'ആ വരിയിലൂടെ ജാനകി ഒഴുകിപ്പോകുമ്പോൾ ആരുടെയുള്ളിലാണ് പ്രണയം വന്നു നിറയാത്തത്'


രവിമേനോൻ

2 min read
Read later
Print
Share

തുടക്കത്തിലെ ``നാഥാ'' മാത്രം നിലനിർത്തിക്കൊണ്ട് ആ ഈണത്തിൽ നിന്ന് മറ്റൊരു മനോഹര ഗാനം സൃഷ്ടിച്ചു പൂവച്ചൽ. ജാനകി അത് ഹൃദ്യമായി പാടുകയും ചെയ്തു.

S Janaki

എസ് ജാനകിക്ക് പിറന്നാൾ മംഗളം

പാടുന്ന പാട്ടിന്റെ പൂർണ്ണതയ്ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ എസ് ജാനകി തയ്യാർ. റെക്കോർഡിസ്റ്റ് ഓക്കേ ചെയ്താലും മതിവരുവോളം പാടിയിട്ടേ അവർ മൈക്കിനോട് വിടവാങ്ങൂ. എല്ലാ അർത്ഥത്തിലും ഒരു പെർഫെക്ഷനിസ്റ്റ്. പൂവച്ചൽ ഖാദറിന്റെ ഓർമ്മയിൽ ഒരനുഭവമുണ്ട്. ``ചെന്നൈ പാംഗ്രൂവ് ഹോട്ടലിന്റെ പിന്നിൽ പ്രശസ്ത പത്രപ്രവർത്തകൻ പി സി സുകുമാരൻ നായർക്ക് ഒരു മുറിയുണ്ടായിരുന്നു. അവിടെ വെച്ചാണ് തകരയുടെ കംപോസിംഗ്. ഭരതനും നെടുമുടി വേണുവുമൊക്കെ സാക്ഷികൾ. എം ജി രാധാകൃഷ്ണൻ ഈണം പാടിക്കേൾപ്പിക്കുമ്പോൾ തബലയിൽ രസിച്ചു താളമിടും വേണു. ഭരതൻ ഒപ്പം പാടും. മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു അവ. ആ ആഘോഷരാവിലാണ് തകരയിലെ രണ്ടു പാട്ടും പിറന്നത് -- മൗനമേ നിറയും മൗനമേ, കുടയോളം ഭൂമി കുടത്തോളം കുളിര്...''

പിറ്റേന്ന് റെക്കോർഡിംഗ്. മൗനമേ പാടിക്കേട്ടപ്പോഴേ ആവേശഭരിതയായി ജാനകി. ശുഭപന്തുവരാളിയുടെ സ്പർശമുള്ള, മൂന്ന് സ്ഥായികളിലൂടെയും ഒഴുകിപ്പോകുന്ന ഈണം. ``അത്രയും ആസ്വദിച്ച് ആവർത്തിച്ചു പാടിയ പാട്ടുകൾ കുറവായിരിക്കും ജാനകിയുടെ സംഗീത ജീവിതത്തിൽ.''-- പൂവച്ചലിന്റെ ഓർമ്മ. ``ഓരോ ടേക്കും കഴിഞ്ഞാൽ റെക്കോർഡിസ്റ്റും സംഗീത സംവിധായകനും ഓക്കേ പറഞ്ഞാലും തൃപ്തിയാകാതെ വീണ്ടും പാടും ജാനകി. കേട്ടിരുന്ന ഞങ്ങൾക്കെല്ലാം അത്ഭുതം. ഏത് ടേക്ക് ആണ് മികച്ചത് എന്ന് പറയാൻ വയ്യ. എല്ലാം ഒന്നിനൊന്ന് മെച്ചം. ഒടുവിൽ പൂർണ്ണ തൃപ്തിയോടെ അവർ പാടി നിർത്തുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു...റെക്കോർഡിംഗ് കഴിഞ്ഞു തിരിച്ചു പോകും മുൻപ്, അത്രയും നല്ലൊരു പാട്ട് പാടാൻ അവസരം നൽകിയതിന് തൊഴുകൈയോടെ നന്ദി പറഞ്ഞു അവർ.''

പല്ലവിയിലെ ``ഇതിലെ പോകും കാറ്റിൽ, ഇവിടെ വിരിയും മലരിൽ, കുളിരായ് നിറമായ് ഒഴുകും ദുഃഖം'' എന്ന വരിയാണ് തന്നെ ഏറ്റവും ആകർഷിച്ചതെന്ന് പറഞ്ഞിട്ടുണ്ട് ജാനകി. നിഗൂഢമായ ഒരു വിഷാദഭാവമുണ്ടായിരുന്നു ആ വരിയിലും അതിന്റെ ഈണത്തിലും. ഓരോ തവണയും അത് പാടുമ്പോൾ മനസ്സിൽ നിശ്ശബ്ദമായ ഒരു വിങ്ങൽ ഉണ്ടായിരുന്നു എന്ന് പറയും ജാനകി. കേൾക്കുന്ന നമ്മുടെയും മനസ്സിനെ വന്നു തൊടുന്നു ആ ആലാപനം. ആ വർഷത്തെ (1979) ഏറ്റവും മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ജാനകിക്ക് നേടിക്കൊടുത്തതും അതേ പാട്ട് തന്നെ -- ``മൗനമേ നിറയും മൗനമേ..''

അടുത്ത വർഷവും ചരിത്രം ആവർത്തിച്ചു. സംസ്ഥാന അവാർഡ് ഇത്തവണ ജാനകിയെ തേടിയെത്തിയത് പൂവച്ചൽ -- എം ജി രാധാകൃഷ്ണൻ ടീമിന്റെ മറ്റൊരു പാട്ടിന്റെ പേരിൽ: ചാമരത്തിലെ ``നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ.'' (മഞ്ഞണിക്കൊമ്പിൽ, ഒരു മയിൽപ്പീലിയായ് എന്നീ പാട്ടുകൾക്കൊപ്പം). ആകാശവാണിക്ക് വേണ്ടി താൻ ചിട്ടപ്പെടുത്തിയ ഒരു കവിതയുടെ (മഹാകവി ജി മൊഴിമാറ്റം നടത്തിയ ടാഗോർ രചന -- നാഥാ നിൻ സിംഹാസനത്തിൽ ഭവാൻ ആരാലിറങ്ങിവന്നു) ഈണം, ഭരതന്റെ നിർബന്ധ പ്രകാരം കാര്യമായ മാറ്റമൊന്നും കൂടാതെ സിനിമയിൽ ഉപയോഗിക്കുകയായിരുന്നു രാധാകൃഷ്ണൻ.

തുടക്കത്തിലെ ``നാഥാ'' മാത്രം നിലനിർത്തിക്കൊണ്ട് ആ ഈണത്തിൽ നിന്ന് മറ്റൊരു മനോഹര ഗാനം സൃഷ്ടിച്ചു പൂവച്ചൽ. ജാനകി അത് ഹൃദ്യമായി പാടുകയും ചെയ്തു. ``താവക വീഥിയിൽ എൻ മിഴിപ്പക്ഷികൾ തൂവൽ വിരിച്ചു നിന്നു'' എന്ന വരിയിലൂടെ ജാനകി ഒഴുകിപ്പോകുമ്പോൾ ആരുടെയുള്ളിലാണ് പ്രണയം വന്നു നിറയാത്തത്....


Content Highlights : S janaki Birthday Thakara and Chamaram movie songs

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chithra

4 min

'വൺസ് മോർ' കേട്ടാൽ അഭിമാനപുളകിതരാകാത്ത പാട്ടുകാരുണ്ടോ? ശരത് ഉണ്ട്, അതും ചിത്രയ്ക്കൊപ്പം പാടിയപ്പോൾ

Aug 13, 2021


Monisha

2 min

മോനിഷയെ മലയാള സിനിമയില്‍ അടയാളപ്പെടുത്തിയ 'മഞ്ഞള്‍പ്രസാദം'

Dec 6, 2021


Shabnam

5 min

വെണ്ണിലാ ചന്ദനക്കിണ്ണം; ഒരൊറ്റ പാട്ടിലൂടെ ഹൃദയം കവർന്ന ഗായിക, ശബ്നം

Jul 21, 2021


Most Commented