I. V. Sasi and M. G. Radhakrishnan | Photo: Mathrubhumi Archives
'ദേവാസുര'ത്തിലെ പെരിങ്ങോടന്റെ പാട്ട് അപൂര്‍വരാഗമായ സാമന്തമലഹരിയില്‍ വേണമെന്ന് ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിക്കു മോഹം. ആ രാഗത്തിലൊരു ഈണമിട്ടാല്‍ അതിനനുസരിച്ചു വരികള്‍ എഴുതുമോ എന്ന് വെല്ലുവിളിയുടെ ധ്വനിയോടെ എം.ജി. രാധാകൃഷ്ണന്റെ ചോദ്യം. പൂര്‍ണ്ണമനസ്സോടെ തന്നെ ആ വെല്ലുവിളി ഏറ്റെടുത്തു ഗിരീഷ്. നിമിഷങ്ങള്‍ക്കകം പിറക്കുന്നു 'ദേവാസുര'ത്തിന്റെ മുദ്രാഗീതം:
'വന്ദേ മുകുന്ദ ഹരേ ജയശൗരേ സന്താപഹാരി മുരാരേ
ദ്വാപര ചന്ദ്രികാചര്‍ച്ചിതമാം നിന്റെ ദ്വാരകാപുരി എവിടെ
പീലിത്തിളക്കവും കോലക്കുഴല്‍ പാട്ടും
അമ്പാടിപ്പൈക്കളും എവിടെ
ക്രൂര നിഷാദ ശരം കൊണ്ടു നീറുമീ
നെഞ്ചിലെന്‍ ആത്മ പ്രണാമം
പ്രേമസ്വരൂപനാം സ്‌നേഹസതീര്‍ത്ഥ്യന്റെ
കാല്‍ക്കലെന്‍ കണ്ണീര്‍ പ്രണാമം
പ്രേമസ്വരൂപനാം സ്‌നേഹസതീര്‍ത്ഥ്യന്റെ
കാല്‍ക്കലെന്‍ കണ്ണീര്‍ പ്രണാമം..'
'ദേവാസുര'ത്തിലെ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കഥാപാത്രമായ പെരിങ്ങോടന് വേണ്ടി സാമന്തമലഹരി എന്ന സോപാനസംഗീത രാഗത്തില്‍ ആ വരികള്‍ ഭാവതീവ്രമായി ചിട്ടപ്പെടുത്തുമ്പോള്‍ മറ്റാരെക്കൊണ്ടെങ്കിലും അത് പാടിക്കണം എന്നായിരുന്നു സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്റെ ആഗ്രഹം. അതിനായി അദ്ദേഹം സ്വയം ട്രാക്ക് പാടി വെക്കുകയും ചെയ്തു. ഇനിയുള്ള കഥ സംവിധായകന്‍ ഐ.വി. ശശിയുടെ വാക്കുകളില്‍: 'എന്നാല്‍ ട്രാക്ക് കേട്ടപ്പോള്‍ എനിക്ക് തോന്നി സംഗീതസംവിധായകന്‍ തന്നെ പാടിയാലേ ശരിയാകൂ എന്ന്. വരികളുടെ ആത്മാവ് ഉള്‍ക്കൊണ്ട് പാടിവെച്ചിരിക്കയാണ് രാധാകൃഷ്ണന്‍. ആദ്യം അദ്ദേഹം സമ്മതിച്ചില്ല. ചിരട്ടകൊണ്ട് ഉരയ്ക്കുന്ന ശബ്ദമാണ് തന്റേത് എന്നൊക്കെ വാദിച്ചുനോക്കി. ഞാന്‍ പറഞ്ഞു എനിക്കാ ശബ്ദമാണ് വേണ്ടതെന്ന്. അങ്ങനെ അന്ന് പാടിയ ട്രാക്ക് തന്നെ സിനിമയില്‍ ഉപയോഗിക്കുകയായിരുന്നു.''
'കുമ്മാട്ടി'യിലെ 'കറുകറെ കാര്‍മുകില്‍' ആണ് രാധാകൃഷ്ണന്‍ സാമന്തമലഹരിയില്‍ ചിട്ടപ്പെടുത്തിയ ആദ്യഗാനം. കാവാലത്തിന്റെ പ്രേരണയിലായിരുന്നു ആ പരീക്ഷണം. സോപാന സംഗീതാചാര്യനായ തൃക്കാംപുറം കൃഷ്ണന്‍കുട്ടി മാരാര്‍ ആ രാഗത്തില്‍ 'നീലകണ്ഠ മനോഹര'എന്ന ത്യാണി (സ്തുതി) ഇടക്ക കൊട്ടി പാടിക്കേട്ടിട്ടുണ്ട് കാവാലം. അന്ന് തുടങ്ങിയതാണ് സാമന്തമലഹരിയോടുള്ള സ്‌നേഹം. എന്നെങ്കിലുമൊരിക്കല്‍ ആ രാഗത്തില്‍ ഒരു ഗാനം സൃഷ്ടിക്കണമെന്ന മോഹം രാധാകൃഷ്ണനുമായി പങ്കുവെച്ചിട്ടുണ്ട് പലപ്പോഴും. അവസരം ഒത്തുവന്നത് 'കുമ്മാട്ടി''യിലാണെന്ന് മാത്രം.
കറുകറെ കാര്‍മുകില്‍ എന്ന ഗാനം രാധാകൃഷ്ണന് കവി ചൊല്ലിക്കൊടുത്തതുതന്നെ സാമന്തമലഹരിയിലാണ്. ഫോക് സ്പര്‍ശമുള്ള ആ ആലാപനത്തില്‍ നിന്ന് രാധാകൃഷ്ണന്‍ മനോഹരമായ ഒരു ഗാനശില്‍പ്പം വാര്‍ത്തെടുക്കുന്നു. പശ്ചാത്തലത്തില്‍ പേരിനൊരു ചിലമ്പിന്റെ നാദം മാത്രം. 'ഇതാണ് ഞാന്‍ ഉദ്ദേശിച്ച താളം. ഇതിലും മനോഹരമായി ഈ ഗാനം ചെയ്യാനാവില്ല..'പാട്ട് കേട്ട് സംവിധായകന്‍ അരവിന്ദന്‍ പറഞ്ഞു. സ്വന്തം സിനിമകളിലെ പാട്ടുകളില്‍ അരവിന്ദന് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു 'കറുകറെ കാര്‍മുകില്‍.' സുഹൃദ് സദസ്സുകളില്‍ അദ്ദേഹം പതിവായി പാടിക്കേട്ടിരുന്ന ഗാനം.
'കറുകറെ കാര്‍മുകില്‍'എന്ന പാട്ടിനോടും സാമന്തമലഹരിയോടുമുള്ള സ്‌നേഹം തന്നെയാണ് പില്‍ക്കാലത്ത് 'ദേവാസുര'ത്തിന് വേണ്ടി അതേ രാഗത്തില്‍ 'വന്ദേ മുകുന്ദ ഹരേ ജയ ശൗരേ' സൃഷ്ടിക്കാന്‍ ഗിരീഷിനും എം.ജി. രാധാകൃഷ്ണനും പ്രചോദനമായതും.
ഇടക്കയുടെ താളത്തിലുള്ള ഒടുവിലിന്റെ 'വന്ദേമുകുന്ദ ഹരേ' ദേവാസുരത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ദൃശ്യ--ശ്രവ്യാനുഭവമായി മാറിയത് പില്‍ക്കാല ചരിത്രം. മലയാളസിനിമാ ചരിത്രത്തില്‍ ഒടുവിലിനെ എന്നന്നേക്കുമായി അടയാളപ്പെടുത്തിയ പാട്ട് കൂടിയായി അത്.
Content Highlights: Ravi Menon about Vanda Mukunda Song by M. G. Radhakrishnan, Devaasuram


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..