Photo | Facebook, Ravi MEnon
അടങ്ങാത്ത ഹൃദയവേദനയിൽ നിന്നും ആത്മരോഷത്തിൽ നിന്നും മാത്രമല്ല അപമാനഭാരത്തിൽ നിന്ന് പോലും അപൂർവ്വസുന്ദരമായ പ്രണയഗാനങ്ങൾ പിറന്നുവീഴും ചിലപ്പോൾ. ഏറ്റവും ഉദാത്തമായ ഉദാഹരണം നമ്മുടെ നാവിൻതുമ്പിൽ തന്നെയുണ്ട്; മനസ്സിലും:
'ശരദിന്ദു മലർദീപ നാളം നീട്ടി, സുരഭിലയാമങ്ങൾ ശ്രുതിമീട്ടി, ഇതുവരെ കാണാത്ത കരയിലേക്കോ ഇനിയൊരു ജന്മത്തിൻ കടവിലേക്കോ, മധുരമായ് പാടിവിളിക്കുന്നൂ -- ആരോ മധുരമായ് പാടിവിളിക്കുന്നു..'' നാലു പതിറ്റാണ്ടോളം മുൻപ് ദുരിതമയമായ ഒരു ട്രെയിൻ യാത്രയുടെ നടുക്കുന്ന ഓർമ്മകളുമായി ``ഉൾക്കടലി''ലെ പാട്ടുകളൊരുക്കാൻ തിരുവനന്തപുരത്തെ ഒ എൻ വിയുടെ വസതിയിൽ വന്നുകയറിയതാണ് സംഗീതസംവിധായകൻ എം ബി ശ്രീനിവാസൻ. അടിസ്ഥാനരഹിതമായ ഒരു മദ്യപാനാരോപണവും തുടർന്നുണ്ടായ പോലീസ് ഇടപെടലും ``കസ്റ്റഡി'' വാസവും എല്ലാം ചേർന്ന് തളർത്തിയ മനസ്സുമായി ``ഇന്ദീവര''ത്തിന്റെ പടികടന്നു വന്ന എം ബി എസ്സിന്റെ ആത്മസംഘർഷം ആ മുഖത്തുനിന്ന് വായിച്ചെടുത്ത ഒ എൻ വി പറഞ്ഞു: ``ഇന്നിനി ഗാനസൃഷ്ടി വേണ്ട, പോയി കുളിച്ചു വിശ്രമിക്കൂ. മനസ്സൊന്ന് ഫ്രഷ് ആകട്ടെ.''
പക്ഷേ കുളിച്ചു സുന്ദരനായി കവിക്ക് മുന്നിലെത്തിയത് പുതിയൊരു എം ബി എസ്സാണ്.
ഹാർമോണിയം മുന്നിലേക്ക് നീക്കിവെച്ച് വിടർന്ന ചിരിയോടെ എം ബി എസ് പ്രഖ്യാപിക്കുന്നു: ``ഒ എൻ വീ, എല്ലാം മറന്ന് നമുക്ക് ജോലി തുടങ്ങാം. വർക്ക് ഈസ് ഔർ ലൈഫ്. നത്തിങ് എൽസ്.'' തലേന്ന് രാത്രിയിലെ എല്ലാ തിക്താനുഭവങ്ങളും മറന്നുകഴിഞ്ഞിരുന്നു അപ്പോഴേക്കും അദ്ദേഹം. ആ ഇരിപ്പിൽ പിറന്നുവീണതാണ് മലയാളസിനിമയിൽ കേട്ട എക്കാലത്തെയും ഹൃദയസ്പർശിയായ പ്രണയഗീതങ്ങളിലൊന്ന്. ജയചന്ദ്രനും സൽമാ ജോർജ്ജും ചേർന്ന് ശബ്ദം നൽകി, വേണു നാഗവള്ളിയും ശോഭയും വെള്ളിത്തിരയിൽ അനശ്വരമാക്കിയ ``ശരദിന്ദു മലർദീപ നാളം.''
