കൂട്ടുകാരന്‍ പറഞ്ഞു: ഏശ്വാസിന്റെ അനിയനാ ജയചന്ദ്രന്‍


രവിമേനോന്‍

ജയചന്ദ്രന്റെ ശബ്ദം ഒരിക്കലെങ്കിലും കാതില്‍ മുഴങ്ങാത്ത ദിനങ്ങളില്ല ജീവിതത്തില്‍ . റേഡിയോയിലൂടെ , ടി വിയിലൂടെ, മൊബൈലിലൂടെ , അല്ലെങ്കില്‍ രാത്രിയുടെ അന്ത്യയാമങ്ങളിലെ സുദീര്‍ഘമായ ഫോണ്‍ കോളുകളിലൂടെ ആ ശബ്ദം എന്നെ പതിവായി തേടിയെത്തുന്നു .

-

താമസിക്കുന്ന ഹോട്ടലിനു മുന്നില്‍ കാര്‍ നിര്‍ത്തി യാത്ര പറയുമ്പോള്‍ കൈകള്‍ ചേര്‍ത്തുപിടിച്ച് കണ്ണുകളിലേക്ക് ഉറ്റുനോക്കി ജയചന്ദ്രന്‍ ചോദിച്ചു : ``ജയേട്ടനെ മറക്ക്വോ രവീ ? '' എന്ത് മറുപടി നല്‍കണം എന്നറിയാതെ പകച്ചു നിന്നു ഞാന്‍ . ജീവിതത്തിലെ ഓരോ വഴിത്തിരിവിലും സ്‌നേഹമായും സാന്ത്വനമായും നിഴല്‍ പോലെ ഒപ്പമുണ്ടായിരുന്ന ശബ്ദത്തിന്റെ ഉടമയെ ഞാന്‍ എങ്ങനെ മറക്കാന്‍ ?

``മരിക്കാറാവുമ്പോ ഇതൊക്കെയേ കാണൂ നമുക്ക് ഓര്‍ക്കാന്‍ ; പാടിയും പാട്ട് കേട്ടും ചെലവഴിച്ച രാത്രികള്‍ .'' ഒന്ന് നിര്‍ത്തിയ ശേഷം കൂട്ടിച്ചേര്‍ക്കുന്നു ജയചന്ദ്രന്‍: ``ഇന്നെനിക്കു ഉറക്കം വരില്ല . കണ്ണടക്കുമ്പോഴെല്ലാം റഫി സാഹിബ് മുന്നില്‍ വന്നു ചിരിക്കും .. ആയേ ബഹാര്‍ ബന്‍കേ ലുഭാ എന്ന പാട്ട് പാടും .. അത് പോലൊരു ഗന്ധര്‍വന്റെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാര്‍, അല്ലെ..?''

തൃശൂരിലെ ഫ്‌ലാറ്റില്‍ പാതിരാവും കഴിഞ്ഞു മുന്നേറിയ അവിസ്മരണീയമായ സംഗീതസദിരിനു ശേഷം ഹോട്ടല്‍ മുറിയില്‍ എന്നെ കൊണ്ടുവിടാന്‍ കാറോടിച്ചു വന്നതാണ് ജയചന്ദ്രന്‍. തിരക്കൊഴിഞ്ഞ നഗരവീഥികളിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ അദ്ദേഹം പാടിക്കൊണ്ടേയിരുന്നു -- റഫിയുടെയും പി സുശീലയുടെയും മന്നാഡേയുടെയും പി ബി ശ്രീനിവാസിന്റെയും യേശുദാസിന്റെയും ഗാനങ്ങള്‍ . ദിന്‍ ഡല്‍ ജായേ , അബ് ക്യാ മിസാല്‍ ദൂം, കോന്‍ ആയാ മേരെ മന്‍ കേ ദ്വാരേ , അത്താ എന്നത്താ , നിലവേ എന്നിടം നെരുങ്കാത്, മൌനമേ പാര്‍വയില്‍, പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ....ഓരോ പാട്ടും പാടുമ്പോള്‍ ആ ശബ്ദത്തില്‍ വന്നു നിറയുന്ന കാമുകഭാവം വിസ്മയപൂര്‍വം ആസ്വദിക്കുകയായിരുന്നു ഞാന്‍ .

