സ്റ്റുഡിയോയിലെത്തിയ ആ 13 വയസ്സുകാരന്റെ മുന്നിലേക്ക് സുന്ദരിയായ ആ പിന്നണി ഗായിക എത്തി


രവിമേനോന്‍ (സ്വര്‍ണചാമരം)

`മോന് അറിയുമോ ഈ ചേച്ചിയെ? പിന്നണി ഗായികയാണ്. ചുമടുതാങ്ങി എന്ന സിനിമയിലെ സ്വപ്നങ്ങള്‍ അലങ്കരിക്കും എന്ന പാട്ട് പാടിയ ജയശ്രീ..'

-

ഗായിക ജയശ്രീ വിട പറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് ; സ്വപ്നങ്ങള്‍ അലങ്കരിച്ച കാലം

മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞു പോകാന്‍ കൂട്ടാക്കാത്ത ശൈശവക്കാഴ്ചകളില്‍ ഒന്ന്. റേഡിയോ അനൗണ്‍സറായ വലിയമ്മയോടൊപ്പം ഏറ്റവും പുതിയ സിനിമാഗാനങ്ങള്‍ കേള്‍ക്കാനും അവയുടെ നൊട്ടേഷന്‍ കുറിച്ചെടുക്കാനുമായി തിരുവനന്തപുരം ആകാശവാണി സ്റ്റുഡിയോയില്‍ എത്തിയ പതിമൂന്നു വയസ്സുകാരന് മുന്നിലേക്ക് കുപ്പിവള വീണുടയും പോലെ ചിരിച്ചുകൊണ്ട് ഒരു സുന്ദരി എത്തുന്നു. വാലിട്ടെഴുതിയ കണ്ണുകളും നെറ്റിയിലേക്ക് വാര്‍ന്നു കിടന്ന മുടിച്ചുരുളുകളുമൊക്കെയായി ഏതോ രവിവര്‍മ ചിത്രത്തില്‍ നിന്നെന്ന വണ്ണം ഇറങ്ങിവന്നു ഡ്യൂട്ടിറൂമിന്റെ വാതിലില്‍ പകച്ചുനിന്ന ആ രൂപത്തെ കൗതുകത്തോടെ നോക്കി നിന്ന പയ്യനോട് വലിയമ്മ പറഞ്ഞു: ``മോന് അറിയുമോ ഈ ചേച്ചിയെ? പിന്നണി ഗായികയാണ്. ചുമടുതാങ്ങി എന്ന സിനിമയിലെ സ്വപ്നങ്ങള്‍ അലങ്കരിക്കും എന്ന പാട്ട് പാടിയ ജയശ്രീ..'' അത്ഭുതം ആരാധനയ്ക്ക് വഴിമാറിയ നിമിഷം.

അന്നത്തെ എട്ടാം ക്ലാസ്സുകാരന്‍ മലയാളികളുടെ പ്രിയങ്കരനായ പിന്നണി ഗായകനാണിന്ന് ജി വേണുഗോപാല്‍. ``അത്രയും പ്രശസ്തയായ ഒരു പിന്നണിഗായികയെ ആദ്യമായി നേരില്‍ കാണുകയായിരുന്നു. മെലിഞ്ഞു നീണ്ട കൈവിരലുകള്‍ കൊണ്ട് വാത്സല്യത്തോടെ എന്റെ മുടി തഴുകിയതും പേര് ചോദിച്ചതും ഓര്‍മ്മയുണ്ട്. ഏതോ റിക്കോര്‍ഡിംഗിന് കൂട്ടുകാരികളോടൊപ്പം ആകാശവാണിയില്‍ എത്തിയതായിരുന്നു അവര്‍. '' വേണു ഓര്‍ക്കുന്നു.

g venugopal

``അന്നൊന്നും പാട്ടുകാരനാകുമെന്നോ പിന്നണി ഗായകനാകുമെന്നോ ഉള്ള വിദൂര ചിന്ത പോലുമില്ല.''

കാലം വേണുവിനെ പാട്ടിന്റെ വഴിയിലൂടെ തന്നെ കൈപിടിച്ച് നടത്തി; മലയാളത്തിലെ അറിയപ്പെടുന്ന പിന്നണി ഗായകനാക്കി. സിനിമയില്‍ സജീവമായ കാലത്തായിരുന്നു ജയശ്രീയുമായുള്ള അവസാന കൂടിക്കാഴ്ച. തിരുവനന്തപുരം റേഡിയോ സ്റ്റേഷനില്‍ സംഗീത വിഭാഗത്തിന്റെ പൂര്‍ണ ചുമതലയുള്ള പ്രോഗ്രാം എക്‌സിക്യൂട്ടീവ് ആണ് അന്ന് അന്ന് വേണു. സഹപ്രവര്‍ത്തകനായ ഗിത്താറിസ്റ്റ് എസ് എ സ്വാമി പറഞ്ഞ് ജയശ്രി അര്‍ബുദ രോഗബാധിതയായി മാറിയ കഥ അറിയാം. എങ്കിലും ആ അവസ്ഥയുടെ രൂക്ഷത മനസ്സിലാക്കിയത് 1995 ല്‍ ഒരു നാള്‍ റെക്കോര്‍ഡിംഗിനായി അവര്‍ റേഡിയോ നിലയത്തില്‍ എത്തിയപ്പോഴാണ്.

''ഒരു കാലത്ത് തിരക്കേറിയ സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആയിരുന്ന അവരെ അസുഖം സംഗീതവേദികളില്‍ നിന്ന് മിക്കവാറും അകറ്റിക്കഴിഞ്ഞിരുന്നു. ആകാശവാണിയുടെ ബി ഹൈ ആര്‍ട്ടിസ്റ്റ് ആയിരുന്ന ജയശ്രീയുടെ ശബ്ദം റേഡിയോയില്‍ പോലും മുഴങ്ങാത്ത സ്ഥിതി. അതുകൊണ്ട് തന്നെ അവര്‍ക്ക് വീണ്ടും റെക്കോര്‍ഡിംഗിന് അവസരം നല്‍കുന്നതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ എനിക്ക്.'' -- വേണു.

അമ്മയോടൊപ്പം ഓട്ടോറിക്ഷയില്‍ ആകാശവാണി കോമ്പൗണ്ടില്‍ വന്നിറങ്ങി സ്റ്റുഡിയോയില്‍ കയറി വന്ന ജയശ്രീയുടെ രൂപം നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മയാണ് വേണുവിന്. "തീരെ ശോഷിച്ച ദേഹം. പറ്റെ വെട്ടി നിര്‍ത്തിയ മുടി. സദാ പുഞ്ചിരി തങ്ങി നിന്നിരുന്ന മുഖത്ത് സ്ഥായിയായ വിഷാദ ഭാവം. പഴയ സുന്ദരിയായ ജയശ്രീയെ പുതിയ രൂപത്തില്‍ നിന്ന് എനിക്ക് വേര്‍തിരിച്ചെടുക്കാനേ കഴിഞ്ഞില്ല എന്നതാണ് സത്യം. അന്നൊക്കെ മൈക്കിനു മുന്നില്‍ നിലത്തു ചമ്രം പടിഞ്ഞിരുന്നാണ് ലളിതഗാനം പാടി റെക്കോര്‍ഡ് ചെയ്യുക. ജയശ്രീക്ക് അപ്പോഴത്തെ അവസ്ഥയില്‍ തറയില്‍ ഇരിക്കാന്‍ വയ്യ. നിസ്സഹായതയോടെയുള്ള അവരുടെ നില്‍പ്പ് ഓര്‍മ്മയുണ്ട്. സ്റ്റാഫിനോട് പറഞ്ഞ് എവിടെ നിന്നോ കുറെ കുഷ്യനുകള്‍ സംഘടിപ്പിച്ച് പാട്ടുകാരിയെ പതുക്കെ അവയുടെ മുകളില്‍ ഇരുത്തി. വേദന കടിച്ചമര്‍ത്തിക്കൊണ്ടാണ് പാടിയതെങ്കിലും, പാട്ടില്‍ മുഴുകിയതോടെ ജയശ്രീക്ക് എവിടെ നിന്നോ ഒരു ഊര്‍ജം കൈവന്ന പോലെ തോന്നി."

റെക്കോര്‍ഡിംഗ് കഴിഞ്ഞു മുറ്റത്തേക്കിറങ്ങിയ ശേഷം ജയശ്രീ ഏറെ നേരം ആകാശവാണി കെട്ടിടത്തെ നിര്‍ന്നിമേഷയായി നോക്കി നിന്നു. പിന്നെ താന്‍ വര്‍ഷങ്ങളോളം കയറിയിറങ്ങിയ ആ പടികള്‍ തൊട്ട് വന്ദിച്ചു. ഗായികയെന്ന നിലയില്‍ തന്റെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ട സ്ഥാപനത്തിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്നു തീര്‍ച്ചയാക്കിയിരിക്കുമോ അവര്‍?

പിന്നീട് ഏറെക്കാലം ജീവിച്ചിരുന്നില്ല ജയശ്രീ. ഒരര്‍ത്ഥത്തില്‍ തീവ്രവേദനയില്‍ നിന്നുള്ള മോചനം കൂടിയായി അവര്‍ക്ക് മരണം. നേര്‍ത്ത പാദപതനങ്ങളോടെ കടന്നുവന്ന രോഗത്തിന് മുന്നില്‍ ആദ്യമാദ്യം പകച്ചു നിന്നു ജയശ്രീ. പിന്നെ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ പഠിച്ചു. അതിജീവനത്തിനു ശക്തി പകര്‍ന്നത് സംഗീതം തന്നെ. ചുണ്ടില്‍ ഒരു മൂളിപ്പാട്ടുമായി വേദനയോടു പൊരുതി നിന്ന ജയശ്രീയുടെ ചിത്രം കൂട്ടുകാരുടെയും വീട്ടുകാരുടെയും ഓര്‍മ്മയിലുണ്ട് . ഒടുവില്‍ 1995 ജൂണ്‍ നാലിന് ആ പോരാട്ടം എന്നന്നേക്കുമായി നിലച്ചപ്പോള്‍ മുഖ്യധാരാ പത്രങ്ങളുടെ പ്രാദേശിക പേജില്‍ ഒതുങ്ങിയ ഒരു സാധാരണ മരണം മാത്രമായി അത്.

ജയശ്രീ പിന്നീട് ജീവിച്ചത് അവരെ അടുത്തറിയുകയും ഇഷ്ടപ്പെടുകയും ചെയ്ത കുറച്ച് പേരുടെ മനസ്സിലാണ്. ഗാനം ജനപ്രിയമാകുകയും ഗായിക വിസ്മൃതയാകുകയും ചെയ്യുക എന്ന പ്രതിഭാസം ജയശ്രീയുടെ കാര്യത്തില്‍ കൂടുതല്‍ പ്രകടമായിരുന്നു. ഫേസ് ബുക്കിലെ ഒരു സംഗീത ഫോറത്തില്‍ അടുത്തിടെ സ്വപ്നങ്ങള്‍ അലങ്കരിക്കും എന്ന ഗാനം ചര്‍ച്ചാ വിഷയമായതോര്‍ക്കുന്നു. ആര്‍ക്കുമറിയില്ലായിരുന്നു ആ പാട്ട് പാടിയ ഗായികയെ പറ്റി. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് പോലും. വേദനിപ്പിക്കുന്ന ആ അറിവാണ്, വീണ്ടും ജയശ്രീയുടെ ജീവിത വഴികളിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചത്.

--രവിമേനോന്‍ (സ്വര്‍ണചാമരം)

Content Highlights : ravi menon article singer jayashri meets g venugopal in akashavani studio


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented