'നിറകണ്ണുകളോടെ വേദിക്ക് പിന്നിൽ തല താഴ്ത്തി ഇരുന്നു ജാനകി, തിരിച്ചടികൾ അവസാനിച്ചിരുന്നില്ല'


രവിമേനോൻ  "ഓരോ ഗാനത്തിനും ഒരു നിയോഗമുണ്ട്. രചയിതാവോ  സംഗീത ശില്പ്പിയോ  പാടിയ നമ്മളോ വിചാരിച്ചാൽ  തിരുത്തിക്കുറിക്കാനാവാത്ത ഒന്ന്. ''-- ജാനകി പറയുന്നു.

S Janaki , Photo | Mathrubhumi Archives

ഈ സ്വരദേവതയാണ് എന്റെ ``സ്നേഹതാരം''

പ്രതിബന്ധങ്ങൾക്കും പ്രതിസന്ധികൾക്കും എതിരായ ഒരു ഒറ്റയാൾ പോരാട്ടമായിരുന്നു എസ് ജാനകിയുടെ സംഗീത ജീവിതം. ഈ വനിതാ ദിനത്തിൽ പ്രിയപ്പെട്ട ജാനകിയമ്മക്കിരിക്കട്ടെ ഈ പൊൻതൂവൽ...

ഏറെ വൈകിയെത്തിയ പദ്മഭൂഷൺ കുറച്ചുകാലം മുൻപ് ജാനകി നിരസിച്ചത്‌ വിവാദമായിരുന്നു. തെല്ലു കടുപ്പമായിപ്പോയില്ലേ ആ തീരുമാനം എന്ന് ചോദിച്ചപ്പോൾ സ്വരസുന്ദരി പറഞ്ഞു: "ബഹുമതികൾ ഒരിക്കലും എന്നെ പ്രലോഭിപ്പിച്ചിട്ടില്ല. പ്രതീക്ഷിച്ച സമ്മാനങ്ങൾ നിഷേധിക്കപ്പെട്ടതിന്റെ ദുഃഖം കുട്ടിക്കാലത്തേ ആവോളം അനുഭവിച്ചതുകൊണ്ടാവാം.''

ആദ്യമായി ഒരു പാട്ടുമത്സരത്തിൽ പങ്കെടുത്തത് പതിനേഴാം വയസ്സിലാണ്. ആകാശവാണി നടത്തിയ ആ അഖിലേന്ത്യാ ലളിത ശാസ്ത്രീയസംഗീത മത്സരത്തിൽ അവസാന റൗണ്ട് വരെ എത്തി ജാനകി. ഫൈനലിൽ ഒരു അർദ്ധശാസ്ത്രീയ ഗാനം അതിഗംഭീരമായി പാടുകയും ചെയ്തു. നിലക്കാത്ത ഹർഷാരവത്തോടെയാണ്സദസ്സ് ആ പ്രകടനത്തെ എതിരേറ്റത് . മുഖ്യ എതിരാളിയായ മത്സരാർത്ഥി പാടിയതാകട്ടെ ഒന്നാന്തരമൊരു കർണാടക സംഗീത കൃതി.

"ശുദ്ധ ശാസ്ത്രീയ കൃതികൾ പാടരുത് എന്നായിരുന്നു ഞങ്ങൾക്ക് ലഭിച്ചിരുന്ന നിർദേശം. അതുകൊണ്ടു തന്നെ ആ കുട്ടിയെ അയോഗ്യയായി പ്രഖ്യാപിക്കുമെന്ന് എല്ലാവരും കരുതി . പക്ഷെ മത്സരഫലം വന്നപ്പോൾ ഒന്നാം സ്ഥാനം ആ കുട്ടിക്ക്. എനിക്ക് രണ്ടാം സ്ഥാനം മാത്രം .'' -- ജാനകി. ഉള്ളിൽ അടക്കി വെച്ച തേങ്ങലോടെ രാഷ്ട്രപതി ബാബു രാജേന്ദ്രപ്രസാദിന്റെ കൈകളിൽ നിന്ന് വെള്ളിമെഡൽ സ്വീകരിച്ചതിന്റെ മങ്ങിയ ഓർമ്മ ഇന്നുമുണ്ട് ജാനകിയുടെ മനസ്സിൽ.. . അന്ന് ക്ലാസിക്കൽ പാടി ജാനകിയെ പിന്തള്ളിയ കൊച്ചു ഗായിക പിൽക്കാലത്ത് അറിയപ്പെടുന്ന ശാസ്ത്രീയ സംഗീതജ്ഞ ആയി-- ആർ വേദവല്ലി.

1957 ൽ നടന്ന മെട്രോ മർഫി സംഗീത മത്സരം മറ്റൊരു 'നഷ്ട'സ്മരണ . പാടിപ്പതിഞ്ഞ ചലച്ചിത്ര ഗാനങ്ങളാണ് ആ മത്സരത്തിൽ പങ്കെടുത്തവർ പാടിയത് . ഇന്നത്തെ റിയാലിറ്റി ഷോകളുടെ ഒരു പഴയ പതിപ്പ്. പതിവ് പോലെ ആ മത്സരത്തിലും ജാനകി കലാശ റൗണ്ടിൽ ഇടം നേടി . പുരുഷ -- വനിതാ വിഭാഗങ്ങളിലെ അന്തിമ വിജയികളെ കണ്ടെത്താൻ വിധികർത്താക്കളായി എത്തിയത് സിനിമയിലെ വിഖ്യാതരായ അഞ്ചു സംഗീതസംവിധായകർ-- നൗഷാദ്, മദൻമോഹൻ , അനിൽ ബിശ്വാസ്, സി രാമചന്ദ്ര, വസന്ത് ദേശായി. ഒന്നാം സ്ഥാനക്കാർക്ക് ഈ സംഗീതസംവിധായകർ അവരവരുടെ അടുത്ത പടങ്ങളിൽ പാടാൻ അവസരം നൽകും എന്നൊരു സുവർണ്ണ വാഗ്ദാനം കൂടി ഉണ്ടായിരുന്നു.

"അവസാന റൗണ്ടിൽ 'ചോരി ചോരി'യിലെ രസിക് ബല്മാ എന്ന പാട്ടാണ് ഞാൻ പാടിയത് . ഏതു പാട്ടും ഒരു വട്ടം കേട്ടാൽ ഒപ്പിയെടുത്തു അതേപടി പാടാനുള്ള കഴിവ് ഈശ്വരൻ അന്നേ എനിക്ക് തന്നിട്ടുണ്ട് . നിറഞ്ഞ സദസ്സിനു മുന്നിൽ കഴിയുന്നത്ര ഭംഗിയായിത്തന്നെ ഞാൻ പാടി. സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടിക്കുകയും ചെയ്തു . വേദിയുടെ പിറകിൽ എത്തി ഒന്നാം സ്ഥാനം നിനക്ക് തന്നെ എന്ന് ആശംസിച്ചവർ ഏറെ . പക്ഷെ മത്സരഫലം വന്നപ്പോൾ എന്റെ പേരില്ല. പരിപാടിക്ക് എത്തിയ പല പ്രമുഖരും പ്രതിഷേധിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല . ജൂറിയുടേത് അന്തിമ വിധി ആയിരുന്നു. സമ്മാനം നിഷേധിക്കപ്പെട്ടതിന് പിന്നിലെ യഥാർത്ഥ കാരണം പിന്നീടാണ് അറിഞ്ഞത്. ശങ്കർ ജയകിഷൻ സംഗീതം നൽകിയ ഗാനം ഫൈനലിൽ പാടിയത് ജൂറി അംഗങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലത്രേ .''

നിറകണ്ണുകളോടെ വേദിയുടെ പിന്നിൽ തല താഴ്ത്തി ഇരുന്നു ജാനകി. സംഗീതലോകത്തെ ഈഗോ യുദ്ധങ്ങളെ കുറിച്ച് ഉൾക്കാഴ്ച നൽകിയ ആദ്യത്തെ അനുഭവം. തിരിച്ചടികൾ അവസാനിച്ചിരുന്നില്ല . സിനിമയിലേക്കുള്ള ജാനകിയുടെ രംഗപ്രവേശത്തിനും ഉണ്ടായിരുന്നു നിർഭാഗ്യത്തിന്റെ അകമ്പടി. ഭർതൃ പിതാവാണ് ശബ്ദ പരിശോധനയിൽ പങ്കെടുക്കാൻ അനുവാദം തേടിക്കൊണ്ട് മരുമകൾക്ക് വേണ്ടി എ വി എം സ്റ്റുഡിയോയിലേക്ക് അപേക്ഷ അയച്ചത് . ഓഡിഷൻ ടെസ്റ്റ്‌ എളുപ്പം ജയിച്ചു കയറിയെങ്കിലും ആദ്യം പാടിയത് എ വി എം പടത്തിനു വേണ്ടിയല്ല; ടി ചലപതി റാവു സംഗീത സംവിധാനം നിർവഹിച്ച വിധിയിൻ വിളയാട്ട്‌ എന്ന തമിഴ് ചിത്രത്തിൽ .

