'പുതുവെള്ളൈ മഴൈ' ഗാനത്തിലെ രംഗം, എ.ആർ റഹ്മാനൊപ്പം ഉണ്ണി മേനോൻ
പുതുവെള്ളൈമഴ നനഞ്ഞ് മൂന്ന് പതിറ്റാണ്ടുകള്‍
-------------------------------
കഥ നടക്കുന്നത് കാശ്മീരിലാണ്; അതുകൊണ്ട് നല്ല കുളിര് വേണം പാട്ടില്‍ -- അത്രയേ പറഞ്ഞുള്ളൂ ``റോജ''യുടെ സംവിധായകന് മണിരത്നം.
പുതുമുഖ സംഗീതസംവിധായകന്റെ ഊഴമായിരുന്നു ആദ്യം. ഹൃദയഹാരിയായ ഒരീണം മിനഞ്ഞെടുത്ത് അതില്‍ മരം കോച്ചുന്ന തണുപ്പ് നിറച്ചു അദ്ദേഹം. പാട്ടെഴുത്തുകാരന് ആ തണുപ്പൊരു നിലാമഴയാക്കി; പാട്ടുകാര്‍ ചേര്‍ന്ന് അതൊരു പ്രണയമഴയും. മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ആ മഴ നനഞ്ഞുകൊണ്ടിരിക്കുന്നു നമ്മള് സംഗീത പ്രേമികള്‍. മടുപ്പിന്റെ നേര്‍ത്ത കണിക പോലുമില്ലാതെ.
``പുതുവെള്ളൈമഴൈ ഇങ്ക് പൊഴികിന്ട്രത്, ഇന്ത കൊള്ളൈനിലാ ഉടല് നനൈകിന്ട്രത്.''-- എ ആര് റഹ്മാന്റെ ഈണത്തില്‍ വൈരമുത്തു എഴുതി ഉണ്ണിമേനോനും സുജാതയും പാടിയ ``റോജ''യിലെ ആ ഗാനം പുതുതലമുറക്കും ഏറെ പ്രിയങ്കരം. ``പാടുമ്പോള്‍ അത് ഇത്രത്തോളം ജനകീയമാകുമെന്നോ എക്കാലവും ജനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നോ ഒന്നും പ്രതീക്ഷിച്ചിട്ടില്ല.''-- സിനിമയില്‍ തന്റെ തലക്കുറി തിരുത്തിയ പാട്ടിനെക്കുറിച്ച് ഉണ്ണിമേനോന്. ``പക്ഷേ എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറത്തേക്ക് വളര്‍ന്നു അത്. ഇന്നും പുതുവെള്ളൈമഴൈ പാടാതെ സ്റ്റേജ് വിടാന്‍ സമ്മതിക്കില്ല ആളുകള്‍. തുടക്കം മുതല്‍ അവസാന ബിറ്റ് വരെ ശ്വാസമടക്കിപ്പിച്ച് പരിപൂര്‍ണ്ണ നിശ്ശബ്ദരായായാണ് അവരത് കേട്ടിരിക്കുക.''
ഒരു രാത്രി വൈകിയാണ് ``റോജ''യില്‍ പാടാന്‍ റഹ്മാന്റെ (അന്ന് ദിലീപ് കുമാര്‍) വിളി വരുന്നത്. പുതിയ പടത്തിലേക്ക് ക്ഷണിച്ച ശേഷം ഒരു സത്യം കൂടി വളരെ സൗമ്യമായി, വിനയപൂര്‍വം തുറന്നുപറഞ്ഞു ദിലീപ്: ``സിനിമയില്‍ ഞാനൊരു തുടക്കക്കാരനാണ്. ചെയ്ത പാട്ട് അവര്‍ക്ക് ഇഷ്ടപ്പെട്ടെങ്കിലേ ഓക്കേ ചെയ്യൂ. ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ മാത്രമല്ല ഞാനും ചിലപ്പോള്‍ പുറത്താകും. പാടാന്‍ വിരോധമില്ലെങ്കില്‍ നാളെ രാത്രി പതിനൊന്നിന് എന്റെ സ്റ്റുഡിയോയില്‍ കാണാം. ആലോചിച്ചു പറയൂ.'' മലയാളസിനിമയുടെ മുഖ്യധാരയില്‍ നിന്ന് ഏറെക്കുറേ പിന്തള്ളപ്പെട്ടു നില്ക്കുന്ന ഒരു ഗായകന് മറ്റെന്താലോചിക്കാന്? ``രാത്രി പാടിയാല്‍ ശരിയാകുമോ എന്ന ഒരൊറ്റ കാര്യത്തിലേ സംശയമുണ്ടായിരുന്നുള്ളു എനിക്ക്. ശീലമില്ലാത്ത ഏര്‍പ്പാടല്ലേ? അതൊക്കെ നമുക്ക് ശരിയാക്കാം എന്ന് നിസ്സംശയം റഹ്മാന്റെ മറുപടി.'' പിറ്റേന്ന്, പറഞ്ഞ സമയത്തുതന്നെ റഹ്മാന്റെ വീടിനോടനുബന്ധിച്ചുള്ള കൊച്ചു സ്റ്റുഡിയോയില്‍ ഉണ്ണി ഹാജര്‍. തൊട്ടുപിറകെ സുജാതയും.
മണിരത്നവും വൈരമുത്തുവും ഉണ്ടായിരുന്നു സ്റ്റുഡിയോയില്‍ എന്നോര്‍ക്കുന്നു ഉണ്ണി. ``ഞാന്‍ പാടിയ തമിഴ് പാട്ടുകള്‍ പലതും വൈരമുത്തു മൂളിക്കേള്പ്പിച്ചത് ഓര്‍മ്മയുണ്ട്. എന്റെ തമിഴ് ഉച്ചാരണം ഇഷ്ടപ്പെട്ടതുകൊണ്ടാണത്രെ അവരെന്നെ റോജയില്‍ പാടാന്‍ വിളിച്ചത്.'' സാധാരണ റെക്കോര്‍ഡിംഗ് തിയേറ്ററുകളില്‍ കാണാറുള്ള ആള്ബാഹുല്യവും കോലാഹലങ്ങളും ഒന്നുമില്ല റഹ്മാന്റെ സ്റ്റുഡിയോയില്‍. ആകെയുള്ളത് ഒരു വോയ്സ് റൂമും മിക്സര്‍ റൂമും മാത്രം. രണ്ടാള്‍ക്ക് ഒരുമിച്ചു നിന്ന് പാടാന്‍ പോലും പറ്റാത്തത്ര ചെറുതാണ് വോയിസ് റൂം. ചെന്നയുടന്‍ കീബോര്‍ഡ് വായിച്ചു പാട്ട് പഠിപ്പിച്ചുതന്നു റഹ്മാന്. പിന്നെ പാട്ടിന്റെ ഒരു സ്കെല്‍ട്ടണ്‍ ട്രാക്ക് കേള്‍പ്പിച്ചു. പശ്ചാത്തലത്തില്‍ അത്യാവശ്യം ഉപകരണങ്ങള്‍ മാത്രം. അതുവെച്ചാണ് ഞാന്‍ പാട്ട് പാടി റെക്കോര്‍ഡ് ചെയ്തത്.'' തുടര്‍ന്ന് സുജാതയുടെ ശബ്ദത്തിലും റെക്കോര്‍ഡ് ചെയ്യപ്പെടുന്നു അതേ ഗാനം. ചരിത്രനിമിഷങ്ങളിലൂടെയാണ് തങ്ങള്‍ കടന്നുപോയതെന്ന് ഇരുഗായകരും സങ്കല്പിച്ചിരുന്നോ എന്ന് സംശയം.