``സിനിമാപ്പാട്ടും ഗാനമേളയും ഒക്കെ ഉപേക്ഷിച്ചു ഇതുപോലുള്ള ക്ലാസിക് ഗാനങ്ങള്‍ കേട്ട് വെറുതെ വീട്ടില്‍ ഇരുന്നാലോ ശിഷ്ടകാലം എന്ന് ചെലപ്പോ വിചാരിക്കും ഞാന്‍ . ഒരു ആയുഷ്‌കാലം മുഴോന്‍ കേള്‍ക്കാനുള്ള പാട്ടല്ലേ പാടിവച്ചിരിക്കുന്നത് ഇവരൊക്കെ''-- ഡ്രൈവിംഗിനിടെ ജയചന്ദ്രന്റെ ആത്മഗതം . ``അത് എന്തായാലും ശരിയല്ല ,'' ഞാന്‍ പറഞ്ഞു . `` ജയേട്ടന്റെ ആരാധകര്‍ എന്ത് ചെയ്യും അപ്പോള്‍ ? ജയേട്ടന്‍ റഫി സാഹിബിനെ എത്ര കണ്ടു സ്‌നേഹിക്കുന്നുവോ അത്രയും അളവില്‍ ജയേട്ടനെ സ്‌നേഹിക്കുന്നവരും ഉണ്ടെന്നു മറക്കരുത് ..'' എന്റെ വാദഗതി തൃപ്തികരമായി തോന്നിയിരിക്കില്ല ജയചന്ദ്രന്--തീര്‍ച്ച .

കാര്‍ റിവേഴ്‌സ് എടുത്ത് ജയേട്ടന്‍ ഒറ്റക്ക് തിരിച്ചുപോകുന്നതും നോക്കി ഹോട്ടലിന്റെ കവാടത്തിനു മുന്നില്‍ നിന്നു ഞാന്‍ . വിഷമം തോന്നി എനിക്ക് . ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത മറ്റൊരു രാത്രി അവസാനിക്കുകയല്ലേ ? ഇനി എന്നാണ് ഇതുപോലൊരു രാവ് വീണുകിട്ടുക? ജീവിതത്തിലെ എല്ലാ വേദനകളും മറന്ന്, പ്രണയാര്‍ദ്രമായ ആ ശബ്ദത്തോടൊപ്പം സ്വയം മറന്നു ഒഴുകിപ്പോകാന്‍ കഴിയുന്ന ഒരു രാവ്.

ജയചന്ദ്രന്റെ കാല്‍പനിക ശബ്ദം അച്ഛന്റെ മൂത്ത സഹോദരിയായ ചിന്നമ്മു വല്യമ്മയുടെ കൊച്ചു ജി ഇ സി ട്രാന്‍സിസ്റ്ററില്‍ നിന്ന് ഒഴുകിയെത്തുന്നതും കാത്ത് വീടിന്റെ മുകള്‍നിലയിലെ മരപ്പലകകള്‍ പാകിയ നിലത്ത് തപസ്സിരുന്നിട്ടുണ്ട് കുട്ടിക്കാലത്ത് . യേശുദാസിന്റെ ഗന്ധര്‍വ ഗാന പ്രവാഹത്തിനിടയിലേക്ക് വല്ലപ്പോഴുമൊരിക്കല്‍ വന്നെത്തുന്ന വിരുന്നുകാരനായിരുന്നു അന്നൊക്കെ ജയചന്ദ്രന്‍. സിനിമയിലെ പാട്ടുകളെല്ലാം പാടുന്നത് പ്രേംനസീര്‍ ആണെന്നായിരുന്നു അതുവരെയുള്ള ധാരണ . പിന്നെ ആരോ പറഞ്ഞറിഞ്ഞു യേശുദാസ് എന്നൊരാള്‍ പാടുന്നതിനു അനുസരിച്ച് ചുണ്ടനക്കുക മാത്രമേ ചെയ്യുന്നുള്ളൂ അദ്ദേഹം എന്ന് . ആരാധന അതോടെ യേശുദാസിനോടായി .

