സിനിമ ഈ പറക്കുംതളിക. വെടക്കുപിടിച്ച ശകടമായ താമരാക്ഷന്‍പിള്ളയെയും കൂട്ടി കല്യാണച്ചെറുക്കന്റെ വീടിന് മുന്നിലെത്തിയിരിക്കുകയാണ് ദിലീപും ഹരിശ്രീ അശോകനും. അകത്ത് മര്യാദയ്ക്ക് ഒരുങ്ങിക്കൊണ്ടിരുന്ന മണവാളനെ രണ്ടുപേരും കൂടെ ഒരു വഴിക്കാക്കുന്നതാണ് തുടര്‍ന്നുള്ള രംഗങ്ങള്‍. പാതിമുറിഞ്ഞ മീശയുമായി നില്‍ക്കുന്ന ആ മണവാളന്റെ ധര്‍മസങ്കടം അന്ന് തീയേറ്ററില്‍ തീര്‍ത്തത് വലിയ ചിരി അലകളാണ്. അപ്പോള്‍ ക്യാമറയ്ക്കുമുന്നില്‍നിന്ന അതേ നില്‍പ് ഓര്‍ത്ത് അന്നത്തെ മണവാളന്‍ കലാഭവന്‍ ഹനീഫ് ഇപ്പോഴും ചിരിക്കുന്നുണ്ട്.
'ആ കല്യാണച്ചെറുക്കന്റെ കഥാപാത്രം നന്നാക്കുന്നതില്‍ ദിലീപിന് നല്ല പങ്കുണ്ട്. എന്റെ തലയുടെ മുന്നില്‍നിന്ന് ഇത്തിരി മുടി എടുത്തോട്ടെ എന്ന് ദിലീപാണ് ചോദിച്ചത്. ഞാന്‍ പറഞ്ഞു അതിനെന്താ, എടുത്തോന്ന്.കഥാപാത്രത്തിനുവേണ്ടി എന്തുചെയ്യാനും നമ്മള് തയ്യാറാണല്ലോ' മുടിപോയ മണവാളന്റെ ഓര്‍മയില്‍ ഹനീഫ് ഉഷാറായി. ചായക്കടക്കാരന്‍, മേസ്തിരി, ബ്രോക്കര്‍,അളിയന്‍,പോലീസുകാരന്‍, മാഷ്...തുടങ്ങി പലവിധ വേഷങ്ങളിലൂടെ മുപ്പത് വര്‍ഷമായി ഹനീഫ് സിനിമയിലുണ്ട്.വര്‍ക്കിച്ചനും ബാപ്പൂട്ടിയും തങ്കപ്പനും പിന്നെ പേരില്ലാത്ത നൂറുകണക്കിന് കഥാപാത്രങ്ങളും ഹനീഫിന്റെ കൈയില്‍ ഭദ്രമായിരുന്നു.
പോയകാലത്തേക്ക് ഓര്‍മകളുടെ ശകടത്തിലേറി ഹനീഫ് വീണ്ടുമൊരു യാത്ര പോവുകയാണ്.വഴിയിലെങ്ങും പലരും കാത്തുനില്‍ക്കുന്നുണ്ട്. പല രൂപത്തിലും ഭാവത്തിലും. നോക്കൂ. ഈ വണ്ടിക്ക് ആരൊക്കെ കൈനീട്ടുന്നുണ്ടെന്ന്.
ഒറ്റയ്‌ക്കൊരു വടംവലി
എന്റെ വീടിന് അടുത്താണ് മൗലാനാ ആസാദ് സോഷ്യല്‍ കള്‍ച്ചറല്‍ സെന്റര്‍. അതിന്റെ പ്രസിഡന്റ് എന്‍.കെ. ലത്തീഫായിരുന്നു. നൂറുശതമാനം പരിശുദ്ധ ഗാന്ധിയന്‍. അദ്ദേഹത്തോട് എല്ലാവര്‍ക്കും വലിയ ബഹുമാനമായിരുന്നു. ഞാനും ചെറുപ്പത്തിലെ അദ്ദേഹത്തിനെ കണ്ടാണ് വളര്‍ന്നത്. സെന്ററുമായി ബന്ധപ്പെട്ട പരിപാടികളിലൊക്കെ ഞാന്‍ പങ്കെടുക്കുമായിരുന്നു.
