1983- ല്‍ അല്ല ഷോബി തിലകന്‍ ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നത്. പക്ഷേ ഷോബി ആദ്യം അഭിനയിച്ച നാടകത്തിന്റെ പേര് 1983 എന്നായിരുന്നു. അന്ന് എട്ടാംക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് ഷോബി. അച്ഛന്‍ തിലകനാവട്ടെ സിനിമയില്‍ പലതരംകഥാപാത്രങ്ങള്‍ കെട്ടിയാടുന്ന തിരക്കിലും.
'ആ നാടകത്തില്‍ രണ്ട് ജയില്‍ പുള്ളികളുടെ കഥയാണ്. അതില്‍ ഒരാളുടെ നമ്പര്‍ 19. രണ്ടാമത്തെ ആളിന്റേത് 83. അങ്ങനെ 1983 ആയി. ഞാനും ഒരു സുഹൃത്തുംചേര്‍ന്നാണ് അരങ്ങിലെത്തിയത്. പക്ഷേ ഞങ്ങള്‍ക്ക് സമ്മാനമൊന്നും കിട്ടിയില്ല. ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോള്‍ അടുത്ത നാടകത്തില്‍ വേഷമിട്ടു. അതിലൊരു സംവിധായകനായിരുന്നു. രാജാവും മന്ത്രിയും പ്രജകളുമൊക്കെയുള്ള നാടകത്തിന്റെ ഇടയില്‍ കാഴ്ചക്കാരുടെ ഇടയില്‍നിന്നാണ് ഞാന്‍ സ്റ്റേജിലേക്ക് വരുന്നത്. പക്ഷേ അതിലൊരു പ്രശ്‌നമുണ്ടായി. രാജാവായി അഭിനയിച്ചയാള്‍ ഡയലോഗ് മറന്നു. അങ്ങനെ നാടകം മുഴുമിപ്പിക്കാന്‍ പറ്റാതെ കര്‍ട്ടന്‍ ഇടേണ്ടി വന്നു.' ചെറുപ്പകാലത്തെ അഭിനയ പരീക്ഷണങ്ങളിലൂടെ ഷോബിയുടെ ഓര്‍മകള്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. അപ്പോഴേക്കും നടന്‍ തിലകന്റെ മൂന്നാമത്തെ മകന്‍ അച്ഛന്റെ അഭിനയ സിദ്ധി തന്നിലേക്കും പകര്‍ത്താനുള്ള പരിശ്രമത്തിലായിരുന്നു.

നാടകത്തില്‍ നിന്ന് മിമിക്രിയിലേക്ക്
'മൂന്നാംക്ലാസ് വരെ ഞാന്‍ അച്ഛന്റെ കൂടെയാണ് താമസിച്ചത്. അതിനുശേഷം അമ്മയുടെ വീട്ടിലായിരുന്നു. പിന്നെ അച്ഛനെ കാണുന്നത് തന്നെ എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ്. അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് നില്‍ക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. അതുകൊണ്ടുതന്നെ ഈ സമയത്തൊന്നും എനിക്ക് അച്ഛന്റെ ഗൈഡന്‍സൊന്നും കിട്ടിയിട്ടില്ല. അന്ന് അച്ഛന് സിനിമയില്‍ തിരക്കേറി വരുന്ന കാലമാണ്. അങ്ങനെയൊരു നടന്റെ മകന്‍ എന്ന നിലയില്‍ ഞാനും കലാപരമായി ഒന്നും ചെയ്തില്ലെങ്കില്‍ ആളുകള്‍ ചോദ്യം ചെയ്യുന്ന അവസ്ഥ വരുമെന്ന് തോന്നി. അങ്ങനെയാണ് നാടകങ്ങളൊക്കെ ചെയ്തുതുടങ്ങുന്നത്. ' ഷോബി വീണ്ടും അരങ്ങില്‍ കയറുകയാണ്. അപ്പോഴേക്കും പത്താംക്ലാസിലേക്കുള്ള മണി മുഴങ്ങിയിരുന്നു.
'വൈദ്യശാല എന്നായിരുന്നു ആ നാടകത്തിന്റെ പേര്. അത് അച്ഛന്‍ എഴുതിയതാണ്. എന്റെ രണ്ട് ചേട്ടന്‍മാരും (ഷാജി തിലകന്‍, ഷമ്മി തിലകന്‍) സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഈ നാടകം അവതരിപ്പിച്ച് സമ്മാനം നേടിയിട്ടുണ്ട്. ഒരു ആക്ഷേപഹാസ്യ നാടകമാണത്. അന്നത്തെ ആനുകാലിക സംഭവങ്ങളൊക്കെ ചേര്‍ത്തിട്ടാണ് നാടകം. ഒരു വൈദ്യശാലയും അതിലൊരു വൈദ്യനും ശിഷ്യനും അവിടെ വരുന്ന രോഗികളുമാണ് കഥാപാത്രങ്ങള്‍. നാടകം ഗംഭീര വിജയമായി. കലയെക്കുറിച്ചുള്ള എന്റെ വിദ്യാഭ്യാസത്തിന്റെ തുടക്കം ഈ നാടകത്തിലൂടെ ആയിരുന്നുവെന്ന് പറയാം.' ഷോബി ചിരിക്കുന്നു. കാരണം ആ നാടകത്തിലുണ്ടായി ചിരിക്കാനുള്ളൊരു 'ദുരന്തം.' ഒരു പത്രം ഉണ്ടാക്കിയ പുകിലാണ്.
