Jaison J Nair, G Venugopal
തണുപ്പാണ് എങ്ങും. വരികളിൽ ഗൃഹാതുരത്വത്തിന്റെ വിഷാദമധുരമായ ഇളം തണുപ്പ്. ഈണത്തിൽ വാഗമണ്ണിലെ മഞ്ഞോലും മകരത്തണുപ്പ്.
ആ തണുപ്പിൽ നിന്നായിരുന്നു മലയാളിമനസ്സുകളെ ``പൊള്ളിച്ച'' അപൂർവ്വസുന്ദരമായ ഒരു കാവ്യാനുഭവത്തിന്റെ പിറവി എന്നോർക്കുമ്പോൾ വേണുഗോപാലിന് ഇന്നും അത്ഭുതം. ``സഫലമീ യാത്ര ആദ്യം റെക്കോർഡ് ചെയ്ത് കേട്ടപ്പോൾ ആശങ്കയായിരുന്നു എനിക്ക്. ജനം ഇത് അംഗീകരിക്കുമോ? ആഴമുള്ള അർത്ഥതലങ്ങളുള്ള എൻ എൻ കക്കാടിന്റെ കവിതയുടെ ആത്മാവിനെ സംഗീതം കൊണ്ട് പോറലേൽപ്പിച്ചു എന്ന പഴി കേൾക്കേണ്ടി വരുമോ? ഓരോ തവണ കേൾക്കുമ്പോഴും ആശങ്ക കൂടിക്കൂടി വരുന്നപോലെ.'' എന്നാൽ സംഗീതസംവിധായകൻ ജെയ്‌സൺ ജെ നായർക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല. വേണു നോക്കിക്കോളൂ, ഈ കവിത സാധാരണക്കാർ പോലും ഏറ്റുപാടും, ഹൃദയത്തോട് ചേർത്തുവെക്കും -- ജെയ്സൺ പറഞ്ഞു.
ആ പ്രതീക്ഷ തെറ്റായിരുന്നില്ല എന്ന് കാലം തെളിയിച്ചു. സിനിമക്ക് പുറത്ത് ഇത്രയേറെ സ്വീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്ത കവിതകൾ അധികമുണ്ടാവില്ല മലയാളത്തിൽ. പുതിയ തലമുറയിൽ പോലുമുണ്ട് സഫലമീ യാത്രക്ക് ആരാധകർ. എത്രയോ പേരുടെ ഫോണുകളിൽ ഹലോ ട്യൂൺ ആണത്. ``ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ ആതിര വരും പോകുമല്ലേ സഖീ, ഞാനീ ജനലഴി പിടിച്ചൊട്ടു നിൽക്കട്ടെ നീയെന്നണിയത്തു തന്നെ നിൽക്കൂ, ഈ പഴങ്കൂടൊരു ചുമയ്ക്കടിയിടറി വീഴാം.....'' ജീവിതത്തിന്റെ നിരർത്ഥകതയിൽ പോലും അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു കവിയുടെ ആത്മാംശം കലർന്ന വരികൾ.
വാഗമണ്ണിൽ വെച്ചാണ് ആ കവിതയ്ക്ക് അനുയോജ്യമായ ഈണം മനസ്സിൽ വന്നുപിറന്നതെന്നോർക്കുന്നു ജെയ്സൺ. ശ്വാസം മുട്ടിക്കുന്ന നഗരത്തിരക്കിൽ നിന്നും വാഗമണ്ണിലെ ഏകാന്തതയിലേക്ക് സ്വയം പറിച്ചുനടുകയായിരുന്നു സംഗീതസംവിധായകനും ഗായകനും.
``കക്കാടിന്റെ വരികൾ നിശബ്ദമായി ഉരുവിട്ടുകൊണ്ട് വിജനമായ മലഞ്ചരിവിലൂടെ വേണുവിനൊപ്പം അലക്ഷ്യമായി നടന്ന രാവ് ഓർമ്മയുണ്ട്. ചുറ്റും മഞ്ഞും മൗനവും മാത്രം. ഈണങ്ങൾ മനസ്സിൽ മാറിമാറി വന്നുകൊണ്ടിരുന്നു. ലളിതമെന്ന് തോന്നുന്ന വരികളാണ് കക്കാടിന്റേത്. പക്ഷേ വായിച്ചുപോകുന്തോറും ഓരോ വരിയും, വാക്കും നമ്മെ അസ്വസ്ഥമാക്കാൻ തുടങ്ങും. പഴയ കാലത്തിന്റെ മധുരിമ ഗൃഹാതുരത്വത്തോടെ ഓർത്തെടുക്കുന്നതോടൊപ്പം ജീവിതത്തിന്റെ അർത്ഥരാഹിത്യത്തെ കുറിച്ചും വാചാലനാകുകയാണ് കവി. വിഷാദവും പ്രതീക്ഷയും കെട്ടുപിണഞ്ഞുകിടക്കുന്ന കൽപ്പനകൾ... അത്ര പെട്ടെന്ന് പിടിതരാത്ത ഒരു കവിമനസ്സാണ് സംഗീതത്തിലേക്ക് പരാവർത്തനം ചെയ്യേണ്ടത്. ശരിക്കും ഒരു വെല്ലുവിളി തന്നെയായിരുന്നു അത്. ഒരു സിനിമാപ്പാട്ട് ചിട്ടപ്പെടുത്തുന്നതിനേക്കാൾ പതിന്മടങ്ങ് പ്രയാസപ്പെടേണ്ടി വന്നു കക്കാടിന്റെ കവിതയെ ശ്രവ്യാനുഭവമാക്കി മാറ്റാൻ..''
വേണുവും ജെയ്സണും. രണ്ടുപേരും നല്ല കാവ്യാസ്വാദകർ. ``ചെറുപ്പം മുതലേ ഉണ്ടായിരുന്നു കവിതക്കമ്പം.''-- വേണു പറയും. ആ സ്നേഹം ജ്വലിപ്പിച്ചത് അടുത്ത ബന്ധുവും കോളേജധ്യാപകനുമായ വിനയൻ ചേട്ടനാണ്- എസ് വിനയകുമാർ. കക്കാടിന്റെ സഫലമീ യാത്ര എഴുതിക്കഴിഞ്ഞയുടൻ കവിമുഖത്തു നിന്നു കേൾക്കാൻ ഭാഗ്യമുണ്ടായ അപൂർവം പേരിലൊരാളാണ് ചേട്ടൻ. ഗുരുവായ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വീട്ടിൽ വെച്ച് ആദ്യമായി ആ കവിത കക്കാട് ചൊല്ലിക്കേട്ട അനുഭവം ചേട്ടൻ വിവരിച്ചപ്പോൾ സ്വാഭാവികമായും എനിക്കും കൗതുകം തോന്നി. ആദ്യവായനയിൽ തന്നെ കവിത മനസ്സിനെ പിടിച്ചുലയ്ക്കുകയും ചെയ്തു.'' എന്നെങ്കിലും കവിതകൾക്ക് സംഗീതാവിഷ്കാരം നൽകി പാടാൻ സാഹചര്യം ഒത്തുവരികയാണെങ്കിൽ അവയിലൊന്ന് കക്കാടിന്റെ ഈ രചനയായിരിക്കും എന്ന് അന്നേ ഉള്ളിലുറച്ചിരുന്നു വേണു.
ജെയ്സണുമായുള്ള കണ്ടുമുട്ടലാണ് ആ സ്വപ്നത്തിലേക്കുള്ള അകലം കുറച്ചത്. ഇരുവരെയും ബന്ധിപ്പിച്ചു നിർത്തിയ കണ്ണി അടിയുറച്ച കവിതാപ്രണയം തന്നെ. പ്രസാദം എന്നൊരു അയ്യപ്പഭക്തിഗാന കാസറ്റിൽ പാടാൻ വന്നപ്പോഴാണ് വേണുവിനെ ജെയ്‌സൺ അടുത്ത് പരിചയപ്പെട്ടത്. തൊട്ടുപിന്നാലെ മുച്ചിലോട്ട് ഭഗവതീ സ്തുതികളുടെ ഒരു ആൽബത്തിൽ കൂടി സഹകരിച്ചു ഇരുവരും. മഹാകവി കുട്ടമത്തിന്റെ കൊച്ചുമകൻ എഴുതിയ ഗാനങ്ങൾ. ``ഭക്തിഗാനങ്ങളുടെ പതിവു ചിട്ടവട്ടങ്ങൾ പിന്തുടരാത്ത ആ രചനകളുടെ കാവ്യഭംഗിയും ആശയഗരിമയും ഞങ്ങളെ ഇരുവരെയും ആകർഷിച്ചു. അത്തരം രചനകളെ കുറിച്ചുള്ള ചർച്ചക്കിടെയാണ് വേണു ഒരു നിർദ്ദേശം മുന്നോട്ടുവെച്ചത് -- നമുക്ക് മലയാളത്തിലെ കുറച്ചു നല്ല കവിതകൾ തിരഞ്ഞെടുത്ത് കംപോസ് ചെയ്താലോ? സന്തോഷമേ ഉണ്ടായിരുന്നുള്ളൂ എനിക്ക് ....'' കവിതയെ ഹൃദയത്തോട് ചേർത്തുവെക്കുന്ന രണ്ടു മനസ്സുകളുടെ ഒരുമിച്ചുള്ള യാത്ര ആ സംഭാഷണത്തിൽ നിന്നാരംഭിക്കുന്നു.
കവിതയും സംഗീതവും ഇടകലർന്ന ലോകത്തേക്ക് അതിനു മുൻപ് തന്നെ കടന്നുചെന്നിരുന്നു വേണു -- കടമ്മനിട്ടയുടെ ശാന്തയിലൂടെ. ``1999 ലെന്നാണ് ഓർമ്മ. ബഹ്റിനിലുള്ള സുഹൃത്ത് സുരേഷിന് ശാന്ത രണ്ടു ഭാഗങ്ങളുള്ള ടെലിഫിലിം ആക്കാനൊരു ആഗ്രഹം. കവിതയുടെ സംഗീതാവിഷ്കാരം എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണസ്വാതന്ത്ര്യം എനിക്ക് വിട്ടുതരുകയായിരുന്നു സുരേഷ്. സംഗീത സംവിധായകനായി ആരെ നിശ്ചയിക്കണം എന്നാലോചിച്ചപ്പോൾ പെട്ടെന്ന് ഓർമ്മവന്നത് താരതമ്യേന തുടക്കക്കാരനായ ഒരു പ്രതിഭയുടെ മുഖമാണ് -- എം ജയചന്ദ്രന്റെ. എസ് എസ് ഡിജിറ്റൽ സ്റ്റുഡിയോയിൽ വെച്ചുള്ള റെക്കോർഡിംഗ് മറക്കാനാവില്ല. കവിത മനോഹരമായി തന്നെ ജയചന്ദ്രൻ ചിട്ടപ്പെടുത്തി. അക്കാലത്ത് അത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു...'' പിന്നീട് ഒരു പൂർണ്ണ കവിതാ ആൽബം പുറത്തിറക്കാൻ ആലോചിച്ചപ്പോൾ സംഗീതസംവിധായകനായത് സുരേഷ് മണിമലയാണ് -- `കാവ്യരാഗം' എന്ന ആ ആൽബവും വേറിട്ട ശ്രവ്യാനുഭവമായി. അത് കഴിഞ്ഞായിരുന്നു സഫലമീ യാത്ര ഉൾപ്പെട്ട ``കാവ്യഗീതികൾ'' എന്ന ആൽബം.
കാവ്യഗീതികളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് കക്കാടിന്റെ കവിത തന്നെ എന്ന കാര്യത്തിൽ സംശയമില്ല വേണുവിനും ജെയ്സണും. ഏറ്റവും സമയമെടുത്ത് ചിട്ടപ്പെടുത്തിയതും അതാണെന്ന് വെളിപ്പെടുത്തുന്നു ജെയ്‌സൺ. ``നാൽപ്പത് ഗാനങ്ങളെങ്കിലും കംപോസ് ചെയ്യാൻ വേണ്ട ഊർജ്ജവും ചിന്തയും ഭാവനയും വേണ്ടിവന്നു ആ ഒരൊറ്റ കവിത സ്വരപ്പെടുത്താൻ. അത്രയും വെല്ലുവിളി ഉയർത്തിയ സൃഷ്ടികൾ സംഗീത ജീവിതത്തിൽ തന്നെ അധികമില്ല. കക്കാടിന്റെ കവിത കടന്നുപോകുന്ന ഭാവതലങ്ങളുടെ വൈവിധ്യം തന്നെ കാരണം. കരുണയും സ്നേഹവും വിരഹവും ശാന്തിയും അശാന്തിയും നിസ്സഹായതയുമൊക്കെ മാറി മാറി വന്നു നിറയുകയാണ് വരികളിൽ. മനസ്സിനെ മഥിക്കുന്ന ആത്മഗതങ്ങൾ വേറെ. വരികളിൽ മറഞ്ഞുകിടക്കുന്ന വൈകാരികാംശം ശ്രോതാക്കളിൽ എത്തിക്കാൻ അനുയോജ്യമായ ഈണം കണ്ടെത്തുക എന്നത് വലിയൊരു പ്രതിസന്ധി തന്നെയായിരുന്നു. ഉറക്കം പോലും നഷ്ടപ്പെട്ടുപോകുന്ന അവസ്ഥ..''
കക്കാടിന്റെ `ജനകീയ' രചനകളിൽ ഒന്നാണ് സഫലമീ യാത്ര. 1986 ലെ ഒരു അഭിമുഖത്തിൽ ഡോ എം എം ബഷീറിന്റെ ചോദ്യത്തിന് മറുപടിയായി ആ കവിതയുടെ രചനാപശ്ചാത്തലത്തെ കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട് കവി: ``മൂന്ന് വർഷം മുൻപ് മാരകമായ ഒരു രോഗത്തിന്റെ പിടിയിലാണ് ഞാൻ എന്ന ബോധം കുറച്ചുനേരത്തേക്ക് എന്നെ ആകെ തളർത്തിയിരുന്നു. മുൻപിൽ ഒരു കറുത്ത ശൂന്യത സ്പഷ്ടമായി കണ്ടു. നാലടി നടന്നാൽ അവിടെ എത്തും എന്ന് തോന്നാവുന്നത്ര അടുത്തായിരുന്നു അത്. പിന്നെ പതുക്കെ ആ അസ്വസ്ഥത മാറുകയും സ്വാഭാവികമായ ആ അന്ത്യത്തെ ഭീതിയും ഉത്കണ്ഠയും കൂടാതെ മനസ്സിൽ കാണാൻ കഴിയുകയും ചെയ്തു. ഇതെപ്പോഴും എന്റെ കൂടെ പല രൂപത്തിൽ ഉണ്ടായിരുന്നതല്ലേ? പതുക്കെ അതൊരു പ്രാപ്യസ്ഥാനമായി അനുഭവപ്പെട്ടു. കൃത്യമായ രോഗനിർണയത്തിന് ഏതാണ്ട് എട്ടു മാസം മുൻപായിരുന്നു അത്. ഒരു ഭാവഭേദവും കൂടാതെ ആരെയും അറിയിക്കാതെ ഇപ്പോൾ പരിചിതമായിക്കഴിഞ്ഞ ആ കറുത്ത തിരശീലക്ക് മുൻപിൽ എനിക്കായി നിർദേശിക്കപ്പെട്ട പഴയ വേഷത്തിന്റെ തുടർച്ച ആകാമെന്ന സ്ഥൈര്യം മനസ്സിന് കിട്ടി. ഒരു തരം നിർവൃത്യാത്മകമായ ശാന്തി എന്ന് പറഞ്ഞാൽ അത്യുക്തിയാകുമോ? അപ്പോഴാണ് കഴിഞ്ഞ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാൻ, സമയമായി എന്ന് തോന്നിയത്. ആ ദിനങ്ങൾ അത്ഭുതകരമായിരുന്നു. ഉത്കണ്ഠയില്ല, ഭീതിയില്ല, ദുഃഖമില്ല, ആഹ്ലാദമില്ല. നിലാവിനോടും മഞ്ഞിനോടും കൂടി ഒരു തരം വാത്സല്യം തോന്നിയ ദിനങ്ങൾ..''
സഫലമീ യാത്രയുടെ ആദ്യവായനയിൽ ജെയ്‌സന്റെ മനസ്സിനെ ആഴത്തിൽ സ്പർശിച്ച വരികൾ ഇവയായിരുന്നു: ``കാലമിനിയുമുരുളും വിഷു വരും വർഷം വരും തിരുവോണം വരും, പിന്നെയോരോ തളിരിനും പൂ വരും കായ് വരും, അപ്പോളാരെന്നും എന്തെന്നുമാർക്കറിയാം? നമുക്കിപ്പൊഴീയാർദ്രയെശ്ശാന്തരായ്, സൗമ്യരായെതിരേൽക്കാം..'' ഇന്നും എന്റെ കണ്ണുകളെ ഈറനാക്കുന്നു ആ വരികൾ. അതുപോലെ തന്നെ ഹൃദയത്തെ തൊട്ടതാണ് അവസാന ഭാഗവും: പലനിറം കാച്ചിയ വളകളഴിഞ്ഞുമഴിച്ചും പല മുഖം കൊണ്ട് നാം തമ്മിലെതിരേറ്റും നൊന്തും പരസ്പരം നോവിച്ചും മുപ്പതിറ്റാണ്ടുകൾ നീണ്ടോരീ അജ്ഞാത വഴികളിൽ എത്ര കൊഴുത്ത ചവർപ്പു കുടിച്ചു വറ്റിച്ചു നാം ഇത്തിരി ശാന്തി തൻ ശർക്കര നുണയുവാൻ..'' കവിമനസ്സുമായി എളുപ്പം താദാത്മ്യം പ്രാപിക്കാൻ കഴിഞ്ഞത് സ്വന്തം ജീവിതത്തിൽ നേരിട്ട കടുത്ത പരീക്ഷണങ്ങളുടെ ഓർമ്മയിലാണെന്ന് പറയും ജെയ്‌സൺ.
``ബാല്യത്തിൽ നമ്മൾ അനുഭവിച്ച വേദനകളും, യാതനകളും ഒറ്റപ്പെടലും ഒക്കെ വീണ്ടും ഓർമ്മിപ്പിക്കുകയായിരുന്നു ആ കവിത. അതുകൊണ്ടുതന്നെ ഉള്ളിലൊരു നേർത്ത വിങ്ങലുണ്ടായിരുന്നു അത് ചിട്ടപ്പെടുത്തുമ്പോൾ.''
വേണുവിന്റെ ആലാപനത്തിലുമുണ്ട് അതേ വിങ്ങൽ. ``കവിതയുടെ ആത്മാവ് ഉൾക്കൊണ്ട് പാടാനായിരുന്നു എന്റെ ശ്രമം. നമ്മുടെ മനസ്സിനെ വല്ലാതെ സ്പർശിച്ച ഒരു രചന നമ്മുടെ തന്നെ ശബ്ദത്തിൽ അവതരിപ്പിക്കേണ്ടി വരുമ്പോൾ സ്വയം അറിയാതെ അതിൽ മുഴുകി ഒഴുകിപ്പോകും. അത്തരമൊരു മാജിക് ആണ് അന്ന് സംഭവിച്ചത്. ചില വരികൾ പാടുമ്പോൾ അവയിലെ ഭാവാംശം ശരിക്കും ഉൾക്കൊള്ളാൻ കഴിയുമോ എന്നുപോലും തോന്നിയിരുന്നു. പക്ഷേ കവിത കേട്ടവർ നല്ല വാക്കുകൾ പറഞ്ഞപ്പോൾ സന്തോഷം തോന്നി. ''-- വേണു. കാവ്യഗീതികൾ ഒരുക്കുമ്പോൾ ഒരു കാര്യം മനസ്സിലുറച്ചിരുന്നു വേണുവും ജെയ്സണും. കവിതാസ്വാദകരെയും പണ്ഡിതരേയും മാത്രം ഉദ്ദേശിച്ചുള്ള ആൽബമാകരുത് അത്., കവിത വായിച്ചു ശീലമില്ലാത്ത, തികച്ചും സാധാരണക്കാരായ മനുഷ്യരെ കൂടി കവിതയുടെ അർത്ഥതലങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ പോന്ന ഒന്നാവണം. ആ ലക്‌ഷ്യം നല്ലൊരളവോളം കൈവരിക്കാൻ കഴിഞ്ഞു എന്നുതന്നെയാണ് കാവ്യഗീതികളുടെ സ്വീകാര്യത തെളിയിച്ചത്.
തിരുവനന്തപുരത്തെ ബേക്കറി ജങ്ക്ഷനിൽ അന്നുണ്ടായിരുന്ന ഭൈരവി സ്റ്റുഡിയോയിൽ വെച്ചായിരുന്നു സഫലമീ യാത്രയുടെ റെക്കോർഡിംഗ്. ഗാനലേഖനം നിർവഹിച്ചത് ഷാബിറ്റ്. ``ഓർക്കസ്‌ട്രേഷൻ ലളിതമാകണം എന്ന് നേരത്തെ തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു. കവിതയെ സംഗീതം അനുഗമിക്കാനേ പാടൂ; മറിച്ചു സംഭവിച്ചുകൂടാ. കീബോർഡിന്റെ പിന്തുണയ്ക്കൊപ്പം വീണ, പുല്ലാങ്കുഴൽ തുടങ്ങി അപൂർവം ഉപകരണങ്ങൾ മാത്രം. ഫ്ലൂട്ട് ആലിച്ചനും വീണ സൗന്ദരരാജനുമാണ് വായിച്ചത്. അറേഞ്ച്മെന്റ് നിർവഹിക്കുകയും സ്ട്രിങ്സ് കൈകാര്യം ചെയ്യുകയും ചെയ്ത പ്രിയസുഹൃത്ത് എബി സാൽവിൻ തോമസിനേയും മറക്കാനാവില്ല ജെയ്സണ്. എബിയുടെ സർഗാത്മക ഇടപെടൽ കൂടിയുണ്ട് കവിതകളുടെ മികച്ച സൗണ്ടിംഗിന് പിന്നിൽ. ``കവിതയെ താളത്തിൽ ഒതുക്കിനിർത്തുക എളുപ്പമായിരുന്നില്ല. നീട്ടലും കുറുക്കലും ഒക്കെ സൂക്ഷിച്ചാണ് ചെയ്തത്. വരികൾക്ക് അർത്ഥഭംഗം ഉണ്ടാകരുതല്ലോ.''
ഇറങ്ങിയകാലത്ത് കാവ്യഗീതികളെ സംശയത്തോടെ നോക്കിക്കണ്ടവരും ഉണ്ടായിരുന്നു എന്നോർക്കുന്നു വേണു. ``പക്ഷേ പൊതുവെ നല്ല അഭിപ്രായമായിരുന്നു. അപൂർവം ചിലർ മാത്രം കക്കാടിന്റെ കവിതയുടെ ആത്മാവ് നശിപ്പിച്ചു എന്നൊക്കെ പരിതപിച്ചു. അതവരുടെ കാഴ്ചപ്പാട്. കുറ്റപ്പെടുത്തുന്നില്ല. എങ്കിലും സാധാരണക്കാരായ എത്രയോ മലയാളികൾ ഇന്നും ആ കവിതകളെ ഹൃദയത്തോട് ചേർത്തുവെക്കുന്നു എന്ന അറിവ് പകരുന്ന ആഹ്ലാദം അമൂല്യമാണ്. സംഗീതജീവിതം സാർത്ഥകമായി എന്ന് തോന്നുന്ന നിമിഷങ്ങൾ.'' കവിപത്നിയ്ക്കുമില്ല മറിച്ചൊരു അഭിപ്രായം. ``പലരും ഇതേ കവിത അവതരിപ്പിച്ചു കേട്ടിട്ടുണ്ടെങ്കിലും വേണുഗോപാലിന്റെ ആലാപനത്തിന്റെ ചാരുത ഒന്ന് വേറെ തന്നെ. വരികളിലെ വികാരവും ഭാവാംശവും പൂർണ്ണമായി ഉൾക്കൊണ്ട് പാടിയിരിക്കുന്നു വേണു.''-- ശ്രീദേവി കക്കാടിന്റെ വാക്കുകൾ.
തികച്ചും അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ സഫലമീ യാത്ര കാതിൽ വന്നു വീണ അനുഭവങ്ങൾ നിരവധിയുണ്ട് ജെയ്സന്റെ ഓർമ്മയിൽ. ചിലപ്പോൾ ട്രെയിൻ യാത്രയിലാകാം, അല്ലെങ്കിൽ കേരളത്തിന് പുറത്തുള്ള ഏതെങ്കിലും നഗരവീഥിയിൽ വെച്ച്. അതുമല്ലെങ്കിൽ ആരെയെങ്കിലും ഫോൺ വിളിക്കുമ്പോൾ...... ``അജ്ഞാതനായി മറഞ്ഞിരുന്ന് സ്വന്തം സൃഷ്ടി ആസ്വദിക്കുന്നതിലും ഉണ്ടല്ലോ ഒരു രസം.''-- ജെയ്‌സൺ ചിരിക്കുന്നു. ``വിഫലമായില്ല ഈ യാത്ര എന്ന് സ്വയം തോന്നുന്ന നിമിഷങ്ങൾ.''
Content Highlights : Saphalamee Yathra Aardramee Dhanumasa Ravukalil Poem N N Kakkad G.Venugopal Jaison J.Nair


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..