എനിക്ക് വേണ്ടത് ആ ജലദോഷ ശബ്ദം
അര്ജ്ജുനന് മാസ്റ്ററുടെയും ജോണ്‍സന്റേയും റെക്കോര്‍ഡിംഗുകളില്‍ കീബോര്‍ഡ് വായിച്ചിരുന്ന മിതഭാഷിയായ കൗമാരക്കാരനെ മുന്‍പും പലതവണ കണ്ടിട്ടുണ്ട് ഉണ്ണിമേനോന്. പക്ഷേ നേരില്‍ സംസാരിക്കേണ്ടിവന്നിട്ടില്ല. കണ്ടാല്‍ ഒന്ന് ചിരിക്കും. അത്ര മാത്രം. പൊതുവെ നിശ്ശബ്ദനാണ് റഹ്മാന്. ലജ്ജാശീലനായി തോന്നിയ ആ പയ്യനില്‍ ഇത്രയും വലിയ ഒരു ജീനിയസ് ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് അന്നൊന്നും തോന്നിയിരുന്നില്ല. അതറിഞ്ഞത് ``റോജ''യിലെ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തു കേട്ടപ്പോഴാണ്. എന്നാല്‍ സുജാത നേരത്തെ തന്നെ അടുത്തറിഞ്ഞിരുന്നു റഹ്മാനിലെ ഐന്ദ്രജാലികനെ. ``നിവിയ ടാല്‍ക്കിന്റെ പരസ്യ ജിംഗിള്‍ പാടാനാണ് റഹ്മാന് ആദ്യം വിളിച്ചത്.''-- സുജാതയുടെ ഓര്‍മ്മ. ``മടിയായിരുന്നു എനിക്ക്. ജിംഗിള്‍ പാടുന്നത് അത്ര നല്ല ഏര്‍പ്പാടായി തോന്നിയില്ല. പോരാത്തതിന് ആ സമയത്ത് ചെറിയ ജലദോഷവുമുണ്ട്. അക്കാര്യം പറഞ്ഞു ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചപ്പോള്‍ റഹ്മാന് പറഞ്ഞു: എനിക്ക് വേണ്ടത് ആ അടഞ്ഞ ശബ്ദമാണ്.''-- അത്ഭുതം തോന്നി സുജാതയ്ക്ക്. അത്തരമൊരു റിസ്ക് എടുക്കാന്‍ സാധാരണക്കാര്‍ ആരും തയ്യാറാവില്ലല്ലോ.
റഹ്മാന്റെ സ്വന്തം സ്റ്റുഡിയോ നിലവില്‍ വന്നിരുന്നില്ല അന്ന്. അമൃതാഞ്ജന്‍ എന്ന് പേരുള്ള ഒരു സാധാരണ സ്റ്റുഡിയോയിലാണ് ജിംഗിള്‍ റെക്കോര്‍ഡ് ചെയ്തത് എന്നോര്‍ക്കുന്നു സുജാത. ``മദ്ധ്യസ്ഥായിയിലും താരസ്ഥായിയിലും ഒക്കെയേ സാധാരണ പാടാറുള്ളൂ ഞാന്‍. അതാണ് എനിക്കേറ്റവും ഇണങ്ങുന്ന പിച്ച് എന്നായിരുന്നു അതുവരെയുള്ള ധാരണ. എന്നാല്‍ റഹ്മാന് പാടിച്ചത് മന്ദ്രസ്ഥായിയിലാണ്. അതുവരെ പരീക്ഷിക്കാത്ത ഒന്ന്. ബേസ് വോയ്സില്‍ എന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് കേട്ടപ്പോള്‍ കൊള്ളാമല്ലോ എന്ന് തോന്നി. ആ മാറ്റം ക്ലിക്കാകുകയും ചെയ്തു.'' എന്തിലും ഏതിലും പുതുമ തേടുന്ന റഹ്മാന്റെ മനസ്സ് ആദ്യമായി തിരിച്ചറിയുകയായിരുന്നു സുജാത.