ഇന്നും ദിനംപ്രതിയെന്നോണം ആ പാട്ടിന്റെ ആരാധകരെ കണ്ടുമുട്ടാറുണ്ട് സൽമാ ജോർജ്ജ്. നേരിട്ടും ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമെല്ലാം ശരദിന്ദുവിനോടുള്ള അഗാധമായ സ്നേഹം അപരിചിതർ പങ്കുവെക്കുമ്പോൾ, (ചിലർക്കൊക്കെ ഇപ്പോഴും അത് ശര``ബിന്ദു'' ആണെന്ന് സൽമ) അറിയാതെ എം ബി എസ്സിനെ ഓർക്കും സൽമ. എം ബി എസ് ഇല്ലെങ്കിൽ സൽമ ജോർജ്ജ് എന്ന ഗായികയുമില്ലല്ലോ. സംവിധായകൻ കെ ജി ജോർജ്ജിൻറെ ഭാര്യ എന്ന പദവിയിൽ എന്നന്നേക്കുമായി ഒതുങ്ങിപ്പോകുമായിരുന്ന തന്നെ മലയാളികൾ ഇഷ്ടപ്പെടുന്ന ഗായിക കൂടിയാക്കി വളർത്തിയത് എം ബി എസ്സിന്റെ നന്മ നിറഞ്ഞ മനസ്സാണെന്ന് വിശ്വസിക്കുന്നു സൽമ.
``അദ്ദേഹം നേരത്തെ യാത്ര പറഞ്ഞു പിരിഞ്ഞിരുന്നില്ലെങ്കിൽ കുറേക്കൂടി നല്ല പാട്ടുകൾ പാടാൻ ഭാഗ്യമുണ്ടായേനെ എനിക്ക്.''
ശരദിന്ദുവിനോട് ആത്മബന്ധം കാത്തുസൂക്ഷിക്കുന്നവരിൽ പ്രശസ്തരും അപ്രശസ്തരുമുണ്ട്. ``എന്നും ഉറങ്ങാൻ പോകും മുൻപ് കേൾക്കുന്ന പാട്ടാണത് എന്ന് കഥാകൃത്ത് ടി പദ്മനാഭൻ എഴുതിക്കണ്ടപ്പോൾ സന്തോഷം തോന്നി. രാഷ്ട്രീയക്കാരും സിനിമാക്കാരും സാഹിത്യകാരന്മാരും ഉന്നത ഉദ്യോഗസ്ഥരും മുതൽ തികച്ചും സാധാരണക്കാരായ മനുഷ്യർ വരെ ആ പാട്ടിനെ ഹൃദയത്തോട് ചേർത്തുവെക്കുന്നു എന്ന അറിവ് എന്റെ കണ്ണുനനയ്ക്കാറുണ്ട് . സക്കറിയ ശരദിന്ദുവിനെക്കുറിച്ചൊരു മനോഹരമായ കഥ തന്നെ എഴുതി. ഒരു സിനിമാപ്പാട്ടിന് ഇതിലപ്പുറം സൗഭാഗ്യങ്ങൾ പ്രതീക്ഷിക്കാമോ?''-- സൽമയുടെ ചോദ്യം. ``കൂടുതൽ ഗാനങ്ങൾ പാടാൻ അവസരം കിട്ടാത്തതിൽ പരിതപിക്കുമ്പോൾ ജോർജ്ജേട്ടൻ പതിവായി പറയാറുള്ള ഒരു കാര്യമുണ്ട്: എന്തിനാ നൂറും ആയിരവും പാട്ടുകൾ? ഒരൊറ്റ ശരദിന്ദു പോരെ എക്കാലവും മലയാളികൾ നിന്നെ ഓർത്തിരിക്കാൻ?'' സൽമയല്ല തന്നോടൊപ്പം പാടിയിരുന്നതെങ്കിൽ ആ ഗാനം ഇത്രത്തോളം ശ്രദ്ധിക്കപ്പെടുമായിരുന്നോ എന്ന് ജയചന്ദ്രൻ ഒരിക്കൽ സംശയം പ്രകടിപ്പിച്ചതോർക്കുന്നു. ``ശബ്ദത്തിലെ പുതുമ ആണ് ജനങ്ങൾ എളുപ്പം ശ്രദ്ധിച്ചിരിക്കുക. ആ പാട്ടിന് ഇണങ്ങുന്ന ശബ്ദമായിരുന്നു അവരുടേത്.''
എ വി എം സ്റ്റുഡിയോയിൽ ശരദിന്ദു ജനിച്ചുവീണ നിമിഷങ്ങൾ മറക്കാനാവില്ല സൽമക്ക്. വിശ്വനാഥനാണ് റെക്കോർഡിസ്റ്റ്. ``ആദ്യ ടേക്ക് തന്നെ ഓക്കേ ആയെങ്കിലും പതിവുപോലെ തന്റെ സംതൃപ്തിക്ക് വേണ്ടി രണ്ടു ടേക്കുകൾ കൂടി എടുത്തു എം ബി എസ്. മൂന്നാമത്തെ ടേക്ക് ആയിരുന്നു ഏറ്റവും പെർഫെക്റ്റ്. എല്ലാം മറന്ന് യമുനാ കല്യാണിയുടെ ആത്മാവിലൂടെ ഒഴുകുകയായിരുന്നു ജയചന്ദ്രനും ഞാനും. ആലാപനം അവസാന ഘട്ടമെത്തിയപ്പോൾ സമീപത്തെങ്ങുനിന്നോ ഒരു വിമാനത്തിന്റെ ഇരമ്പം സ്റ്റുഡിയോയുടെ ചുമരുകൾ തുളച്ച് അകത്തുകയറിവരുന്നു. എല്ലാവരും തലയ്ക്ക് കൈവെച്ചുപോയി. ആ ടേക്ക് ഒഴിവാക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അപസ്വരങ്ങൾ മായ്ച്ചുകളയാൻ ഇന്നത്തെപ്പോലുള്ള സാങ്കേതിക വിദ്യകളൊന്നും ഇല്ലാത്ത കാലമല്ലേ? വലിയ ദുഃഖം തോന്നി എനിക്ക്. കണ്ണൊക്കെ നിറഞ്ഞു. വോയ്സ് ബൂത്തിൽ കടന്നുവന്ന് എം ബി എസ് സാർ ആശ്വസിപ്പിച്ചത് ഓർമ്മയുണ്ട്: സാരമില്ല. ഒരു ടേക്ക് കൂടി എടുക്കാം നമുക്ക്.'' അന്നെടുത്ത നാലാമത്തെ ടേക്ക് ആണ് ``ഉൾക്കടലി''ൽ മലയാളികൾ കേൾക്കുന്നതെന്ന് സൽമ.
കേരള സൈഗൾ എന്ന് വിഖ്യാതനായ പാപ്പുക്കുട്ടി ഭാഗവതരുടെ മകൾക്ക് ജീവന്റെ അംശം തന്നെയാണ് സംഗീതം. ``രണ്ടര വയസ്സ് മുതൽ ഞാൻ പാടുമായിരുന്നുവെന്ന് സംഗീതാധ്യാപികയായ അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. മകളെ പാട്ടുകാരിയാക്കാനായിരുന്നു അപ്പച്ചന്റെ ആഗ്രഹം. പക്ഷെ എന്നെ അദ്ദേഹം പഠിപ്പിച്ചില്ല. പകരം സ്വന്തം ഗുരുനാഥൻ കമ്മത്ത് സാറിനടുത്ത് പാട്ടു പഠിക്കാൻ വിട്ടു. വൈപ്പിൻകരയിലെ വീട്ടിൽ നിന്ന് പുലർച്ചെ ബോട്ട് കയറിവേണം ഗുരുവിന്റെ വീട്ടിലെത്താൻ. അന്നതൊക്കെ ഒരു രസമായിരുന്നു. പിൽക്കാലത്ത് ഏഴിക്കര പരമുദാസിന് കീഴിലും പാട്ട് പഠിച്ചിട്ടുണ്ട്. ഉയർന്ന സ്ഥായിയിൽ പാടാൻ പരിശീലിപ്പിച്ചത് അദ്ദേഹമാണ്.''
ഗാനമേളകളായിരുന്നു അടുത്ത തട്ടകം. ആശാ ഭോസ്ലെയുടെ പാട്ടുകളാണ് സ്റ്റേജിൽ അധികവും പാടുക. ബാബുരാജിനൊപ്പം വടക്കൻ കേരളത്തിൽ എത്രയോ വേദികളിൽ പാടി. മറക്കാനാവാത്ത നിമിഷങ്ങളാണ് അവയൊക്കെ. സിനിമയിൽ പാടുക എന്ന സ്വപ്നം സഫലമായത് 1974 ൽ. ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ ``ദേവി കന്യാകുമാരി'' യിൽ ജയചന്ദ്രൻ, മാധുരി എന്നിവർ നയിച്ച ജഗദീശ്വരി ജയ ജഗദീശ്വരി എന്ന പാട്ടിലെ ഏതാനും വരികളിലൂടെയായിരുന്നു തുടക്കം. പിന്നെയും കുറച്ചു ഗാനങ്ങളിൽ മിന്നിമറഞ്ഞെങ്കിലും, വഴിത്തിരിവായത് എം ബി എസുമായുള്ള കണ്ടുമുട്ടൽ തന്നെ. കെ ജി ജോർജ്ജ് സംവിധാനം ചെയ്ത ഓണപ്പുടവയായിരുന്നു ആദ്യ ചിത്രം.
``അന്ന് ഞങ്ങൾ വിവാഹിതരായിട്ടില്ല. ഒ എൻ വി രചിച്ച മാറത്തൊരു കരിവണ്ട് എന്ന ഗാനമാണ് പാടിയത്. റെക്കോർഡിംഗിനിടെ സൗണ്ട് എഞ്ചിനീയർ പ്രശ്നമുണ്ടാക്കിക്കൊണ്ടിരുന്നു. എത്ര പാടിയിട്ടും പിച്ച് ശരിയാവുമില്ല. അപ്രതീക്ഷിതമായി വോയ്സ് ബൂത്തിൽ കടന്നുവന്ന എം ബി എസ് കണ്ടത് പരിഭ്രമിച്ചു നിന്ന എന്നെയാണ്. റെക്കോർഡിസ്റ്റിനെ കണക്കിന് ശാസിച്ചു അദ്ദേഹം. അതോടെ പ്രശ്നങ്ങൾ അവസാനിച്ചു. പാട്ട് ഓക്കേ. അങ്ങനെ ആരുടെയൊക്കെ എതിർപ്പുകളും പാരകളും അതിജീവിക്കണമെന്നോ സിനിമയിൽ പിടിച്ചുനിൽക്കാൻ.''-- സൽമ ചിരിക്കുന്നു.
ഇളയരാജ കേട്ട കുഞ്ഞിന്റെ കരച്ചിൽ
ഇളയരാജ സ്വതന്ത്ര സംഗീതസംവിധാനം നിർവഹിച്ച ആദ്യ മലയാള ചിത്രമായ ``വ്യാമോഹ''ത്തിൽ പാടിയത് മറ്റൊരു വിലപ്പെട്ട അനുഭവം. അപ്പോഴേക്കും കെ ജി ജോർജ്ജിന്റെ ജീവിതപങ്കാളിയായിക്കഴിഞ്ഞിരുന്നു സൽമ. `` ഡോക്ടർ പവിത്രൻ എഴുതിയ ഓരോ പൂവും വിരിയും എന്ന പാട്ട് പാടുമ്പോൾ ഏഴു മാസം ഗർഭിണിയാണ് ഞാൻ. റെക്കോർഡിംഗ് കഴിഞ്ഞയുടൻ ഇളയരാജ അടുത്തുവന്ന് അഭിനന്ദിച്ചു. എന്നിട്ട് ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു: എവിടെയോ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ട പോലെ..'' അപൂർവം പാട്ടുകൾ കൂടി സിനിമക്ക് വേണ്ടി പാടി സൽമ. അധികവും യുഗ്മഗാനങ്ങളും സംഘഗാനങ്ങളും. യവനികയിലെ ഭരതമുനിയൊരു കളം വരച്ചു (യേശുദാസിനൊപ്പം), ആദാമിന്റെ വാരിയെല്ലിലെ കണ്ണീരാറ്റിൽ മുങ്ങിത്തപ്പി, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്കിലെ പ്രഭാമയീ (ജയചന്ദ്രനോടൊപ്പം) എന്നിവ ഓർമ്മയിലെത്തുന്നു. എങ്കിലും സൽമയുടെ മാസ്റ്റർപീസ് ശരദിന്ദു തന്നെ.
`ഇനിയും പകൽക്കിളി പാടിയെത്തും ഇനിയും ത്രിസന്ധ്യ പൂചൂടിനിൽക്കും ഇനിയുമീ നമ്മൾ നടന്നുപോകും വഴിയിൽ വസന്തമലർക്കിളികൾ എന്നൊക്കെ എം ബി എസ് സ്വയം മറന്ന് പാടിത്തരുന്നത് കേട്ടിരിക്കുക തന്നെ ഒരു അനുഭവമാണ്. അത്ര മാധുര്യമാർന്നതല്ല ആ ശബ്ദം. പക്ഷേ അതിൽ വന്നുനിറയുന്ന സൂക്ഷ്മഭാവങ്ങൾ മനസ്സിനെ തൊടും; നമ്മെ വികാരാധീനരാക്കും.''
സിനിമയോട് അകന്നുവെങ്കിലും പാട്ടിനോട് വിടപറഞ്ഞിട്ടില്ല സൽമ. കുടുംബ ജീവിതത്തിന്റെ തിരക്കുകൾക്കും പ്രാരാബ്ധങ്ങൾക്കുമിടയിൽ പാടാൻ സമയം കിട്ടാറില്ലെന്നു മാത്രം. ``ശരദിന്ദു മലർദീപത്തെ കുറിച്ച് ഒരിക്കലെങ്കിലും ഓർക്കാത്ത ദിനങ്ങളില്ല എന്റെ ജീവിതത്തിൽ. മരിച്ചു പോയ ശോഭയുടെ മങ്ങാത്ത ഓർമ്മ കൂടിയാണ് എനിക്കാ പാട്ട്. വലിയ അടുപ്പമായിരുന്നു ആ കുട്ടിയുമായി. കാണുമ്പോഴെല്ലാം വെറുതെ ശരദിന്ദുവിന്റെ വരികൾ മൂളും അവൾ. ഇതുവരെ കാണാത്ത കരയിലേക്കോ, ഇനിയൊരു ജന്മത്തിൻ കടവിലേക്കോ, മധുരമായ് പാടി വിളിക്കുന്നൂ ആരോ എന്ന വരികളിൽ നിറഞ്ഞുനിന്നത് അവളുടെ ജീവിതം തന്നെയായിരുന്നില്ലേ? ആ സിനിമ പുറത്തിറങ്ങി മാസങ്ങൾക്കകം ശോഭ യാത്രയായി....ഇന്നും ഉൾക്കൊള്ളാനായിട്ടില്ല ആ വേർപാട്.''
വേണു നാഗവള്ളിയും ഇന്ന് ദീപ്തമായ ഓർമ്മ. അറിയാത്തൊരിടയന്റെ വേണുഗാനം, അകലെ നിന്നെത്തുന്ന വേണുഗാനം എന്ന് കേൾക്കുമ്പോൾ മനസ്സിൽ വന്നു നിറയുക വേണുവിന്റെ വിഷാദഭാവമുള്ള മുഖമാണെന്ന് സൽമ.
ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്
Content Highlights :Sarabindhu Malar deepa Song Ulkadal Movie MB Sreenivasan Jayachandran Salma
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..