രണ്ടു ദുഃഖ ഗാനങ്ങൾ ആണ് പാടേണ്ടത്. . കാലത്ത് 9 മുതൽ ഉച്ചക്ക് ഒരു മണി വരെ സ്റ്റുഡിയോ ബുക്ക്‌ ചെയ്തിരുന്നു. അത്രയും സമയത്തിനുള്ളിൽ പുതിയ പാട്ടുകാരി പാട്ട് പഠിച്ചു റെക്കോർഡ്‌ ചെയ്യുമോ എന്നായിരുന്നു എല്ലാവരുടെയും സംശയം. തമിഴ് ഭാഷയുമായി ഒരു ബന്ധവുമില്ല അക്കാലത്ത് ജാനകിക്ക്. പാട്ടുകൾ എഴുതിയെടുത്തത് മാതൃഭാഷയായ തെലുങ്കിലാണ് . ഗാനത്തിന്റെ വരികളുടെ അർത്ഥം ചോദിച്ചറിഞ്ഞ ശേഷം പാടാനായി ജാനകി മൈക്കിനു മുന്നിൽ എത്തുന്നു . ആദ്യ ടേക്ക് തന്നെ ഓക്കേ.

റെക്കോർഡിംഗ് കഴിഞ്ഞപ്പോൾ സൗണ്ട് എഞ്ചിനീയറും ഓർക്കസ്ട്രക്കാരും എല്ലാം വന്നു അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയായിരുന്നു ജാനകിയെ. ഈ പുതിയ ഗായികയ്ക്ക് വേണ്ടിയാവും ഇനി തെന്നിന്ത്യൻ സിനിമാ ലോകം കാതോർക്കുക എന്ന് വരെ പ്രവചിച്ചവർ ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. പക്ഷെ, സിനിമയുടെ പേരിന് അറം പറ്റി. വിധിയിൻ വിളയാട്ട്‌ വെളിച്ചം കണ്ടതേയില്ല; പാട്ടുകളും . ജാനകിയുടെ ശബ്ദം സംഗീതാസ്വാദകർ ആദ്യം കേട്ടത് എം എൽ എ എന്ന തെലുങ്ക്‌ ചിത്രത്തിലാണ്. പെണ്ട്യാല നാഗേശ്വര റാവു ഈണമിട്ട "നീയാസാ അടിയാസാ ചെജരേ മനിപുസാ..''എന്ന യുഗ്മഗാനം. ഒപ്പം പാടിയത് അന്നത്തെ ഗായക ചക്രവർത്തിയായിരുന്ന ഘണ്ടശാല വെങ്കടേശ്വര റാവു. ``ഇത്രയും മാധുര്യമുള്ള ശബ്ദമോ?'' റെക്കോർഡിംഗിന് ശേഷം ഘണ്ടശാല ചോദിച്ചു. അടുത്ത നാല് പതിറ്റാണ്ടുകൾക്കിടെ എസ് ജാനകി ഏറ്റവും അധികം കേട്ട് തഴമ്പിച്ച ചോദ്യവും അതായിരിക്കണം.

"ഓരോ ഗാനത്തിനും ഒരു നിയോഗമുണ്ട്. രചയിതാവോ സംഗീത ശില്പ്പിയോ പാടിയ നമ്മളോ വിചാരിച്ചാൽ തിരുത്തിക്കുറിക്കാനാവാത്ത ഒന്ന്. ''-- ജാനകി പറയുന്നു. ``സെന്ദൂരപ്പൂവേ എന്ന ഗാനം ആദ്യത്തെ ദേശീയ അവാർഡ് നേടിത്തരുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല ഞാൻ. ഗംഗൈ അമരൻ എഴുതി ഇളയരാജ ഈണം പകർന്ന ആ പാട്ട് മോശമായത് കൊണ്ടല്ല; അതിനേക്കാൾ വെല്ലുവിളി ഉയർത്തിയ മറ്റൊരു പാട്ട് അതേ വർഷം തന്നെ പാടി റെക്കോർഡ്‌ ചെയ്തിരുന്നത് കൊണ്ടാണ്. ഹേമവതി എന്ന കന്നഡ ചിത്രത്തിലെ ശിവ ശിവ എന്നദാ നാളിലഗേ ആയിരുന്നു ആ പാട്ട് . തോടി രാഗവും ആഭോഗിയും ഇടകലർത്തി എൽ വൈദ്യനാഥൻ ചിട്ടപ്പെടുത്തിയ ഗാനം.