എല്ലാ അറിവുകളും അത്ഭുതമായിരുന്നു അന്നൊക്കെ . യേശുദാസ് മാത്രമല്ല ജയചന്ദ്രന്‍ എന്നൊരു ഗായകന്‍ കൂടിയുണ്ടെന്ന് ആദ്യം പറഞ്ഞു മനസ്സിലാക്കിത്തന്നത് ചിന്നമ്മു വല്യമ്മയാണ് - അച്ഛന്റെ മൂത്ത ചേച്ചി . അന്നത്തെ പന്ത്രണ്ടു വയസ്സുകാരന് ഇരു ശബ്ദങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയെടുക്കുക എളുപ്പമായിരുന്നില്ല . അത് തിരിച്ചറിയാന്‍ , പൂവും പ്രസാദവും എന്ന പാട്ട് കേള്‍ക്കുംവരെ കാത്തിരിക്കേണ്ടി വന്നു അവന്.

തൊട്ടപ്പുറത്തെ അച്ഛന്റെ ഓഫീസ് മുറിയില്‍ പാടിക്കൊണ്ടിരുന്ന റേഡിയോയില്‍ നിന്ന് കോണിച്ചോട്ടിലെ ഞങ്ങളുടെ പഠന മുറിയിലേക്ക് ആ ഗാനം ആദ്യം ഒഴുകിവന്നത് ഓര്‍മയുണ്ട്. കുറെ കിളിയൊച്ചകളില്‍ നിന്നാണ് തുടക്കം ; നേര്‍ത്തൊരു ഓടക്കുഴല്‍ നാദം കേള്‍ക്കാം പശ്ചാത്തലത്തില്‍ . തൊട്ടു പിന്നാലെ മനം മയക്കുന്ന ഒരു ഹമ്മിംഗും. അത് കഴിഞ്ഞാണ് ഗായകന്റെ ശബ്ദം ഒഴുകിത്തുടങ്ങുക .....`` രവി പുസ്തകം വായിക്കണ ശബ്ദമൊന്നും കേള്‍ക്കണില്ലല്ലൊ; അവിടെന്താ പണി'' എന്ന് അച്ഛന്‍ അപ്പുറത്ത് നിന്ന് വിളിച്ചു ചോദിക്കും വരെ ആ പാട്ടിന്റെ ലഹരിയില്‍ ലയിച്ചിരിക്കും ഞാന്‍ . മുന്നില്‍ തുറന്നുവെച്ച പാഠപുസ്തകത്തിലെ അക്ഷരങ്ങള്‍ വീണ്ടും കണ്ണില്‍ തെളിയുമ്പോഴേക്കും അവതാരകയുടെ മൊഴി കേള്‍ക്കാം : ``നിങ്ങള്‍ ഇപ്പോള്‍ കേട്ടത് തോക്കുകള്‍ കഥ പറയുന്നു എന്ന ചിത്രത്തില്‍ പി. ജയചന്ദ്രന്‍ പാടിയ പാട്ട്. രചന : വയലാര്‍, സംഗീതം ദേവരാജന്‍..''

ജയചന്ദ്രന്‍ -- ആ പേര് മനസ്സില്‍ പതിഞ്ഞത് അന്നാണ് . `` ഏശ്വാസിന്റെ അനിയനാ ജയചന്ദ്രന്‍''-- ആറില്‍ ഒപ്പം പഠിച്ചിരുന്ന ജോയി പിറ്റേന്ന് എന്നോട് പറഞ്ഞു . എന്നെ പറ്റിക്കാനായിരുന്നില്ല. അവനോട് അവന്റെ അച്ചായന്‍ പറഞ്ഞതാണ് പോലും . ആദ്യം വിശ്വസിക്കാനാണ് തോന്നിയത് . എവിടെയോ എന്തോ ഒരു സാമ്യം തോന്നിയിരുന്നു എനിക്കും . ഏട്ടനും അനിയനും പോലെ . ഇക്കഥ വീട്ടില്‍ ചെന്ന് പറഞ്ഞപ്പോള്‍ വല്യമ്മ പൊട്ടിച്ചിരിച്ചു : `` അതെങ്ങന്യാ . ഏശ്വാസ് ക്രിസ്ത്യാനിയാ ; ജയചന്ദ്രന്‍ ഹിന്ദൂം . ഇനിക്കിഷ്ടം ജയചന്ദ്രന്റെ പാട്ടാണ് ട്ട്വോ . നല്ല ഉശിരുള്ള ശബ്ദാ. '' വല്യമ്മ പറഞ്ഞു .ഒരു പുരുഷന്റെ ശബ്ദമുള്ള ഗായകന്‍ എന്ന് പില്‍ക്കാലത്ത് -- വര്‍ഷങ്ങള്‍ക്ക് ശേഷം -- ദേവരാജന്‍ മാസ്റ്റര്‍ ജയചന്ദ്രനെ വിശേഷിപ്പിച്ചു കേട്ടപ്പോള്‍ എനിക്കാദ്യം ഓര്‍മ്മ വന്നത് വല്യമ്മയുടെ വാക്കുകളാണ് . ``നല്ല ഉരുളന്‍ കല്ല് പോലത്തെ ശബ്ദം. വല്യ മിനുസൊന്നും ല്ല്യാ . പക്ഷെ ആ പരുപരുപ്പ് തന്ന്യാ അതിന്റെ രസം . '' എത്ര സുചിന്തിതമായ നിരീക്ഷണം.

