-
പുലർച്ചെ അഞ്ചു മണിക്ക് ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി ബിജു പറഞ്ഞു: ``സാറേ പൊട്ടത്തരം എഴുതിവെക്കരുത്. വിവരമുള്ളവരും വായിക്കുന്നുണ്ട് സാറെഴുതുന്നത് എന്ന് മറക്കരുത്.''
ഒന്നും പിടികിട്ടിയില്ല. സുഖസുന്ദരമായ ഉറക്കം മുറിഞ്ഞു പോയതിന്റെ അമർഷമായിരുന്നു ഉള്ളിൽ. എന്ത് പറയാമെന്നറിയാതെ നിശബ്ദനായി നിന്നപ്പോൾ ബിജു വീണ്ടും: ``അറിയില്ലെങ്കിൽ പറഞ്ഞു തരാം. ജയന്റെ ശക്തി പടം റിലീസായത് സാറെഴുതിവെച്ചപോലെ 1979 ൽ അല്ല; 80 ആഗസ്റ്റ് 22 നാ.'' ഒരു നിമിഷം നിർത്തി ശ്വാസമെടുത്ത ശേഷം കൊല്ലംകാരനായ ബിജു കൂട്ടിച്ചേർക്കുന്നു: ``തർക്കിക്കാൻ വരരുത്. എനിക്ക് കൃത്യമായി അറിയാം. എന്റെ കല്യാണം അതിന്റെ തലേന്നായിരുന്നു. പിറ്റേന്ന് ഭാര്യയോടൊപ്പം ആദ്യം കണ്ട പടമാ അത്..''
സ്ഥലകാലബോധം വീണ്ടുകിട്ടിയത് അപ്പോഴാണ്. ഒരു ``ഫാക്ട് ചെക്ക്'' നടത്താനുള്ള ചുറ്റുപാട് ആയിരുന്നില്ലെങ്കിലും ബിജു പറഞ്ഞത് മുഖവിലക്കെടുക്കാനാണ് തോന്നിയത്. ഇല്ലെങ്കിൽ ഈ നേരമല്ലാത്ത നേരത്ത് വിളിച്ചു ധാർമ്മികരോഷം പങ്കുവെക്കില്ലായിരുന്നല്ലോ അയാൾ. പറ്റിയ തെറ്റിന് ക്ഷമ ചോദിച്ചപ്പോൾ ശാന്തനായി ബിജു. എന്നിട്ട് പറഞ്ഞു: ``സാറേ തെറ്റിദ്ധരിക്കരുത്. സാറെഴുതുന്നതൊക്കെ വിടാതെ വായിക്കുന്നവരാ ഞാനും ഭാര്യയും. പക്ഷേ ജയനെ പറ്റി വേണ്ടാതീനം എഴുതിയാൽ സഹിക്കില്ല ഞങ്ങൾ. അത്രേം ഇഷ്ടമാണ് അദ്ദേഹത്തെ..''
പാട്ടുകളെ കുറിച്ചുള്ള കുത്തിക്കുറിക്കലുകൾ പൂച്ചെണ്ടുകൾക്കൊപ്പം ഇത്തരം രൂക്ഷമായ കല്ലേറുകളും നേടിത്തരും ചിലപ്പോൾ. ആദ്യം പരിഭവം തോന്നുമെങ്കിലും, പിന്നീടാലോചിക്കുമ്പോൾ വിമർശകരുടെ ഭാഗത്തും ന്യായമുണ്ടല്ലോ എന്ന് കരുതി സമാധാനിക്കും. ഇഷ്ടപ്പെട്ട പാട്ടുകാരനെ പറ്റി, സംഗീത സംവിധായകനെ പറ്റി, കവിയെ പറ്റി അടിസ്ഥാനരഹിതമായത് എഴുതിപ്പിടിപ്പിച്ചാൽ ആരായാലും അമർഷം കൊള്ളില്ലേ? പാട്ടുകളെ കുറിച്ച് ഗൗരവപൂർവം എഴുതാൻ ആഗ്രഹിക്കുന്ന ഒരു യുവ പത്രപ്രവർത്തകൻ അടുത്തിടെ മാർഗ്ഗനിർദേശങ്ങൾക്കും ചില്ലറ ഉപദേശത്തിനുമായി വിളിച്ചപ്പോൾ ഇത്രയേ പറയാനുണ്ടായിരുന്നുള്ളൂ എനിക്ക്: ``എഴുതുമ്പോൾ ഒരു കാര്യം മനസ്സിൽ വെക്കുക: നമ്മളേക്കാൾ വിവരമുള്ളവരാണ് നമ്മുടെ വായനക്കാർ. അവരാരും ലേഖനങ്ങൾ എഴുതുന്നില്ല എന്നേയുള്ളൂ. അതുകൊണ്ട് വിക്കിപീഡിയയെയും ഗൂഗിളിനെയും അന്ധമായി ആശ്രയിക്കാതെ സ്വന്തമായി വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുക. എഴുത്തിൽ സൂക്ഷ്മത പാലിക്കാൻ ശ്രമിക്കുക.''
