മുകളിലത്തെ മുറി നിറയെ പുസ്തകങ്ങള്‍. എപ്പോഴും ഒഴുകിവരുന്ന നനുത്ത സംഗീതം. അകത്തെ ചുമരിലുള്ളത് ഒരേയൊരു ഫോട്ടോ. അത് അഭിനേതാവ് രഘുവരന്റേതാണ്. ചെന്നൈ ഹെങ്ബര്‍ട്ട് റോഡിലുള്ള നടി രോഹിണിയുടെ അപ്പാര്‍ട്ട്മെന്റില്‍ നമ്മുടെ ശ്രദ്ധയില്‍ വരുന്നത് ഇതൊക്കെയേ ഉള്ളൂ. എണ്‍പതുകളിലും തൊണ്ണൂറുകളിലും ദക്ഷിണേന്ത്യന്‍ സിനിമയുടെ നായികമുഖമായ ഈ അഭിനേത്രിയുടെ ജീവിതത്തില്‍ ഇപ്പോള്‍ അധികം ആര്‍ഭാടങ്ങളില്ല.
ആന്ധ്രപ്രദേശിലെ അനകപ്പള്ളിയില്‍ ജനിച്ച് അഞ്ചാം വയസ്സില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച പെണ്‍കുട്ടി തെലുങ്കിലും തമിഴിലും നായികാകസേരയിലേക്ക് കയറിയിരുന്നത് വളരെപ്പെട്ടെന്നായിരുന്നു. 1982ല്‍ കക്ക എന്ന സിനിമയില്‍ ദേവി എന്ന കഥാപാത്രമായി അവര്‍ മലയാള സിനിമയിലേക്കും കാലെടുത്തുവെച്ചു. പിന്നാലെ മലയാളിയുടെ പ്രിയപ്പെട്ട നടന്‍ രഘുവരന്റെ ജീവിതത്തിലെ നായികയായി. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ അവര്‍ക്ക് കഠിനകാലമായിരുന്നു. വിവാഹബന്ധത്തിലെ തകര്‍ച്ച, രഘുവരന്റെ അകാലത്തിലുള്ള മരണം, ജീവിതത്തിലെ ഒറ്റപ്പെടല്‍. കടന്നുപോയ വര്‍ഷങ്ങളിലെ ദുരന്തങ്ങളെയെല്ലാം അഭിനയത്തിന്റെ ചിറകിലേറി അവര്‍ മായ്ച്ചുകളഞ്ഞിരിക്കുന്നു. എന്നും സിനിമ കൊതിക്കുന്ന മനസ്സ് മാത്രമായിരുന്നു അതിന് തുണ.
'ഞാന്‍ അഭിനയം ഇഷ്ടപ്പെടുന്നു. അതുതന്നെയാണ് എന്റെ പ്രചോദനവും. ഓരോ ക്യാരക്ടറും ഓരോ തരത്തിലാണ്. ഏതൊക്കെയോ മനുഷ്യര്‍. അവരുടെ ജീവിതം. ഓരോ ദിവസവും ഓരോ അനുഭവങ്ങളാണ്. എല്ലാ ദിവസവും ക്രിയേറ്റീവാണ്.' മടുപ്പില്ലാത്ത ജീവിതത്തെ നോക്കി അവര്‍ സംസാരിച്ചുതുടങ്ങി.
ഈ കാലത്തിനിടയില്‍ ഒരിക്കലും സിനിമ മടുത്തിട്ടില്ലെന്നാണോ?
നമ്മളെക്കുറിച്ചുള്ള ഗോസിപ്പുകളൊക്കെ കേള്‍ക്കുമ്പോള്‍ മടുത്തുപോയിട്ടുണ്ട്. സിനിമയില്‍ അല്ലായിരുന്നെങ്കില്‍ ഇങ്ങനെ കേള്‍ക്കേണ്ടി വരില്ലായിരുന്നല്ലോ എന്നു തോന്നിയിട്ടുണ്ട്. പിന്നെ സ്വകാര്യത നഷ്ടപ്പെട്ടുപോയതിന്റെ ദുഃഖമുണ്ട്. അന്നുമാത്രം എനിക്കു തോന്നിയിട്ടുണ്ട്, സിനിമയില്‍ അല്ലായിരുന്നെങ്കില്‍ എന്ന്.
