യേശുദാസ്, പ്രേംദാസ്
ഷിബു ബേബി ജോണിന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയ സുഹൃത്തും ഗാനരചയിതാവുമായ പ്രേംദാസിനെ കുറിച്ച് മൂന്ന് വര്‍ഷം മുന്‍പെഴുതിയ കുറിപ്പ് വീണ്ടും പങ്കുവെക്കുന്നു...
ജീവിതം കൈവിട്ടുപോകുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കുന്ന നായകന്‍. അയാളുടെ മനസ്സിലെ വ്യഥകളും നഷ്ടബോധവും പ്രതിഫലിക്കുന്ന ഒരു പാട്ട് വേണം. തെല്ലൊരു ഗൃഹാതുരത്വവും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയുമെല്ലാം പങ്കുവെക്കുന്ന പാട്ട്. സിറ്റുവേഷന്‍ വിശദീകരിച്ചു കേട്ടപ്പോള്‍ പ്രേംദാസ് ഗുരുവായൂര്‍ എഴുതി: പോയ് മറഞ്ഞ കാലം വന്നു ചേരുമോ, പെയ്‌തൊഴിഞ്ഞ മേഘം വാനം തേടുമോ, വര്‍ണ്ണമേഴും ചാര്‍ത്തും മാരിവില്ലു പോലെ അഴകെഴുന്ന ബാല്യം വരുമോ പ്രിയേ....''
അന്നറിയില്ലായിരുന്നു ഈ വരികള്‍ പാടാന്‍ പോകുന്നത് ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണാന്‍ മോഹിച്ചിരുന്ന ഗന്ധര്‍വ ഗായകനാണെന്ന്. പാടുക മാത്രമല്ല ആ ഗാനത്തിന്റെ പേരില്‍ തന്റെ എട്ടാമത്തെ ദേശീയ അവാര്‍ഡ് നേടുക കൂടി ചെയ്തു യേശുദാസ്. അമ്പരപ്പിക്കുന്ന ആ വാര്‍ത്ത കേട്ട് ഇന്നലെ ഗുരുവായൂരിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലിരുന്ന് പൊട്ടിക്കരഞ്ഞുപോയി പ്രേംദാസ് എന്ന ചെറുപ്പക്കാരന്‍. ആദ്യം ഓര്‍മ്മവന്നത് അച്ഛനെയാണ്. ഉടുക്ക് കൊട്ടി നാട് മുഴുവന്‍ പാടിനടക്കുമായിരുന്നു അച്ഛന്‍. സ്വയം എഴുതി ചിട്ടപ്പെടുത്തിയ പാട്ടുകളാണ് പാടുക. എന്നെങ്കിലും യേശുദാസിനെ ഒന്ന് നേരില്‍ കാണുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം. അത് സഫലമാക്കാനാകാതെ ഒരു കുടുംബത്തെ മുഴുവന്‍ അനാഥമാക്കിക്കൊണ്ട് കടന്നുപോയി അദ്ദേഹം. ഇന്ന് മകന്‍ എഴുതിയ പാട്ടിന്റെ പേരില്‍ ദാസേട്ടന്‍ ദേശീയ അവാര്‍ഡ് നേടുന്നത് കാണാന്‍ അച്ഛന്‍ കൂടെയില്ല എന്നത് എന്റെ ഏറ്റവും വലിയ ദുഃഖം.'' ഗ്വാളിയോര്‍ റയോണ്‍സ് ജീവനക്കാരനായിരുന്ന പ്രേംദാസിന്റെ പിതാവ് കുട്ടപ്പന്‍ ഫാക്ടറിയിലെ ഒരു അപകടത്തില്‍ പെട്ട് മരണമടയുമ്പോള്‍ പ്രേംദാസിന് പ്രായം പത്ത്.
പൂന്തോട്ടനിര്‍മ്മാണവും പരിപാലനവും ഒക്കെയായി കഷ്ടിച്ച് ജീവിച്ചു പോകുന്ന പ്രേംദാസിലെ കവിയെ വിശ്വാസപൂര്‍വം മന്‍സൂറി''ന്റെ സംവിധായകന്‍ പി ടി കുഞ്ഞഹമ്മദ് കണ്ടെത്തിയത് തികച്ചും യാദൃച്ഛികമായാണ്. തോട്ടപ്പണിയുമായി ഗുരുവായൂരില്‍ വരുമ്പോള്‍ മുടങ്ങാതെ എന്നെ കാണാന്‍ വരും അയാള്‍. എഴുതിയ ഗാനങ്ങള്‍ പാടിക്കേള്‍പ്പിക്കും. പലതും കാവ്യഭംഗിയുള്ള പാട്ടുകള്‍. ഒരു സിനിമയിലെങ്കിലും ഇയാളെക്കൊണ്ട് എഴുതിക്കണം എന്ന് അന്നേ മനസ്സില്‍ ഉറച്ചിരുന്നു. വിശ്വാസപൂര്‍വ്വം മന്‍സൂറിലാണ് അവസരം ഒത്തുവന്നത്. ഗാനസന്ദര്‍ഭം കേട്ട് ഒരൊറ്റയിരിപ്പിന് അയാള്‍ എഴുതിത്തന്ന പാട്ട് വായിച്ചുനോക്കിയപ്പോള്‍ ഞാനും സംഗീതസംവിധായകന്‍ രമേശ് നാരായണും അത്ഭുതപ്പെട്ടുപോയി. ഒരു അക്ഷരം പോലുമില്ല കൂട്ടാനും കുറയ്ക്കാനും. മീറ്ററിന് ഒപ്പിച്ച് എഴുതിയ പോലെ. ആദ്യമായി സിനിമക്ക് പാട്ടെഴുതുന്ന ഒരാളെ സംബന്ധിച്ച് അതൊരു ചെറിയ കാര്യമല്ലല്ലോ.''
യേശുദാസ് ദുബായില്‍ ആയിരുന്നതിനാല്‍ അവിടെ വെച്ച് തന്നെ പാട്ട് റെക്കോര്‍ഡ് ചെയ്യാനായിരുന്നു ആദ്യത്തെ ആലോചന. പാടിനോക്കിയെങ്കിലും യേശുദാസിന് തൃപ്തി പോരാ. ശബ്ദത്തിനു ചെറിയൊരു ക്ഷീണം ബാധിച്ചപോലെ. ചെന്നൈയില്‍ വെച്ചാകാം റെക്കോര്‍ഡിംഗ് എന്നായി അദ്ദേഹം. ഇനിയുള്ള കഥ രമേഷ് നാരായണിന്റെ വാക്കുകളില്‍: ചെന്നൈയില്‍ കദ്രി ഗോപാല്‍നാഥിന്റെ മകന്‍ മണികാന്തിന്റെ സ്റ്റുഡിയോയില്‍ വന്നാണ് ദാസേട്ടന്‍ പാടിയത്. ഭാവാര്‍ദ്രമായിത്തന്നെ അദ്ദേഹം പാടി. എല്ലാവര്‍ക്കും തൃപ്തിയാകുകയും ചെയ്തു. പക്ഷെ രണ്ടു ദിവസത്തിനകം ദാസേട്ടന്‍ വീണ്ടും വിളിച്ചു: ഒന്ന് രണ്ടു സ്ഥലത്ത് എനിക്ക് ചെറിയ സംശയങ്ങളുണ്ട്. ഒരിക്കല്‍ കൂടി വന്ന് ആ ഭാഗങ്ങള്‍ കറക്ട് ചെയ്യുന്നതില്‍ വിരോധമുണ്ടോ? അത്ഭുതപ്പെട്ടുപോയി ഞാന്‍. ഇതിഹാസതുല്യനായ ഗായകനാണ് ചോദിക്കുന്നത്. സംഗീതത്തിന് വേണ്ടി സ്വയം സമര്‍പ്പിച്ചവര്‍ക്കേ അങ്ങനെ ചോദിക്കാനാകൂ. പിറ്റേന്ന് തന്നെ ദാസേട്ടന്‍ സ്റ്റുഡിയോയില്‍ വന്ന് പാട്ട് ആവര്‍ത്തിച്ചു കേട്ടു. സംശയമുള്ള ഭാഗങ്ങള്‍ വീണ്ടും പാടി റെക്കോര്‍ഡ് ചെയ്തു. ആ അടിയുറച്ച അര്‍പ്പണ ബോധത്തിനുള്ള പ്രതിഫലം കൂടിയാണ് ഈ അവാര്‍ഡ് എന്നു തോന്നുന്നു..''
യേശുദാസ് സ്വന്തം പാട്ട് പാടി കേട്ടപ്പോള്‍ എന്തു തോന്നി?'' ചോദ്യം ഗാനരചയിതാവിനോട്. ശരിക്കും കരഞ്ഞുപോയി. ഏതോ സ്വപ്നലോകത്തെത്തിയ പ്രതീതിയായിരുന്നു എനിക്ക്. ദാസേട്ടന്റെ ശബ്ദത്തിലൂടെ ഒഴുകിവന്നപ്പോള്‍ ഞാന്‍ എഴുതിയ ഓരോ വാക്കിനും എന്തൊക്കെയോ പുതിയ അര്‍ത്ഥതലങ്ങള്‍ കൈവന്ന പോലെ. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടക്ക് വീണുകിട്ടുന്ന മഹാഭാഗ്യങ്ങളാണ് ഇതൊക്കെ.'' 1972 ല്‍ അച്ഛനും ബാപ്പയും'' എന്ന ചിത്രത്തിലെ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു'' എന്ന പാട്ടിനാണ് യേശുദാസ് ആദ്യ ദേശീയ അവാര്‍ഡ് നേടിയത്. തുടര്‍ന്ന് പദ്മതീര്‍ത്ഥമേ ഉണരൂ (ഗായത്രി, 1973), ഗോരി തേരാ ഗാവ് ബഡാ പ്യാരാ (ചിത്‌ചോര്‍ 1977), ആകാശ ദേശാന (മേഘസന്ദേശ - തെലുങ്ക് - 1983), ഉണ്ണികളേ ഒരു കഥ പറയാം (ഉണ്ണികളേ ഒരു കഥ പറയാം - 1987), രാമകഥാ ഗാനലയം (ഭരതം-1991), വിവിധ ഗാനങ്ങള്‍ (സോപാനം - 1993). വിശ്വാസപൂര്‍വം മന്‍സൂറിലൂടെ വയലാര്‍ രാമവര്‍മ്മ, ബിച്ചു തിരുമല, കൈതപ്രം, രവീന്ദ്ര ജെയ്ന്‍, വെട്ടൂരി സുന്ദരരാമമൂര്‍ത്തി എന്നിവരുടെ സുവര്‍ണ്ണ നിരയില്‍ ഇടം നേടിയിരിക്കുന്നു തോട്ടക്കാരനായ പ്രേംദാസും. എല്ലാവരും യേശുദാസിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഗാനങ്ങളുടെ രചയിതാക്കള്‍. അമ്മയ്ക്കും ടെക്സ്റ്റൈല്‍സ് ജീവനക്കാരിയായ ഭാര്യ ബിന്ദുവിനും മക്കള്‍ക്കും ഒപ്പം ബ്‌ളാങ്ങാടിലാണ് പ്രേംദാസ് താമസം.
Content Highlights: Premdas story of lyricist, Yesudas 8th National film award
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..