രവിശങ്കർ എഴുതി.

``മൂന്നു സാധ്യതകളായിരുന്നു എന്റെ മുന്നിൽ -- വയലിൻ, സാരംഗി, ഷഹനായ്. സാധാരണ മുഖ്യധാരാ സിനിമയിൽ ഇത്തരം രംഗങ്ങളിൽ വേർപാടിന്റെ വേദന അനുഭവപ്പെടുത്താൻ വയലിനാണ് ഉപയോഗിക്കുക.`പഥേർ പാഞ്ചലി' പോലൊരു പരീക്ഷണ ചിത്രത്തിൽ പതിവിൽ നിന്ന് വ്യത്യസ്തമായ ടോൺ കേൾപ്പിക്കണം എന്ന് തോന്നി എനിക്ക്. മാത്രമല്ല, വയലിന്റെ പാശ്ചാത്യ പരിവേഷം റായ്യുടെ പടത്തിലെ ഗ്രാമീണാന്തരീക്ഷത്തോട്‌ നീതി പുലർത്തുകയുമില്ല. പിന്നെയുള്ളത് സാരംഗിയാണ്. ഒരു പ്രത്യേക ബിന്ദുവിലേക്ക് യാത്ര ചെയ്ത ശേഷം പെട്ടെന്ന് ചിന്നിച്ചിതറിപ്പോകുന്ന ശബ്ദമാണ് അതിന്റെ. ഷഹനായിക്കാകട്ടെ, മംഗള വാദ്യത്തിന്റെ പ്രതീതിയാണ് ഏറെയും.'' സിനിമയിൽ അധികം ഉപയോഗിക്കാറില്ലാത്ത താർ ഷഹനായ് പരീക്ഷിച്ചാലോ എന്ന ആശയം രവിശങ്കറിന്റെ ബുദ്ധിയിൽ ഉദിച്ചത് ആ ഘട്ടത്തിലാണ്. അസാമാന്യ സംഗീത ബോധമുണ്ടായിരുന്ന സത്യജിത് റായ്ക്ക് ആ പരീക്ഷണത്തിൽ പന്തികേടൊന്നും തോന്നിയതുമില്ല.

പേരിൽ ഷഹനായിയുണ്ടെങ്കിലും കാഴ്ചയിൽ സിതാറിനോടും ദിൽരുബയോടുമാണ് താർ ഷെഹനായിക്ക് സാമ്യം; കേൾവിയിൽ വയലിനോടും. ദിൽരുബയുടെ പ്രതലത്തിൽ ഒരു കൊച്ചു കോളാമ്പി ഘടിപ്പിച്ച പോലിരിക്കും കാണാൻ. സാരംഗിയേയും വയലിനേയും അപേക്ഷിച്ച് മൂർച്ചയും വികാരതീവ്രതയും കൂടും താർ ഷെഹനായിയുടെ നാദത്തിന്. ``നെഞ്ചു തുളയ്ക്കുന്ന ശബ്ദം'' എന്നാണ് സത്യജിത് റായ് തന്നെ ഒരിക്കൽ താർ ഷെഹനായിയെ വിശേഷിപ്പിച്ചത്‌. പട്ദീപ് രാഗത്തിൽ രവിശങ്കർ ചിട്ടപ്പെടുത്തിയ വിഷാദ സാന്ദ്രമായ ഈണം സിനിമയുടെ പശ്ചാത്തലത്തിൽ വായിക്കാൻ അതിപ്രഗൽഭനായ ഒരു താർ ഷെഹനായ് വാദകനെ തന്നെ റെക്കോർഡിംഗ് സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചു വരുത്തി റായ് -- ദക്ഷിണ മോഹൻ ടാഗോറിനെ.