സൂക്ഷ്മതാ യജ്ഞം അശ്രദ്ധ കൊണ്ട് പാളിപ്പോകാനും മതി. ശ്രീകുമാരൻ തമ്പിയെ കുറിച്ച് അടുത്ത കാലത്തെഴുതിയ സുദീർഘ ലേഖനത്തിൽ അദ്ദേഹത്തിന്റെ പ്രശസ്ത ലളിതഗാനത്തെ കുറിച്ച് പറയുന്നിടത്ത് ``കരിനീലക്കണ്ണുള്ള പെണ്ണേ നിന്റെ കവിളത്തു ഞാനൊന്നു നുള്ളീ'' എന്നതിന് പകരം കവിളത്തു ഞാനൊന്നു തൊട്ടൂ എന്നെഴുതിപ്പോയത് ഓർക്കുന്നു. നൂറോളം പേരാണ് ആ തെറ്റ് ശ്രദ്ധയിൽ പെടുത്താൻ വേണ്ടി ഫോൺ ചെയ്തത്. ഇതാ ഇന്നു കാലത്തും വന്നു ഒരു കോൾ. വാട്സ്ആപ്പ് സന്ദേശങ്ങളും ഇ-മെയിലുകളും വേറെ. ക്ഷമയോടെ ആ നോട്ടക്കുറവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോഴും ഉള്ളിൽ നിഗൂഢമായൊരു സന്തോഷമുണ്ടായിരുന്നു: ആ ലേഖനം ഇത്ര പേർ ഗൗരവത്തോടെ വായിച്ചല്ലോ. എഴുത്തുകാരന് ആനന്ദലബ്ധിക്കിനി എന്തുവേണം?
ഇതിനൊരു മറുവശം കൂടിയുണ്ട്. ശരദിന്ദു മലർദീപ നാളം നീട്ടി എന്ന ഗാനത്തെ കുറിച്ചെഴുതിയ ലേഖനം വായിച്ചു ഫോൺ ചെയ്ത പ്രമുഖ സാഹിത്യകാരൻ ചോദിച്ചതിങ്ങനെ: ``സുഹൃത്തേ, താങ്കൾ എഴുതിയത് ശരിയല്ലല്ലോ. ശരബിന്ദു എന്നല്ലേ ശരി?'' ശരത്കാലത്തെ ഇന്ദു എന്ന അർത്ഥത്തിൽ ശരദിന്ദു എന്നാണ് കവി എഴുതിയിട്ടുള്ളതെന്ന വിശദീകരണം അദ്ദേഹത്തിനെ തൃപ്തിപ്പെടുത്തിയോ എന്ന് സംശയം. മറ്റൊരിക്കൽ `ഉത്തരായന'ത്തിലെ ഹൃദയത്തിൻ രോമാഞ്ചം എന്ന ഗാനം ചിട്ടപ്പെടുത്തിയത് എം ബി ശ്രീനിവാസൻ ആണെന്ന് വാശിയോടെ വാദിച്ച ഒരു കവിയേയും ഓർമ്മവരുന്നു. രാഘവൻ മാസ്റ്ററെ ആ പാട്ടിന്റെ സംഗീത ശില്പിയായി അംഗീകരിക്കാൻ മടിയായിരുന്നു അദ്ദേഹത്തിന്. ``ഇരുളിൻ മഹാനിദ്രയിൽ'' എന്ന കവിത എഴുതിയത് മധുസൂദനൻ നായരാണെന്ന മറുപടി വിശ്വസിക്കാതെ കോപിച്ചു ഫോൺ വെക്കുന്നവർ ഇന്നുമുണ്ട്. .