ചെറുപ്പത്തില്‍ രണ്ടുതവണ എനിക്ക് മോണോ ആക്ടിന് സമ്മാനം കിട്ടിയിട്ടുണ്ട്. അന്ന് മിമിക്രി വന്നിട്ടില്ല. 1979ലാണത്. അന്നത്തെ മോണോ ആക്ടിലെ പ്രധാന ഇനമായിരുന്നു വടംവലി. ഒരു വടത്തിന്റെ അപ്പുറത്തും ഇപ്പുറത്തുമൊക്കെ ഒരാള്‍ തന്നെ നിന്നിട്ട് വലിക്കുന്നതാണ് അഭിനയിക്കുന്നത്. ഇന്ന് ഇതിലൊക്കെ എന്ത് കോമഡി എന്നു തോന്നും. ഇതിലും വലുതൊക്കെ ഇപ്പോഴത്തെ ആള്‍ക്കാര്‍ കണ്ടുകഴിഞ്ഞല്ലോ. പക്ഷേ ഇതൊന്നുമില്ലാത്ത കാലത്താണ് അതെന്ന് ഓര്‍ത്താല്‍ മതി. ഈ ഐറ്റത്തില്‍ നമ്മള്‍ കയര്‍ താഴെ നിന്നെടുക്കുന്നു. അതിന്റെ സെന്ററിന്റെ കണക്ക് പിടിക്കുന്നു. അപ്പോള്‍ കയര്‍ എയറിലുണ്ടെന്ന് തോന്നിപ്പിക്കണം. അങ്ങനെ വലിച്ച് വലിച്ച് ഒരാളുടെ കൈയില്‍നിന്ന് വിട്ടുപോവുമ്പോള്‍ വീഴണം. ആദ്യമൊക്കെ പലയിടത്തും ഞാനുമിത് കാണിച്ചിരുന്നു. അന്നത്തെ മറ്റൊരു ഇനം കൂടെയുണ്ട്. ഒരു മോഡേണ്‍ പെണ്‍കുട്ടിയുടെ ഐറ്റം.
ഈ കുട്ടി രാവിലെ എണീറ്റ് കോളേജില്‍ പോവാന്‍ റെഡിയാവുന്നതാണ് അഭിനയിക്കുന്നത്. ബാത്ത് റൂമില്‍നിന്ന് ഇറങ്ങി വരുന്നു. മുടി കെട്ടുന്നു. ബ്ലൗസിടുന്നു. സാരി ഉടുക്കുന്നു. പൊട്ടുതൊടുന്നു. അങ്ങനെ അന്നത്തെ യൂത്തിന്റെ ചില ഓവര്‍ കളികളൊക്കെ കാണിക്കുമ്പോള്‍ ഭയങ്കര കൈയടിയായിരുന്നു.
പതുക്കെ മോണോ ആക്ടില്‍ തന്നെ ആര്‍ട്ടിസ്റ്റിനെ അനുകരിക്കാന്‍ തുടങ്ങി. ഞാന്‍ നസീര്‍,മധു, മുത്തയ്യ,സത്യന്‍,രാഘവന്‍ എന്നിവരെയൊക്കെ അനുകരിച്ചാണ് മിമിക്രി തുടങ്ങിയത്.'
ആവേശമായി ഗബ്ബര്‍സിങ്
എന്റെ വീട്ടിനടുത്ത് രണ്ട് മൂന്ന് തീയേറ്ററുകളുണ്ട്. അതില്‍ സന്ധ്യ എന്ന തിയേറ്ററില്‍ കൂടുതലും ഇംഗ്ലീഷ് പടങ്ങളാണ് വരുന്നത്. മുക്കടയില്‍ സ്റ്റാര്‍ തിയേറ്ററുണ്ട്. അവിടെയാണെങ്കില്‍ ഹിന്ദി പടങ്ങളും. ഇവിടെയൊക്കെ സ്ഥിരമായി പടം കാണാന്‍ പോവും. സിനിമയിലെ ഡയലോഗ് പഠിക്കാന്‍ വേണ്ടി ഞാനൊരു പണി ചെയ്യും. ഒരു തവണ തീയേറ്ററില്‍ ചെന്ന് പടം കാണും. അടുത്ത വട്ടം അതിലെ സംഭാഷണം മനസ്സില്‍ കേറാന്‍ വേണ്ടി തിയേറ്ററിന്റെ പിന്നില്‍ പോയി നില്‍ക്കും. ഡയലോഗ് പഠിക്കാന്‍ അതേ മാര്‍ഗമുള്ളൂ. ഈ സമയത്താണ് ഷോലെ റിലീസാവുന്നത്. അതില്‍ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ വില്ലന്‍ ഗബ്ബര്‍സിങ് (അംജദ്ഖാന്‍) അവതരിക്കുകയാണ്......ഇത് ഞങ്ങള്‍ യുവാക്കളെ ആവേശം കൊള്ളിച്ചു. അന്ന് എനിക്ക് ഹിന്ദി അത്ര വശമില്ല. പക്ഷേ എന്റെ ഫാദര്‍ അത്യാവശ്യം ഹിന്ദി പറയുമായിരുന്നു. ഫാദറിന്റെ കട നില്‍ക്കുന്ന സ്ഥലത്ത് കപ്പലില്‍നിന്ന് ആളുകള്‍ പര്‍ച്ചേസിന് വരും. അതില്‍ ചില ഷിപ്പൊക്കെ ഒരുമാസം കിടക്കാറുണ്ട്. അങ്ങനെ ഒരു ഷിപ്പില്‍ വന്നൊരാളെ ഞാന്‍ പരിചയപ്പെട്ടു. അയാള്‍ എനിക്ക് ഷോലെയിലെ ഡയലോഗ് പറഞ്ഞുതന്നു. അത് ഞാന്‍ മലയാളത്തില്‍ എഴുതിയെടുത്തു. ആറുമിനിറ്റ് നീണ്ടൊരു ഡയലോഗാണ്. അങ്ങനെ ഡയലോഗ് പഠിച്ചെടുത്തു. ഈ ഐറ്റം കൊച്ചിയിലെ ഇല്ലിക്കല്‍ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അവതരിപ്പിച്ചു. ഭയങ്കര കൈയടിയും ബഹളവുമായിരുന്നു. അന്ന് കേരളത്തില്‍ മിമിക്രിക്കാര്‍ കുറവായിരുന്നു. ഒരു ഏരിയയില്‍ എവിടെയെങ്കിലും ഒരാള്‍ കാണും. അങ്ങനെ കൊച്ചിയില്‍ പല അമ്പലങ്ങളിലും ഞാന്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. അവിടെയൊക്കെ ഷോലെയായിരുന്നു എന്റെ പ്രധാന ഐറ്റം. എല്ലായിടത്തും അതെടുത്ത് അലക്കി.
അന്നേ പ്രൊഫഷണല്‍ ലൈനില്‍ പോവുന്നൊരാളാണ് സൈനുദ്ദീന്‍. എന്റെ വീട്ടില്‍നിന്ന് രണ്ടര കിലോമീറ്റര്‍ ദൂരെയാണ് താമസമെങ്കിലും എനിക്ക് പുള്ളിയെ യാതൊരു പരിചയവുമില്ലായിരുന്നു. ഒരു ദിവസം ഒരു പയ്യന്‍ എന്റെ വീട്ടില്‍ വന്നിട്ട് പറഞ്ഞു. 'സൈനുദ്ദീന്‍ ഇക്കായ്ക്ക് നിങ്ങളെയൊന്ന് കാണണം.' സൈനുദ്ദീന്‍ എന്നെ വിളിപ്പിക്കുകയെന്നത് വലിയൊരു സംഭവമാണ്. ഞാനങ്ങോട്ട് പറന്നുചെന്നു. അപ്പോള്‍ സൈനുദ്ദീന്റെ ഡയലോഗ്.
'ഒരു പരിപാടി വന്നിട്ടുണ്ട്. നമുക്ക് ഒന്നിച്ച് നിന്നാലോ'ആദ്യം എനിക്ക് പേടിയാണ് തോന്നിയത്. ഇയാള്‍ ഭയങ്കര പുലിയാണ്. ഇങ്ങേരുടെ കൂടെയൊക്കെ എനിക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റുമോ എന്നായിരുന്നു സംശയം. പക്ഷേ രണ്ടുംകല്‍പിച്ച് ഞാന്‍ തലയാട്ടി. അപ്പോള്‍ പുള്ളി നാല് ഐറ്റം പറഞ്ഞുതന്നു. അതിലൊന്നായിരുന്നു രാജകൊട്ടാരത്തിലെ കള്ളന്‍. അത് ഞങ്ങള്‍ ഒരുമിച്ച് പരിശീലിച്ചു. അങ്ങനെ ഞങ്ങള്‍ സെറ്റായി.
ഗോവിന്ദന്‍കുട്ടിയും ശത്രുഘ്‌നന്‍ സിന്‍ഹയും
ഇതിനിടയ്ക്കാണ് പള്ളുരുത്തി എസ്.എന്‍.ഡി. പി യോഗത്തിന്റെ സുവര്‍ണജൂബിലി ആഘോഷം വന്നത്. അതില്‍ ഒരു ദിവസം മിമിക്രി നൈറ്റായിരുന്നു പരിപാടി. അന്ന് കലാഭവനിലുള്ള അന്‍സാര്‍, പ്രസാദ്, സിദ്ദിഖ്, ലാല്‍ തുടങ്ങിയവരൊക്കെ അതില്‍ പേരുകൊടുത്തിട്ടുണ്ട്. ഞാനും അതില്‍ പേരുകൊടുത്തു. ഞാന്‍ ഒറ്റയ്ക്കാണ് പങ്കെടുക്കുന്നത്. അതിന് പോവാന്‍ വേണ്ടി വീട്ടില്‍നിന്ന് ഇറങ്ങിയപ്പോള്‍ പെട്ടെന്ന് ഒരാള്‍ വന്ന് സ്‌കൂട്ടര്‍ നിര്‍ത്തി. അയാള്‍ സ്വയം പരിചയപ്പെടുത്തി. 'ഞാന്‍ റഹ്‌മാന്‍. നമുക്ക് ഇന്ന് ഒരുമിച്ച് സ്റ്റേജില്‍ കേറിയാലോ' ഞാന്‍ ആദ്യമൊന്ന് ഞെട്ടി. 'ഇതിപ്പോ പെട്ടെന്ന് പറഞ്ഞാലെങ്ങനെയാ.രണ്ടാളും രണ്ട് രീതിയിലല്ലേ പഠിച്ചുവെച്ചത്.'പക്ഷേ പുള്ളിക്ക് പ്രതീക്ഷയുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ സംസാരിച്ച് ഒരു ധാരണയിലെത്തി. ഒരുമിച്ച് സ്റ്റേജില്‍ കേറാം,പക്ഷേ കാണിക്കുന്നത് രണ്ടും രണ്ടായിട്ട് തന്നെ. അങ്ങനെ ഞങ്ങള്‍ പള്ളുരുത്തിയിലേക്ക് പുറപ്പെട്ടു. പോവുന്ന വഴിക്ക് ഞാന്‍ പറഞ്ഞു. 'റഹ്‌മാനെ നമുക്ക് ഒരു ഐറ്റം രണ്ടാക്കാം.'അന്നത്തെ ടോപ്പ് വില്ലന്‍മാരാണ് മലയാളത്തില്‍ ഗോവിന്ദന്‍കുട്ടിയും ഹിന്ദിയില്‍ ശത്രുഘ്‌നന്‍ സിന്‍ഹയും. ഇവര്‍ രണ്ടുപേരും ഒരുവേദിയില്‍ കണ്ടുമുട്ടുന്നു. രണ്ടുപേരുടെയും ടോണ്‍ വ്യത്യസ്തമാണ്. അത് സ്റ്റേജില്‍ ഭയങ്കര രസമാവും.' ഞങ്ങളുടെ ആ പരിപാടി ആളുകള്‍ക്ക് ഇഷ്ടമായി. ഞാനിതും ചെയ്ത് വീട്ടില്‍ പോന്നു. സിദ്ദിഖും ലാലും റഹ്‌മാനുമൊക്കെ അന്നേ വലിയ സുഹൃത്തുക്കളാണ്. അവര്‍ ഒരുമിച്ചിരുന്ന് ഇതൊരു മിമിക്‌സ് പരേഡ് ആക്കാമെന്ന് തീരുമാനിച്ചു. അവിടെനിന്നാണ് മിമിക്‌സ് പരേഡിന്റെ ഐഡിയ വരുന്നത്.
തുടര്‍ന്ന് സിദ്ദിഖ്, ലാല്‍, അന്‍സാര്‍ ,പ്രസാദ്, റഹ്‌മാന്‍, വര്‍ക്കിച്ചന്‍ പേട്ട എന്നിവരെല്ലാം ചേര്‍ന്ന് ട്രൂപ്പുണ്ടാക്കി. അപ്പോഴേക്കും ജോലി ആവശ്യത്തിന് ഖത്തറില്‍ പോയ സൈനുദ്ദീനും തിരിച്ചെത്തി അതില്‍ ചേര്‍ന്നിരുന്നു. കുറച്ചുകഴിഞ്ഞ് സൈനുദ്ദീന്‍ എന്നെ ഉപദേശിച്ചു.'എടാ ഗാനമേളയുടെ ഇടവേളയ്ക്ക് മിമിക്രിയുണ്ട്. ആ ഗ്യാപ്പില്‍ കേറിയാല്‍ നിനക്ക് പതുക്കെ പരേഡിലേക്ക് വരാം.' അങ്ങനെ ചെല്ലുമ്പോള്‍ എനിക്ക് പാര്‍ട്ട്ണറായി് കിട്ടിയത് അശോകനെയാണ്. അതെ,ഇന്നത്തെ ഹരിശ്രീ അശോകന്‍തന്നെ. അന്നത്തെ ഗാനമേളകള്‍ മൂന്നുമണിക്കൂറാണ്. അതില്‍ ഏത് മുഹമ്മദ് റാഫി വന്ന് പാടിയാലും അഞ്ചാറ് പാട്ടുകഴിയുമ്പോഴേക്കും ആളുകള്‍ക്ക് കോട്ടുവാ വരും. ആ സമയത്താണ് ഞങ്ങളുടെ എന്‍ട്രി. ഞങ്ങള്‍ കേറി അര മണിക്കൂര്‍ പരിപാടി അവതരിപ്പിക്കും. അതോടെ ഉറങ്ങുന്നവനൊക്കെ പൊടി തട്ടി എണീക്കും. അശോകനും ഞാനും കൂടെ അത് ശരിക്കും ആസ്വദിച്ച് അവതരിപ്പിച്ചു.അത് ക്ലിക്കായി.
അന്ന് അശോകന്‍ ടെലിഫോണ്‍സില്‍ വര്‍ക്ക് ചെയ്യുന്നതിനാല്‍ എപ്പോഴും ലീവ് കിട്ടില്ല. ആ സമയത്ത് എന്റെ ഒപ്പം പരിപാടിക്കുവരുന്നത് ചേലക്കുളത്തുള്ള റഹ്‌മാനാണ്. റഹ്‌മാനെ ഞങ്ങള്‍ മാട്ട എന്നാണ് വിളിക്കുന്നത്. മാട്ട എന്നാല്‍ കലാഭവന്‍ അറിയാതെ എല്ലാ അമ്പലങ്ങളിലും സ്വകാര്യമായി പരിപാടി അവതരിപ്പിക്കുന്നതാണ്. കള്ളട്രിപ്പ് തന്നെ. അങ്ങനെ പെരുമ്പാവൂര്‍, മൂവാറ്റുപുഴ ഭാഗങ്ങളൊക്കെ കസ്റ്റഡിയില്‍ എടുത്ത് ഞങ്ങള്‍ പരിപാടി അവതരിപ്പിച്ചു.
ഒരു ദിവസം റഹ്‌മാന്‍ പറഞ്ഞു. നാളെ പെരുമ്പാവൂരിലൊരു പരിപാടിയുണ്ട്. നമ്മള്‍ രണ്ടുപേരും അശോകനെയും കൂട്ടി പോവും. വഴിയില്‍നിന്ന് ഒരാള്‍ കൂടെ നമ്മുടെ കൂടെ കേറും' അപ്പോള്‍ അശോകന്‍ ചോദിച്ചു. 'ഇതിപ്പോ നമ്മളൊരു പ്രോഗ്രാം പിടിച്ചിട്ട് അതിനിടയില്‍ വേറെ ഒരാള്‍ കൂടെ കേറിയാല്‍ കേരളം മുഴുവന്‍ മിമിക്രി ആര്‍ട്ടിസ്റ്റുമാരായി മാറില്ലേ.'റഹ്‌മാന്‍ വെറുതെ ചിരിച്ചു. എന്തായാലും അത് വേറൊരു മാട്ടയാവുമെന്ന് ഉറപ്പിച്ച് ഞങ്ങള്‍ പിറ്റേന്ന് യാത്ര പുറപ്പെട്ടു.
അങ്ങനെ ഞങ്ങള്‍ പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡില്‍ ചെന്നിറങ്ങി. ഒരു വീടിന് മുന്നില്‍ ചെറിയൊരു പെട്ടിക്കട. അവിടെ വെളുത്ത് സുമുഖനായ ഒരാള്‍ ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ട്. അയാള്‍ നമസ്‌കാരം പറഞ്ഞ് ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്നിട്ട് അല്‍പം കനമുള്ള ശബ്ദത്തില്‍ പരിചയപ്പെടുത്തി.' എന്റെ പേര് ജയറാം.' ആളെ കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ഇഷ്ടമായി. നമുക്ക് ചേരുന്നൊരാള്‍. അങ്ങനെ ഞങ്ങള്‍ നേരെ ജയറാമിന്റെ വീട്ടില്‍ ചെന്നു. അവിടെ അടുത്തുള്ള ശിവന്റെ അമ്പലത്തിലാണ് പ്രോഗ്രാം. വീട്ടില്‍ ചെന്ന ഉടനെ ജയറാമിന്റെ സഹോദരന്‍ വെങ്കിട്ടരാമന്‍ വന്നു. 'ഹനീഫല്ലേ. നിങ്ങള്‍ ആ നെടുമുടി വേണുവിന്റെ ശബ്ദം ഒന്നെടുക്കണം.'അപ്പോള്‍ ജയറാം പരുങ്ങി. 'ചേട്ടാ വന്ന ആളൊന്ന് ഇരിക്കട്ടെ.എന്നിട്ടാവാം'.അവിടെ നിന്ന് ഞങ്ങളുടെ സൗഹൃദം വികസിക്കുകയായിരുന്നു. കുറെ നാള്‍ ഞങ്ങള്‍ നാലുപേരും ചേര്‍ന്ന് ഒരുപാട് സ്റ്റേജുകളില്‍ കേറി. കലാഭവനില്‍ പരിപാടിയില്ലാത്ത ദിവസങ്ങളില്‍ ഞങ്ങള്‍ മാട്ടയുമായി ഇറങ്ങും. സില്‍ക്ക് ജുബ്ബയും കറുത്ത പാന്റുമാണ് അന്നത്തെ ഞങ്ങളുടെ വേഷം. ഇതിട്ടോണ്ട് കള്ളനാവാം, കൊള്ളക്കാരനാവാം.നായകനാവാം,കാമുകനാവാം. അങ്ങനെ അരങ്ങില്‍ ഒരുപാട് വേഷങ്ങള്‍ കെട്ടി.'
കലാഭവനും ഹരിശ്രീയും കല്യാണവും
അന്ന് പരിപാടികളില്ലാത്ത ദിവസങ്ങളില്‍ ഞങ്ങള്‍ പരസ്പരം ഫോണ്‍ വിളിക്കും. സൗഹൃദത്തിന്റെ കാലമായിരുന്നു അത്. അന്ന് ജയറാമിന്റെ വീട്ടിലേക്ക് വിളിക്കാന്‍ 2567 എന്നൊരു നമ്പറാണ്. ഞങ്ങള്‍ മട്ടാഞ്ചേരി പോയി ട്രങ്ക് ബുക്ക് ചെയ്യും. എന്നിട്ട് വെയ്റ്റ് ചെയ്യും. ജയറാമിനെ കിട്ടിയാല്‍ മാത്രം കാശ് കൊടുത്താല്‍ മതി. അശോകന്‍ അന്ന് വര്‍ക്ക് ചെയ്യുന്നത് എന്റെ വീടിന് തൊട്ടടുത്തുള്ള ടെലിഫോണ്‍ ഓഫീസിലാണ്. അശോകന്‍ രാവിലെ അവിടെ ഒപ്പിട്ട് ചെറിയ പണിയൊക്കെ തീര്‍ത്ത് നേരെ എന്റെ വീട്ടിലേക്ക് വരും. പിന്നെ ഞങ്ങള്‍ വലിയ ചര്‍ച്ചകളാണ്.
അപ്പോഴേക്കും സൈനുദ്ദീന്റെ മിമിക്‌സ് പരേഡ് ഉഷാറായി മുന്നേറുന്നുണ്ട്. കലാഭവനിലെ പരേഡില്‍ പുതിയ ആളുകള്‍ കേറി വരികയും ചെയ്തു. ഇതിനിടെ സിദ്ദിഖ്, ലാല്‍, എന്‍.എഫ്. വര്‍ഗീസ്, അശോകന്‍ എന്നിവര്‍ക്കെല്ലാം കലാഭവനില്‍നിന്ന് പോവേണ്ട അവസ്ഥ വന്നു. സമാനദുഖിതരെല്ലാം കൂടെ ഒന്നായി. അങ്ങനെയാണ് ഹരിശ്രീ ഉണ്ടാക്കുന്നത്. കലാഭവനിലെ ഏറ്റവും നല്ല ടീം ഹരിശ്രീയിലേക്ക് മാറി. കലാഭവനില്‍ സൈനുദ്ദീന്‍, അന്‍സാര്‍, പ്രസാദ്, രവി പറവൂര്‍ തുടങ്ങിയവരൊക്കെ സജീവമായി. അതോടെ മത്സരം ഹരിശ്രീയും കലാഭവനും തമ്മിലായി. രണ്ടു ട്രൂപ്പുകളും തകര്‍ത്തു. കേരളമെങ്ങും ചിരിനിറഞ്ഞു. അപ്പോഴേക്കും എന്റെ കല്യാണമായി. മനസ്സില്ലാ മനസ്സോടെ എനിക്ക് ഈ പരിപാടികളെല്ലാം നിര്‍ത്തേണ്ടി വന്നു. പിന്നെ എറണാകുളത്തെ ഒരു കമ്പനിയില്‍ ഓര്‍ഡര്‍ കാന്‍വാസ് ചെയ്യുന്ന ജോലി കിട്ടി. ഞാനതുമായിട്ട് നടന്നു. ഇതിനിടയ്ക്ക് ജയറാം സിനിമയില്‍ കയറി.
പൊസിഷനില്‍നിന്ന് ഇറങ്ങാന്‍ എനിക്ക് ഇഷ്ടമല്ല
സൈനുദ്ദീനുമായുള്ള സൗഹൃദം അപ്പോഴും മുറിഞ്ഞിട്ടില്ല. കാരണം എന്റെ അയല്‍വാസി കൂടെയാണല്ലോ അവന്‍. ഇടയ്ക്ക് അവന്റെ അടുക്കല്‍ പോയി തിരിച്ച് വരുമ്പോള്‍ ഞാന്‍ ഒന്ന് ചാര്‍ജാവും. ഒടുക്കത്തെ ഹ്യൂമര്‍സെന്‍സാണ്. ഞാന്‍ ഇടയ്ക്ക് അവനോട് പറയാറുണ്ട് 'നീ ഒരു നമ്പൂതിരിയായിട്ട് ജനിക്കേണ്ടതായിരുന്നുവെന്ന്.' സൈനുദ്ദീന്റെ രൂപമൊക്കെ അങ്ങനെയാണ്. ഷര്‍ട്ടൊക്കെ അഴിച്ച് ചാരിയിങ്ങനെ മലര്‍ന്നുകിടക്കും. ഞാന്‍ സൈക്കിളില്‍ വലിഞ്ഞ് വിയര്‍ത്തുകുളിച്ച് അവന്റെ വീട്ടില്‍ ചെല്ലുമ്പോഴുള്ള കാഴ്ചയാണിത്. ഇത്തിരി വെള്ളം വേണം കുടിക്കാന്‍ എന്ന് പറഞ്ഞാല്‍ അപ്പോ അവന്‍ പറയും.'നീയാ അടുക്കളയില്‍ പോയി എടുത്തു കുടിക്കെടാ' എന്ന്. നീയെന്ത് പരിപാടിയാടാ കാണിക്കുന്നത്, ഞാന്‍ നിന്റെ വീട്ടില്‍ വന്നതല്ലേ എന്നുചോദിച്ചാല്‍ കിട്ടുന്ന മറുപടി ഇങ്ങനെ 'എടാ ഞാനിവിടെ ഒരു പൊസിഷനില്‍ കിടക്കുകയാണ്. ഒരു പൊസിഷനില്‍നിന്ന് ഒരാളെ ഇറക്കാന്‍ എനിക്ക് ഒരിക്കലും ഇഷ്ടമല്ല' അതോടെ നമ്മുടെ കാറ്റുപോവും.
അല്പം കഴിഞ്ഞ് സൈനുദ്ദീന്‍ ജീജോയുടെ പടത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ട് കേറി. പിന്നീട് കാണലുകളും ബന്ധങ്ങളുമൊക്കെ കുറഞ്ഞു. സൈനുദ്ദീന്‍ കാക്കനാട്ടേക്ക് വീടുമാറി. അതോടെ ഞാന്‍ ഒറ്റയ്ക്കായി.
അപ്പോഴാണ് മെക്കാര്‍ട്ടിനും റാഫിയും വരുന്നത്. ഞാന്‍ അവരുടെ കൂടെ പോവാന്‍ തുടങ്ങി. ഞങ്ങളൊരുപാട് പ്രോഗ്രാം നടത്തി. ഒരിക്കല്‍ റാഫി എന്നോട് പറഞ്ഞു. 'എനിക്കൊരു കഥയുടെ ത്രെഡ് കിട്ടിയിട്ടുണ്ട്. അത് നമുക്കൊരു വീഡിയോ ഫിലിം പോലെ എടുക്കാം. അതിന് നമുക്കൊരു കാമറ വേണം, ഇത്തിരി ചില്ലറ വേണം. ഇതൊക്കെ എവിടുന്ന് കിട്ടും' ഞങ്ങളതിന് വേണ്ടി കുറെ അലഞ്ഞു. പക്ഷേ ഒന്നും നടന്നില്ല.
റാഫി അന്നേ 'സൈലന്റ് വാലി'യാണ്. അധികം സംസാരിക്കില്ല. പക്ഷേ സ്റ്റേജില്‍ കേറിയാല്‍ പുലിയാവും. കണ്ടാല്‍ ഇടതുപക്ഷ യുവപ്രവര്‍ത്തകനെപ്പോലെയാണ്. അലസമായ താടി, ചീകാതെ ഇട്ടിരിക്കുന്ന മുടി,ബോധപൂര്‍വമുള്ള അബോധാവസ്ഥ. ഇതൊക്കെ റാഫി അന്നേ സൂക്ഷിക്കുന്നുണ്ട്. അങ്ങനെ വീഡിയോ ഫിലിമിനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ റാഫി അടുത്ത ആലോചന തുടങ്ങി.'നമുക്കിത് സിനിമയാക്കിയാലോ.'
മുകേഷിന്റെ കല്യാണവും റാഫിയുടെ അരങ്ങേറ്റവും
അപ്പോഴേക്കും ഞാന്‍ 'ചെപ്പുകിലുക്കണ ചങ്ങാതി' യില്‍ അഭിനയിച്ചിരുന്നു. അതില്‍ എനിക്ക് ചാന്‍സ് വാങ്ങിതന്നത് യേശുദാസിന്റെ ഗിറ്റാറിസ്റ്റ് സതീഷാണ്. പുള്ളി എപ്പോഴും ചോദിക്കും ഹനീഫ് എന്താണ് സിനിമയില്‍ ട്രൈ ചെയ്യാത്തതെന്ന്. ഞാന്‍ തിരിച്ച് ചോദിക്കും 'എന്താ എന്നെ കളിയാക്കുകയാണോ' . ഒരു ദിവസം ഫോണ്‍ ചെയ്തിട്ട് സതീഷ് പറഞ്ഞു, പെട്ടെന്ന് ഓര്‍ക്കിഡ് ഹോട്ടലിലേക്ക് വരണമെന്ന്. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ സംവിധായകന്‍ കലാധരന്‍ ഇരിക്കുന്നുണ്ട്. എന്നെക്കുറിച്ച് മനസ്സിലുണ്ടായിരുന്നത് മുഴുവന്‍ സതീഷ് അവിടെ പറഞ്ഞിട്ടുണ്ട്. അങ്ങനെ ചെപ്പുകിലുക്കണ ചങ്ങാതിയില്‍ മുകേഷിന്റെ കൂടെ അത്യാവശ്യം ഡയലോഗൊക്കെയുള്ളൊരു പോലീസുകാരനായി ഞാന്‍. അതിന്റെ ഷൂട്ടിങ്ങിന് ഇടയ്ക്കായിരുന്നു മുകേഷിന്റെ വിവാഹവാര്‍ഷികം. അന്ന് ഓര്‍ക്കിഡ് ഹോട്ടലിന്റെ മുകളിലൊരു പാര്‍ട്ടി ഉണ്ടായിരുന്നു. ഞാന്‍ കലച്ചേട്ടനോട് ചോദിച്ചു. 'എന്റെ കൂടെ രണ്ടുപേര്‍ കൂടെയുണ്ട്. നമുക്ക് ഇവിടെയൊരു പ്രോഗ്രാം പോലെ വെച്ചാലോ' അതിനെന്താ. നമുക്കിത് കൊഴുപ്പിക്കാമെന്നായി കലച്ചേട്ടന്‍. അങ്ങനെ റാഫിയും മന്‍സൂറും കൂടെ വന്നു. പക്ഷേ അവിടെ പ്രസംഗവും പാട്ടുമൊക്കെ കഴിഞ്ഞപ്പോള്‍ മിമിക്രിക്കുള്ള ഗ്യാപ് കിട്ടുന്നില്ല. അതിനിടയില്‍ ഞാന്‍ ഒരു കാര്യം ഒപ്പിച്ചു. റാഫിയെ കലാധരന് പരിചയപ്പെടുത്തി. സാധനം (തിരക്കഥ) കൈയിലുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു.
പിന്നീട് ഒരു ദിവസം കലാധരന്‍ ഞങ്ങളെ വിളിപ്പിച്ചു. ഞങ്ങള്‍ നേരെ ബിടിഎച്ചില്‍(ഭാരത് ടൂറിസ്റ്റ് ഹോം) ചെന്നു. അവിടെ സെവന്‍ ആര്‍ട്‌സ് വിജയകുമാറും കലച്ചേട്ടനുമുണ്ട്. റാഫി അവരോട് കഥ പറഞ്ഞുതുടങ്ങി. കഥ കേട്ട് ചിരി വന്ന് കലച്ചേട്ടന്‍ പല തവണ ടര്‍ക്കി ടവ്വലെടുത്ത് മുഖം തുടയ്ക്കുന്നതൊക്കെ ഞാന്‍ കാണുന്നുണ്ട്. ഒടുവില്‍ പുള്ളി വിവരം പറയാമെന്ന് പറഞ്ഞു. ഞങ്ങള്‍ പുറത്തേക്കിറങ്ങി. അപ്പോ കലച്ചേട്ടന്‍ എന്നെ അകത്തേക്ക് വിളിച്ചു. 'ഇത് സൂപ്പര്‍ സാധനമാണ്. പക്ഷേ തിരക്കഥ ശ്രിനിയേട്ടന്‍ (ശ്രീനിവാസന്‍) എഴുതും. സെവന്‍ ആര്‍ട്‌സ് നിര്‍മാണം.' ആ കാലത്തെ വലിയ ടീമാണ്. ബാക്കി കാര്യങ്ങളെങ്ങനെയാണെന്ന് ചോദിച്ചു. ഞാനിക്കാര്യം റാഫിയോട് പറഞ്ഞു. പക്ഷേ റാഫി ഒരു കണക്കിനും സമ്മതിക്കുന്നില്ല. 'മുഴുവന്‍ സ്‌ക്രിപ്റ്റും എനിക്ക് ചെയ്യണം. അല്ലേല്‍ വേണ്ട.'അതായിരുന്നു റാഫിയുടെ തീരുമാനം. എന്തായാലും അതൊരു നല്ല തീരുമാനമായിരുന്നുവെന്ന് പിന്നീട് എനിക്ക് മനസ്സിലായി. ആ പടം കെ.ടി. കുഞ്ഞുമോനാണ് നിര്‍മിച്ചത്. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. മിസ്റ്റര്‍ ആന്‍ഡ് മിസിസ്. അതോടെ അവര്‍ സിനിമയിലങ്ങ് കേറിപ്പോയി. ഞാന്‍ വീണ്ടും തനിച്ചായി.
അന്ന് സിനിമയില്‍ ഒരുപാട് മിമിക്രിക്കാര്‍ വന്ന് സീറ്റ് പിടിക്കുന്ന സമയമാണ്. അതിന്റെയൊരു ആനുകൂല്യം എനിക്കും കിട്ടി. ചാഞ്ചാട്ടം,നെറ്റിപ്പട്ടം,മലപ്പുറം ഹാജി തുടങ്ങി ഒരുപാട് സിനിമകള്‍ എന്നെയും തേടിവന്നു.
സിനിമാകരിയര്‍ നോക്കിയാല്‍ ഞാന്‍ അപ്പോഴും വണ്ടി സൈഡ് കൊടുത്ത് പോവുന്ന പോലെയാണ് പോയത്. നമ്മളാരെയും തടഞ്ഞുനിര്‍ത്തിയിട്ടില്ല. എല്ലാവര്‍ക്കും വശം ഒതുങ്ങിക്കൊടുത്തുകൊണ്ട് നമ്മുടെതായ വേഗത്തില്‍ ഓടുകയായിരുന്നു. അതുകൊണ്ട് മനസ്സമാധാനമുണ്ട്. ഇതുവരെ വലിയ അപകടത്തിലൊന്നും പെട്ടിട്ടില്ല.'കലാഭവന്‍ ഹനീഫ് സംതൃപ്തനാണ്.
സംസാരം വീണ്ടും പറക്കും തളികയിലെത്തി.'അതില്‍ കുഴപ്പമില്ലാത്ത വേഷമായിരുന്നു. മറ്റു പല സിനിമകളിലും ചേരുംപടി ചേര്‍ക്കുംപോലെയായിരുന്നു. അധികം പെര്‍ഫോം ചെയ്യാനുള്ള അവസരമില്ലാതെ പോയി. എന്നാലും ഞാന്‍ കാത്തിരിക്കുന്നുണ്ട്. അഭിനയിച്ചുതകര്‍ക്കാനുള്ളൊരു 'വേഷത്തിനായി'വരും,വരാതിരിക്കില്ല.
Content Highlights: Actor Kalabhavan Haneef shares his acting life experiences