ശാസ്ത്രീയ സംഗീത വേദികളിൽ എന്നപോലെ സിനിമയിലും തിരക്കുള്ള ആർട്ടിസ്റ്റ് ആണ് അന്ന് ടാഗോർ. ഇന്ത്യൻ സിനിമയിൽ കേട്ട അവിസ്മരണീയമായ എത്രയോ വിഷാദഗാനങ്ങളുടെ പിന്നണിയിൽ ടാഗോറിന്റെ താർ ഷെഹനായിയുടെ ഇന്ദ്രജാലം കൂടി ഉണ്ടായിരുന്നു എന്നറിയുക: സാരംഗാ തേരി യാദ് മേ, ചൽരീ സജ്നീ അബ് ക്യാ സോഛെ, ചിങ്കാരീ കോയീ ഭട്കേ, ഓ ജാനേവാലേ ഹോ സകേ തോ, ന തും ഹമേ ജാനോ.... ടാഗോറിന്റെ താർ ഷെഹനായ് വാദനം മറക്കാനാവാത്ത അനുഭവമായിരുന്നു റായ്ക്ക്. ``കഷ്ടിച്ച് മൂന്നോ നാലോ മിനിട്ട് നീളുന്ന ഒരു സംഗീതശകലമേ സിനിമയിൽ വേണ്ടിയിരുന്നുള്ളൂ എങ്കിലും ഒരു മണിക്കൂറോളം താർ ഷെഹനായിയുടെ സഞ്ചാരപഥങ്ങളിലൂടെ എന്നെയും രവിശങ്കറിനെയും കൈപിടിച്ച് കൊണ്ടുപോയി ടാഗോർ. നിർത്താൻ പറയാൻ മനസ്സ് സമ്മതിച്ചില്ല എന്നതാണ് സത്യം. ഉച്ചസ്ഥായിയിൽ വായിച്ച ഭാഗമാണ് പിന്നീട് സിനിമയിൽ ഉപയോഗിച്ചത്. ആ ഭാഗമെത്തുമ്പോൾ തിയേറ്ററിലെ ഇരുട്ടിലിരുന്ന് സാധാരണ പ്രേക്ഷകർ കണ്ണു തുടയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം രവിശങ്കറിനെയും ടാഗോറിനെയും ഓർക്കും.'' അറുപതു വർഷങ്ങൾക്കിപ്പുറവും (`പഥേർ പാഞ്ചലി' റിലീസായത് 1955 ഓഗസ്റ്റ്‌ 26 നാണ്) ആ ഈണം ചലച്ചിത്രകാരന്മാരെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

(ഇവിടെ മറ്റൊരു കൗതുകം കൂടി: മലയാള സിനിമയിൽ താർ ഷഹനായിയുടെ സാധ്യതകൾ ഏറ്റവുമധികം പ്രയോജനപ്പെടുത്തിയ സംഗീത സംവിധായകർ ദേവരാജനും, ബാബുരാജും കെ രാഘവനുമായിരിക്കണം. തെക്കുംകൂറടിയാത്തി, സുറുമയെഴുതിയ മിഴികളെ തുടങ്ങിയ ഗാനങ്ങൾ ഓർക്കുക. നാടൻ പാട്ടുകളിൽ, പ്രത്യേകിച്ച് പുള്ളുവൻ പാട്ടുകളിലാണ് , ഈ ഉപകരണത്തിന്റെ വ്യത്യസ്ത ശബ്ദം മലയാളത്തിൽ ഏറെയും കേട്ടിട്ടുള്ളത്. 1960 കൾ മുതൽ 90 കളുടെ അവസാനം വരെ എ പി ഷണ്മുഖം ആയിരുന്നു തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കേറിയ താർ ഷഹനായ് വാദകൻ. ഓർക്കസ്ട്ര കലാകാരന്മാരുടെ സംഘടനയായ സിനി മ്യുസിഷ്യൻസ് യൂണിയന്റെ ഉന്നത ഭാരവാഹി കൂടിയായിരുന്നു അദ്ദേഹം.)

ദക്ഷിണ മോഹൻ ടാഗോറിനെ പോലെ സത്യജിത് റായ് യുടെ സംഗീത ഭൂമികയിൽ ഇടം നേടിയ മറ്റൊരു കലാകാരൻ കൂടിയുണ്ട് -- പുല്ലാങ്കുഴൽ വിദഗ്ദൻ അലോക്നാഥ് ഡേ. `പഥേർ പാഞ്ചലി'യുടെ വിശ്രുതമായ തീം മ്യൂസിക് ബാംസുരിയിൽ വായിച്ചത് അലോക്നാഥ് ആണ്. സിനിമയോടൊപ്പം കാലത്തെ അതിജീവിച്ച ആ പ്രമേയ സംഗീതത്തെ ഒഴിച്ച് നിർത്തി `പഥേർ പാഞ്ചലി'യെ കുറിച്ചും അതിലെ കഥാപാത്രങ്ങളുടെ ഭാവപ്പകർച്ചകളെ കുറിച്ചും ചിന്തിക്കാൻ പോലുമാവില്ല നമുക്ക്. സിനിമ പുറത്തിറങ്ങി മൂന്നു പതിറ്റാണ്ട് കഴിഞ്ഞ്, ഒരു യൂറോപ്യൻ പര്യടനത്തിനിടെ യാദൃഛികമായി ട്രെയിനിൽ വെച്ച് കണ്ടുമുട്ടിയ ജർമൻകാരൻ, ആ തീംമ്യൂസിക് ഓർമ്മയിൽ നിന്ന് വീണ്ടെടുത്ത് തന്നെ ചൂളമടിച്ചു കേൾപ്പിച്ച് അമ്പരപ്പിച്ച കഥ സത്യജിത് റായ് തന്നെ എഴുതിയിട്ടുണ്ട്.