നടനും ഗായകനുമായ ടി ആർ മഹാലിംഗത്തിന്റെയും പുല്ലാങ്കുഴൽ വാദകനായ ടി ആർ മഹാലിംഗത്തിന്റെയും വിശേഷണങ്ങൾ ഒരു ലേഖനത്തിൽ പരസ്പരം മാറിപ്പോയപ്പോൾ, ഞാൻ ഏറ്റവും ആദരിക്കുന്ന ചലച്ചിത്ര സംഗീത ഗവേഷകൻ ബി വിജയകുമാർ വിളിച്ചുപറഞ്ഞു: ``കുറെ ആളുകൾ നമ്മളൊക്കെ എഴുതുന്നത് വായിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട് എന്ന് മറക്കരുത്. അതുകൊണ്ടാണ് എന്ത് തെറ്റ് കണ്ടാലും ഞാൻ വിളിച്ചുപറയുന്നത്. ആർക്കും പറ്റാം സൂക്ഷ്മതക്കുറവ്. എനിക്കും പറ്റിയിട്ടുണ്ട്. അത് സമ്മതിച്ചുകൊടുക്കുന്നതിൽ ഒരു പോരായ്മയും വിചാരിക്കേണ്ട. ആരും ഒന്നിന്റെയും ആധികാരിക വക്താക്കളല്ലല്ലോ..'' വിജയേട്ടന്റെ വിലപ്പെട്ട ഉപദേശം ശിരസാ വഹിക്കാൻ ശ്രമിക്കാറുണ്ട് ഞാൻ; എഴുതുന്നത് പാട്ടിനെക്കുറിച്ചായാലും കളിയെക്കുറിച്ചായാലും.
എന്നിട്ടും തെറ്റുകൾ വന്നു ഭവിക്കുമെന്നത് മറ്റൊരു സത്യം. കഴിഞ്ഞ എട്ടൊമ്പതു വർഷമായി ഞാൻ വിശദീകരിച്ചു തളർന്ന ഒരു കാര്യമുണ്ട്. വയലാർ രാമവർമ്മയും സംഗീത സംവിധായകൻ ശ്യാമും ചേർന്ന് ഒരു സിനിമക്ക് വേണ്ടി പാട്ടുകൾ ചെയ്തു എന്ന പരാമർശം. ശ്യാം സാറുമായുള്ള എന്റെ അഭിമുഖത്തിലായിരുന്നു ആ തെറ്റായ വിവരം. ഏതോ കടുത്ത ആരാധകന്റെ വാക്കുകൾ വിശ്വസിച്ചത് മൂലം ശ്യാം സാറും അക്കാലത്തു അങ്ങനെ ധരിച്ചിരുന്നു എന്നതാണ് സത്യം.
പക്ഷെ ഞങ്ങളുടെ രണ്ടുപേരുടെയും ധാരണ തീർത്തും അടിസ്ഥാനരഹിതമാണെന്നും വയലാർ രാമവർമ്മയല്ല ആ പാട്ടെഴുതിയതെന്നും അറിയുമ്പോഴേക്കും ഹൃദയഗീതങ്ങൾ എന്ന എന്റെ പുസ്തകത്തിന്റെ ആദ്യ പതിപ്പിൽ തെറ്റോടു കൂടിത്തന്നെ ആ അഭിമുഖം അടിച്ചുവന്നിരുന്നു. അടുത്ത പതിപ്പ് തൊട്ട് പിഴവ് തിരുത്തിയെങ്കിലും ആദ്യ പതിപ്പ് കൈവശമുള്ളവർ അത് വിശ്വസിച്ചുപോയതിന് അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ. തെറ്റ് തെറ്റു തന്നെ അല്ലേ? ആ പരാമർശത്തിന്റെ സത്യാവസ്ഥ അറിയാൻ വിളിക്കുന്നവരെ ഇന്നും പതിവായി ബോധവൽക്കരിച്ചുകൊണ്ടിരിക്കുന്നു ഞാൻ.
സമീപകാലത്തെ മറ്റൊരു ക്രിയാത്മക ചർച്ച ``മരം'' സിനിമയിലെ മാപ്പിളപ്പാട്ടു ശകലങ്ങളെ ചൊല്ലിയായിരുന്നു. മഹാകവി മോയിൻകുട്ടി വൈദ്യരെഴുതിയ ആ ഗാനങ്ങൾ പാടിയത് ആരെന്ന് രേഖകളിലില്ല. മരത്തിലെ മാപ്പിളപ്പാട്ടുകൾ ചിട്ടപ്പെടുത്താൻ വൈദ്യരുടെ ഗാനങ്ങളിൽ സ്പെഷ്യലിസ്റ്റ് ആയ പ്രശസ്ത ഗായകൻ സി എ അബൂബക്കറിന്റെ സേവനം ദേവരാജൻ മാസ്റ്റർ പ്രയോജനപ്പെടുത്തിയിരുന്നു എന്ന് പടത്തിന്റെ തിരക്കഥാകൃത്തായ എൻ പി മുഹമ്മദ് പറഞ്ഞറിയാം .
മാഷുമൊത്ത് ചിലവഴിച്ച ദിവസങ്ങളെ പറ്റി സി എയും ഉത്സാഹത്തോടെ പറഞ്ഞുകേട്ടിട്ടുണ്ട് . സ്വാഭാവികമായും ആ ഗാനശകലങ്ങൾ സി എ പാടിയതായിരിക്കും എന്നായിരുന്നു ധാരണ. പക്ഷേ അതേ സിനിമയിൽ ഗായകനായി അരങ്ങേറിയ അയിരൂർ സദാശിവന്റെ ശബ്ദവുമായല്ലേ ആ പാട്ടുകൾ കൂടുതൽ ചേർന്നുനിൽക്കുന്നത് എന്ന് പലർക്കും സംശയം. കേട്ടപ്പോൾ ആ സംശയം ന്യായമാകാം എന്ന് തോന്നി. സദാശിവനുമായി പല തവണ സംസാരിച്ചിട്ടുണ്ടെങ്കിലും മരത്തിൽ ഇങ്ങനെ ചില പാട്ടുകൾ കൂടി പാടിയ കാര്യം അദ്ദേഹം പങ്കുവെച്ചിട്ടുമില്ല. മതിയായ രേഖകളുടെ അഭാവത്തിൽ പാട്ടുകളുടെ പിതൃത്വം അർഹതപ്പെട്ടവർക്ക് നഷ്ടപ്പെട്ടുപോകുന്നതിന്റെ നല്ലൊരുദാഹരണം.
എഴുത്തിലെ വ്യാകരണപ്പിശകുകളും പ്രയോഗപ്പിഴവുകളും അപ്പപ്പോൾ വിളിച്ചറിയിക്കുമായിരുന്നു അക്ബർ കക്കട്ടിൽ. വേഗതയല്ല, വേഗം ആണ് ശരിയെന്ന് ആദ്യമായി പറഞ്ഞുതന്നത് അക്ബർ മാഷാണ്. എല്ലാം വായിച്ച് കൃത്യമായ നിരീക്ഷണങ്ങൾ പങ്കുവെച്ചിരുന്ന ഒ എൻ വി സാറിനേയും ഓർക്കാതിരിക്കാൻ വയ്യ. പുതിയ പുസ്തകം അയച്ചു കൊടുത്ത ഉടൻ വന്നു ഒരിക്കൽ അദ്ദേഹത്തിന്റെ പ്രതികരണം: ``രവി എഴുതിയ പുസ്തകം ഒറ്റയിരിപ്പിന് വായിച്ചു. ഇഷ്ടമായി. പക്ഷേ സ്വർണ്ണച്ചാമരം എന്ന ശീർഷകം തെറ്റാണ്. സ്വർണചാമരം എന്ന് മതി. രവി ആയതുകൊണ്ട് ശ്രദ്ധയിൽ പെടുത്തിയതാണ്. ഇതൊന്നും എല്ലാവരും അംഗീകരിക്കണം എന്നില്ലല്ലോ .'' അടുത്ത പതിപ്പ് മുതൽ സ്വർണ്ണച്ചാമരം സ്വർണചാമരം ആയി.
തലത്ത് മഹ്‌മൂദ് പാടി അനശ്വരമാക്കിയ ``തസ് വീർ ബനാതാ ഹൂം'' എന്ന ഗാനത്തിന്റെ ക്രെഡിറ്റ് സംഗീത സംവിധായകൻ നൗഷാദിന് ചാർത്തികൊടുത്തിട്ടുണ്ട് ഒരിക്കൽ. ഹിന്ദി പാട്ടുകളുടെ ആധികാരിക വക്താവായി അറിയപ്പെടുന്ന രാജു ഭരതന്റെ ഒരു ലേഖനം വായിച്ചതിന്റെ ഓർമ്മയിലായിരുന്നു അത്. നൗഷാദല്ല, നഷാദ് ആണ് ആ പാട്ടിന്റെ സ്രഷ്ടാവ് എന്നു പറഞ്ഞുതന്നത് തലശ്ശേരിയിലെ ഒരു ചെറുകിട ഹോട്ടൽ ജീവനക്കാരനായ മൂസക്കയാണ്. നഷാദിന്റെ സംഗീത സംഭാവനകൾ തേടി പോകാനുള്ള പ്രചോദനം കൂടിയായി ആ അറിവ്. ഹിന്ദി/ഉറുദു ഗാനങ്ങളുടെ വരികൾ എടുത്തെഴുതുമ്പോൾ പിണയുന്ന പിശകുകൾ അപ്പപ്പോൾ ശ്രദ്ധയിൽ പെടുത്തി തിരുത്താറുള്ളത് പേരാമ്പ്രയിലെ വിമുക്തഭടൻ പീതാംബരൻ . സാധാരണക്കാരായ ആ വായനക്കാരോടുള്ള കടപ്പാട് എങ്ങനെ വീട്ടാനാകും? ``കടം വീട്ടുകയൊന്നും വേണ്ട. നിങ്ങള് പഴയ ഹിന്ദി പാട്ടുകളെ പറ്റി മരണം വരെ എഴുതിക്കൊണ്ടിരുന്നാ മതി.''-- മൂസക്ക പറയും.
എന്തിന് ഇത്തരം അപ്രസക്തകാര്യങ്ങളെ കുറിച്ച് ചിന്തിച്ചും എഴുതിയും സമയം പാഴാക്കുന്നു എന്ന് ചോദിച്ചിട്ടുണ്ട് പലരും. ``പ്രസക്തി'' ഓരോ പാട്ടിനോടുമുള്ള വ്യക്തികളുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു എന്നതല്ലേ സത്യം? ചില പാട്ടുകളെ കുറിച്ച് എഴുതിയത് വായിച്ച് ``അയ്യേ ഈ തല്ലിപ്പൊളി പാട്ടിനെ കുറിച്ച് നിങ്ങളല്ലാതെ എഴുതുമോ'' എന്ന് പരിഹാസം കൊള്ളൂന്നവരും സുലഭം. നമുക്കിഷ്ടമില്ലാത്ത പാട്ടിനെ ഒരിക്കലും മോശം എന്ന് വിധിയെഴുതി തള്ളിക്കളയരുത് എന്നാണെന്റെ മറുപടി. അടുത്തിടെ ``ഒരു ദലം മാത്രം'' എന്ന പ്രിയഗാനത്തെ കുറിച്ച് വിശദമായി എഴുതിയപ്പോൾ ലഭിച്ച ഫോൺ കോൾ ഓർമ്മവരുന്നു. ``ഇത് മാതിരി പൈങ്കിളിപ്പാട്ടുകളെ കുറിച്ചെഴുതി എന്തിന് സമയം മിനക്കെടുത്തണം?''- വിളിച്ചയാൾ ചോദിച്ചു. ഒരു മറുപടിയും അയാളെ തൃപ്തനാക്കില്ല എന്ന് ഉറപ്പായിരുന്നതിനാൽ ഒന്നും പറയാതെ ചിരിച്ചൊഴിയുക മാത്രം ചെയ്തു. ഓരോ പാട്ടും മനുഷ്യനെ സ്വാധീനിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. ഒരാളുടെ ഇഷ്ടഗാനം മറ്റൊരാൾക്ക് വെറുക്കപ്പെട്ട ഗാനമാകുന്നത് അതുകൊണ്ടാണ്; തിരിച്ചും.
മാഞ്ഞുപോയ കുറെയേറെ പാട്ടുകളെ, അവയ്ക്ക് പിന്നിൽ മറഞ്ഞുനിൽക്കുന്ന അജ്ഞാത പ്രതിഭകളെ വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് കൈപിടിച്ചു നിർത്താൻ ഇത്തരം വിവാദങ്ങളും ചർച്ചകളും തർക്കങ്ങളും കുറച്ചെങ്കിലും സഹായിക്കുമെങ്കിൽ അത്രയും സന്തോഷം. എഴുത്തുകാരനെ സംബന്ധിച്ച് അതാണല്ലോ ഏറ്റവും വലിയ ആത്മസംതൃപ്തിയും.
Content Highlights : Ravi Menon Paattuvazhiyorathu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..