റഹ്മാന് വേണ്ടി പിന്നെയും തുടര്‍ച്ചയായി പരസ്യ ഗീതങ്ങള്‍ പാടി സുജാത. ആയിടയ്ക്കായിരുന്നു ``റോജ''യിലേക്കുള്ള വിളി. ``ആദ്യം റെക്കോര്‍ഡ് ചെയ്തത് കാതല്‍ റോജാവേ എന്ന പാട്ടിന്റെ ഹമ്മിംഗ്. പാടിക്കഴിഞ്ഞപ്പോള്‍ റഹ്മാന് കയ്യുയര്‍ത്തി ഒരു തംസപ്പ് കാണിച്ചു. അത്ര മാത്രം.'' പാടാന്‍ വിളിക്കുമ്പോഴേ തന്റെ നയം വ്യക്തമാക്കിയിരുന്നു റഹ്മാന് എന്ന് സുജാത. സിനിമയുടെ പരമ്പരാഗത വഴികളില്‍ നിന്ന് മാറിനടക്കാനുള്ള ആഗ്രഹം മറച്ചുവെച്ചില്ല അദ്ദേഹം. പുതുമക്ക് വേണ്ടിയുള്ള പരീക്ഷണങ്ങള്‍ എത്രത്തോളം സ്വീകരിക്കപ്പെടും എന്ന കാര്യത്തിലേ ഉണ്ടായിരുന്നുള്ളു ആശങ്ക. ``റഹ്മാന്റെ പല കാഴ്ചപ്പാടുകളും ആദ്യം നമുക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസം തോന്നിയെന്നിരിക്കും. പിന്നീട് പാട്ട് റെക്കോര്‍ഡ് ചെയ്തു കേള്‍ക്കുമ്പോഴാണ് ആ പരീക്ഷണങ്ങള്‍ എത്ര ഔചിത്യപൂര്‍ണ്ണമായിരുന്നു എന്ന് തിരിച്ചറിയുക.'' --സുജാത പറയുന്നു. ``പുതുവെള്ളൈമഴൈ എന്ന പാട്ടില്‍ പല്ലവി ആവര്‍ത്തിക്കുന്നിടത്ത് കൊള്ളൈനിലാ എന്ന വാക്ക് ഇടയ്ക്ക് കുറച്ചു ഡിലേ കൊടുത്താണ് ഞാന്‍ പാടിയത്. കരുതിക്കൂട്ടിയല്ല. വാക്കുകള്‍ക്കിടയില്‍ അബദ്ധത്തില്‍ ഗ്യാപ് വന്നുപോയതാണ്. ആ ഭാഗം താളത്തില്‍ വീണിട്ടില്ല, ഒന്നുകൂടി എടുക്കാം എന്ന് ക്ഷമാപണപൂര്‍വം നിര്‍ദേശിച്ചപ്പോള്‍ റഹ്മാന് ചിരിച്ചുകൊണ്ട് പറയുകയാണ്: കുഴപ്പമില്ല, രസമുണ്ട്. അതങ്ങനെ കിടക്കട്ടെ എന്ന്. അത്തരമൊരനുഭവം നടാടെ ആയിരുന്നു എനിക്ക്. എന്തിലും പുതുമ കാണുന്ന മനസ്സ് തന്നെയാണ് അതിന് പിന്നില്‍.''
ഹെഡ്ഫോണില് സ്വന്തം ശബ്ദം കേള്‍ക്കുന്നതോടെ ഗായകര്‍ അറിഞ്ഞുതുടങ്ങുന്നു റഹ്മാന് മാജിക്. ``നമ്മുടെ ശബ്ദത്തോട് നമുക്ക് തന്നെ പ്രണയം തോന്നുന്ന നിമിഷങ്ങളാണവ.''-- സുജാതയുടെ വാക്കുകള്‍. ``ഫൈനല്‍ വേര്‍ഷന്‍ കേള്‍ക്കുമ്പോഴേക്കും നമ്മുടെ പാട്ട് നമ്മള് പോലും പ്രതീക്ഷിക്കാത്ത തലത്തില്‍ എത്തിയിരിക്കും. ഈ പാട്ടില്‍ത്തന്നെ ഞാന്‍ പാടിയ നദിയേ എന്ന് തുടങ്ങുന്ന ഭാഗം ഡബിള്‍ ട്രാക്ക് ചെയ്ത് കേട്ടപ്പോഴുള്ള വ്യത്യാസം വിസ്മയകരമായിരുന്നു. ബേസിക് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണല്ലോ പാടി റെക്കോര്‍ഡ് ചെയ്യുക. പൂര്‍ണ്ണമായ വാദ്യവിന്യാസത്തോടെ ഡിജിറ്റല്‍ തികവില്‍ പാട്ട് കേള്‍ക്കുമ്പോള്‍ കോരിത്തരിച്ചുപോകും നമ്മള്.''