ജയചന്ദ്രന്റെ സൗഹൃദ വലയത്തില്‍ ചെന്ന് പെട്ടത് മറ്റൊരു കഥ . അഭിമുഖത്തിനായി ചെന്നതായിരുന്നു ചെന്നൈ ടി നഗറിലെ വീട്ടില്‍. മലയാള സിനിമയില്‍ ജയചന്ദ്രന്റെ ശബ്ദ സാന്നിധ്യം നാമമാത്രമായിക്കഴിഞ്ഞിരുന്ന 1990 കള്‍. അതിനു ഒരാഴ്ച മാത്രം മുന്‍പ് സിദ്ധാര്‍ത്ഥ എന്ന ചിത്രത്തില്‍ ജയചന്ദ്രന്‍ പാടിയ ``കൈവന്ന തങ്കമല്ലേ ഓമനത്തിങ്കള്‍ കുരുന്നല്ലേ (രചന : കൈതപ്രം , സംഗീതം : വിദ്യാസാഗര്‍ ) എന്ന അതീവ ഹൃദ്യമായ താരാട്ടുപാട്ടിനെ കുറിച്ച് ഒരു സിനിമാവാരികയിലെ മ്യൂസിക് റിവ്യൂ കോളത്തില്‍ ഞാന്‍ പരാമര്‍ശിച്ചിരുന്നു: ``മലയാള സിനിമ ക്രൂരമായി അവഗണിച്ചു കൊണ്ടിരിക്കുന്ന ജയചന്ദ്രനില്‍ നിന്ന് മറ്റൊരു ഹൃദയസ്പര്‍ശിയായ ഗാനം കൂടി . നിര്‍ഭാഗ്യവശാല്‍, ഈ ഗാനം സിനിമയില്‍ കേള്‍ക്കില്ല. സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ട അനേകം ജയചന്ദ്ര ഗാനങ്ങളില്‍ ഒന്നാകാന്‍ തന്നെ ഇതിനും യോഗം .'' ദുഖകരമായ ഒരു സത്യം വിളിച്ചു പറയുക മാത്രമേ ചെയ്തുള്ളൂ ഞാന്‍ ആ കുറിപ്പില്‍ . പാടി റെക്കോര്‍ഡ് ചെയ്ത ഗാനങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെടുക എന്ന ദുര്യോഗം ജയചന്ദ്രനോളം അനുഭവിച്ച പാട്ടുകാര്‍ അധികമുണ്ടാവില്ല .

പേര് പറഞ്ഞു പരിചയപ്പെടുത്തിയപ്പോള്‍ അകത്തു ചെന്ന് വാരികയുടെ കോപ്പി എടുത്തു കൊണ്ടുവന്നു ജയചന്ദ്രന്‍ : ``ഇത് നിങ്ങളെഴുതിയതല്ലേ?'' ഒട്ടും മയമില്ലാത്ത ചോദ്യം . അതെയെന്നു തലയാട്ടിയപ്പോള്‍ തിടുക്കത്തില്‍ വീടിനു പുറത്തിറങ്ങി ജയചന്ദ്രന്‍ പറഞ്ഞു : ``എന്റെ കൂടെ പോരൂ , നമുക്കൊരാളെ കാണാനുണ്ട് .'' ഇതെന്തു കഥ എന്നോര്‍ത്ത് തരിച്ചു നിന്ന എന്നെ ജയചന്ദ്രന്‍ കാറില്‍ കയറ്റുന്നു . നേരെ തരംഗിണി സ്റ്റുഡിയോയിലേക്ക്..

അവിടെ ചെന്നപ്പോള്‍ , തരംഗിണിയുടെ പുതിയ ഓണം ആല്‍ബത്തിന്റെ റെക്കോര്‍ഡിംഗ് നടക്കുകകയാണ് . കണ്‍സോളില്‍ പാട്ടുകാര്‍ക്ക് നിര്‍ദേശങ്ങളുമായി സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ . കൊടുങ്കാറ്റു പോലെ സ്റ്റുഡിയോയില്‍ കയറിച്ചെന്ന് വിദ്യാസാഗറിന് നേര്‍ക്ക് വാരിക നീട്ടി ജയചന്ദ്രന്‍ . ``ഇതിലെന്താ എഴുതിയിരിക്കുന്നതെന്നോ ? ഇത്രയും നല്ലൊരു പാട്ട് സിനിമയില്‍ നിന്ന് ഒഴിവാക്കിയത് അധികപ്രസംഗമാണെന്ന് . എന്റെ പാട്ട് ഇഷ്ടപ്പെടുന്നവരും ഇവിടെ ഉണ്ടെന്നു നിങ്ങള്‍ ഓര്‍ക്കണം.'' എന്നെ മുന്നിലേക്ക് വലിച്ചു നിര്‍ത്തി അദ്ദേഹം തുടര്‍ന്നു. ``ഇതാ ഇയാളാ ഇതെഴുതിയത് .'' ഒന്നു നിര്‍ത്തിയ ശേഷം എന്റെ കാതില്‍ മന്ത്രിച്ചു ജയചന്ദ്രന്‍ : `` ചോദിക്കാനും പറയാനും ആളുണ്ടെന്നു അറിയട്ടെ അയാള്‍.'' സങ്കോചത്തോടെ ഒതുങ്ങി നിന്നു ഞാന്‍ .

വിദ്യാസാഗര്‍ പക്ഷെ സംഭവത്തില്‍ നിരപരാധിയായിരുന്നു . ``എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നാണ് അത് .'' ഞങ്ങള്‍ ഇരുവരോടുമായി അദ്ദേഹം സൌമ്യമായി പറഞ്ഞു . `` എന്തുചെയ്യാം. സിനിമയില്‍ സിറ്റുവേഷന്‍ അല്ലേ പ്രധാനം? പ്രശ്‌നമാക്കേണ്ട ജയേട്ടാ. നിങ്ങള്‍ക്ക് ഇതിലും ഗംഭീരമായ പാട്ടുകള്‍ ഇനിയും ഞാന്‍ തരും . '' അതൊരു വാഗ്ദാനമായിരുന്നു . ആ വാക്ക് വിദ്യാസാഗര്‍ തെറ്റിച്ചതുമില്ല. മറന്നിട്ടുമെന്തിനോ , ആരാരും കാണാതെ , പ്രായം നമ്മില്‍ .. ജയചന്ദ്രന്റെ പില്ക്കാല സംഗീത ജീവിതത്തില്‍ വഴിത്തിരിവായ പാട്ടുകള്‍ പലതും വിദ്യാസാഗറിന്റെ ഈണത്തിലാണ് നമ്മെ തേടിയെത്തിയത് .

സ്റ്റുഡിയോയില്‍ നിന്ന് തിരിച്ചുപോരുമ്പോള്‍ ഞാന്‍ ചോദിച്ചു : ``പാഴായിപ്പോയ പാട്ടുകളെ കുറിച്ച് എന്തിനു ദുഖിക്കണം ? ഒരു ആയുഷ്‌കാലത്തേക്കുള്ള പാട്ടുകള്‍ മുഴുവന്‍ പാടിവെച്ചിട്ടില്ലേ ജയേട്ടന്‍? മാത്രമല്ല പാടിയ പാട്ടുകളില്‍ 90 ശതമാനവും ഹിറ്റാണ് താനും . പിന്നെന്തിനാണ് ഈ വേവലാതി ?'' കാര്‍ റോഡിന്റെ ഓരത്തേക്ക് ഒതുക്കി നിര്‍ത്തി ജയചന്ദ്രന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു : ``പാടാനല്ലാതെ വേറെ പണിയൊന്നും അറിയില്ല എനിക്ക് . ഈ പ്രായത്തില്‍ ഇനി മറ്റു വല്ല ജോലിയും തിരഞ്ഞു പോകുന്നതില്‍ അര്‍ഥവുമില്ല. അതുകൊണ്ടാ .''

അന്നാണ് വുഡ് ലാന്‍ഡ്‌സ് ഡ്രൈവ് ഇന്‍ റസ്റ്ററന്റിലേക്ക് ജയചന്ദ്രന്‍ എന്നെ ആദ്യമായി കൂട്ടിക്കൊണ്ടു പോയതും . മുന്നിലെ സ്റ്റീല്‍ ഗ്ലാസില്‍ നിന്ന് ഫില്‍ട്ടര്‍ കാപ്പി നുണഞ്ഞും ഒപ്പം മേശപ്പുറത്ത് തുറന്നുവെച്ച പുസ്തകത്തില്‍ എന്തോ കുത്തിക്കുറിച്ചും അവിടെ ഇരുന്ന വിചിത്ര മനുഷ്യനു മുന്നില്‍ കൂപ്പുകൈയോടെ ചെന്ന് നിന്നു അദ്ദേഹം . രോമത്തൊപ്പിയും തിളങ്ങുന്ന കുടുക്കുകളുള്ള കുപ്പായവും അണിഞ്ഞ ആ മനുഷ്യന്‍ പി ബി ശ്രീനിവാസ് എന്ന വിശ്രുത ഗായകനായിരുന്നു . അന്നു തന്നെയായിരുന്നു പുകഴേന്തിയുമായുള്ള ആദ്യ കൂടിക്കാഴ്ചയും. ഗഹനമായ അര്‍ത്ഥതലങ്ങളുള്ള ``വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ'' എന്ന ജയചന്ദ്ര ഗാനത്തിന്റെ സംഗീത ശില്‍പ്പി. ``ജയന് പോലും അറിയാത്ത ഒരു കാര്യമുണ്ട് .'' പുകഴേന്തി പറഞ്ഞു . ``ആ പാട്ടിന്റെ പിന്നണിയില്‍ മരണത്തിന്റെ താളം കൊണ്ടുവരാന്‍ ഞാന്‍ ഉപയോഗിച്ചത് എന്തെന്നോ ? സ്റ്റുഡിയോയില്‍ ആരോ കൊണ്ടുവച്ചു പോയ ഒരു ചോറ്റുപാത്രം . റെക്കോര്‍ഡിംഗ് സമയത്ത് പാത്രത്തിനൊപ്പമുണ്ടായിരുന്ന സ്പൂണ്‍ കൊണ്ട് ഞാന്‍ അതിന്മേല്‍ താളമിട്ടു . എനിക്ക് ആവശ്യം ആ ശബ്ദമായിരുന്നു ..'' പുകഴേന്തിയുടെ വിവരണം അത്ഭുതത്തോടെ കേട്ടിരുന്നു ജയചന്ദ്രനും ഞാനും .

മറ്റനേകം യാത്രകളുടെ തുടക്കമായിരുന്നു അന്നത്തെ യാത്ര . തെന്നിന്ത്യന്‍ സിനിമാലോകത്തെ ഇതിഹാസങ്ങള്‍ പലരും എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് ജയചന്ദ്രനൊപ്പമുള്ള ഈ യാത്രകളിലൂടെയാണ് . എം എസ് വിശ്വനാഥന്‍, പി സുശീല , ടി എം സൗന്ദരരാജന്‍, രവീന്ദ്രന്‍, ചിദംബരനാഥ് , എ ടി ഉമ്മര്‍.. അങ്ങനെ പലരും . ചെന്നൈ നഗരത്തിന്റെ തിരക്കിലും ബഹളത്തിലും അലിഞ്ഞു ജയചന്ദ്രന്റെ മാരുതി സെന്‍ ഒഴുകുമ്പോള്‍ , പുതിയ പുതിയ അറിവുകളുടെ ലോകത്തുകൂടി സഞ്ചരിക്കുകയാവും എന്റെ മനസ്. ഇടയ്ക്കിടെ ആ ശബ്ദഘോഷങ്ങള്‍ക്കിടയില്‍ പഴയ മദ്രാസ് നഗരത്തിന്റെ അവശിഷ്ടങ്ങള്‍ തിരയും ജയചന്ദ്രന്‍. സിനിമാ ജീവിതത്തിന്റെ തുടക്കത്തില്‍ അവസരങ്ങള്‍ തേടി താന്‍ നടന്നു പോയ വഴികള്‍; അന്ന് താമസിച്ച ലോഡ്ജ് മുറികള്‍; കാലത്തിന്റെ കുത്തൊഴുക്കില്‍ മാഞ്ഞു പോയ റെക്കോര്‍ഡിംഗ് സ്റ്റുഡിയോകള്‍; ക്യൂ നിന്ന് സിനിമ കണ്ട തിയറ്ററുകള്‍....പില്‍ക്കാലത്ത് ജയചന്ദ്രന്റെ സ്വന്തം നാടായ ഇരിഞ്ഞാലക്കുടയിലൂടെയും അത്തരമൊരു യാത്രയില്‍ പങ്കാളിയായിട്ടുണ്ട് ഞാന്‍. അന്ന് കണ്ടുമുട്ടിയത് ജയചന്ദ്രന്‍ എന്ന ഗായകനെ രൂപപ്പെടുത്തിയ കുറെ സാധാരണ മനുഷ്യരെയാണ് ; ബന്ധുക്കളും അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും മുതല്‍ സാധാരണ തൊഴിലാളികള്‍ വരെയുണ്ടായിരുന്നു അവരില്‍.

ജയചന്ദ്രന്റെ ശബ്ദം ഒരിക്കലെങ്കിലും കാതില്‍ മുഴങ്ങാത്ത ദിനങ്ങളില്ല ജീവിതത്തില്‍ . റേഡിയോയിലൂടെ , ടി വിയിലൂടെ, മൊബൈലിലൂടെ , അല്ലെങ്കില്‍ രാത്രിയുടെ അന്ത്യയാമങ്ങളിലെ സുദീര്‍ഘമായ ഫോണ്‍ കോളുകളിലൂടെ ആ ശബ്ദം എന്നെ പതിവായി തേടിയെത്തുന്നു . ഓരോ ഫോണ്‍ സംഭാഷണവും അവസാനിക്കുക മറക്കാനാവാത്ത ഒരു നിശാസംഗീതമേളയിലാണ് . കോഴിക്കോട് അബ്ദുല്‍ഖാദറും കമുകറയും എ എം രാജയും മുകേഷും ഹേമന്ത് കുമാറും ലതയും ടി എം എസ്സും ഒക്കെ വന്നു നിറയുന്ന ഒരു മെഹഫില്‍ . ജയചന്ദ്ര ഗീതങ്ങള്‍ മാത്രമുണ്ടാവില്ല ആ ഗാനപ്രവാഹത്തില്‍. ചോദിച്ചാല്‍ അദ്ദേഹം പറയും:``എന്റെ പാട്ടുകള്‍ നിങ്ങള്‍ക്ക് കേള്‍ക്കാനുള്ളതല്ലേ ?ഞാന്‍ കേള്‍ക്കുക ഈ മഹാഗായകരുടെ പാട്ടുകളാണ്; കേട്ടിട്ടും കേട്ടിട്ടും മതിയാകാത്ത പാട്ടുകള്‍ ...മരണം വരെ ഞാന്‍ അവ കേള്‍ക്കും; ഏറ്റുപാടിക്കൊണ്ടേയിരിക്കും ..'' ഹൃദയത്തില്‍ വന്നു തൊടുന്നു ആ വാക്കുകള്‍; ആ പാട്ടുകളെ പോലെ തന്നെ.

(പൂര്‍ണേന്ദുമുഖി എന്ന പുസ്തകത്തില്‍ നിന്ന് )

Content Highlights : Ravi Menon about P Jayachandran Pattuvazhiyorathu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented