ആവശ്യംകേട്ട് ജയചന്ദ്രന്‍ ഞെട്ടി; നിശ്ചലശരീരത്തിനരികെ മ്യൂസിക് സിസ്റ്റം പാടണം, ഒരൊറ്റ പാട്ടിന്റെ ശീല്


By രവി മേനോന്‍

4 min read
Read later
Print
Share

ഫോണിന്റെ ഇങ്ങേത്തലയ്ക്കല്‍ നിശബ്ദനായി എല്ലാം കേട്ടുനിന്നു എഴുത്തുകാരന്‍; നിറകണ്ണുകളോടെ. എന്തു മറുപടി പറയണം എന്നറിയില്ലായിരുന്നു. നന്ദി പറഞ്ഞു ഫോണ്‍ വെച്ച ശേഷവും വികാരഭരിതമായിരുന്നു മനസ്സ്; പ്രാര്‍ഥനാനിര്‍ഭരവും.

ജയചന്ദ്രനും എം.ജി.രാധാകൃഷ്ണനും. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്

ഴുത്തുജീവിതം, അതെത്ര തന്നെ ചെറുതെങ്കിലും, സാര്‍ത്ഥകമായി എന്ന് തോന്നുന്ന ചില അപൂര്‍വസുന്ദര നിമിഷങ്ങളുണ്ട്. എഴുതുന്ന അക്ഷരങ്ങള്‍, വാക്കുകള്‍, വാചകങ്ങള്‍ വിദൂരതയിലെങ്ങോ ആരുടെയൊക്കെയോ ജീവിതത്തെ ചെന്നു തൊടുന്നു എന്നറിയുന്ന നിമിഷങ്ങള്‍.

അത്തരമൊരു നിമിഷത്തിന്റെ ഓര്‍മയാണിത്. ലാളിച്ചു വളര്‍ത്തിയ കോളേജ് വിദ്യാര്‍ഥിനിയായ പൊന്നോമന മകളെ അപകടമരണത്തിന് വിട്ടുകൊടുക്കേണ്ടി വന്നതിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും മോചിതരായിട്ടില്ലാത്ത ഒരച്ഛനും അമ്മയുമായിരുന്നു ഫോണിന്റെ മറുതലയ്ക്കല്‍. ദേശീയ പാതയില്‍ ഒരു രാത്രി നടന്ന ആ കാറപകടം കെടുത്തിക്കളഞ്ഞത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയും പ്രകാശവുമാണ്. ``ഇനിയെന്തിന് ജീവിക്കണം എന്ന് പോലും ചിന്തിച്ചുപോയ ഘട്ടം.''-അച്ഛന്‍ പറഞ്ഞു. ``ഒന്നുറക്കെ കരയാന്‍ പോലും വയ്യാതെ, പരസ്പരം വേദന പങ്കുവെക്കാനാകാതെ, സ്വന്തം മുറികളില്‍ കതകടച്ചിരുന്നു ഞങ്ങള്‍. ആശ്വാസവചനങ്ങളുമായി പലരും വരുന്നുണ്ടായിരുന്നു. എല്ലാവര്‍ക്കും ഒരൊറ്റ ഉപദേശം മാത്രം: നടന്നതെല്ലാം മറക്കുക; ജീവിതത്തെ പ്രസാദാത്മകമായി നോക്കിക്കാണുക. എല്ലാം നിശബ്ദനായി കേട്ടിരുന്നു ഞാന്‍. അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ഇതുപോലൊരു ദുരനുഭവത്തിലൂടെ കടന്നുപോയവര്‍ക്കല്ലേ അറിയൂ..

``വായനയിലുള്ള എന്റെ താല്‍പ്പര്യം അറിയുന്നതുകൊണ്ടാവണം, പലരും കാണാന്‍ വന്നത് കട്ടിയുള്ള പുസ്തകങ്ങളുമായാണ്. ജീവിതത്തെ പോസിറ്റീവ് ആയി നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്ന പുസ്തകങ്ങള്‍. നഷ്ടപ്പെട്ട ആത്മധൈര്യം വീണ്ടെടുക്കാനുള്ള കുറുക്കുവഴികളായിരുന്നു അവ നിറയെ. വിവിധ മതവിശ്വാസികളുടെ വേദപുസ്തകങ്ങള്‍, പുരാണഗ്രന്ഥങ്ങള്‍, തത്വചിന്തകരുടേയും മഹാഋഷിമാരുടെയും മനുഷ്യ ദൈവങ്ങളുടെയും രചനകള്‍... നന്ദിപൂര്‍വം അവയൊക്കെ വാങ്ങിവെച്ചു ഞങ്ങള്‍. അപ്പോഴത്തെ മാനസികാവസ്ഥയില്‍ ആ വിജയഫോര്‍മുലകളൊന്നും ഞങ്ങളെ ഒരു തരത്തിലും തുണയ്ക്കാന്‍ പോകുന്നില്ല എന്നറിയാമായിരുന്നു.

``ഇത്തിരി മനഃസമാധാനമാണ് ആ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. ചിലപ്പോള്‍ സംഗീതത്തോടുള്ള സ്‌നേഹം കൊണ്ടാകാം, പെട്ടെന്ന് ഓര്‍മവന്നത് നിങ്ങളുടെ പുസ്തകങ്ങളാണ്. ഞാന്‍ തന്നെ പല കാലങ്ങളിലായി വാങ്ങി ശേഖരിച്ചുവെച്ച പുസ്തകങ്ങള്‍. എത്രയോ തവണ വായിച്ചു ഹൃദിസ്ഥമാക്കിയിട്ടുള്ള ആ പുസ്തകങ്ങള്‍ വീണ്ടും വീണ്ടും വായിച്ചു. ആ പാട്ടുകളിലൂടെ, അവയുടെ പിന്നിലെ അനുഭവങ്ങളിലൂടെ വീണ്ടും സഞ്ചരിച്ചു. ഓരോ കുറിപ്പും ഓരോ കാലഘട്ടത്തിന്റെ വീണ്ടെടുപ്പ് കൂടിയായിരുന്നു ഞങ്ങള്‍ക്ക്. കൈവിട്ടുപോയെന്ന് തോന്നിയ മനസ്സിനെ തിരിച്ചുപിടിക്കാന്‍ ആ പുസ്തകങ്ങള്‍ എത്ര കണ്ട് ഞങ്ങളെ സഹായിച്ചു എന്ന് നേരിട്ട് അറിയിക്കണം എന്ന് തോന്നി...''

ഫോണിന്റെ ഇങ്ങേത്തലയ്ക്കല്‍ നിശബ്ദനായി എല്ലാം കേട്ടുനിന്നു എഴുത്തുകാരന്‍; നിറകണ്ണുകളോടെ. എന്തു മറുപടി പറയണം എന്നറിയില്ലായിരുന്നു. നന്ദി പറഞ്ഞു ഫോണ്‍ വെച്ച ശേഷവും വികാരഭരിതമായിരുന്നു മനസ്സ്; പ്രാര്‍ഥനാനിര്‍ഭരവും.

ravi menon
രവി മേനോന്‍. ഫോട്ടോ: ജി.ശിവപ്രസാദ്

ആ അച്ഛനും അമ്മക്കും വേണ്ടി ഈ കുറിപ്പ് ഒരിക്കല്‍ കൂടി.

ഇഷ്ടഗാനത്തിന്റെ ചിറകിലേറി മരിക്കാന്‍ കൊതിച്ചവരുണ്ട്. മരണശേഷവും അതേ പാട്ടിന്റെ ഈരടികള്‍ കാതില്‍ മുഴങ്ങിക്കൊണ്ടിരിക്കണം എന്ന് ശഠിച്ചവര്‍ അധികമുണ്ടാവില്ല.

പാട്ടുകാരന്‍ ജയചന്ദ്രന്‍ വിവരിച്ചുതന്ന ഹൃദയസ്പര്‍ശിയായ ഒരനുഭവം. പത്തനംതിട്ടയിലെ വന്ദ്യവയോധികനായ ഒരു അഭിഭാഷകന്‍ ഗുരുതര രോഗബാധിതനായി കിടക്കുന്നു. അന്ത്യനിമിഷങ്ങള്‍ അടുത്തു എന്നുറപ്പായ ഘട്ടത്തില്‍ അടുത്ത ബന്ധുക്കളെ വിളിച്ചുകൂട്ടി മൂന്നു നിര്‍ദേശങ്ങള്‍ നല്‍കി അദ്ദേഹം. ഒന്ന്: മരണശേഷം എന്റെ ശരീരം ദഹിപ്പിക്കരുത്; അടക്കം ചെയ്യാനേ പാടൂ. രണ്ട്: മരണത്തില്‍ ആരും ദുഃഖം പ്രകടിപ്പിക്കരുത്. മൂന്നാമത്തെ നിര്‍ദേശമാണ് ഏറ്റവും വിചിത്രം: നിശ്ചലമായ എന്റെ ശരീരത്തിനരികെ ഒരു മ്യൂസിക് സിസ്റ്റം പാടിക്കൊണ്ടിരിക്കണം. അതില്‍ നിന്ന് ഒരൊറ്റ പാട്ടിന്റെ ശീലുകളേ ഒഴുകിവരാവൂ; അതും വളരെ നേര്‍ത്ത ശബ്ദത്തില്‍: ``ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ എന്നോമല്‍ ഉറക്കമായ് ഉണര്‍ത്തരുതേ....'' ഒഎന്‍വി കുറുപ്പ് എഴുതി ദേവരാജന്‍ സംഗീതം പകര്‍ന്ന് ജയചന്ദ്രന്‍ ഭാവാര്‍ദ്രമായി പാടിയ കാവ്യഗീതി.

ഗുരുവും മാര്‍ഗദര്‍ശിയും എല്ലാമായ രാമനാഥന്‍ മാഷാണ് പരേതന്റെ ബന്ധുക്കള്‍ പറഞ്ഞറിഞ്ഞ കാര്യം അപ്പോള്‍ത്തന്നെ ജയചന്ദ്രനുമായി ഫോണില്‍ പങ്കുവെച്ചത്. ``മാഷ് വിളിക്കുമ്പോള്‍ ഡ്രൈവ് ചെയ്യുകയാണ് ഞാന്‍.,''- ജയചന്ദ്രന്‍ പറഞ്ഞു. ``കാര്‍ റോഡരികില്‍ ഒതുക്കിനിര്‍ത്തി എല്ലാം ശ്രദ്ധയോടെ കേട്ടു. ആകെ ഒരു മരവിപ്പാണ് തോന്നിയത്. ചിരിക്കണോ കരയണോ അതോ അഭിമാനം കൊള്ളണോ എന്നൊന്നും അറിയില്ലായിരുന്നു. ആ പാട്ടെഴുതിയ ഒ എന്‍ വി സാറിനെയും പ്രിയപ്പെട്ട ദേവരാജന്‍ മാഷിനെയും മനസ്സു കൊണ്ട് നമിച്ചു. ആത്യന്തികമായി അവരുടെ സൃഷ്ടിയാണല്ലോ ആ ഗാനം. അത് പാടാന്‍ ഈശ്വരന്‍ എന്നെ തിരഞ്ഞെടുത്തു എന്നത് ഏറ്റവും വലിയ സൗഭാഗ്യം..''

ഹെഡ്‌ഫോണില്‍ ഓ മൃദുലേ എന്ന പാട്ട് പതുക്കെ വെച്ചു കേട്ടുകൊണ്ട് ഒരു രാത്രി മരണസാഗരം പുല്‍കിയ സുഹൃത്തിനെ കുറിച്ച് സംഗീതസംവിധായകന്‍ എംജി രാധാകൃഷ്ണന്‍ പലതവണ പറഞ്ഞുകേട്ടിട്ടുണ്ട്. ഭാര്യയുടെ ദുരന്തമരണത്തില്‍ മനം തകര്‍ന്ന്, സ്വയം പെത്തഡിന്‍ കുത്തിവെച്ച് മൃത്യു ഏറ്റുവാങ്ങുകയായിരുന്നു അമേരിക്കയില്‍ ഡോക്ടറായിരുന്ന ആ സുഹൃത്ത്. തനിക്കും ഭാര്യക്കും ഏറെ പ്രിയപ്പെട്ട ഗാനം (രചന: സത്യന്‍ അന്തിക്കാട്, സംഗീതം: എംജി രാധാകൃഷ്ണന്‍) തന്നെ അന്ത്യനിമിഷങ്ങളിലും കാതില്‍ മുഴങ്ങണമെന്ന് ഡോക്ടര്‍ നിശ്ചയിച്ചതിന്റെ പൊരുള്‍ എന്തായിരിക്കാം? ഏറ്റവും ഇഷ്ടപ്പെട്ടത് ഭൂമിയില്‍ ഉപേക്ഷിച്ചു പോകാനുള്ള മടിയാവുമോ?

ദുരന്തപര്യവസായിയായ ഈ കഥയോട് ചേര്‍ത്തുവെക്കേണ്ട പ്രസാദാത്മകമായ മറ്റൊരു സംഭവമുണ്ട്. ഒരു പാട്ട് ഒരു ജീവന്‍ വീണ്ടെടുത്ത കഥ. അതിനും സാക്ഷിയാകാന്‍ വിധിക്കപ്പെട്ടത് രാധാകൃഷ്ണഗീതം തന്നെ. തൃക്കുന്നപ്പുഴയിലെ ഏഴു വയസ്സുകാരിയായ രാധിക എന്ന കുട്ടിയാണ് കഥയിലെ നായിക. അബദ്ധത്തില്‍ കഴുത്തില്‍ ചുരിദാറിന്റെ ഷാള്‍ ചുറ്റി ബോധഹീനയായ രാധിക 71 ദിവസമാണ് നിശ്ചലയായി ആലപ്പുഴ മെഡിക്കല്‍ കോളേജിലെ രോഗശയ്യയില്‍ ചെലവഴിച്ചത്. തൊട്ടു വിളിച്ചാല്‍ പോലും പ്രതികരണമില്ലാത്ത അവസ്ഥ. ചികിത്സകള്‍ ഒന്നും ഫലിക്കാതെ വന്നപ്പോള്‍ അറ്റകൈക്ക് ഒരു പരീക്ഷണം നടത്തി നോക്കി അവിടത്തെ ഡോക്ടര്‍മാര്‍-ഒരു സംഗീത ചികിത്സ. മകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം ഏതെന്നു മാതാപിതാക്കളില്‍ നിന്ന് ചോദിച്ചു മനസ്സിലാക്കി അവര്‍. പിന്നെ ആ ഗാനം റെക്കോര്‍ഡ് ചെയ്തു ഹെഡ് ഫോണില്‍ കുട്ടിയ്ക്ക് കേള്‍പ്പിച്ചു കൊടുത്തു. അത്ഭുതം. മൂന്നേ മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ സുഖകരമായ ഒരു ഉച്ചയുറക്കത്തില്‍ നിന്നെന്ന വണ്ണം രാധിക ഞെട്ടിയുണരുന്നു. കാതില്‍ ഒഴുകിയെത്തിയ ഗാനം അവളെ അത്രകണ്ട് സ്പര്‍്ശിച്ചിരിക്കണം. പതുക്കെ തന്റെ പ്രിയ ഗാനത്തിനൊത്ത് താളമിടാനും ചുണ്ടുകള്‍ ചലിപ്പിക്കാനും തുടങ്ങി അവള്‍. മാഞ്ഞുപോയ പുഞ്ചിരി മുഖത്തു വീണ്ടും തെളിഞ്ഞു. ഒരാഴ്ചക്കകം, നഷ്ടപ്പെട്ടു പോയെന്നു കരുതിയ സ്വന്തം മകള്‍ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് വിസ്മയം കലര്‍ന്ന ആഹ്ലാദത്തോടെ രാധികയുടെ മാതാപിതാക്കള്‍ കണ്ടുനിന്നു. രാധികയുടെ കാതുകളില്‍ അമൃതം ചൊരിഞ്ഞ ഗാനം ഏതെന്നുകൂടി അറിയുക: കൈതപ്രത്തിന്റെ വരികളില്‍ നിന്ന് എം ജി രാധാകൃഷ്ണന്‍ ചിട്ടപ്പെടുത്തിയ അദ്വൈതത്തിലെ ``അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ, എന്തു പരിഭവം മെല്ലെ ഓതിവന്നുവോ..''

പാട്ടിലെ കവിതയോ ഈണമോ അതോ ആലാപനമോ ഏതാണ് ആ കുഞ്ഞുമനസ്സിനെ സ്വാധീനിച്ചിരിക്കുക? ഏതുമാകാം. മൂന്നും ചേര്‍ന്ന് സൃഷ്ടിച്ച അപൂര്‍വസുന്ദരമായ അന്തരീക്ഷവുമാകാം. പാട്ടിന്റെ വരികളിലെ ആശയം ഉള്‍ക്കൊണ്ട് ആത്മഹത്യാമുനമ്പില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരു മനുഷ്യനെ കുറിച്ച് അന്തരിച്ച ഗായകന്‍ പി ബി ശ്രീനിവാസ് പറഞ്ഞുകേട്ടതോര്‍ക്കുന്നു. 1960 കളിലാണ്. ``അയിഷ'' എന്ന ചിത്രത്തിലെ `യാത്രക്കാരാ പോകുക പോകുക' എന്ന ഗാനം പുറത്തിറങ്ങി കുറച്ചുകാലം കഴിഞ്ഞു കേരളത്തില്‍ നിന്ന് പി ബി എസ്സിനൊരു കത്ത് കിട്ടി. ജീവിതനൈരാശ്യത്തിന്റെ പാരമ്യത്തില്‍ ആത്മഹത്യക്കു തയ്യാറെടുത്ത ഒരു യുവാവിന്റെ മനംമാറ്റത്തിന്റെ കഥയായിരുന്നു കത്തില്‍. ഗാനത്തിന്റെ ചരണത്തില്‍ വയലാര്‍ എഴുതിയ ``ഒരു വഴിയടയുമ്പോള്‍ ഒമ്പതു വഴി തുറക്കും'' എന്ന ചിന്തോദ്ദീപകമായ ഒരൊറ്റ വരിയാണത്രേ അയാളെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ചത്. മരണം വരെ ആ എഴുത്ത് സൂക്ഷിച്ചുവെച്ചു പിബിഎസ്. ``സിനിമയില്‍ നിന്ന് വേദനാജനകമായ അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വെറുതെ ആ കത്തെടുത്തു വായിക്കും. അതിലെ അക്ഷരങ്ങള്‍ തരുന്ന ഊര്‍ജ്ജത്തിന് പകരം വെക്കാന്‍ മറ്റൊന്നുമില്ല.''-ശ്രീനിവാസിന്റെ വാക്കുകള്‍.

സിനിമയിലെ ഏതോ ഒരു കഥാസന്ദര്‍ഭത്തിനു വേണ്ടി സൃഷ്ടിക്കപ്പെടുന്ന ഗാനത്തിന് അജ്ഞാതരായ എത്രയോ മനുഷ്യരുടെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്നതെങ്ങനെ? ഉത്തരമില്ലാത്ത ചോദ്യം. ഗായകന്‍ മന്നാഡേ പറഞ്ഞതാണ് ശരി. `` പാടിതീര്‍ത്താല്‍ പാട്ടിനെ അതിന്റെ പാട്ടിനു വിട്ടേക്കുക.. സ്വീകരിക്കുന്നതും നിരാകരിക്കുന്നതും ശ്രോതാവിന്റെ സ്വാതന്ത്ര്യം.'

Content Highlights: Ravi Menon Jayachandran Onnini Shruthi Thazhthi Paaduka Malayalam Song

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
KJ Yesudas

3 min

'യേശുദാസ് ഒരു ശബ്ദമാണ്, അങ്ങനെയൊരു മനുഷ്യനില്ല: അയൽക്കാരനിൽ നിന്നാണ് ആ സത്യം ആദ്യമായി അറിഞ്ഞത്'

Nov 14, 2021


g venugopal

3 min

സ്റ്റുഡിയോയിലെത്തിയ ആ 13 വയസ്സുകാരന്റെ മുന്നിലേക്ക് സുന്ദരിയായ ആ പിന്നണി ഗായിക എത്തി

Jun 7, 2020

Most Commented