പാടിയ പാട്ട് ഒരു ``സംഭവ''മായി മാറി എന്ന് ഉണ്ണിമേനോന് അറിഞ്ഞത് നാട്ടില്‍ നിന്ന് ഭാര്യാസഹോദരന്‍ വിളിച്ചുപറഞ്ഞപ്പോഴാണ്. ``ലണ്ടനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങി കാറില്‍ കൊച്ചിയിലേക്ക് പോകും വഴിയാണ് റോജയുടെ കാസറ്റ് അദ്ദേഹം സ്റ്റീരിയോയില്‍ ഇട്ടു കേള്‍ക്കുന്നത്. ഇന്നത്തെപോലെ മാധ്യമങ്ങളൊന്നും അത്ര വ്യാപകമല്ലാത്ത കാലമായിരുന്നതിനാല്‍ കാസറ്റ് പുറത്തിറങ്ങിയ കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. പാട്ടുകള്‍ മുഴുവന്‍ കേട്ട ശേഷം എന്നെ ആവേശത്തോടെ ഫോണില്‍ വിളിച്ചു അദ്ദേഹം-- ഉണ്ണീ, ഒരുഗ്രന്‍ ബോംബ് പുറത്തിറങ്ങിയിരിക്കുന്നു എന്ന ആമുഖത്തോടെ. അതുവരെ കേള്‍ക്കാത്ത മട്ടിലുള്ള സംഗീതം, ഓര്ക്കസ്ട്രേഷന്, റെക്കോര്‍ഡിംഗ്... മൊത്തം പുതുമയാണ്. എന്റെ ശബ്ദത്തില്‍ പോലുമുണ്ട് ആ പുതുമ എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ കൗതുകം തോന്നി. പിന്നെ തെല്ലും വൈകിയില്ല; നേരെ ടി നഗറിലെ ഒരു കടയില്‍ ചെന്ന് റോജയുടെ കാസറ്റ് സംഘടിപ്പിച്ചു, ആദ്യകേള്‍വിയില്‍ തന്നെ മനസ്സിലായി റഹ്മാന് കൊണ്ടുവന്ന വിപ്ലവം എന്താണെന്ന്.'' -- ഉണ്ണിമേനോന് പറയുന്നു. റിലീസായി ആദ്യദിനം തന്നെ കെ കെ നഗറിലെ ഉദയം തിയേറ്ററില്‍ ചെന്ന് പടം കണ്ടു ഉണ്ണി. ``തിയേറ്ററിലെ ഇരുട്ടിലിരുന്ന് ആ ഗാനരംഗം കാണുന്നത് അവാച്യമായ ഒരു അനുഭവമായിരുന്നു. എന്റെ ശബ്ദം എന്നെത്തന്നെ വിസ്മയിപ്പിച്ച നിമിഷങ്ങള്‍. എല്ലാം റഹ്മാന്റെ കരവിരുത്.''
കഥാപശ്ചാത്തലം കാശ്മീരെങ്കിലും ഗാനരംഗം ചിത്രീകരിച്ചത് കുളു മണാലിയില്‍ വെച്ചാണ്. പുലര്‍ച്ചെ മൂന്ന് മണിക്ക് തുടങ്ങിയ ഷൂട്ടിംഗ് അവസാനിക്കുമ്പോള്‍ ഉച്ചയായെന്ന് ഓര്‍ക്കുന്നു കൊറിയോഗ്രാഫര്‍ കല മാസ്റ്റര്‍. ``തണുത്തുവിറച്ചുകൊണ്ടാണ് അരവിന്ദ് സ്വാമിയും മധുബാലയും ആ സീന്‍ അഭിനയിച്ചു തീര്‍ത്തത്. വലിയൊരു വെല്ലുവിളിയായിരുന്നു ചിത്രീകരണം. അതുകൊണ്ടുതന്നെ ആ വര്‍ഷത്തെ മികച്ച ഗാനചിത്രീകരണത്തിനുള്ള പെപ്സി അവാര്‍ഡ് ഈ പാട്ടിന്റെ പേരില്‍ എനിക്ക് ലഭിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി.''
റഹ്മാന് മൂളിക്കൊടുത്ത ഈണത്തിനനുസരിച്ച് വൈരമുത്തു ആദ്യമെഴുതിയത് നമ്മളിപ്പോള്‍ കേള്‍ക്കുന്ന പല്ലവിയല്ല എന്നുകൂടി അറിയുക. ആ വരികള്‍ ഇങ്ങനെ: ``ഇത് കാശ്മീരമാ, ഇങ്ക് കാര്കാലമാ, എന്‍ കോവില്പ്പുറാ, ഇന്ത കുളിര് താങ്കുമാ..'' മണിരത്നത്തിന്റെ നിര്‍ദ്ദേശ പ്രകാരം പല്ലവി മാറ്റിയെഴുതുകയായിരുന്നു കവിഞ്ജര്‍. മികച്ച ഗാനരചയിതാവിനുള്ള ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് (ചിന്ന ചിന്ന ആസൈ എന്ന പാട്ടിന് ) ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ വൈരമുത്തുവിന് നേടിക്കൊടുത്തു റോജ. സംഗീത സംവിധാനത്തിനുള്ള ആദ്യ ദേശീയ അവാര്‍ഡും, തമിഴ്നാട് സംസ്ഥാന അവാര്‍ഡും ഫിലിംഫെയര്‍ അവാര്‍ഡും റഹ്മാനെ തേടിയെത്തിയതും റോജയിലൂടെ തന്നെ. പൂര്‍ണ്ണതക്ക് വേണ്ടി.
``റോജ''യ്ക്ക് പിന്നാലെ വിവിധ ഭാഷകളിലായി ഇരുപത്താറോളം പാട്ടുകള്‍ റഹ്മാന് വേണ്ടി പാടി ഉണ്ണിമേനോന്. ``എങ്കിലും ഇത്രയും കാലത്തിനിടക്ക് 26 വാചകങ്ങള്‍ പോലും ഞങ്ങള്‍ തികച്ചു സംസാരിച്ചിരിക്കാന്‍ ഇടയില്ല. അതാണ് റഹ്മാന്റെ ശൈലി. പാട്ട് ചെയ്തുകഴിഞ്ഞാല്‍ പിന്നെ അതിനെക്കുറിച്ച് വാചകമടിക്കുന്ന പതിവില്ല. ഒരു പരാമര്‍ശം പോലും അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കേണ്ട. അതിനകം മനസ്സുകൊണ്ട് അടുത്ത ദൗത്യത്തിലേക്ക് അദ്ദേഹം മാറിക്കഴിഞ്ഞിരിക്കും.'' പാട്ടുകാരില്‍ നിന്ന് തനിക്ക് വേണ്ടത് നേടിയെടുക്കാന്‍ അസാമാന്യ മിടിക്കുണ്ട് റഹ്മാന് എന്ന് കൂട്ടിച്ചേര്‍ക്കുന്നു സുജാത. ``അതിനു വേണ്ടി എത്ര നേരം വേണമെങ്കിലും ക്ഷമയോടെ കാത്തിരിക്കാന്‍ അദ്ദേഹം തയ്യാര്‍. പരിശീലനം സിദ്ധിച്ച പാട്ടുകാര്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. പൂര്‍ണ്ണതക്ക് വേണ്ടിയുള്ള യജ്ഞം എന്നതിനേക്കാള്‍ വ്യത്യസ്തതയ്ക്ക് പ്രാധാന്യം നല്കുന്ന രീതിയാണ് റഹ്മാന്റെത് എന്ന് തോന്നിയിട്ടുണ്ട്.''-- റഹ്മാന്റെ നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ ഭാഗമായിരുന്ന സുജാത പറയും.