' പ്രോപ്പര്‍ട്ടി എന്നതിന് നാടകത്തില്‍ എത്ര പ്രാധാന്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നത് അന്നാണ്. നാടകത്തിന്റെ തുടക്കത്തില്‍ വൈദ്യന്‍ കിടന്നുറങ്ങുന്ന രംഗമാണ്. അതിന് തൊട്ടപ്പുറത്തുള്ള ബെഞ്ചില്‍ ശിഷ്യനും ഉറങ്ങുന്നുണ്ട്. ഈ രണ്ടുപേരുടെയും കൂര്‍ക്കം വലിയിലാണ് നാടകം തുടങ്ങുന്നത്. കര്‍ട്ടന്‍ ഉയരുമ്പോള്‍ കേള്‍ക്കുന്നത് താളാത്മകമായ കൂര്‍ക്കം വലിയാണ്. പെട്ടെന്നൊരു കൊതുക് കടിച്ചപ്പോള്‍ വൈദ്യന്‍ എഴുന്നേറ്റു. ഉടനെ ശിഷ്യനെയും വിളിച്ച് എഴുന്നേല്‍പ്പിക്കുന്നു. ഉറക്കം പോവാന്‍ പത്രം വായിച്ചാല്‍ മതിയെന്ന് പറഞ്ഞ് ശിഷ്യന്‍ പത്രം എടുക്കാന്‍ നോക്കുമ്പോള്‍ മുന്നില്‍ എടുത്തുകൊടുക്കാന്‍ പത്രം ഇല്ലായിരുന്നു. നേരത്തെ സ്റ്റേജില്‍ എടുത്തുവെച്ച പത്രം അപ്പോഴേക്കും പറന്ന് വെളിയില്‍ പോയിരുന്നു. അവിടെ വൈദ്യനായി അഭിനയിച്ച നടന്‍ താഴെ മാര്‍ക്കിടാന്‍ നില്‍ക്കുന്ന ടീച്ചറുടെ കൈയില്‍നിന്ന് ഒരു പേപ്പര്‍ വാങ്ങി അത് വായിച്ച് പത്രമാക്കി. പിറ്റേന്ന് ഞങ്ങളുടെ ക്ലാസ് ടീച്ചര്‍ രാധാമണി ടീച്ചര്‍ വന്ന് കാര്യം പറഞ്ഞപ്പോഴാണ് ആ പത്രത്തിന്റെ വില ഞാന്‍ മനസ്സിലാക്കുന്നത്. ടീച്ചര്‍ പറഞ്ഞു, 'നാടകം ഗംഭീരമായിരുന്നു. മികച്ച നടന്‍ ഷോബിയായിരുന്നു. പക്ഷേ ഇങ്ങനെയൊരു മിസ്റ്റേക്ക് പറ്റിയില്ലേ. അതുകൊണ്ടാണ് മാര്‍ക്ക് ഇടാന്‍ പറ്റാഞ്ഞത്.' പക്ഷേ എനിക്ക് സങ്കടം തോന്നിയില്ല. കാരണം ടീച്ചറുടെ ഈ വാക്കുകളായിരുന്നു എന്റെ ആദ്യത്തെ അവാര്‍ഡ്.' അഭിനയത്തിനുള്ള ആ അംഗീകാരം കുഞ്ഞുഷോബിയെ സന്തോഷിപ്പിച്ചു. പക്ഷേ അടുത്ത രംഗത്തില്‍ ഷോബി നാടക നടന്റെ വേഷം അഴിച്ചുവെച്ചു. തൊട്ടുപിന്നാലെ മിമിക്രി വേദിയിലാണ് പ്രത്യക്ഷപ്പെട്ടത്.

അച്ഛനൊപ്പം നാടകത്തില്‍
ഷോബി പ്രീഡിഗ്രിക്ക് പഠിക്കുകയാണ്. അതാവട്ടെ കേരളത്തില്‍ മിമിക്രി തഴച്ചുവളരുന്ന കാലവും.' കോട്ടയം നസീറൊക്കെ മിമിക്രി തുടങ്ങിയ സമയമാണത്. അപ്പോഴാണ് ഷമ്മി ചേട്ടന്‍ നസീര്‍സാറിന് ശബ്ദം കൊടുക്കുന്നത്. അത് കാണാന്‍ പുള്ളിയുടെ കൂടെ ഞാനും ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ചെന്നു. ചേട്ടന്‍ നസീര്‍ സാറിന്റെ ശബ്ദം അനുകരിക്കുന്നത് കണ്ടപ്പോള്‍ എനിക്കും ശബ്ദാനുകരണത്തോടൊരു താത്പര്യം തോന്നി. ഞാന്‍ പലരുടെയും ശബ്ദം എടുത്തുനോക്കി. ഞാന്‍ കോട്ടയം നസീറിന്റെ കൈയില്‍നിന്നാണ് കൂടുതലും മിമിക്രി പഠിച്ചത്. നായനാര്‍, കരുണാകരന്‍, ജനാര്‍ദനന്‍, മമ്മൂട്ടി, ശ്രീനിവാസന്‍ തുടങ്ങിയവരെയൊക്കെ ഞാന്‍ അനുകരിക്കുമായിരുന്നു. കോളേജില്‍ മിമിക്രിക്ക് ധാരാളം സമ്മാനം കിട്ടി. അന്ന് അത്യാവശ്യം പാടുകയും ചെയ്യും. അതുകഴിഞ്ഞാണ് ഡിഗ്രിക്ക് കൊല്ലം ശ്രീനാരായണ കോളേജില്‍ ചേരുന്നത്. അവിടെ പഠിക്കുമ്പോഴാണ് യുണിവേഴ്‌സിറ്റി വൈഎംസിഎ എന്ന കൂട്ടായ്മയുടെ ഭാഗമാവുന്നത്. എന്റെയുള്ളിലെ കലയ്ക്ക് ഏറ്റവുമധികം പ്രോത്സാഹനവും പ്രചോദനവും തന്നത് ഈ കൂട്ടായ്മയായിരുന്നു. പത്തുമുന്നൂറോളം സ്‌റ്റേജുകളില്‍ ഞങ്ങള്‍ മിമിക്രി പ്രോഗ്രാം ചെയ്തിട്ടുണ്ട്. അന്ന് സുരാജ് വെഞ്ഞാറമ്മൂട് ഞാന്‍ ചെയ്യുന്ന പ്രോഗ്രാമിന്റെ ഗ്യാപ്പില്‍ പരിപാടി അവതരിപ്പിക്കാന്‍ വന്നിട്ടുണ്ട്.'മിമിക്രിയിലെ കാലം ഓടിത്തീരുമ്പോഴേക്കും ജീവിതനാടകത്തില്‍ അടുത്ത രംഗത്തിന് അരങ്ങൊരുങ്ങിയിരുന്നു. അച്ഛന്റെ കൂടെ നാടകത്തിലൊരു വേഷം. തിലകനെന്ന വലിയ നടന്റെ ശിക്ഷണവും സാമീപ്യവും. ബാല്യത്തില്‍ കൊതിച്ചിരുന്ന അച്ഛന്റെ സ്‌നേഹം തിരികെ പിടിക്കാനുള്ളൊരു അവസരം കൂടെയായി അത് ഷോബിക്ക്.
