S Janaki
``കരഞ്ഞോളൂ; പക്ഷെ ശബ്ദം പുറത്തുകേൾക്കരുത്. നേർത്ത മഴയായി അകത്ത് പെയ്തുകൊള്ളട്ടെ കണ്ണീർ. ''-- എ വി എം സ്റ്റുഡിയോയിലെ മൈക്കിന് മുന്നിൽ പാടാനൊരുങ്ങിനിന്ന ഗായികയോട് അത്രയേ പറഞ്ഞുള്ളൂ സംഗീതസംവിധായകൻ ജോൺസൺ മാസ്റ്റർ.
പക്ഷേ എസ് ജാനകി കരഞ്ഞില്ല. കരഞ്ഞത് നമ്മളാണ്; സംഗീതാസ്വാദകർ. നിശ്ശബ്ദഗദ്ഗഗം ഉള്ളിലൊതുക്കി ജാനകി അന്ന് പാടിയ വിഷാദഗാനം ഇന്നും മലയാളികളുടെ ഹൃദയങ്ങളെ ആർദ്രമാക്കുന്നു; കണ്ണുകൾ ഈറനാക്കുന്നു: ``സ്വർണ്ണമുകിലേ സ്വർണ്ണമുകിലേ സ്വപ്നം കാണാറുണ്ടോ, കണ്ണുനീർക്കുടം തലയിലേന്തി വിണ്ണിൻ വീഥിയിൽ നടക്കുമ്പോൾ സ്വർണ്ണച്ചിറകുകൾ ചുരുക്കിയൊതുക്കി വസന്തരാത്രി മയങ്ങുമ്പോൾ, സ്വർണ്ണമുകിലേ സ്വർണ്ണമുകിലേ സ്വപ്നം കാണാറുണ്ടോ....'' ഇത് ഞങ്ങളുടെ കഥ (1982) എന്ന ചിത്രത്തിനു വേണ്ടി പി ഭാസ്കരൻ എഴുതിയ ഗാനം.
ജാനകിയുടെ സ്വർഗീയനാദത്തിൽ അനശ്വരമായ പി ഭാസ്കരന്റെ തന്നെ മറ്റൊരു ക്ലാസിക്ക് രചനയുടെ പിറവിയുടെ കഥ പുകഴേന്തി പങ്കുവെച്ചതോർക്കുന്നു-- ``സ്നേഹദീപമേ മിഴിതുറക്കൂ'' എന്ന ചിത്രത്തിലെ ലോകം മുഴുവൻ സുഖം പകരാനായി എന്ന ഗാനം. മുട്ടുകുത്തിക്കൊണ്ടും പൂജാമുറിയിൽ തൊഴുതുനിന്നും ചമ്രം പടിഞ്ഞിരുന്നുമൊക്കെ പാടാവുന്ന ഒരു പാട്ടാവണം ഇത് എന്ന ആമുഖത്തോടെയാണ് ഭാസ്കരൻ മാഷ് പാട്ടെഴുതിത്തന്നത്. ആർക്കും പാടാവുന്ന ലളിതവും മതാതീതവുമായ ഒരു പ്രാർത്ഥനാഗീതം. വരികൾ വായിച്ചുകേട്ടപ്പോഴേ വികാരാധീനയായി ജാനകി. ചരണത്തിലെ ``പരീക്ഷണത്തിൻ വാൾമുനയേറ്റി പടനിലത്തിൽ ഞങ്ങൾ വീഴുമ്പോൾ ഹൃദയക്ഷതിയാൽ രക്തം ചിന്തി മിഴിനീർപ്പുഴയിൽ നീന്തുമ്പോൾ താങ്ങായ് തണലായ് ദിവ്യ ഔഷധിയായ് താതാ നാഥാ കരം പിടിക്കൂ...'' എന്ന വരി അവരുടെ കണ്ണുകളിൽ നനവ് പടർത്തി. കൈകൂപ്പി, കണ്ണുകൾ ചിമ്മി പ്രാർത്ഥനാനിരതയായാണ് ജാനകി ആ പാട്ട് പാടിത്തീർത്തതെന്ന് പുകഴേന്തി. പാട്ടെഴുതിയ കടലാസ്സിൽ ഒന്ന് നോക്കേണ്ടി പോലും വന്നില്ല അവർക്ക്. അത്രകണ്ടു മനസ്സിൽ പതിഞ്ഞുപോയിരിക്കണം ആ വരികളും അവയുടെ ഈണവും.
``അതാണ് ജാനകി. സംഗീത സംവിധായകന്റെ സങ്കൽപ്പങ്ങൾക്ക് അപ്പുറത്തേക്ക് ഗാനത്തെ ഉയർത്താൻ കഴിവുള്ള ഗായിക,''-- പുകഴേന്തിയുടെ വാക്കുകൾ.
content highlights : s janaki Ithu njangalude katha movie song swarnamukile Johnson P Bhaskaran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..