ഇത്തിരി സെന്‍സിറ്റീവ് ആണെന്ന് തോന്നുന്നു?
ഒരു ആര്‍ട്ടിസ്റ്റ് സെന്‍സിറ്റീവായിരിക്കും. അല്ലെങ്കില്‍ പിന്നെ അയാളൊരു അഭിനേതാവല്ല. അയാളില്‍ നിന്ന് മറ്റൊരു മനുഷ്യന്റെ വികാരങ്ങള്‍ പുറത്തുവരില്ല. ഞങ്ങള്‍ വികാരങ്ങള്‍ വില്‍പനയ്ക്ക് വെക്കുന്നവരാണല്ലോ. വികാരങ്ങളുടെ കച്ചവടക്കാര്‍, അങ്ങനെ വിളിച്ചാല്‍ മതി.
ബാല്യം പോലും സിനിമയ്ക്കുവേണ്ടി മാറ്റിവെച്ചതാണ് രോഹിണി. അഞ്ചാം വയസ്സുതൊട്ട് ക്യാമറയ്ക്ക് മുന്നില്‍. നഷ്ടബാല്യത്തെ ഓര്‍ത്ത് എന്ത് തോന്നുന്നു?
ആദ്യകാലത്തൊക്കെ ഒരുപാട് വിഷമിച്ചിട്ടുണ്ട്. അന്നൊന്നും സിനിമ എനിക്ക് തീരെ ഇഷ്ടമില്ലായിരുന്നു. അഭിനയമേ വേണ്ടെന്നായിരുന്നു. സ്‌കൂളില്‍ പോവണം, കൂട്ടുകാര്‍ക്കൊപ്പം കളിക്കണം എന്നൊക്കെയാണ് ആഗ്രഹങ്ങള്‍. ആ സമയത്ത് അച്ഛന്‍ ഷൂട്ടിങ്ങിന് കൊണ്ടു പോവുമ്പോള്‍ ഭയങ്കര അസ്വസ്ഥതയായിരുന്നു. ഒരു കുട്ടിയെ സംബന്ധിച്ച് അതൊരു നോര്‍മല്‍ പ്രവൃത്തി അല്ലല്ലോ.
അച്ഛനെന്തായിരുന്നു സിനിമയോട് ഇത്ര ക്രേസ്?
സിനിമയില്‍ അഭിനയിക്കണമെന്നുള്ള മോഹം എല്ലാവര്‍ക്കും ഉണ്ടാവില്ലേ. അങ്ങനെയൊരു ഭ്രാന്തുമായി അച്ഛന്‍ ചെറുതിലേ ചെന്നൈയിലേക്ക് ഒളിച്ചോടിയതാണ്. പിന്നെ വീട്ടുകാര്‍ തിരികെ വിളിച്ചുകൊണ്ടുപോയി കല്യാണം കഴിപ്പിച്ചു. കല്യാണം കഴിഞ്ഞപ്പോ അച്ഛനെ വീട്ടില്‍തന്നെ നിര്‍ത്താന്‍ അമ്മ ഒരുപാട് കഷ്ടപ്പെട്ടിരുന്നത്രേ. അത്രയ്ക്കും സിനിമാ ഭ്രമമായിരുന്നു. പക്ഷേ അമ്മ മരിച്ചപ്പോള്‍ ഇനി ജീവിതത്തില്‍ എന്തെങ്കിലുമൊരു മാറ്റം വേണമെന്ന് അച്ഛന് തോന്നിക്കാണും. അങ്ങനെ വീണ്ടും ചെന്നൈയിലേക്ക് വന്നു. അച്ഛന്‍ ഷോഗണ്‍ ബാബുവിന്റെയും സാവിത്രി അമ്മയുടെയും ഫാനായിരുന്നു. സൂക്ഷ്മമായി നോക്കിയാല്‍ തമിഴ്- തെലുങ്ക് സമൂഹം സിനിമയില്‍ ഭ്രാന്തമായ അഭിനിവേശം ഉള്ളവരാണ്.
