മോനിഷയെ മലയാള സിനിമയില്‍ അടയാളപ്പെടുത്തിയ 'മഞ്ഞള്‍പ്രസാദം'


2 min read
Read later
Print
Share

ഇളം തെന്നലായി മലയാളിയുടെ ഹൃദയത്തെ തഴുകി കടന്നുപോയ മോനിഷ ഓര്‍മ്മയായിട്ട് 29 വര്‍ഷം കഴിഞ്ഞിരിക്കുന്നു

Monisha

ഇളം തെന്നലായി മലയാളിയുടെ ഹൃദയത്തെ തഴുകി കടന്നുപോയ മോനിഷ ഓര്‍മ്മയായിട്ട് 29 വര്‍ഷം കഴിഞ്ഞിരിക്കുന്നു...മോനിഷയെ മലയാള സിനിമയില്‍ അടയാളപ്പെടുത്തിയ ഗാനം പിറന്ന കഥ നഖക്ഷതങ്ങളുടെ സംവിധായകന്‍ ഹരിഹരന്റെ ഓര്‍മ്മയില്‍....

ബോംബെ രവി എന്ന് മലയാളികള്‍ സ്‌നേഹപൂര്‍വ്വം വിളിച്ച രവിശങ്കര്‍ ശര്‍മയായിരിക്കണം ഹരിഹരന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ചത്. നഖക്ഷതങ്ങള്‍, പഞ്ചാഗ്‌നി, വടക്കന്‍ വീരഗാഥ, സര്‍ഗം, പരിണയം, മയൂഖം ...രവിയും ഹരിഹരനും ഒന്നിച്ച പടങ്ങളെല്ലാം മികച്ച ഗാനങ്ങളാല്‍ സമൃദ്ധമായിരുന്നു.

'രവിയെ ചൗദ് വീ കാ ചാന്ദ് എന്ന ഗാനത്തിലൂടെ കുട്ടിക്കാലം മുതലേ അറിയാം. ഹിന്ദിയില്‍ മറ്റു പല സംഗീത സംവിധായകരുമായി തട്ടിച്ചു നോക്കുമ്പോള്‍ അത്രയേറെ പടങ്ങളൊന്നും ചെയ്തിട്ടില്ല. പക്ഷെ ചെയ്ത പാട്ടുകള്‍ ഭൂരിഭാഗവും ഇന്നും നമ്മള്‍ ഓര്‍ക്കുന്നു -- 'ദില്ലി കാ തഗ്ഗി'ലെ യേ രാതേ യെ മൌസം നദി കാ കിനാരാ, 'ഉസ്താദോം കേ ഉസ്താദി'ലെ സൌ ബാര്‍ ജനം ലേംഗേ, 'ഹംറാസി'ലെ നീലേ ഗഗന്‍ കേ തലേ ...എല്ലാം എന്റെ ഇഷ്ടഗാനങ്ങള്‍. രവിയെ സംഗീത സംവിധായകനായി കൊണ്ടുവന്നാലോ എന്ന് ആദ്യം ആരാഞ്ഞത് എം ടിയോടാണ്. എം ടിക്ക് പൂര്‍ണ്ണ സമ്മതം. മുംബൈയില്‍ വെച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. ട്യൂണിട്ട് പാട്ടെഴുതുന്ന രീതിയല്ല തന്റേതെന്ന് തുടക്കത്തില്‍ തന്നെ വ്യക്തമാക്കി അദ്ദേഹം. വരികള്‍ ആദ്യം കിട്ടണം. അര്‍ഥം അറിയണം. കഥാപശ്ചാത്തലം വിവരിച്ചു കേള്‍ക്കണം...എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.''

'നഖക്ഷതങ്ങളി'ലെ മഞ്ഞള്‍ പ്രസാദം ആണ് രവി ആദ്യം ചിട്ടപ്പെടുത്തിയതെന്നോര്‍ക്കുന്നു ഹരിഹരന്‍. 'ഒഎന്‍ വി പല തവണ മാറ്റിയെഴുതിയ പാട്ടാണത്. സ്വയം തൃപ്തി തോന്നാതെ വീണ്ടും വീണ്ടും എഴുതുകയായിരുന്നു. ആദ്യമെഴുതിയത് മനോഹരമായ കവിത തന്നെ. പക്ഷെ സിനിമയില്‍ ആ കവിതയുടെ രചയിതാവായി വരുന്ന വിനീതിന്റെ കഥാപാത്രം പത്താം ക്ലാസുകാരനാണ്. ബാലപംക്തിയില്‍ എഴുതുന്ന ആ പതിനഞ്ചു വയസ്സുകാരന്റെ കഴിവിനും ഭാവനക്കും ഒത്ത ഗാനമേ അവിടെ വേണ്ടൂ. ഉള്ളിലെ മഹാകവിയെ ബോധപൂര്‍വം മാറ്റിനിര്‍ത്തി ഒരു ഗ്രാമീണബാലനായി മാറിയാണ് ഒഎന്‍വി മഞ്ഞള്‍ പ്രസാദം എഴുതിയത് എന്നു തോന്നിയിട്ടുണ്ട്. അത്രയും ലളിതവും സുന്ദരവുമാണ് ആ രചന.''

വരികള്‍ എഴുതിക്കിട്ടിയപ്പോള്‍ രവി ആദ്യം അന്വേഷിച്ചത് ഗാനത്തിന്റെ ലൊക്കേഷനായ ഗുരുവായൂരിനെ കുറിച്ചാണ്. അവിടത്തെ അന്തരീക്ഷം എങ്ങനെ എന്ന് അറിയണം അദ്ദേഹത്തിന്. 'ഉടനെ അസിസ്റ്റന്റ് ഡയറക്റ്റര്‍ ശ്രീക്കുട്ടനെ വിളിച്ചു വരുത്തി ഗുരുവായൂരിലേക്ക് അയച്ചു ഞാന്‍. ക്ഷേത്ര പരിസരത്തെ മുഴുവന്‍ ശബ്ദങ്ങളും ഒരു ദിവസം മുഴുവന്‍ ഇരുന്നു ടേപ്പ് റെക്കോര്‍ഡറില്‍ പകര്‍ത്തി ശ്രീക്കുട്ടന്‍. നട തുറക്കുന്നത് മുതല്‍ അടയ്ക്കും വരെയുള്ള ശബ്ദങ്ങള്‍ മുഴുവന്‍ ശ്രദ്ധിച്ചു കേട്ട ശേഷമാണു രവി കമ്പോസിംഗ് തുടങ്ങിയത്.''

ഒരു രഹസ്യം കൂടി പങ്കുവെക്കുന്നു ഹരിഹരന്‍. 'ഞാന്‍ ഉദ്ദേശിക്കുന്ന പാട്ടിന്റെ മൂഡ് എങ്ങനെ ആവണം എന്ന് നേരത്തെ അന്വേഷിച്ചറിയാറുണ്ട് രവിജി. നമ്മുടെ ഓര്‍മ്മയില്‍ നിന്ന് ഏതെങ്കിലും പാട്ട് മാതൃകയായി നിര്‍ദേശിക്കാം. മഞ്ഞള്‍ പ്രസാദത്തിനു വേണ്ടി ഞാന്‍ നിര്‍ദേശിച്ച ഗാനം രവി തന്നെ ഗുംറാ എന്ന പടത്തിനു വേണ്ടി ചെയ്തതായിരുന്നു -- ആജാ ആജാരെ തുജ്‌കോ മേരെ പ്യാര്‍ പുകാരേ... ആ പാട്ടിന്റെ ഘടനയും മൂഡും മനസ്സില്‍ കണ്ടു ചിട്ടപ്പെടുത്തിയ പാട്ടായിരുന്നു മഞ്ഞള്‍പ്രസാദം.

മോനിഷയുടെ നിഷ്‌കളങ്കമുഖം ഹരിഹരന്റെ മനസ്സില്‍ തെളിയും ആ പാട്ട് കേള്‍ക്കുമ്പോള്‍. നിശ്ശബ്ദമായ ഒരു ഗദ്ഗദത്തോടെയല്ലാതെ ആ ഗാനരംഗം കണ്ടുതീര്‍ക്കാന്‍ കഴിയാറില്ല ഇന്നും. വരികളും ഈണവും ചിത്രയുടെ ആലാപനവും മോനിഷയുടെ വ്യക്തിത്വവുമായി അത്രകണ്ട് ഇണങ്ങിനില്‍ക്കുന്നു...

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shabnam

5 min

വെണ്ണിലാ ചന്ദനക്കിണ്ണം; ഒരൊറ്റ പാട്ടിലൂടെ ഹൃദയം കവർന്ന ഗായിക, ശബ്നം

Jul 21, 2021


g venugopal

3 min

സ്റ്റുഡിയോയിലെത്തിയ ആ 13 വയസ്സുകാരന്റെ മുന്നിലേക്ക് സുന്ദരിയായ ആ പിന്നണി ഗായിക എത്തി

Jun 7, 2020

Most Commented