``റോജ''യുടെ റെക്കോര്‍ഡിംഗിന് സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍ റഹ്മാന് ആദ്യം ചെയ്തത് തലേന്ന് റെക്കോര്‍ഡ് ചെയ്ത പാട്ട് കേള്‍പ്പിക്കുകയാണ്. മിന്മിനിയുടെ ശബ്ദത്തില്‍ ചിന്ന ചിന്ന ആശൈ ഒഴുകിവന്നപ്പോള്‍ കോരിത്തരിച്ചുപോയെന്ന് സുജാത. ``എങ്ങനെയുണ്ട് എന്ന് റഹ്മാന് ചോദിച്ചപ്പോള്‍ എന്ത് പറയണമെന്ന് അറിയില്ലായിരുന്നു എനിക്ക്. ഇതിനപ്പുറമൊരു ഈണം ഈ പാട്ടിനു സങ്കല്പ്പിക്കാന് പോലും പറ്റില്ല എന്നായിരുന്നു എന്റെ മറുപടി. മിന്മിനിയുടെ ശബ്ദത്തിലെ നിഷ്കളങ്കമായ ഫ്രഷ്നെസ്സ് കേള്‍വിക്കാരുടെ മനസ്സിനെ സ്പര്‍ശിക്കും എന്ന കാര്യത്തില്‍ തെല്ലുമില്ലായിരുന്നു സംശയം.''
`റോജ''യുടെ റീറെക്കോര്ഡിംഗിലുമുണ്ട് സുജാതയുടെ ശബ്ദസാന്നിധ്യം -- ഹമ്മിംഗിന്റെ രൂപത്തില്‍. ``പടം റിലീസാകാന്‍ മൂന്നോ നാലോ ദിവസമേയുള്ളൂ. ആ സമയത്ത് ദുബായില്‍ ഒരു ഷോയുടെ തിരക്കിലാണ് ഞാന്‍. ചെന്നൈയില്‍ വന്നിറങ്ങിയ ഉടന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ സ്റ്റുഡിയോയിലേക്ക്. പടത്തിന്റെ ഒടുവില്‍ അരവിന്ദ് സ്വാമിയുടെയും മധുബാലയുടെയും കഥാപാത്രങ്ങള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ കേള്‍ക്കുന്ന ഹമ്മിംഗ് ഉള്‍പ്പെടെയുള്ളവ അന്ന് വളരെ പെട്ടെന്ന് റെക്കോര്‍ഡ് ചെയ്തതാണ്.'' പിന്നീട് സിനിമ കണ്ടപ്പോള്‍ എത്ര മനോഹരമായാണ് ആ ശബ്ദശകലങ്ങള്‍ റഹ്മാന് പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നോര്ത്ത് അത്ഭുതം തോന്നിയെന്ന് സുജാത. നിര്‍വചനങ്ങള്‍ക്കെല്ലാം അതീതമായ ആ അത്ഭുതം മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ശ്രോതാക്കള്‍ക്ക് വേണ്ടി കാത്തുവെക്കുന്നു റഹ്മാന്. തലമുറകള്‍ കടന്നുപോയിട്ടും അഭിരുചികള്‍ മാറിമറിഞ്ഞിട്ടും ``റഹ്മാനിയ'' പകരം വെക്കാനില്ലാത്ത അനുഭൂതിയായി നിലനില്ക്കുന്നതും അതുകൊണ്ടുതന്നെയാവാം.
Content Highlights: Roja Movie song puthu vellai mazhai unni menon AR Rahman Maniratnam Aravind swamy 30 years
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..