ഞാന്‍ ചെറുപ്പത്തില്‍ കൃഷ്ണനായി അഭിനയിച്ചപ്പോള്‍ പോവുന്ന വഴിയില്‍ എനിക്ക് ആരതിയൊക്കെ ഇടുന്നവരെ കാണുമായിരുന്നു. പക്ഷേ ആ കാലത്തും മലയാളസിനിമ വേറിട്ടുതന്നെനിന്നു. മലയാളമായിരുന്നു എന്റെയൊരു ബേസ്. എന്നെ അഭിനയം പഠിപ്പിച്ചത് മലയാളമാണ്. മറക്കാനാവാത്ത ഒരുപാട് വര്‍ഷങ്ങള്‍ സമ്മാനിച്ചതും മലയാളം തന്നെ. എണ്‍പതുകളിലൊക്കെ ഞാന്‍ മലയാളം സിനിമയിലായിരുന്നത് എന്റെ ഭാഗ്യം. നല്ല സംവിധായകരുടെയും അഭിനേതാക്കളുടെയുമൊക്കെ കൂടെ ജോലി ചെയ്യാന്‍കഴിഞ്ഞു. എന്റെ മനോഹരമായ ഓര്‍മകളൊക്കെ അവിടെയാണ്.
അപ്പോഴേക്കും സിനിമ ഇഷ്ടപ്പെട്ടുതുടങ്ങിയിരുന്നോ?
ഉം...കുറെയൊക്കെ. 1990 കളുടെതുടക്കം വരെ ഞങ്ങള്‍ ചെയ്തിരുന്നതൊക്കെ ശുദ്ധസിനിമകളായിരുന്നു. മലയാള സിനിമയുടെ സുവര്‍ണകാലത്ത് അതിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. അന്നൊക്കെ രാത്രിയും പകലുമില്ലാതെ ഷൂട്ടിങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഒരു സിനിമ പൂര്‍ത്തിയാവും. ഒഴിവുകാലം എന്ന പടം പതിനെട്ട് ദിവസം കൊണ്ടാണ് തീര്‍ത്തത്. മുപ്പത് ദിവസത്തെ ഷൂട്ടിങ് എന്നൊക്കെ പറഞ്ഞാല്‍ അത്ഭുതമായിരുന്നു. ശരിക്കുള്ള തിരക്കഥയും നല്ല കാഴ്ചപ്പാടുമുള്ള സംവിധായകരുമായിരുന്നു അന്നുണ്ടായിരുന്നത്.
അന്ന് കൂടെയുള്ള ഏതെങ്കിലും നടിമാരോട് അസൂയ തോന്നിയിട്ടുണ്ടോ?
ജലജയോടും മേനകയോടും.. ഹഹഹ... കാര്യം എന്താണെന്നാല്‍ അടൂര്‍സാറിന്റെ കൂടെയും അരവിന്ദന്‍ സാറിന്റെ കൂടെയുമൊന്നും ഞാന്‍ വര്‍ക്ക്ചെയ്തിട്ടില്ല. എനിക്ക് ആ കാലത്തൊക്കെ കൗമാരക്കാരായ കുസൃതി കഥാപാത്രങ്ങളാണ് കിട്ടിയത്. റഹ്‌മാനും ഞാനുമൊക്കെ ചേര്‍ന്ന് അങ്ങനെ കുറെ സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ അതൊന്നും അത്രയ്ക്ക് ഗൗരവമുള്ള കഥാപാത്രങ്ങളായിരുന്നില്ല. ഞാന്‍ നോക്കുമ്പോള്‍ ജലജയും മേനകയുമൊക്കെ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നു്. പ്രധാനമായും ജലജ. എന്തൊരു ഗംഭീരവേഷങ്ങളാണ് അവര്‍ക്ക് കിട്ടിയത്. ജലജയ്ക്ക് അങ്ങനെ കിട്ടാന്‍ കാരണം അവര്‍ മലയാളിയായതുകൊണ്ടാണെന്ന് എനിക്കുതോന്നിയിട്ടുണ്ട്. ഞാനും കാണാന്‍ മലയാളിയെപ്പോലെയാണ്. നാടന്‍ പെണ്ണിന്റെ ലുക്കുള്ള ഫേസാണ്. പക്ഷേ എനിക്കന്ന് മലയാളം ഡബ്ബ് ചെയ്യാന്‍ പറ്റിയില്ല. അതുകൊണ്ടൊക്കെയാവും അത്തരം വേഷങ്ങള്‍ അകന്നുപോയത്.
അടൂര്‍സാറിന്റെ അടുത്ത് ഞാന്‍ കുറെ വട്ടംകെഞ്ചിയിട്ടുണ്ട്. 'സാര്‍ എനിക്കൊരു അവസരം തരൂ' എന്ന്. പക്ഷേ യോജിച്ച കഥാപാത്രങ്ങള്‍ വേണ്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. ഒരിക്കല്‍ എനിക്കൊരു അവസരം ഒത്തുവന്നതാണ്. അദ്ദേഹത്തിന്റെ നാലുപെണ്ണുങ്ങള്‍ എന്ന സിനിമ ഷൂട്ട് ചെയ്യാന്‍തുടങ്ങുകയായിരുന്നു. ഞാന്‍ അതിലേക്ക് അവസരം ചോദിച്ചപ്പോള്‍ അദ്ദേഹം പറയുകയാണ്,' ഞാന്‍ സിനിമയില്‍ ചെറിയ മുടിക്കാരി പെണ്ണുങ്ങളെ ഉപയോഗിക്കാറില്ലെന്ന്.' അങ്ങനെ അതും നഷ്ടമായി. അതിനുശേഷംഞാന്‍ മുടി മുറിച്ചിട്ടില്ല. നീട്ടിത്തന്നെ നടന്നു. എനിക്കേറ്റവും ഇഷ്ടമാണ് ഷോര്‍ട്ട് ഹെയര്‍. എന്നിട്ടുപോലും ഞാനിത് മുറിക്കാതെ കാത്തിരിക്കുകയാണ്.

അമ്മയെ ചെറുപ്പത്തിലെ നഷ്ടപ്പെട്ടയാളാണ് രോഹിണി. അത് പിന്നീടുള്ള ജീവിതത്തെ എങ്ങനെയൊക്കെ ബാധിച്ചു?
എനിക്ക് അഞ്ചുവയസ്സുള്ളപ്പോള്‍ അമ്മയെ നഷ്ടപ്പെട്ടതാണ്. അതുകൊണ്ട് എന്റെ ഓര്‍മ നിറയെ അച്ഛന്‍ മാത്രമാണ്. ഞാന്‍ അച്ഛനെക്കുറിച്ച് മാത്രമേ സംസാരിക്കാറുള്ളൂ. എപ്പോഴും എനിക്ക് ചുറ്റിലും കുറെ ലവിങ് പേഴ്സണ്‍സുണ്ടായിരുന്നു. ഞാനും എല്ലാവരെയും അതിരറ്റ് സ്നേഹിച്ചു. എന്നെ ആരെങ്കിലും ചീത്ത പറയുമ്പോള്‍ ഞാനത് കേള്‍ക്കും.അവര്‍ക്കതിനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണെന്ന് വിചാരിക്കും. പിന്നെ രഘുവായിരുന്നു (രഘുവരന്‍) കൂട്ട്. രഘു മരിച്ചശേഷം ഞാനങ്ങനെ ആരോടും സംസാരിക്കാറില്ലായിരുന്നു. ആരെയും കാണില്ല, എവിടെയും പോവില്ല. ഞങ്ങള്‍ വിവാഹബന്ധം പിരിഞ്ഞെങ്കിലും അടുത്തുണ്ടെന്നൊരു തോന്നലായിരുന്നു. അങ്ങനെ വിചാരിച്ചൊരാള്‍ പോയപ്പോഴുണ്ടായത് വലിയ ശൂന്യതയാണ്. ആ സമയത്ത് ഞാന്‍ പോയില്ലല്ലോ കണ്ടില്ലല്ലോ എന്നൊക്കെയൊരു തോന്നലുണ്ടായിരുന്നു. അതിനുമുന്നേ മൊത്തത്തില്‍ ബന്ധമില്ലാത്തൊരു അവസ്ഥയായിപ്പോയി.
ഇനി ആരോടും അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് അതോടെ ഞാന്‍ മനസ്സിലാക്കി. അതിനുശേഷം ആരോടും ഞാന്‍ അങ്ങനെ ഡിസ്‌കണക്ടായിട്ടില്ല. ചിലപ്പോള്‍ ഒരാളോട് എന്തെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ പോലും ഞാനത് മറന്ന് അങ്ങോട്ട് പോയി സംസാരിക്കും. അതെന്റെ ജീവിതത്തിലുണ്ടായ വലിയ മാറ്റമാണ്. അതുകൊണ്ട് ഞാനിപ്പോള്‍ ഒരു ബന്ധവും ഒറ്റയടിക്ക് മുറിച്ചുകളയാറില്ല.
രഘുവരനെക്കുറിച്ച് ഇപ്പോഴും പലരും പറയുന്നൊരു വാചകമുണ്ട്. വലിയ പ്രതിഭയായിരുന്നു. നല്ല കഴിവുണ്ടായിട്ടും അത് ധൂര്‍ത്തടിച്ചെന്ന്. എന്തുതോന്നുന്നു?
അതൊന്നും എന്റെ കൈയില്‍ അല്ലല്ലോ. ഓരോരുത്തരും സ്വയം തീരുമാനിക്കണം. എന്നും ആരോഗ്യത്തോടെ ഇരിക്കണമെന്ന്. അതില്‍ വേറൊരാള്‍ക്ക് ഒന്നും ചെയ്യാനാവില്ല. എല്ലാവരുടെ കാര്യത്തിലും ഇങ്ങനെത്തന്നെയാണ്. തന്നത്താന്‍ ചെയ്യേണ്ട കാര്യം അവര്‍ ചെയ്തില്ലേല്‍ മറ്റൊരാള്‍ നിസ്സഹായയാണ്. എത്ര പറഞ്ഞിട്ടും കാര്യമില്ല. അവനവന്റെ ശരീരം അവനവന്‍ തന്നെ ശ്രദ്ധിക്കണമെന്ന് പലപ്പോഴും ഞാന്‍ പറയുമായിരുന്നു. പക്ഷേ ആരു കേള്‍ക്കാന്‍.
അദ്ദേഹത്തിന് അഭിനയവും ഒരുതരം ഭ്രാന്തായിരുന്നുവല്ലേ
രഘു അങ്ങനെയായിരുന്നു. ഹി വാസ് ലൈക്ക് ദിലീപ് കുമാര്‍. ഇപ്പോ ഓരോന്നും ഓര്‍ത്തെടുക്കുമ്പോള്‍ എനിക്ക് അങ്ങനെ തോന്നുന്നുണ്ട്. എങ്ങനെയാണ് ഒരു കഥാപാത്രമായി അദ്ദേഹം രൂപപ്പെടുന്നതെന്നും അതിനുവേണ്ടി എന്തൊക്കെ തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്നുമൊക്കെ ഓര്‍ക്കുമ്പോള്‍. ഒരു സീന്‍ ചിത്രീകരിക്കുമ്പോള്‍ രഘു ഭക്ഷണം പോലും കഴിക്കില്ല. എത്രനേരം വൈകിയാലും. അങ്ങനെയൊന്നും ആരും ചെയ്യില്ല. ഒരു ക്യാരക്ടര്‍ ചെയ്യുമ്പോള്‍ വിഗ് വെക്കുകയാണെങ്കില്‍ രഘുവത് വെളിയില്‍ കാണിക്കില്ല. അത് അഭിനയിക്കുമ്പോള്‍ മാത്രമേ ആളുകള്‍ കാണു. അപ്പോ നമുക്ക് മനസ്സിലാവും ഈ മനുഷ്യന്‍ യഥാര്‍ഥ ഇമോഷന്‍ ഉള്‍ക്കൊള്ളാന്‍ എത്രമാത്രം പ്രയത്നിക്കുന്നുണ്ടെന്ന്. അങ്ങനെ ചെയ്യാന്‍ പറ്റണമെങ്കില്‍ ആന്തരികമായി നിങ്ങള്‍ക്കൊരുപാട് അനുഭവങ്ങളുണ്ടാവണം. ആ അനുഭവങ്ങള്‍ നിങ്ങളെ എക്സൈറ്റ് ചെയ്യിക്കണം. അതായിരുന്നു രഘുവിന്റെ കരുത്ത്.
പിന്തിരിപ്പിക്കാന്‍ നോക്കിയിരുന്നില്ലേ
കല്യാണം കഴിഞ്ഞാല്‍ തീര്‍ച്ചയായും നമ്മള്‍ പിന്തിരിപ്പിക്കാന്‍ നോക്കുമല്ലോ. പക്ഷേ രഘു ഒട്ടും താഴേക്ക് വരാന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ മകന്‍ പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കാറുണ്ട്. അനാവശ്യമായി നമ്മള്‍ സ്വയം കുഴിയില്‍ ചാടേണ്ടല്ലോ.
ആക്ടിങ്ങില്‍ നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയണമെന്നത് ശരിയാണ്. മറ്റൊരാളായി മാറാന്‍ കഴിയണം. അങ്ങനെ സാധിച്ചില്ലെങ്കില്‍ നമ്മള്‍ തുടരാന്‍ യോഗ്യരല്ല. ഒരുആര്‍ട്ടിസ്റ്റെന്ന രീതിയിലുള്ള സന്തോഷം കണ്ടെത്താനും കഴിയില്ല. അതുമൊരുതരം അഡിക്ഷനാണ്.

അതിനുശേഷം രോഹിണി ഒറ്റയ്ക്കാണ് മകനെ വളര്‍ത്തുന്നത്. ആ കാലം എങ്ങനെ നേരിട്ടു?
കുറെ കഠിനമായിരുന്നു. പക്ഷേ അപ്പോഴൊക്കെ ഞാന്‍ ശ്രദ്ധിച്ചത് ഋഷിയെ ഒരു ഹാപ്പി ചൈല്‍ഡായി വളര്‍ത്താനാണ്. അതിന് എനിക്കെന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് നോക്കി. അവന് ഞാന്‍ കുറെ സ്വാതന്ത്ര്യംകൊടുത്തു. എന്തുവേണമെങ്കിലുംഎന്റെ അടുത്തുവന്നു പറയാമെന്നൊരു അവസ്ഥയുണ്ടാക്കി. അങ്ങനെ അവന്‍ കുറെ സംസാരിക്കാന്‍ തുടങ്ങി. ദേഷ്യമായാലും പിണക്കാമായാലും സംസാരിക്കും. ആ കമ്യൂണിക്കേഷന്‍ വളരെ പ്രധാനമാണ്. ഋഷി അങ്ങനെ മാറിയപ്പോള്‍ എനിക്ക് കാര്യങ്ങള്‍ ഈസിയായി. ആറാം ക്ലാസ്തൊട്ട് ഞാന്‍ അഭിനയിക്കാന്‍ പോവുമ്പോള്‍ മിക്കപ്പോഴും അവന്‍ വീട്ടില്‍ തനിച്ചായിരിക്കും. പക്ഷേ അവന് പരാതിയൊന്നുമുണ്ടായിരുന്നില്ല. പഠനത്തിലൊക്കെ ഒന്നാമതെത്തും. ഞാന്‍ അടുത്തിരുന്ന് അത്ചെയ്യൂ, ഇത്ചെയ്യൂ എന്ന്പറയണമെന്നില്ല. ഹി ട്രെയിന്‍ഡ് ഹിംസെല്‍ഫ്.
പത്തില്‍ അവന്‍ സ്‌കൂളില്‍ ഒന്നാമനായിരുന്നു. പതിനൊന്നില്‍ ഏത് കോളേജിലാണ് അപ്ളൈ ചെയ്യേണ്ടതെന്നും ഗ്രാജ്വേഷന്‍ എവിടെവേണമെന്നുമൊക്കെ അവന്‍ സ്വയം തീരുമാനിച്ചതാണ്. അവന്റെ ഗ്രാഫ് ഫിക്സഡാണ്. ആ ഗ്രാഫില്‍ അവന്‍ ഓടിക്കൊണ്ടിരിക്കും. അതൊക്കെ സംഭവിച്ചത് ഞാനവന് കൊടുത്ത സ്വാതന്ത്ര്യംകൊണ്ടാണ്. അതും അതിരില്ലാത്ത സ്വാതന്ത്ര്യം. എട്ടാംക്ലാസിലെത്തിയപ്പോള്‍ അവന്‍ പറഞ്ഞത് എനിക്കോര്‍മയുണ്ട്. അവന് ഡെല്‍ഹിയില്‍ പോയി ഒരു ഡോക്ടറെ ഷാഡോ ചെയ്യണമെന്ന്. അതിന് രണ്ടാഴ്ചയ്ക്ക് ഒന്നരലക്ഷം രൂപ വേണം. വേറെ ഏത് അമ്മയാണ് ഇതൊക്കെ സമ്മതിച്ചുകൊടുക്കുക. അതും ഒരു എട്ടാം ക്ലാസുകാരന്‍ പയ്യന്. പക്ഷേ ഞാനതെല്ലാം സമ്മതിച്ചുകൊടുത്തു. ഒമ്പതിലെത്തിയപ്പോള്‍ അവന്‍ ടോംഗോ എന്ന ആഫ്രിക്കന്‍ രാജ്യത്ത് പോയിട്ട് രണ്ടുമാസം അവിടെ ഡോക്ടേഴ്സിന്റെ കൂടെ ചെലവഴിച്ചിട്ടുണ്ട്.
കുറച്ചുമുന്നേ അവന്‍ പറഞ്ഞു, എനിക്ക് ഇറ്റലിയില്‍ പോവണം. ആര്‍ട്ട് ഹിസ്റ്ററി പഠിക്കണമെന്ന്. മുന്നേ ഡോക്ടറാവണമെന്ന് പറഞ്ഞയാളാണ് ഈ മാറ്റിപ്പറയുന്നത്. അതിലേക്ക് ഒരുപാട് പൈസ ചെലവാക്കിയിട്ടുമുണ്ട്. എന്നിട്ട് ഇപ്പോ എന്തിനാ ആര്‍ട്ട്ഹിസ്റ്ററി പഠിക്കുന്നെതെന്ന് ഞാന്‍ ചോദിച്ചില്ല. ഓക്കെ ഗോ എന്നുമാത്രം പറഞ്ഞു. ലോകത്തിന്റെ എക്സ്പോഷര്‍ അനുഭവിക്കാന്‍ നമ്മള്‍ കുട്ടികള്‍ക്ക് അവസരം കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം.
മകന് ഇങ്ങനെയൊക്കെ സന്തോഷം ഒരുക്കിക്കൊടുക്കാന്‍ ശ്രദ്ധിക്കുമ്പോഴും രോഹിണിയെന്ന അമ്മയുടെ ഉള്ളിലും ആ സന്തോഷം ഉണ്ടായിരുന്നോ. അതോ പുറത്തേക്ക് മാത്രം സന്തോഷം അഭിനയിക്കുകയായിരുന്നോ?
അല്ലല്ല. ഞാനും സന്തോഷിച്ചു. കാരണം എനിക്കൊന്നിലും പരാതിയില്ലായിരുന്നു. പരാതികളൊക്കെ ഞാന്‍ തേച്ചുമായ്ച്ചു കളഞ്ഞിരിക്കുന്നു. ആളുകള്‍ എന്നെ ഒരുപാട്സ്നേഹിക്കുന്നുണ്ടെന്ന് തോന്നി. അറിയാത്ത ആള്‍ക്കാരും നമ്മളെ സനേഹിക്കുന്നു. അതിനുകാരണം എന്റെയുള്ളിലുള്ള കലയാണ്. അതൊരുപാടുകളുമായി നമ്മളെ ബന്ധിപ്പിക്കുന്നൊരു പാലമാണ്. ആ ഒരു ചിന്ത എന്നെ മുന്നോട്ട് പോവാന്‍ സഹായിച്ചു. ഓരോ കാലത്തും നമ്മുടെജീവിതത്തില്‍ ഒരുപാട്കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്.
എനിക്കുണ്ടായ പോലെയോ ഒരുപക്ഷേ അതിനേക്കാള്‍ ഭീകരമായതോ ആയ ദുരന്തങ്ങള്‍ നേരിട്ടവരുണ്ടാകും. അങ്ങനെയൊക്കെ നോക്കുമ്പോള്‍ എനിക്കുണ്ടായതൊന്നും ഒന്നുമല്ല. എനിക്കൊരു മോശം വിവാഹജീവിതം മാത്രമേയുണ്ടായുള്ളൂ. ഞാനതിനെ അതിജീവിച്ചതും അതില്‍നിന്ന് ഒറ്റയ്ക്ക് പുറത്തുകടന്നതുമൊക്കെ ആര്‍ക്കെങ്കിലുമൊക്കെ പാഠമാവും. എല്ലാത്തിനുമുള്ള മറുപടിയാണ് എന്റെയീ ജീവിതം.
Content Highlights: actress rohini shares about her film career, family and dreams