ജാനകിയമ്മ പറഞ്ഞു: സങ്കടം തോന്നുന്നു, ഫുട്ബാളിനെ കുറിച്ച് മോനോട് ഒന്നും സംസാരിക്കാന്‍ കഴിയാത്തതില്‍


രവിമേനോന്‍

3 min read
Read later
Print
Share

``സാരമില്ല, അമ്മേ. മ്മളെ മൂപ്പര്‍ ഇങ്ങോട്ട് വിട്ടത് പന്തുകളിക്കാന്‍ വേണ്ടി മാത്രല്ലേ? പാട്ടിന്റെ കാര്യത്തില്‍ ഞാനും വട്ടപ്പൂജ്യം....'

എസ്.ജാനകി (ഫോട്ടോ: കെ.കെ.സന്തോഷ്), ഐ.എം.വിജയൻ (ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്)

ന്തുകളിപ്രേമിയല്ല എസ് ജാനകി. ജീവിതത്തിലെന്നെങ്കിലും ഒരു ഫുട്ബാള്‍ മത്സരം നേരില്‍ കണ്ടിട്ടുണ്ടോ എന്നുപോലും സംശയം. അത്ഭുതമില്ല; പാട്ടിന്റെ മൈതാനത്ത് പിറന്നവയാണല്ലോ അവരുടെ മിന്നുന്ന ``ഗോളുകള്‍'' മുഴുവന്‍.

എന്നിട്ടും, മുന്നില്‍ വന്നു വിനയാന്വിതനായി നിന്ന പന്തുകളിക്കാരനെ ആദരപൂര്‍വം വന്ദിച്ചുകൊണ്ട് ജാനകിയമ്മ പറഞ്ഞു: ``സങ്കടം തോന്നുന്നു എനിക്ക്, ഫുട്ബാളിനെ കുറിച്ച് മോനോട് ഒന്നും സംസാരിക്കാന്‍ കഴിയാത്തതില്‍. എന്ത് ചെയ്യാം? ഈശ്വരന്‍ എന്നെ ഇങ്ങോട്ടയച്ചത് പാടാന്‍ വേണ്ടിയായിപ്പോയില്ലേ?''

ചിരിച്ചുകൊണ്ട് ഐ എം വിജയന്റെ മറുപടി: ``സാരമില്ല, അമ്മേ. മ്മളെ മൂപ്പര്‍ ഇങ്ങോട്ട് വിട്ടത് പന്തുകളിക്കാന്‍ വേണ്ടി മാത്രല്ലേ? പാട്ടിന്റെ കാര്യത്തില്‍ ഞാനും വട്ടപ്പൂജ്യം....'' വിജയന്റെ വാക്കുകളിലെ നിഷ്‌കളങ്ക നര്‍മ്മം ആസ്വദിച്ച് ചിരിക്കുന്നു ജാനകിയമ്മ.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ ആ കൂടിക്കാഴ്ചക്ക് നിമിത്തമാകാനും സാക്ഷിയാകാനും കഴിഞ്ഞത് എന്നിലെ മാധ്യമപ്രവര്‍ത്തകന്റെ മഹാഭാഗ്യം. തെന്നിന്ത്യയുടെ ഗാനകോകിലവും കളിക്കളത്തിലെ ``കാലോ ഹരിനും'' (കറുത്ത മാന്‍) തമ്മിലുള്ള സമാഗമം കണ്ടുനില്‍ക്കേ കാതുകളില്‍ അതുവരെ കേള്‍ക്കാത്ത ഒരു ആരവം മുഴങ്ങുന്നു. പാട്ടും പന്തുകളിയും കൂടിക്കലര്‍ന്ന കോഴിക്കോടന്‍ ``സിംഫണി'' പോലെ.

നേരില്‍ കാണണമെന്ന് പറഞ്ഞു ജാനകിയമ്മ വിളിക്കുമ്പോള്‍ വിജയനുമുണ്ട് എന്റെ കൂടെ. കോഴിക്കോട്ട് ഒരു സംഗീതപരിപാടിക്ക് എത്തിയതാണ് അമ്മ. ഞങ്ങളാകട്ടെ, വിജയന്റെ പുതിയ അക്കാദമിയുടെ ധനശേഖരണാര്‍ത്ഥം നടത്താനിരുന്ന സെലബ്രിറ്റി ഫുട്ബാള്‍ മത്സരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് വന്നതും. ജാനകിയമ്മയെ കാണാന്‍ പോകുന്ന കാര്യം അറിഞ്ഞപ്പോള്‍ വിജയന്‍ പറഞ്ഞു: ``രവിയേട്ടാ, ഞാനും വരുന്നുണ്ട് ങ്ങടെ കൂടെ. ന്താ ആ അമ്മടെ ഒരു ശബ്ദം. ഇനിക്കൊന്ന് വെറുതെ കണ്ടാ മതി. ങ്ങള് സംസാരിച്ചോളീ. ന്നെ പരിചയപ്പെടുത്തുകയൊന്നും വേണ്ട. ഞാന്‍ ഒരു സൈഡില്‍ മിണ്ടാണ്ടെ കേട്ടുനിന്നോളാം..'' സ്വതസിദ്ധമായ ശൈലിയില്‍ വിജയന്റെ അപേക്ഷ.

താജ് ഹോട്ടലിലെ മുറിയില്‍ കടന്നുചെന്നയുടന്‍ പ്രതിജ്ഞ ലംഘിച്ചുകൊണ്ട്, ഇന്ത്യന്‍ ഫുട്ബാളിലെ മിന്നും താരത്തെ സ്വരദേവതയ്ക്ക് പരിചയപ്പെടുത്തുകയാണ് ആദ്യം തന്നെ ചെയ്തത്. കൗതുകത്തോടെ വിജയനെ അടിമുടി നോക്കി ജാനകിയമ്മ; പിന്നെ ഇരുന്ന ഇരിപ്പില്‍ നിന്നെഴുന്നേറ്റ് അതിഥിയെ താണുവണങ്ങി. അപ്രതീക്ഷിതമായ ആ പ്രതികരണത്തിന്റെ ഞെട്ടലിലാവണം, അടുത്ത നിമിഷം പ്രിയഗായികയുടെ പാദങ്ങളില്‍ സാഷ്ടാംഗം നമസ്‌കരിക്കുന്നു കളിക്കളത്തിലെ കറുത്ത മുത്ത്.

Read More: 'ആ വരിയിലൂടെ ജാനകി ഒഴുകിപ്പോകുമ്പോള്‍ ആരുടെയുള്ളിലാണ് പ്രണയം വന്നു നിറയാത്തത്'

``അമ്മയെ കണ്ട് സംസാരിക്കുക എന്നത് എന്റെ വലിയൊരു മോഹമായിരുന്നു.''-വാത്സല്യപൂര്‍വ്വം തന്നെ പിടിച്ചെഴുന്നേല്‍പ്പിച്ച ഗായികയോട് വിജയന്‍ വികാരാധീനനായി പറഞ്ഞു. ``തൃശൂരില്‍ ഗാനമേളക്ക് പാടാന്‍ വന്നപ്പോ ഞാന്‍ കൊതിയോടെ കേള്‍ക്കാന്‍ കാത്തുനിന്നിട്ടുണ്ട്. ദൂരെ നിന്നേ കാണാന്‍ പറ്റൂ. ടിക്കറ്റൊന്നും എടുത്ത് മുന്‍പില്‍ പോയിരിക്കാന്‍ പറ്റില്ലല്ലോ. പക്ഷേ ആ ശബ്ദം മറന്നിട്ടില്ല. തുമ്പീ വാ, ഓലത്തുമ്പത്തിരുന്ന് ഊയലാടും ചെല്ലപ്പൈങ്കിളി, മഞ്ഞണിക്കൊമ്പില്‍....കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകള്‍...'' അത്ഭുതത്തോടെ വിജയന്റെ സംസാരം ശ്രദ്ധിച്ചു നിന്ന ജാനകിയമ്മയുടെ മുഖം ഇന്നുമുണ്ട് ഓര്‍മ്മയില്‍.
പിറ്റേന്നത്തെ ഗാനമേളയില്‍ പാടേണ്ട പാട്ടുകളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ജാനകിയമ്മ വിളിച്ചത്. ``കുറച്ചു പാട്ടുകളല്ലേ പരിപാടിയില്‍ പാടാന്‍ പറ്റൂ. വലിയൊരു ലിസ്റ്റാണ് ഇവിടെ ഓര്‍ഗനൈസേഴ്‌സ് കൊണ്ടുവെച്ചിരിക്കുന്നത്. അന്‍പത് പാട്ടുകളെങ്കിലും കാണും അതില്‍. കുറെ എണ്ണം ഒഴിവാക്കണം.'' മഹാഗായിക പാടേണ്ട പാട്ടുകള്‍ തിരഞ്ഞെടുക്കുക എന്ന `വിശിഷ്ട' ദൗത്യത്തിന് നിയോഗിച്ചതിന് ഈശ്വരനോട് നന്ദി പറഞ്ഞു ഞാന്‍.

ജാനകിയമ്മയുമായി ചര്‍ച്ച ചെയ്ത് ഓരോ പാട്ടുകളായി വെട്ടി മാറ്റവേ, അടുത്തിരുന്ന് വിജയന്‍ കാതില്‍ ചോദിച്ചു: ``അപ്പൊ ങ്ങള് ഇതിന്റേം ആളാ?'' ചിരകാല സുഹൃത്തായ ഫുട്ബാള്‍ ലേഖകനെ അതുപോലൊരു റോളില്‍ ആദ്യമായി കാണുകയായിരുന്നല്ലോ വിജയന്‍.
യാത്രയാക്കവേ വിജയന്റെ കൈകള്‍ ചേര്‍ത്തുപിടിച്ച് ജാനകിയമ്മ പറഞ്ഞു: ``വലിയ സന്തോഷം. കളിക്കാരന്‍ എന്ന് കേട്ടപ്പോള്‍ വളരെ ടഫ് ആയിരിക്കും എന്നാണ് കരുതിയത്. നിങ്ങള്‍ വളരെ സോഫ്റ്റ്. എപ്പോഴും ചിരിച്ചുകൊണ്ടേ ഇരിക്കുന്നു ... ഈ ചിരി ഒരിക്കലും മായാതിരിക്കട്ടെ.'' വികാരവായ്‌പ്പോടെ ആ വാക്കുകള്‍ കേട്ടുനിന്നു വിജയന്‍. പിന്നെ ഒരിക്കല്‍ കൂടി അമ്മയുടെ പാദങ്ങളില്‍ നമസ്‌കരിച്ചു. പാട്ടിലെ റാണിക്ക് കളിയിലെ രാജകുമാരന്റെ ആദരം.

തിരിച്ചുപോരുമ്പോള്‍ മഹാഗായികയുടെ വിനയത്തെക്കുറിച്ചു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ വിജയന്. ``എത്ര വലിയ പാട്ടുകാരി. നമ്മളൊക്കെ അവരുടെ മുന്‍പില്‍ എത്രയോ ചെറിയ മനുഷ്യര്‍. എന്നിട്ടും എത്ര ബഹുമാനത്തോടെയാണ് അവര്‍ സംസാരിച്ചത്. സത്യം പറയാലോ, എന്റെ കണ്ണ് നെറഞ്ഞു പോയി.'' - അത്ഭുതം തോന്നിയില്ല. കണ്ണുകളിലെ നേര്‍ത്ത നനവ് മറച്ചുവെക്കാന്‍ പാടുപെടുകയായിരുന്നല്ലോ ഞാനും.
ഇന്നലെ സംസാരിച്ചപ്പോള്‍, ആ പഴയ നിമിഷങ്ങള്‍ വീണ്ടും ഞങ്ങളുടെ ഓര്‍മ്മയില്‍ നിറഞ്ഞു. രണ്ടു പതിറ്റാണ്ടുകള്‍ എത്ര വേഗം കടന്നുപോയി. ``രവിയേട്ടാ, ദാസേട്ടനെ നമ്മള്‍ ചെന്ന് കണ്ടപോലെ ന്റെ ജീവിതത്തിലെ വലിയ ഭാഗ്യമായിരുന്നു ജാനകിയമ്മയെ കാണാന്‍ പറ്റിയതും. ഒരിക്കലും മറക്കില്ല ആ ദിവസം''-വിജയന്‍ പറഞ്ഞു. ``ഈശ്വരന്‍ അവര്‍ക്ക് ആയുരാരോഗ്യ സൗഖ്യം നല്‍കട്ടെ.''
എസ് ജാനകിയും ഐ എം വിജയനും. പ്രത്യക്ഷത്തില്‍ യാതൊരു ബന്ധവുമില്ലാത്ത രണ്ടു മേഖലകളില്‍ തിളങ്ങിനിന്നവര്‍. അവരുടെ ഹൃദയങ്ങളെ ഇണക്കിച്ചേര്‍ത്തത് സംഗീതമല്ലാതെ മറ്റെന്ത്? സ്‌നേഹവും വിനയവും ആ സംഗീതത്തിന്റെ ആധാരശ്രുതികള്‍. സ്വന്തം കഴിവുകളില്‍ തരിമ്പും അഹങ്കരിക്കാത്തവരാണ് ഇരുവരും. ജീവിതത്തെ പ്രസാദാത്മകമായി നോക്കിക്കാണുന്നവരും.

കൗതുകം തോന്നാം. മറ്റൊരു ``ജന്മബന്ധം'' കൂടിയുണ്ട് അവര്‍ക്കിടയില്‍. ജാനകിയമ്മ ജനിച്ചത് ഏപ്രില്‍ 23 ന്. വിജയന്‍ 25 നും-ജന്മദിനങ്ങള്‍ തമ്മില്‍ ഒരൊറ്റ നാളിന്റെ ഇടവേള മാത്രം.

Content Highlights: S.Janaki Ravi menon IMVijayan Malayalam Melody Football

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dilip kumar

3 min

മറവിയുടെ മായാതീരത്തായിരുന്നുവെങ്കിലും ദിലീപിന്റെ ചുണ്ടുകൾ മന്ത്രിച്ചു: 'ലത'

Jul 17, 2021


M. G. Radhakrishnan
Premium

2 min

ചിരട്ട കൊണ്ട് ഉരയ്ക്കുന്ന ശബ്ദമെന്ന് എം.ജി. രാധാകൃഷ്ണൻ; അതാണ് വേണ്ടതെന്ന് ഐ.വി. ശശി

Apr 14, 2023


Jolly

5 min

'അന്തിക്കടപ്പുറത്ത്' അവിസ്മരണീയമാക്കിയ ഗായകന്‍; സിനിമ വിട്ട് ആത്മീയ പാതയിലെത്തിയ ജോളി

Feb 19, 2022


Most Commented