-
ആ ``നാദശലഭങ്ങൾ''ക്ക് പിന്നിലെ മാന്ത്രികവിരലുകൾ ഇനി ഓർമ്മ. തെന്നിന്ത്യൻ ചലച്ചിത്ര സംഗീതലോകത്തെ ഏറ്റവും പ്രതിഭാശാലികളായ വയലിനിസ്റ്റുകളിൽ ഒരാളായ ജോസഫ് (87) അന്തരിച്ചത് ആഴ്ചകൾക്ക് മുൻപാണ്. സംഗീതലോകത്ത് പോലും അധികമാരുമറിയാതെ പോയ കോവിഡ് കാല മരണം. ``അവസാനമായി ജോസഫിനെ ഒരു നോക്ക് കാണണം എന്നുണ്ടായിരുന്നു. എന്ത് ചെയ്യാം. കോവിഡ് കാലത്തെ പ്രോട്ടോക്കോൾ നാം പാലിച്ചല്ലേ പറ്റൂ. മൂന്നാം നിലയിലാണ് അദ്ദേഹത്തിന്റെ ഫ്ലാറ്റ്. ഇപ്പോഴത്തെ എന്റെ ആരോഗ്യസ്ഥിതി വെച്ച് അവിടെ ചെന്നുപറ്റുക അസാദ്ധ്യം.'' -- ഉറ്റ സുഹൃത്തും പ്രശസ്ത സംഗീത സംവിധായകനുമായ ശ്യാം സാറിന്റെ വാക്കുകൾ.
സിനിമാ റെക്കോർഡിംഗുകളോടും സ്റ്റുഡിയോകളോടും ജോസഫ് വിടപറഞ്ഞിട്ട് വർഷങ്ങളായി. ജീവിതം ഏൽപ്പിച്ച കനത്ത ആഘാതങ്ങളായിരുന്നു അകാലത്തിലുള്ള ആ വിടവാങ്ങലിന് പിന്നിൽ. എങ്കിലും ജോസഫിന്റെ വയലിൻ വൈഭവം കൂടി ചേർന്ന് അനശ്വരമാക്കിയ ഗാനങ്ങൾ ഒരു തലമുറയുടെ മുഴുവൻ ഓർമ്മയിലുണ്ട്. കെ വി മഹാദേവൻ, ചക്രവർത്തി എന്നിവരുടെ സ്ഥിരം വയലിനിസ്റ്റ് ആയിരുന്നു ഒരു കാലത്ത് ജോസഫ്. ശ്യാം മലയാളത്തിൽ സ്വതന്ത്ര സംഗീത സംവിധായകനായി തുടക്കം കുറിച്ച ശേഷം അദ്ദേഹത്തിന്റെ മിക്ക ഗാനങ്ങളിലും സോളോ വയലിൻ കൈകാര്യം ചെയ്തതും ജോസഫ് തന്നെ. ``ജോസഫിനെ ഒത്തുകിട്ടാതെ വരുമ്പോഴേ ഞാൻ കല്യാണസുന്ദരത്തെ ആശ്രയിക്കാറുള്ളൂ.''-- ശ്യാം.
ശ്യാമിന്റെ ആദ്യ ചിത്രമായ മാന്യശ്രീ വിശ്വാമിത്രനിൽ (1974) തന്നെ അനുഭവിച്ചറിയാം ജോസഫിന്റെ വയലിൻ മാജിക്.-- പി സുശീല പാടിയ ``പണ്ടൊരു നാളിൽ ഈ മരുഭൂവിൽ'' എന്ന ഗാനത്തിൽ. അടുത്ത ചിത്രമായ ``കാമം ക്രോധം മോഹ''ത്തിലെ യേശുദാസ് -- സുശീല ടീം ശബ്ദം പകർന്ന ``രാഗാർദ്ര ഹംസങ്ങളോ'' എന്ന പാട്ടിന്റെ പിന്നണിയിലുമുണ്ട് ജോസഫിന്റെ ദീപ്തസാന്നിധ്യം. വയലിന്റെ സാധ്യതകൾ മുഴുവൻ പ്രയോജനപ്പെടുത്തിയ ``ശ്രുതിയിൽ നിന്നുയരും'' എന്ന ഗാനം താൻ ചിട്ടപ്പെടുത്തിയത് തന്നെ ജോസഫിനെ മനസ്സിൽ കണ്ടാണെന്ന് പറയും ശ്യാം.
സിനിമയ്ക്ക് വേണ്ടി ജീവിതം തന്നെ സമർപ്പിച്ച് ഒടുവിൽ നന്നായൊന്ന് ജീവിക്കാൻ പോലും മറന്നുപോയ കലാകാരന്മാരുടെ തലമുറയിലെ അവസാന കണ്ണികളിൽ ഒരാളാണ് ജോസഫ് എന്ന് പറയും ശ്യാം. ``ഇനി അങ്ങനെയുള്ളവർ ഉണ്ടാവില്ല. ആയുഷ്കാലം മുഴുവൻ ഓർക്കസ്ട്ര ആർട്ടിസ്റ്റിന്റെ ജോലി ചെയ്തുകൊണ്ട് സിനിമയിൽ നിന്ന് കിട്ടുന്ന വരുമാനവുമായി ജീവിതം നിലനിർത്തിക്കൊണ്ടുപോകാൻ കഴിയുന്നവരുടെ കാലം കഴിഞ്ഞു. ഈ കോവിഡ് കാലത്ത് ഏറ്റവും ദുരിതം അനുഭവിക്കുന്ന വിഭാഗങ്ങളിൽ ഒന്ന് വാദ്യ കലാകാരന്മാരുടേതാണ്. പലരും പട്ടിണിയിലാണ് എന്നറിയാം. ചില സഹായങ്ങളൊക്കെ പല കേന്ദ്രങ്ങളിൽ നിന്നായി വരുന്നുണ്ട്. പക്ഷേ അതുകൊണ്ടൊക്കെ എത്ര കാലം പിടിച്ചുനിൽക്കാൻ കഴിയും? പാവപ്പെട്ട ആ പ്രതിഭകളെ കുറിച്ചോർത്താണ് എന്റെ സങ്കടം മുഴുവൻ. പകരം വെക്കാനില്ലാത്ത കലാകാരന്മാരാണ് അവരിൽ പലരും എന്നോർക്കുമ്പോൾ .....'' വികാരാധിക്യത്താൽ ശ്യാമിന്റെ വാക്കുകൾ മുറിയുന്നു.
``ഓർക്കസ്ട്ര കലാകാരന്മാർ വിരമിക്കേണ്ട സമയം ആകുമ്പോഴേക്കും അവരുടെ മക്കളിൽ ആരെങ്കിലും ആ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായിക്കഴിഞ്ഞിട്ടുണ്ടാകും പണ്ടൊക്കെ. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് നീളുന്ന ഒരു ശ്രുംഖലയായിരുന്നു അത്. ഇന്ന് ആർക്കാണ് സ്വന്തം മക്കളെ ഈ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടാൻ ആഗ്രഹമുണ്ടാകുക? സുരക്ഷിതമായ മറ്റൊരു ജീവിതമാർഗ്ഗം ഉള്ളവർക്ക് മാത്രം തിരഞ്ഞെടുക്കാൻ കഴിയുന്ന മേഖലയായി മാറിയിരിക്കുന്നു വാദ്യോപകരണ കലാകാരമാരുടെ ജോലി..''
നിസ്സഹായതയും വേദനയും വന്നു നിറയുന്നു ശ്യാമിന്റെ ഘനഗംഭീര ശബ്ദത്തിൽ. സാധാരണ വാദ്യ കലാകാരനായി തുടങ്ങി, ഓർക്കസ്ട്ര അസിസ്റ്റന്റായി വളർന്ന് സ്വതന്ത്ര സംഗീത സംവിധായകനായി മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ മനുഷ്യന് എങ്ങനെ സഹജീവികളെക്കുറിച്ചോർത്ത് വേദനിക്കാതിരിക്കാൻ കഴിയും? നന്മ നിറഞ്ഞ ഒരു മനസ്സിന്റെ ഉടമയാകുമ്പോൾ പ്രത്യേകിച്ചും ....
--രവിമേനോൻ-----------------
പശ്ചാത്തലത്തിലെ വയലിൻ നാദവീചികളുടെ മാസ്മരികത ഒഴിച്ചുനിർത്തി ``തൃഷ്ണ''യിലെ ``ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ'' എന്ന പാട്ടിനെ കുറിച്ച് സങ്കല്പിക്കാനാകുമോ നമുക്ക്?
Content Highlights : Remembering Violinist Joseph Music director Shyam Ravi Menon Paattuvazhiyorathu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..