``സിനിമ പുറത്തിറങ്ങി കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും അതിന്റെ പശ്ചാത്തലത്തിലെ ഒരു കൊച്ചു ഈണം പ്രേക്ഷകൻ എല്ലാ സൂക്ഷ്മാംശങ്ങളോടെയും ഓർത്തിരിക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ. ഈ അനുഭവം പിന്നീട് രവിശങ്കറിനെ നേരിട്ടറിയിച്ചപ്പോൾ അദ്ദേഹത്തിനുണ്ടായ ആഹ്ലാദവും അത്ഭുതവും വിവരണാതീതമായിരുന്നു.''
സിനിമയുടെ `റഫ് കട്ട്‌' വെള്ളിത്തിരയിൽ കാണും മുൻപ് തന്നെ തീം മ്യൂസിക്കിന്റെ ഒരു ഏകദേശ രൂപം രവിശങ്കറിന്റെ മനസ്സിൽ ഉണ്ടായിരുന്നു.

``ബിഭൂതി ഭൂഷൺ ബന്ദോപാധ്യായയുടെ `പഥേർ പാഞ്ചലി' നോവൽ രൂപത്തിൽ നേരത്തെ വായിച്ചിട്ടുണ്ട് ഞാൻ. ആ ഗ്രാമീണാന്തരീക്ഷവും കഥാപാത്രങ്ങളുടെ നിഷ്കളങ്കതയും അന്നേ മനസ്സിനെ മഥിച്ചിരുന്നതിനാൽ റായ് യുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ എന്റെ മനസ്സിലെ സംഗീതം അദ്ദേഹത്തിന് മൂളിക്കേൾപ്പിച്ചു കൊടുക്കാൻ കഴിഞ്ഞു. അതദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു.'' പിന്നീട് കൊൽക്കത്തയിലെ ഭവാനി തീയറ്ററിൽ ഇരുന്ന് ചിത്രീകരിച്ച ഭാഗങ്ങൾ ആദ്യമായി കാണവേ, കിട്ടിപ്പോയി എന്ന് ആർത്തുവിളിച്ച് തന്റെ കൈ മുറുകെ പിടിച്ച രവിശങ്കറിനെ കുറിച്ച് റായ് എഴുതിയിട്ടുണ്ട്. ``ഷോ കഴിഞ്ഞയുടൻ രവി ആദ്യം ചെയ്തത് അലോക്നാഥിന് നോട്ടേഷൻ നൽകുകയാണ്. പടത്തിന് വേണ്ടി ആദ്യം റെക്കോർഡ്‌ ചെയ്തതും തീം മ്യൂസിക് തന്നെ. പിന്നീട് അതേ ഈണം സിതാറിൽ രവിശങ്കറും റെക്കോർഡ്‌ ചെയ്തു. '' പഥേർ പാഞ്ചലിയുടെ കഥാഗതിയുമായും അന്തരീക്ഷവുമായും അങ്ങേയറ്റം ഇണങ്ങിച്ചേർന്നു നിൽക്കുന്നു ആ സംഗീതശകലം. കഥാപാത്രങ്ങളുടെ വ്യക്തിത്വവും സ്വഭാവ വിശേഷങ്ങളും മാത്രമല്ല സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിലനിന്ന ദാരിദ്ര്യവും അനിശ്ചിതാവാസ്ഥയും വരെ ആ ഈണമൊരുക്കുമ്പോൾ രവിശങ്കറിന്റെ മനസ്സിൽ ഉണ്ടായിരുന്നിരിക്കണം.

content highlights : Satyajit Ray birth anniversary Pather Panchali Ravi Shankar

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
M. G. Radhakrishnan
Premium

2 min

ചിരട്ട കൊണ്ട് ഉരയ്ക്കുന്ന ശബ്ദമെന്ന് എം.ജി. രാധാകൃഷ്ണൻ; അതാണ് വേണ്ടതെന്ന് ഐ.വി. ശശി

Apr 14, 2023


sargam movie songs manoj k jayan vineeth hariharan yesudas sangeethame song

1 min

മനോജിനെന്തിന് വിനീതിനോട് അസൂയ ?

Apr 14, 2022


Yesudas

6 min

​ഗുരുവായൂർ അമ്പലത്തിൽ വച്ച് പിറന്നുവീണ, യുക്തിവാദികൾ പോലും ആരാധകരായ ഭക്തി​ഗാനം

Aug 30, 2021

Most Commented