'അച്ഛന്‍ പാര്‍ട്ണറായിട്ടുള്ള നാടകട്രൂപ്പായിരുന്നു ആലുവ രംഗഭൂമി. 'ആദിശങ്കരന്‍ ജനിച്ച നാട്ടില്‍' ആയിരുന്നു ആദ്യത്തെ നാടകം. അതില്‍ അച്ഛനെ സഹായിക്കാന്‍ ഞാനുമുണ്ടായി. ഞാന്‍ കൂടെ വേണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു. പിന്നെ എനിക്കതില്‍ നിന്ന് മാറിനില്‍ക്കാന്‍ പറ്റാതായി. അതില്‍ അഞ്ച് വട്ടം ഞാന്‍ ഒരാള്‍ക്ക് പകരം അഭിനയിച്ചിട്ടുമുണ്ട്.' അന്നൊന്നും മക്കള്‍ കലാരംഗത്തുവരുന്നതിനെ തിലകന്‍ എതിര്‍ത്തിരുന്നില്ല. അവര്‍ക്ക് ആവശ്യമായ കാര്യങ്ങളില്‍ മാര്‍ഗദര്‍ശിയാവാനും അദ്ദേഹം തയ്യാറായിരുന്നു. ഷോബിയോട് മിമിക്രിയില്‍നിന്ന് മാറാന്‍ പറഞ്ഞതും തിലകന്റെ അത്തരമൊരു തീരുമാനമായിരുന്നു. തിലകന്‍ മകനോട് പറഞ്ഞു.
' മിമിക്രിയില്‍ നിനക്കിഷ്ടമുള്ള ആര്‍ട്ടിസ്റ്റുമാരെയുമാണ് നീ അവതരിപ്പിക്കുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ അവരുടെ അഭിനയ ശൈലി നിന്നിലേക്കും കടന്നുകൂടും. അതോടെ നിന്റെ സ്വതസിദ്ധമായൊരു ശൈലി ഉണ്ടാക്കിയെടുക്കാന്‍ ബുദ്ധിമുട്ടാവും. മിമിക്രി ചെയ്താല്‍ ഇങ്ങനെയുള്ള പല പ്രേതങ്ങളും നിന്നിലേക്ക് കടന്നുവരും. അതുകൊണ്ട് അതില്‍നിന്ന് മാറുന്നതാണ് നല്ലത്.'അതോടെ ഷോബി മിമിക്രി ഉപേക്ഷിച്ചു. ഡബ്ബിങ്ങില്‍ നിലനില്‍ക്കാന്‍ തീരുമാനിച്ചു.
അച്ഛന്‍ എന്ന നടന്‍
മലയാള സിനിമയില്‍ മികച്ച അഭിനേതാക്കളുടെ പട്ടികയെടുത്താല്‍ ഏതൊരാളും ആദ്യം ചൂണ്ടിക്കാണിക്കുന്ന പേരുകളിലൊന്ന് തിലകന്റേതാണ്. അദ്ദേഹത്തിന്റെ അഭിനയ ശൈലിയുടെ പാഠങ്ങള്‍ മക്കള്‍ക്കും നേരിട്ട് കാണാനും മനസ്സിലാക്കാനും സാധിച്ചിരുന്നു. ' എന്റെ റോള്‍ മോഡല്‍ അച്ഛനാണ്. ഞാന്‍ അച്ഛന്റെ ശൈലിയാണ് പിന്തുടരുന്നതും. അച്ഛന്റെ മോഡുലേഷന്‍, അച്ഛന്‍ പറഞ്ഞുതന്നിട്ടുള്ള കാര്യങ്ങള്‍ ഇതൊക്കെ എന്നും ഓര്‍മയിലുള്ളതാണ്. എടാ വാ ഇരിക്ക്, ഞാന്‍ അഭിനയത്തെക്കുറിച്ച് കുറച്ച് കാര്യങ്ങള്‍ പറഞ്ഞുതരാം എന്ന് അച്ഛനൊരിക്കലും പറയാറില്ല. നേരെ മറിച്ച് അച്ഛനോട് കുറച്ചുനേരം സംസാരിച്ചിരുന്നാല്‍ നമുക്കൊരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാം. ഇടയ്ക്ക് തിരുവനന്തപുരത്തെ വീട്ടില്‍ പോയാല്‍ അച്ഛന്‍ സംസാരിക്കാന്‍ വിളിക്കും. അര മണിക്കൂറോ ഒരു മണിക്കൂറോ സംസാരിക്കാനാവും നമ്മള്‍ ചെല്ലുന്നത്. പക്ഷേ സംസാരിച്ച് നാലും അഞ്ചും മണിക്കൂര്‍ കടന്നുപോയിട്ടുണ്ടാവും. സംസാരിക്കുമ്പോള്‍ അച്ഛന്റെ മുഖത്തുനിന്നുതന്നെ നമുക്കൊരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. നാടകം സംവിധാനം ചെയ്യുന്നതിന് അച്ഛന് പ്രത്യേകമായൊരു ശൈലി തന്നെയുണ്ട്.
സാധാരണ നാടകത്തില്‍ അഭിനയിക്കുന്നവര്‍ക്ക് അവരുടെ ഭാഗം നേരത്തെ എഴുതി പഠിക്കാന്‍ കൊടുക്കും. പക്ഷേ അച്ഛന്‍ ഒരിക്കലും ഇത് സമ്മതിക്കില്ല. നാടകം വായിക്കാനായി എല്ലാവരെയും വിളിച്ച് കൂട്ടും. അതില്‍ അഭിനേതാക്കള്‍ തുടങ്ങി ലൈറ്റ് ബോയ്‌സും കര്‍ട്ടന്‍ കെട്ടുന്നവരുമെല്ലാമുണ്ടാവും. അച്ഛനൊരു കസേരയും മേശയുമിട്ട് അവരുടെ മുന്നില്‍ ഇരിക്കും. ആരും വേറെങ്ങും നോക്കരുത്, എന്നെ നോക്കണം എന്നുപറയും. അതിനുശേഷം ആ നാടകത്തിലെ ഓരോ കഥാപാത്രങ്ങളും ഏത് മോഡുലേഷനില്‍ സംസാരിക്കണം എന്നുള്ളത് അച്ഛന്‍ ഓരോരുത്തര്‍ക്കും അനുയോജ്യമായ മോഡുലേഷനില്‍ സംസാരിച്ച് കാണിച്ചുകൊടുക്കും. അഭിനയിക്കാന്‍ വന്ന് നില്‍ക്കുന്നവര്‍ക്ക് നാടകം പഠിക്കാന്‍ അത് മാത്രം നോക്കിയിരുന്നാല്‍ മതി. അച്ഛനുമായി ഓരോ തവണ സംസാരിക്കുമ്പോഴും പുള്ളിയുടെ മുഖത്തുനിന്ന് ഓരോ വട്ടവും വായിച്ചെടുക്കാന്‍ പറ്റുന്ന കുറെ കാര്യങ്ങളുണ്ട്. അത് പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ എനിക്കൊന്നും കഴിഞ്ഞിട്ടില്ല. അതിന്റെ വ്യാപ്തി അത്രമാത്രമുണ്ട്.' ഷോബി പറയുന്നു. അദ്ദേഹത്തിന്റെ ഓര്‍മകള്‍ തിലകന്‍ എന്ന നടന്റെ സിനിമാസെറ്റുകളിലേക്ക് മുഖം തിരിക്കുകയാണ്. തിലകന്റെ വിസ്മയിപ്പിക്കുന്ന ചില അഭിനയമുഹൂര്‍ത്തങ്ങളുടെ സാക്ഷിയായ കഥയിലേക്ക്
' ജഗദീഷും ഉര്‍വശിയുമൊക്കെ അഭിനയിച്ച കുടുംബവിശേഷങ്ങള്‍ എന്ന സിനിമയുടെ ഷൂട്ടിങ് ഓര്‍മയുണ്ട്. അതിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാന്‍ കോട്ടയത്ത് ഒരു കുന്നിന്റെ മുകളിലാണ് സെറ്റിട്ടിരിക്കുന്നത്. പണിതീരാത്ത വീടാണ്. അതില്‍ പൊന്നമ്മച്ചേച്ചിയുടെ കഥാപാത്രം മരിച്ചു. ആ മൃതശരീരം കൊണ്ടുവന്ന് ചിതയില്‍ വെക്കുന്നു. ഒരു ക്രെയിന്‍ ഷോട്ടാണ്. ചിതയില്‍നിന്ന് ക്യാമറ അച്ഛന്റെ മുഖത്തേക്കാണ് വരുന്നത്. പണിതീരാത്ത വീടിന്റെ ഉമ്മറത്ത് അച്ഛനിങ്ങനെ ഇരിക്കുന്നതാണ് സീന്‍. റിഹേഴ്‌സല്‍ ചെയ്തപ്പോള്‍ അച്ഛന്‍ വെറുതെ ഇരുന്നതേയുള്ളൂ. പക്ഷേ ടേക്ക് എടുക്കുമ്പോഴാണ് അഭിനയത്തിന്റെ വിസ്മയിപ്പിക്കുന്ന പരിണാമം കണ്ടത്. അതുവരെ ആരും കാണാത്ത ഒരു റിയാക്ഷന്‍. അതു കണ്ടിട്ട് അവിടെ നിന്ന സകലരും കരഞ്ഞുപോയി. അതിലുണ്ടായിരുന്നു മരിച്ചുപോയ കഥാപാത്രത്തോടുള്ള അടുപ്പം. കണ്ടപ്പോള്‍ വല്ലാത്തൊരു ഫീലായിരുന്നു. ഇങ്ങനെ ഒരുപാട് പടങ്ങളുണ്ട്.' സാധുവായ ഗൃഹനാഥനും കര്‍ക്കശക്കാരനായ അധ്യാപകനും ദുഷ്ടനായ അച്ഛനായുമെല്ലാം വെള്ളിത്തിരയില്‍ തിലകന്‍ നിറഞ്ഞാടുമ്പോള്‍ ആ ജീവിതത്തിന്റെ ഓരംപറ്റി തന്നെ മുന്നോട്ടുപോവുകയായിരുന്നു ഷോബി തിലകനും.
ഒരിക്കല്‍ തിലകനെ കാണാന്‍ അദ്ദേഹത്തിന്റെ ആരാധകരായ ഒരു കുടുംബം തിരുവനന്തപുരത്തെ ഫ്‌ളാറ്റിലെത്തി 'അച്ഛനെ പരിചയപ്പെടാന്‍ വന്നതാണ്. അവരോട് അച്ഛന്‍ ചോദിച്ചു, എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണെന്ന്. ആ സ്ത്രീ ഒട്ടും സങ്കോചമില്ലാതെ പറഞ്ഞു, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ പൗലോക്കാരനെയാണ് ഏറ്റവും ഇഷ്ടമെന്ന്. ശരിക്കും ഒരു സ്ത്രീയും ഇഷ്ടപ്പെടാത്ത കഥാപാത്രമാണത്. പക്ഷേ അവര്‍ക്ക് ആ അഭിനയം ഒരുപാട് ഇഷ്ടമായി.അത് അച്ഛന്റെ അഭിനയത്തോടുള്ള ഇഷ്ടമായിരുന്നു. ' ഈ പൗലോക്കാരന്‍ ഇപ്പോള്‍ മിനിസ്‌ക്രീനിലുമുണ്ട്. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ സൂര്യ ടിവിയില്‍ സീരിയലായി വരുമ്പോള്‍ സിനിമയില്‍ തിലകന്‍ അവതരിപ്പിച്ച വേഷം ടിവിയില്‍ അഭിനയിക്കുന്നത് ഷോബിയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വിധിയുടെ നിയോഗം പോലെ.
അച്ഛന് നീതി കിട്ടിയില്ല
മലയാള സിനിമാ സംഘടനയായ അമ്മയും തിലകനും തമ്മിലുള്ള ആശയസംഘര്‍ഷങ്ങള്‍ ഷോബി ഓര്‍ത്തിരിക്കുന്നുണ്ട്. 'തിലകന്‍ എന്ന നടന് വേണ്ട രീതിയില്‍ ഒരു യാത്രയയപ്പ് കൊടുത്തില്ല എന്നൊരു പരാതി എനിക്കുണ്ട്. അതിന് പല കാരണങ്ങളുണ്ട്. പല ആളുകളും അതിന് പിന്നിലുണ്ട്. ജാതീയമായിട്ടും വ്യക്തിപരമായിട്ടും വേര്‍തിരിവുകളായിരുന്നെന്ന് കേട്ടിട്ടുണ്ട്. പല കോക്കസുകളുണ്ടായിരുന്നു എന്നും പറയാറുണ്ട്. ജാതീയമായിട്ടുള്ള വേര്‍തിരിവുകളുണ്ടായിരുന്നു എന്ന് അച്ഛനും പറഞ്ഞിട്ടുണ്ട്.
അവസാനം അച്ഛന്റെ മരണ സമയത്ത് പോലും വേണ്ട വിധത്തില്‍ ആദരിച്ചിട്ടില്ല. അച്ഛനെ അമ്മയില്‍നിന്ന് പുറത്താക്കി. ആ സംഘടനയില്‍ മൂന്ന് പുറത്താക്കലുകളുണ്ടായിട്ടുണ്ട്. അതിലൊന്നിനെക്കുറിച്ച് ഞാന്‍ പറയുന്നില്ല. പക്ഷേ രണ്ടാമത്തേത് ഷെയിന്‍ നിഗത്തെ പുറത്താക്കിയ സംഭവമാണ്. അതും തിലകനെ പുറത്താക്കിയ സംഭവവും നമ്മളൊന്ന് താരതമ്യം ചെയ്താല്‍ മതി. ഗുരുതരമായ അച്ചടക്കലംഘനം നടത്തി എന്ന ആരോപണത്തിലാണ് ഷെയിന്‍ നിഗത്തിനെതിരെ നടപടിയെടുത്തത്. ഷെയിന്‍ തെറ്റുകാരനാണോ അല്ലയോ എന്നെനിക്കറിയില്ല. നേരെ മറിച്ച് അച്ഛനെ പുറത്താക്കിയതിന് അവര്‍ പറഞ്ഞ കാരണം അമ്മ സംഘടനയെ ജനങ്ങള്‍ക്ക് മുന്നില്‍ മോശമായി ചിത്രീകരിച്ചു എന്നതാണ്. അമ്മ മാഫിയയാണെന്നും കോടാലിയാണെന്നുമൊക്കെ അച്ഛന്‍ പറഞ്ഞു എന്നായിരുന്നു ആരോപണം. പക്ഷേ അച്ഛനത് പറയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ആരും ആലോചിച്ചില്ല. ' ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ' എന്ന സിനിമയില്‍നിന്നും അച്ഛനെ യാതൊരു കാരണവും പറയാതെ പുറത്താക്കി. എന്നിട്ടും അച്ഛന്‍ ഒരിടത്തും പരാതിക്ക് പോയില്ല. അന്നത്തെ നിര്‍മാതാവിനോട് മാധ്യമപ്രവര്‍ത്തകര്‍ തിലകനെ പുറത്താക്കിയതിന്റെ കാരണം ചോദിച്ചപ്പോള്‍ ഫെഫ്ക പറഞ്ഞിട്ടാണെന്നായിരുന്നു മറുപടി. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് അച്ഛന്‍ ഈ സംഭവം അറിയുന്നത് പോലും. ആ ദിവസത്തിനൊരു പ്രത്യേകതയുണ്ടായിരുന്നു. അന്ന് അച്ഛന്റെ അമ്മ മരിച്ച ദിവസമാണ്. അങ്ങനെ ഒരുപാട് പ്രശ്‌നങ്ങള്‍ക്കിടയില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹത്തെ ഒരു കാരണവുമില്ലാതെ പുറത്താക്കിയത്. അതറിഞ്ഞപ്പോള്‍ അച്ഛന്‍ പൊട്ടിത്തെറിച്ചു. ആത്മരോഷമുണ്ടായി. പലതും വിളിച്ചുപറഞ്ഞു. ജോലി ചെയ്യാനുള്ള അവകാശം നിഷേധിച്ചപ്പോള്‍ തുറന്നുപറഞ്ഞതാണ്. ഇതെങ്ങനെ അച്ചടക്കലംഘനമാവും. പക്ഷേ ഇവിടെ അമ്മ സംഘടന അതിലെ ഒരു അംഗത്തിന് പരിഗണന കൊടുക്കേണ്ടതായിരുന്നു. 'ഷോബി നിലപാട് വ്യക്തമാക്കുന്നു.
'അച്ഛനെ മരണശേഷം അമ്മയില്‍ തിരിച്ചെടുത്തു എന്നാണ് അവസാനം ഞാന്‍ അറിഞ്ഞത്. ഞാന്‍ ആ സംഘടനയില്‍ ഇല്ലാത്തതുകൊണ്ട് എനിക്ക് അതേക്കുറിച്ച് അറിയില്ല. എന്നാലും പല ആളുകളും പല രീതിയിലാണ് ഈ സംഭവത്തെ കൊണ്ടെത്തിച്ചത്. അതില്‍ പലര്‍ക്കും പങ്കുണ്ട്. അച്ഛന്റെ ഭാഗത്തും തെറ്റുണ്ട്. അച്ഛനെ സ്‌ക്രൂ ചെയ്ത് കൊടുക്കാന്‍ പലരുമുണ്ടായിരുന്നു. അതും ഇതിന് കാരണമായിട്ടുണ്ട്. പൂര്‍ണമായും നമുക്ക് അമ്മ സംഘടനയെ കുറ്റം പറയാന്‍ പറ്റില്ല. പക്ഷേ അച്ഛന്‍ പണ്ടുപറഞ്ഞ പല കാര്യങ്ങളും ഇപ്പോള്‍ കറക്ടായിട്ട് വരുന്നുണ്ട്. അപ്പോഴാണ് നമുക്ക് മനസ്സിലാവുന്നത് അച്ഛന്റെ ഭാഗത്ത് കുറെയധികം ന്യായങ്ങളുണ്ടായിരുന്നുവെന്ന്' ഈ സംഭവങ്ങളുടെയെല്ലാം അനന്തരഫലം കുടുംബാംഗങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടാവുമോ.?ഷോബി തിലകനും ഷമ്മി തിലകനുമൊക്കെ സിനിമയില്‍ അവസരം ലഭിക്കാന്‍ ഇതൊരു തടസ്സമായി മാറിയിട്ടുണ്ടാവുമോ? മിക്കവര്‍ക്കും ഈ സംശയം തോന്നാറുണ്ട്.
'അച്ഛന്‍ എന്തുകാര്യവും മുഖത്ത് നോക്കി പറയുന്നയാളാണ്. അയ്യോ അവനെന്ത് തോന്നും എന്ന് വിചാരിച്ചിട്ട് പറയാതിരിക്കുന്നയാളല്ല. അച്ഛന്‍ വര്‍ക്ക് ചെയ്ത പല സിനിമകളുടെയും അണിയറ പ്രവര്‍ത്തകരോട് അച്ഛന്‍ പല രീതിയിലും ചൂടായിട്ടുണ്ട്. തെറി വിളിച്ചിട്ടുണ്ട്. അങ്ങനെ വിളിക്കുമ്പോള്‍ കുറെ ആളുകള്‍ അതിനെയെല്ലാം പോസിറ്റീവായെടുക്കും. തെറി വിളിച്ചത് ഞാന്‍ നന്നാവാന്‍ വേണ്ടിയിട്ടാണെന്ന് എന്നോട് പറഞ്ഞവരുണ്ട്. നേരെ മറിച്ച് പണ്ട് അച്ഛന്‍ ഇങ്ങനെ വിളിച്ചതൊക്കെ ഉള്ളില്‍ വെച്ചിട്ട് പിന്നീട് അതിന് നമ്മളോട് പകരം കാണിച്ചവരുമുണ്ടാവും. പക്ഷേ ഇതൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. അച്ഛനോടുള്ള പ്രശ്‌നം നമ്മോട് കാണിക്കാന്‍ തോന്നുന്നു എങ്കില്‍ കാണിക്കട്ടെ. ഞാനെപ്പോഴും കരുതുന്നത് എനിക്ക് കഴിക്കാനുള്ള അരിമണിയില്‍ എന്റെ പേര് എഴുതിയിട്ടുണ്ടാവുമെന്നാണ്. അത് വരേണ്ട സമയത്ത് എന്നില്‍ വന്നുചേരും. ഞാന്‍ അച്ഛനെ കണ്ട് വളര്‍ന്നൊരാളാണ്. പക്ഷേ എനിക്ക് അതുപോലെ ആളുകളോട് സംസാരിക്കാന്‍ പറ്റാറില്ല. മറ്റുള്ളവര്‍ വിഷമിക്കുന്നത് കാണുമ്പോള്‍ ഞാനും വിഷമിക്കാറുണ്ട്. അതുകൊണ്ട് ആരോടും വഴക്കിടാന്‍ പോവാറില്ല.'ഷോബി നയം വ്യക്തമാക്കുന്നു.
അഭിനയിക്കണമെങ്കില്‍ പരസ്യം ചെയ്യണം
സിനിമയും അതിലേറെ സീരിയലുകളുമാണ് ഷോബി തിലകന്റെ തട്ടകമായത്. സീരിയലുകളില്‍ നിരവധി വേഷങ്ങള്‍ വന്നെങ്കിലും സിനിമയില്‍ ഡബ്ബിങ്ങിനാണ് കൂടുതല്‍ അവസരം കിട്ടിയത്. 'ഞാന്‍ കൂടുതലും നിലയുറപ്പിച്ചിട്ടുള്ളത് ഡബ്ബിങ്ങിലും മിനി സ്‌ക്രീനിലും ആയതുകൊണ്ടാവും സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ അധികം അവസരം കിട്ടിയില്ല. അതെന്റെയൊരു സങ്കടമാണ്. പക്ഷേ പരാതിയില്ല. അച്ഛന്റെ പേരുള്ളതുകൊണ്ട് ആദ്യമൊക്കെ അവസരം ചോദിച്ചുപോവാന്‍ മടിയുണ്ടായിരുന്നു. ഒരിക്കല്‍ തിരക്കഥാകൃത്ത് ടി.എ. റസാക്കിനെ കണ്ടു. അദ്ദേഹം അച്ഛന്റെ വളരെ അടുത്ത സുഹൃത്താണ്. അച്ഛന്‍ കൊണ്ടുവന്ന എഴുത്തുകാരനാണ്. അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു. 'ചേട്ടന് എന്നെ വ്യക്തിപരമായി അറിയാമല്ലോ എന്നിട്ടെന്താണ് എനിക്കൊരു കഥാപാത്രം തരാത്തത്.' അതിന് നീ എന്നോട് ചോദിച്ചില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോള്‍ ഞാന്‍ പറഞ്ഞു. ' എങ്ങനെ ചോദിക്കും. അച്ഛന്റെ പേര് ഞങ്ങളുടെ വാലായിട്ട് കൂടെ ഉണ്ടായിപ്പോയില്ലേ.' അപ്പോള്‍ അദ്ദേഹം പറഞ്ഞു. 'എടാ അതിലൊന്നും കാര്യമില്ല. നമ്മളൊരു പ്രൊഡക്ടുണ്ടാക്കി. ഉദാഹരണത്തിന് ഒരു സോപ്പ്. ഇത് വീട്ടിലുണ്ടാക്കി വെച്ചാല്‍ ആരും അവിടെ വന്ന് വാങ്ങിക്കൊണ്ടുപോവില്ല. നമ്മളതിന് പരസ്യം കൊടുക്കണം. ഈ സോപ്പ് തേച്ചാല്‍ ഇന്നയിന്ന ഗുണങ്ങള്‍ കിട്ടും. ഇങ്ങനെയൊരു പരസ്യം കൊടുക്കുകയോ ബോര്‍ഡ് എഴുതി വെക്കുകയോ ചെയ്താല്‍ അതുകണ്ട് ആള്‍ക്കാര്‍ വന്ന് കേറും. നിനക്ക് അഭിനയിക്കാനുള്ള കഴിവുണ്ട്. ആഗ്രഹമുണ്ട് എന്ന് നീ മറ്റുള്ളവരോട് പറഞ്ഞാലേ അവസരങ്ങള്‍ കിട്ടൂ.' ഈ വാക്കുകള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ഈഗോ കളഞ്ഞു. തിലകന്റെ മോനായതുകൊണ്ട് ചാന്‍സ് ചോദിച്ചുപോവാനുള്ള മടിമാറി. അതുകഴിഞ്ഞ് ഞാന്‍ പലരോടും ചാന്‍സ് ചോദിച്ചു.

ഫോട്ടോ: വിവേക് ആര്‍ നായര്‍
ഫെഫ്കയുടെ മീറ്റിങ്ങിന് പോവുന്നതുകൊണ്ട് എല്ലാ സംവിധായകരെയും പരിചയമുണ്ട്. അച്ഛന്റെ ലേബലുള്ളതുകൊണ്ട് എല്ലാവരോടും സ്വതന്ത്രമായി സംസാരിക്കാം. അങ്ങനെ പലരോടും പറഞ്ഞു. എങ്കിലും ഒരുപാട് ഭാഗ്യം എന്നെ തേടി വന്നിട്ടില്ല. എന്നാല്‍ ഞാനൊട്ടും പ്രതീക്ഷിക്കാതെ ഞാന്‍ ഒരു ചാന്‍സും ചോദിക്കാതെ ഒരാള്‍ എന്നെ വിളിച്ചു. ആദ്യം വാട്‌സ് അപ്പില്‍ ഒരു മെസേജാണ് വന്നത്. ഞങ്ങളൊരു മോഹന്‍ലാല്‍ പടം ചെയ്യുന്നു. അതില്‍ പോലീസ് വേഷം ചെയ്യാനായിട്ട് ചേട്ടന്റെ ഒരു ഫോട്ടോ വേണം എന്നാണ് പറഞ്ഞത്. കളിയാക്കുകയാണെന്നാണ് ഞാന്‍ കരുതിയത്. എന്തായാലും ഫോട്ടോ അയച്ചുകൊടുത്തു. പിന്നെ എനിക്കുവരുന്ന മെസേജ് ഇന്നയിന്ന തീയതികള്‍ ഫ്രീയായിരിക്കുമോയെന്നാണ്. നോക്കുമ്പോഴാണ് ഞാന്‍ ഞെട്ടിപ്പോയത്. ജീത്തു ജോസഫാണ് വിളിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന റാമിലേക്ക്. കുറച്ചുഭാഗം ഷൂട്ടിങ് കഴിഞ്ഞു. അപ്പോഴേക്കും കോവിഡ് വന്നു. ഇതിനിടെ ലാലേട്ടനോട് ഒരുപാട് അടുക്കാന്‍ അവസരം കിട്ടി. ഫോണില്‍ ഈ ലോക് ഡൗണ്‍ സമയത്ത് അദ്ദേഹം എന്നെ വിളിച്ചു. 'മോനെ സുഖമാണല്ലോ, കുഴപ്പമൊന്നുമില്ലല്ലോ' എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ദൈവങ്ങളോട് നന്ദി പറഞ്ഞുപോയി.' ജീവിതത്തിലെ സന്തോഷത്തിന്റെ ചെറുകണികകള്‍ എടുത്തുനോക്കി ഷോബി. ഭാഗ്യവും നിര്‍ഭാഗ്യവും ഇഴചേര്‍ന്നുകിടക്കുന്ന പഴയകാലത്തുനിന്ന് അദ്ദേഹം മുന്നിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്.
'അച്ഛന്‍ പിരിഞ്ഞുപോയതാണ് ജീവിതത്തിലെ ഏറ്റവും വലിയ നിര്‍ഭാഗ്യം. അച്ഛനുണ്ടായിരുന്നെങ്കില്‍ എനിക്ക് കുറെക്കൂടെ നല്ല ജീവിതമാവുമായിരുന്നു. ഏഴെട്ട് കൊല്ലമായിട്ടും എനിക്ക് സ്വന്തമായൊരു വീടുണ്ടാക്കാന്‍ പറ്റിയിട്ടില്ല. അതൊക്കെ ഒരു നിര്‍ഭാഗ്യമായിട്ടാണ് തോന്നിയിട്ടുള്ളത്.
ഡബ്ബിങ്ങിലൂടെ ഇനി ഒരുപാട് കാലം മുന്നോട്ട് പോവാന്‍ പ്രയാസമാണ്. കാരണം ടെക്‌നോളജികള്‍ മാറി. നടന്‍മാരില്‍ എണ്‍പത് ശതമാനവും ഇപ്പോള്‍ അവരുടെ ശബ്ദം തന്നെയാണ് ഉപയോഗിക്കുന്നത്. അന്യഭാഷാ നടന്‍മാര്‍ക്ക് വേണ്ടിയേ നമ്മളെ വിളിക്കുന്നുള്ളൂ. അതും ഇനി അധികം ആശ്രയിക്കാനാവില്ല. പിന്നെ എനിക്കറിയാവുന്ന ജോലി അഭിനയം തന്നെയാണ്. സീരിയലില്‍ ഒരുപാട് കഥാപാത്രങ്ങള്‍ വരുന്നുണ്ട്. പക്ഷേ സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടാന്‍ കാത്തിരിക്കുകയാണ് ഞാന്‍.'ഷോബി പ്രതീക്ഷയിലാണ്. സഹോദരന്‍ ഷമ്മി തിലകന്റെ അഭിനയവും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്.
'ഷമ്മിച്ചേട്ടന്‍ അദ്ദേഹത്തിന്റെ പ്രായത്തില്‍ ഇന്ന് മലയാള സിനിമയിലുള്ള ഏതൊരു നടനേക്കാളും കഴിവുള്ളയാളാണ്. എന്തുകൊണ്ട് അദ്ദേഹത്തെ മലയാള സിനിമ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നില്ല എന്നാണ് ഞാന്‍ അതിശയിക്കുന്നത്. ഞാന്‍ അച്ഛന്റെ കൂടെ ഒരു നാടകമേ ചെയ്തിട്ടുള്ളൂ. പക്ഷേ അച്ഛന്റെ കൂടെ പന്ത്രണ്ട് നാടകം അസിസ്റ്റ് ചെയ്തിട്ടുണ്ട് ഷമ്മിച്ചേട്ടന്‍. അത്രയും അഭിനയസമ്പത്തുണ്ട്. എട്ടില്‍ പഠിക്കുമ്പോള്‍ മുതല്‍ നാടകത്തില്‍ അഭിനയിക്കുന്നു. അച്ഛന്റെ അഭിനയ സിദ്ധി കിട്ടിയിട്ടുള്ളത് അദ്ദേഹത്തിനാണ്. പക്ഷേ അത് വേണ്ട രീതിയില്‍ മലയാള സിനിമ പ്രയോജനപ്പെടുത്തിയിട്ടില്ല. അതിന് കാരണങ്ങള്‍ പലതാണ്.' അദ്ദേഹം ചിരിക്കുന്നു. ആ ചിരിയിലുണ്ടോ പല അവഗണനകളുടെയും ചവര്‍പ്പ്.?
എങ്കിലും ഭാര്യ ശ്രീലേഖയുടെയും മക്കള്‍ ദേവയാനിയുടെയും ദേവനന്ദന്റെയും കൂടെ തിരുവനന്തപുരത്തെ വാടകവീട്ടില്‍ അദ്ദേഹം സന്തോഷം കണ്ടെത്തുന്നു. 'ശ്രീലേഖ എന്നെ നേരെ ചൊവ്വേ വളര്‍ത്തുന്നതില്‍ വ്യാപൃതയാണ്. അവളുടെ നോട്ടത്തിലാണ് എന്റെ മൈന്‍ഡ് സെറ്റ് ഇരിക്കുന്നത്. ആരോടും മുഖം കറുപ്പിക്കാത്ത ദേഷ്യപ്പെടാത്ത ഒരു മൈന്‍ഡ് സെറ്റിലേക്ക് എന്നെ എത്തിച്ചത് അവളുടെ കരുതല്‍ കൊണ്ടാണ്.' നല്ലപാതിയുടെ അഭിനന്ദനം കേട്ട് ശ്രീലേഖ ചിരിച്ചു. വീട്ടില്‍ സ്‌നേഹത്തിന്റെ കടല്‍ പരന്നൊഴുകാന്‍ തുടങ്ങി.
Content Highlights: Shoby Thilakan open up about his movie carrer, father Thilakan, brother and family