Prithviraj Sukumaran
തീയറ്റുകളില്‍ കടുവയിറങ്ങുന്ന ദിവസം രാവിലെ പൃഥ്വിരാജ് സംവിധായകന്‍ എ.കെ.സാജനെ വിളിച്ചു. കരിയര്‍തുടക്കത്തില്‍ പൃഥ്വിയെ മാസ്പടങ്ങളുടെ സാത്താനായി അവതരിപ്പിച്ചത് സാജനാണ്. ഒറ്റസിനിമ മാത്രമേ അവര്‍ ഒരുമിച്ച് ചെയ്തിട്ടുള്ളൂ. എന്നിട്ടും ഫോണിലൂടെയൊരു അനുഗ്രഹവാചകം ആഗ്രഹിക്കുകയും അതിനെ മൂര്‍ധാവില്‍ പതിയുന്നൊരു കൈത്തലമായി സങ്കല്പിക്കുകയുമായിരുന്നിരിക്കണം പൃഥ്വിരാജ്.
അത് അഭിമുഖങ്ങളില്‍ കാണുന്ന പൃഥ്വിരാജല്ല. പുതുതലമുറ പുച്ഛിക്കുന്ന 'ഗുരുത്വം' എന്ന വാക്കിന് മുന്നില്‍ വിനീതനാകുന്ന, നമ്മള്‍ മറന്നുപോയ എന്തിനെയൊക്കയോ ഇപ്പോഴും ഓര്‍മിച്ചുവയ്ക്കുന്ന,നാല്പതാംവയസിലേക്കെത്തുമ്പോഴും എന്നോ നടന്ന നാട്ടുവഴികളും അതിലേ മുന്നേ പോയവരുടെ കാലടിപ്പാടുകളും മനസില്‍കൊണ്ടുനടക്കുന്ന പൃഥ്വിരാജ്. സിനിമയിലെ പുതുകാലനായകരില്‍ നിന്ന് തീര്‍ത്തും ഭിന്നനായ അയാളെ നോക്കി ഫെയ്സ്ബുക്കിന്റെ നീലമാനത്ത് നിഗ്രഹോത്സുകരായി നില്കുന്ന സൈദ്ധാന്തികസാമ്രാട്ടുകള്‍ പറഞ്ഞേക്കാം:'അയ്യേ...പഴഞ്ചന്‍...'
അതെ,അങ്ങനെ നോക്കുമ്പോള്‍ പലതുകൊണ്ടും പൃഥ്വിരാജ് പഴഞ്ചനാണ്. അതുകൊണ്ടാണല്ലോ അയാള്‍ ഏറ്റവും പുതിയ സിനിമയുടെ റിലീസ് ദിവസം, രണ്ടുദശാബ്ദം മുമ്പ് തനിക്കൊപ്പം ജോലി ചെയ്ത സംവിധായകനെ ഓര്‍ത്തുവിളിച്ചത്... ഷാജി കൈലാസിന് ഡേറ്റ് കൊടുത്തത്... വിരലുകളെ തോക്കാക്കിയത്... ചുരുട്ട് വലിച്ചത്... മുണ്ടുമടക്കിക്കുത്തി ഒന്നിലധികം പേരെ അടിച്ചിട്ടത്. അതുകൊണ്ടുതന്നെയാണ് 'പൊക്കിരിരാജയേക്കാള്‍ നല്ല സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന പരാമര്‍ശം എനിക്ക് മനസിലാക്കാന്‍ പോലും സാധിക്കുന്നില്ല' എന്ന് പറയാനും 'പാര്‍ലമെന്റില്‍ കയറി മിനിസ്റ്ററെ വെടിവെച്ച് കൊല്ലുന്ന കെ.ജി.എഫ് ഇവിടെ സൂപ്പര്‍ഹിറ്റാണ്, പിന്നെയാണോ പാവം നാല് പോലീസുകാരനെ തല്ലുന്ന കുറുവാച്ചന്‍'എന്ന് ചോദിക്കാനും അയാള്‍ക്ക് കഴിയുന്നതും.
'കടുവ'യ്ക്ക് മുമ്പ് ഷാജി കൈലാസ് എന്ന സംവിധായകനൊപ്പം പൃഥ്വിരാജ് പ്രവര്‍ത്തിച്ചത് ഒറ്റസിനിമയില്‍ മാത്രമാണ്. പേര് 'സിംഹാസനം' എന്നായിരുന്നുപേരെങ്കിലും കാഴ്ചയിലും പ്രകടനത്തിലും ചാരുകസേര പോലുമാകാതിരുന്ന ദുരന്തചിത്രത്തില്‍. പത്താണ്ടിനിടെ ഷാജിക്ക് പറയാന്‍ ഒരു ഹിറ്റുപോലുമില്ല. ഉള്ളത് വരിക്കാശ്ശേരി മനയുടേതുപോലുള്ള തമ്പുരാന്‍സ്മരണമാത്രം. ഉത്സവം നടത്തിപ്പുകാരനെന്നും സിനിമയിലെ ഫ്യൂഡല്‍വത്കരണത്തിന്റെ നാട്ടുപ്രമാണിയെന്നും അധിക്ഷേപിച്ച് പുത്തന്‍കൂറ്റുകാര്‍ മൂലയ്ക്കിരുത്തിയ ആ മനുഷ്യന്റെ കൈപിടിച്ചാണ് പൃഥ്വിരാജ് പാലായിലേക്ക് ജീപ്പോടിച്ചത്. പല്ലും നഖവും കൊഴിഞ്ഞുവെന്ന പരിഹാസത്തില്‍ നിന്ന് ഒരു കടുവയെ സൃഷ്ടിച്ചത്. ആ ധീരതയ്ക്ക് 'പഴഞ്ചത്വം'എന്നാണ് പേരെങ്കില്‍ അത് പൃഥ്വിരാജിനുണ്ട്.
ഇന്ന് മലയാളസിനിമ മുഴുവന്‍ പൃഥ്വിരാജിനും ഷാജി കൈലാസിനും നന്ദി പറയുകയാണ്. ശ്മശാനഭാവത്തിലേക്ക് അന്ത്യയാത്ര ചെയ്തിരുന്ന തീയറ്ററുകള്‍ക്ക് ജീവശ്വാസം നല്‍കിയതിന്...അവിടെ ആളനക്കമുണ്ടാക്കിയതിന്...ടിക്കറ്റ് കീറുന്നവന്റെയും പോപ്പ് കോണ്‍കച്ചവടക്കാരന്റെയും കുടുംബത്തിന്റെ പട്ടിണി മാറ്റിയതിന്....പ്രകൃതിപ്പടങ്ങള്‍ മടുത്തു എന്ന് മലയാളിയെക്കൊണ്ട് മാറ്റിപ്പറയിച്ചതിന്... ഒറ്റയ്ക്ക് കടല്‍താണ്ടാന്‍ ആഗ്രഹിക്കുന്ന ധീരനാവികനെപ്പോലെയാണ് പൃഥ്വിരാജ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അയാളുടെ വാക്കിലും ചലനത്തിലും തീരുമാനങ്ങളിലും എന്തിന് നോട്ടത്തില്‍പ്പോലും കടല്‍ക്കൊതി കാണാം. കാണാഭൂഖണ്ഡങ്ങളിലേക്കുള്ള പ്രക്ഷുബ്ധമായ പര്യവേഷണങ്ങളാണ് പൃഥ്വിയെ പ്രചോദിപ്പിക്കുന്നത്. തുടക്കകാലത്ത് അയാള്‍ നേരിട്ട ചുഴികളും ചക്രവാതങ്ങളും ഒരു ചെറുപ്പക്കാരനെ വീഴ്ത്താന്‍ ശേഷിയുള്ളതായിരുന്നു. തലകുനിക്കാതെ നടക്കുന്ന, ഇംഗ്ലീഷ് പറയുന്ന, അതേഭാഷയില്‍ എഴുതുന്ന നടനോടുള്ള മലയാളിയുടെ 'ചൊരുക്ക്' കടല്‍ച്ചൊരുക്ക് പോലെ തളര്‍ത്തിക്കളയാന്‍ നോക്കി. എന്നിട്ടും അയാള്‍ തിരമുറിച്ച് കപ്പലോട്ടി. നടനായി, പാട്ടുകാരനായി, നിര്‍മാതാവായി, ഒരുവേള സംവിധായകനുമായി. ആര്‍ക്കും 'ചേത'മില്ലാത്ത ആ യാത്രയുടെ ഒടുവില്‍ ഭാഷയുടെ അതിരുകള്‍ മാഞ്ഞു,വന്‍കരകള്‍ കീഴടങ്ങി. മലയാളി അങ്ങനെ മൊയ്തീനിലും ജെ.സി.ഡാനിയേലിലും ലൂസിഫറിലും കാലുകുത്തി. എംപുരാനും ആടുജീവിതവും ടൈസനുംപോലുള്ള അറിയാലോകങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് അവര്‍ ഇപ്പോള്‍.
സ്വയംതീര്‍ത്ത പായ്ക്കപ്പലില്‍ പൃഥ്വിരാജ് അപ്പോഴും കാണാക്കടലുകള്‍ തേടിക്കൊണ്ടേയിരിക്കുന്നു. സ്വയം കാറ്റിന് വിട്ടുകൊടുത്തുകൊണ്ട്,എന്നാല്‍ ഏറ്റവും സമര്‍ഥമായി അതിനെ മനസിലാക്കിക്കൊണ്ടുള്ള സാഗരസഞ്ചാരം. പ്രഭാസിനെയും ഹോംബാലെ ഫിലിംസിനെയും പോലുള്ളവര്‍ അയാളെ നോക്കി പതാകവീശിക്കാണിക്കുന്നുണ്ട്..
പൃഥ്വിരാജിനോട് സംസാരിച്ചിട്ടുള്ളത് മൂന്നോ നാലോ തവണ മാത്രമാണ്. അപ്പോഴൊക്കെയും ശ്രദ്ധിച്ചത് ഏകാന്തനാവികനില്‍ മാത്രം കാണാനാകുന്ന നിര്‍ഭയത്വമായിരുന്നു. 'വെള്ളിത്തിര' എന്ന സിനിമ പുറത്തിറങ്ങിയപ്പോഴായിരുന്നു ആദ്യ കൂടിക്കാഴ്ച. തിരുവനന്തപുരത്തെ വീടിന്റെ സാധാരണത്വത്തിലിരുന്ന് പൃഥ്വി അസാധാരണമായ ചങ്കൂറ്റത്തോടെ സംസാരിച്ചു. ഭാവിയെക്കുറിച്ചും,സിനിമയെക്കുറിച്ചും...എന്തിന് അന്നത്തെ നായികമാരെച്ചേര്‍ത്തുള്ള പ്രണയകഥകളെക്കുറിച്ചുപോലും...
പിന്നെ പത്തുവര്‍ഷം മുമ്പ് മാതൃഭൂമി സീഡിന്റെ ബ്രാന്‍ഡ് അംബാസിഡറാകുന്നതിന് മുന്നോടിയായുള്ള ഒരു ചര്‍ച്ചയില്‍. ആഗോളതാപനത്തിന്റെയും ലോകത്തിന്റെ വിവിധഭാഗങ്ങളിലെ കാലാവസ്ഥാവ്യതിയാനത്തിന്റെയും വിശദാംശങ്ങള്‍ അന്ന് ഒപ്പമുണ്ടായിരുന്നവരോട് പൃഥ്വി ആധികാരികമായി വിവരിച്ചു. സന്തോഷത്തോടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനമേല്‍ക്കാന്‍ സമ്മതിച്ചു. കാലാവസ്ഥ മാറുന്നത് ഏറ്റവുമാദ്യം അറിയാന്‍ സാധിക്കുന്നതും ഒരു നാവികന് തന്നെയാണല്ലോ...!ജീവിതപരിസരത്തേക്ക് തുറന്നുവച്ച കണ്ണുകളിലും അതിന്മേലുള്ള ജാഗ്രതയിലും പൃഥ്വി ഓര്‍മിപ്പിച്ചത് മമ്മൂട്ടിയെയാണ്. ഏതൊരുമാറ്റവും ആദ്യമറിയുന്നതില്‍,അതിനൊത്ത് സ്വയം നവീകരിക്കുന്നതില്‍ മമ്മൂട്ടിയുടെ അനുജനായി വരും പൃഥ്വിരാജ്.
ഡ്യൂപ്പുകളുടെ കഥ പറഞ്ഞ 'ഹീറോ' എന്ന സിനിമ റിലീസാകുന്ന ദിവസം രാവിലെയുള്ള സംഭാഷണമാണ് മറ്റൊന്ന്. അന്ന് പൃഥ്വി ഒരു അനുഭവകഥ പറഞ്ഞു. 'അര്‍ജുനന്‍സാക്ഷി'എന്ന സിനിമയില്‍ തന്റെ ഡ്യൂപ്പായി എത്തിയ ബാബു എന്ന അറുപതുവയസുകാരനെക്കുറിച്ചായിരുന്നു അത്. രാത്രി രണ്ടുമണിനേരത്ത് കാറുമായി തീയിലൂടെയുള്ള ചാട്ടത്തിന് തയ്യാറെടുക്കുകയായിരുന്നു അയാള്‍. ഷോട്ടിന് മുമ്പ് ഒരുനിമിഷം ബാബു ഫോണുമായി ദൂരേക്ക് മാറി. പൃഥ്വിയ്ക്ക് അരികിലായാണ് അയാള്‍ വന്നുനിന്നത്. പക്ഷേ ഡ്യൂപ്പ് 'ഒറിജിനലി'നെ കാണുന്നുണ്ടായിരുന്നില്ല. 'നീ ഉറങ്ങിയോ...?അവനോ....?നാളെ അവന്‍ കോളേജില്‍ പോകുന്നില്ലേ....?'ബാബു ഫോണില്‍ ഭാര്യയെ വിളിക്കുകയാണ്. അയാളുടെ വാക്കുകള്‍ ഓര്‍മിച്ചശേഷം പൃഥ്വി പറഞ്ഞു:'ഒരുപക്ഷേ മരണത്തിലേക്കുള്ള ചാട്ടമായിരിക്കാം അടുത്തത് എന്ന തോന്നലുള്ളതുകൊണ്ടായിരിക്കാം അയാള്‍ ആ രാത്രിയില്‍ ഭാര്യയെ വിളിച്ചത്. മകനെക്കുറിച്ച് ഓര്‍ത്തത്...' ഇത് പറയുമ്പോള്‍ പൃഥ്വിരാജിന്റെ കണ്ണുകള്‍ അകലെ എവിടെയോ തറച്ചുനില്കുകയായിരുന്നു.
ഉപ്പുരുചി ഏറ്റവും സ്വഭാവികമായി അറിയാനാകുന്നതും ഒരു നാവികന് തന്നെ. അത് കടലിന്റെയായാലും കണ്ണീരിന്റെയായാലും.. പൊളിറ്റിക്കല്‍ കറക്ട്നെസിന്റെ മാഗ്‌നിഫൈയിങ് കണ്ണാടിയും ലോജിക്കല്‍ തിയറികളുടെ തീറാധാരങ്ങളുമായി പൃഥ്വിരാജിനെയും ഷാജികൈലാസിനെയും ഗളച്ഛേദം ചെയ്യാനിറങ്ങുന്നവരുടെ ദിവസങ്ങളായിരിക്കും ഇനി. മസാലപ്പടം എന്ന വിളിപ്പേര് അവരുടെ അടുക്കളകളില്‍ ഇതിനകം തയ്യാറായിട്ടുണ്ടാകണം. കത്തി എന്ന വാക്കിന് മൂര്‍ച്ച കൂട്ടുന്നുമുണ്ടാകണം. കൃത്രിമത്വത്തിന്റെ അജിനോമോട്ടോയിട്ട് വേവിച്ച അന്യഭാഷാസിനിമകള്‍ ആര്‍ത്തിയോടെ രുചിക്കുന്നവരാണ് 'കടുവ'യെ മസാലയെന്ന് ആക്ഷേപിക്കുന്നത്. വിക്രമും ആര്‍.ആര്‍.ആറും വാപൊളിച്ചിരുന്നു കാണുകയും 'കടുവ' കണ്ടിറങ്ങിയ ഉടന്‍ ഫെയ്സ്ബുക്കില്‍ 'ടിപ്പിക്കല്‍'എന്ന് നിരൂപിക്കുകയും ചെയ്യുന്ന ആ വിസ്മയേഷുമാര്‍ക്കുള്ള മറുപടി 'കടുവ'യുടെ ടീസറില്‍തന്നെ പൃഥ്വിരാജ് പറയുന്നുണ്ട്:'പിതാവേ...ബൈബിളില്‍ എനിക്ക് പുതിയനിയമത്തേക്കാള്‍ പ്രിയം പഴയനിയമത്തോടാ...'
മലയാളസിനിമയിലെ മുതിര്‍ന്ന തലമുറ സംവിധായകരുടെ കാലം കഴിഞ്ഞുവെന്ന് വിധിയെഴുതുന്നവര്‍ക്ക് മറുപടി പറയുകകൂടിയാണ് പൃഥ്വിരാജ്. ഇന്നും ഓരോ ഷോട്ടിനും കയ്യടിപ്പിക്കാനുള്ള ക്രാഫ്റ്റ് ഷാജികൈലാസില്‍ ബാക്കിനില്‍ക്കുന്നുവെന്ന് കാണിച്ചുതരാന്‍ പൃഥ്വിതന്നെ വേണ്ടിവന്നു. ചുറ്റുമുള്ളവര്‍ പറയുന്നത് കേള്‍ക്കാതെ തന്റേതായ ആഴിവഴികളിലൂടെ മുന്നോട്ടുള്ള യാത്രയില്‍, കാറ്റിലും കോളിലും ആടിയുലഞ്ഞിരുന്ന മലയാളസിനിമയെന്ന കപ്പലിനെ കരയ്ക്കടുപ്പിക്കുന്നു എന്ന വലിയദൗത്യംകൂടി നിര്‍വഹിക്കുന്നുണ്ട് പൃഥ്വിരാജ്. അത് തീര്‍ച്ചയായും ഒരു സല്യൂട്ട് അര്‍ഹിക്കുന്നു...
Also Watch
Content Highlights: Prithviraj Sukumaran, Kaduva ,The evolution of a Complete Film Maker, Trend setter, Malayala Cinema
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..