"ആലാപനത്തിൽ അത് പോലൊരു അഗ്നിപരീക്ഷ അതിനു മുൻപോ പിൻപോ നേരിട്ടിട്ടില്ല ഞാൻ. റെക്കോർഡിംഗിന് ചെന്നപ്പോഴാണ് അറിയുന്നത് കടുപ്പമുള്ള ശാസ്ത്രീയ ഗാനമാണെന്ന്‌ . വയലിൻ ഇതിഹാസം എം എസ് ഗോപാലകൃഷ്ണനും മൃദംഗവിദ്വാൻ ചീനാക്കുട്ടിയും (മധുരൈ ടി ശ്രീനിവാസൻ ) ആണ് അകമ്പടി സേവിക്കുന്നത്. എന്നെ കണ്ടപ്പോഴേ എം എസ് ജി സംശയം പ്രകടിപ്പിച്ചു-- ഈ പാട്ട് ക്ലാസിക്കൽ നന്നായി അറിയുന്ന മറ്റാരെങ്കിലുംപാടുകയാവില്ലേ നല്ലത് എന്ന്. മനസ്സ് നൊന്തു എന്നത് സത്യം അത്തരം സന്ദർഭങ്ങളിലാണ് ഈശ്വരൻ എന്നെ ഏറ്റവും തുണച്ചിട്ടുള്ളത്. നിമിഷങ്ങൾക്കുള്ളിൽ പാട്ട് പഠിച്ചെടുത്തു ഒറ്റ ടേക്കിൽ തന്നെ ഓക്കേ ആക്കാൻ കഴിഞ്ഞു എനിക്ക്.

"കൂടെ വായിച്ചവരും സംഗീത സംവിധായകനും എല്ലാം നേരിൽ വന്നു അഭിനന്ദിച്ചത് ഓർമ്മയുണ്ട് . അത്തവണത്തെ ദേശീയ അവാർഡ്‌ ആ പാട്ടിന്റെ പേരിൽ എനിക്ക് ലഭിക്കും എന്നായിരുന്നു എല്ലാവരുടെയും പ്രവചനം. ഭാഗികമായി അത് ശരിയായി വന്നു. ബഹുമതി എനിക്കായിരുന്നെങ്കിലും പാട്ട് വേറൊന്നായിപ്പോയി..'' -- ജാനകി ചിരിക്കുന്നു.

സെന്ദൂരപ്പൂവേ എന്ന പാട്ടിന്റെ പേരിൽ ലഭിച്ച ദേശീയ അവാർഡ് ഏറ്റുവാങ്ങാൻ ഡൽഹിയിൽ ചെന്നപ്പോൾ മറ്റൊരു അവിസ്മരണീയ അനുഭവം കൂടി ഉണ്ടായി-- ഇഷ്ട ഗായകനായ മുഹമ്മദ്‌ റഫിയ്ക്കൊപ്പം വേദി പങ്കിടുക എന്ന അസുലഭ സൗഭാഗ്യം . ആ വർഷത്തെ മികച്ച പിന്നണി ഗായകനുള്ള പുരസ്കാരം റഫിക്കായിരുന്നു-- ക്യാ ഹുവാ തേരാ വാദാ എന്ന പാട്ടിന്."ജീവിതത്തിലെ ഏറ്റവും ധന്യമുഹൂർത്തങ്ങളിൽ ഒന്നായിരുന്നു അത്. ദൈവം കനിഞ്ഞുനൽകിയ അത്തരം സൗഭാഗ്യങ്ങളുള്ളപ്പോൾ എന്തിനാണ് മറ്റ് അവാർഡുകൾ?''-- ജാനകി ചിരിക്കുന്നു.

Content Highlights: Ravi Menon about Singer S Janaki on womens day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented