രവി മേനോൻ സുജാതയോടൊപ്പം (ഇടത്) സുജാതയുടെ കുട്ടിക്കാലത്തെ ചിത്രം (വലത്)
കുട്ടിക്കാലത്ത് കളിത്തോഴിമാരെ പ്രേമിക്കും ചിലര്‍. മറ്റു ചിലര്‍ സഹപാഠികളെ. ഇനിയും ചിലര്‍ സുന്ദരികളായ അധ്യാപികമാരെ വരെ.
ഞാന്‍ പ്രണയിച്ചത് ഇവരാരെയുമല്ല; ഒരു ശബ്ദത്തെയാണ്. നിലാവുള്ള ഒരു വയനാടന്‍ രാത്രിയില്‍, ഈറന്‍ കാറ്റിന്റെ ചിറകിലേറി കാതിലേക്ക് അപ്രതീക്ഷിതമായി ഒഴുകിയെത്തിയ ഒരു കുട്ടിശബ്ദത്തെ. രാധാമാധവ പ്രണയത്തിലെ ലജ്ജാവിവശത താനറിയാതെ തന്നെ നിഷ്‌കളങ്കമായി പാട്ടിലേക്ക് ആവാഹിക്കുന്നു ആ ശബ്ദം: ``ഓടക്കുഴല്‍ വിളി ഒഴുകിയൊഴുകിവരും ഒരു ദ്വാപര യുഗസന്ധ്യയില്‍, ആടിയ ദിവ്യാനുരാഗിലമാം രാസക്രീഡാ കഥയിലെ നായികേ..''
ഇരുട്ടല്‍പ്പം കൂടുതലാണ് വയനാടന്‍ രാവുകള്‍ക്ക്. ബഷീറിയന്‍ ശൈലി കടമെടുത്താല്‍ ഈ ഇരുട്ടിന് എന്തൊരു ഇരുട്ട് എന്ന് തോന്നിക്കുന്നിടത്തോളം. നിലാവ് പോലും തോറ്റുപോകും ചിലപ്പോള്‍. വൈദ്യുതിയില്ലാത്ത രാത്രിയാണെങ്കില്‍ പറയുകയും വേണ്ട. കറന്റ് വന്നിട്ട് അധികമായിരുന്നില്ല ഞങ്ങളുടെ വീട്ടില്‍. വെളിച്ചം അണഞ്ഞാല്‍ പഠിത്തം നിര്‍ത്തി പോര്‍ട്ടിക്കോയിലെ മരബെഞ്ചില്‍ വന്നിരിക്കും ഞങ്ങള്‍-ഞാനും അനിയനും അനിയത്തിയും. തണുപ്പകറ്റാന്‍ ആ കൊച്ചു ബെഞ്ചില്‍ തൊട്ടുതൊട്ടിരുന്ന് ഉറക്കെ പാടും ഞങ്ങള്‍; അല്ലെങ്കില്‍ കടംകഥ പറഞ്ഞു കളിക്കും; ഇടയ്‌ക്കൊക്കെ സിനിമാപ്പേര് പറഞ്ഞും. പൊട്ടിച്ചിതറിയ സ്വര്‍ണ്ണവളപ്പൊട്ടുകള്‍ പോലെ, ദൂരെ വെള്ളരിമലയില്‍ അങ്ങിങ്ങായി കാട്ടുതീ പടരുന്നത് കാണാം അപ്പോള്‍. ഒരിക്കലും മറക്കാനാവാത്ത, പേടിപ്പെടുത്തുന്ന രാക്കാഴ്ച.
അതുപോലൊരു രാത്രിയിലേക്കാണ് അപ്രതീക്ഷിതമായി ആ ഓടക്കുഴല്‍ വിളി ഒഴുകിവന്നത്. തിരുവനന്തപുരം ആകാശവാണിയില്‍ നിന്നാവണം. മീഡിയം വേവിന്റെ ദൂരപരിമിതിയില്‍ നിന്നുയിര്‍കൊണ്ട കരകരശബ്ദങ്ങളെ പോലും നിഷ്പ്രഭമാക്കി ആ മുരളീനാദം തണുപ്പിനൊപ്പം അന്തരീക്ഷത്തില്‍ നിറഞ്ഞപ്പോള്‍, കോരിത്തരിപ്പോടെ കേട്ടിരുന്നു ഞങ്ങള്‍. കേട്ടു കേട്ട് മനസ്സില്‍ പതിഞ്ഞ ലീലയും ജാനകിയും സുശീലയും വസന്തയും ഒന്നുമല്ലാത്ത മറ്റൊരു ശബ്ദം. ആരാണീശ്വരാ ഇത്?
ആ പാട്ട് പാടിയ ഗായികയുടെ മുഖം ആദ്യം കണ്ടത് മാതൃഭൂമി പത്രത്തിലാവണം. അതോ നാനയിലോ? സാമാന്യം വലിയ കണ്ണുകളും, ഇതാ ഇപ്പോ ചിരിച്ചുകളയും എന്ന മുഖഭാവവും, രണ്ടുവശത്തേക്കും പിന്നിയിട്ട് റിബണ്‍ കെട്ടിയ മുടിയുമുള്ള ഒരു സുന്ദരിപ്പെണ്‍കുട്ടി. ഒപ്പം കൊടുത്തിരുന്ന കുറിപ്പില്‍ നിന്നാണ് അവളുടെ പേര് ബേബി സുജാത എന്നാണെന്നറിഞ്ഞത്. തിരു കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രി സാക്ഷാല്‍ പറവൂര്‍ ടി കെ യുടെ കൊച്ചുമകള്‍. കാവാലവും എം ജി രാധാകൃഷ്ണനുമാണ് ആ പാട്ടിന്റെ ശില്‍പ്പികള്‍ എന്ന് മനസ്സിലാക്കിയത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞ്.
ഓടക്കുഴല്‍ വിളിയുടെ പാട്ടുകാരിയെ എന്നെങ്കിലും കാണുമെന്ന് സങ്കല്പിച്ചിട്ടില്ല അന്തര്‍മുഖനും ``ലജ്ജാവിവശ''നുമായ അന്നത്തെ വയനാട്ടുകാരന്‍. നേരില്‍ കണ്ടതും പരിചയപ്പെട്ടതും 1980 കളുടെ അവസാനമാണ്; കോഴിക്കോട്ടെ മുല്ലശ്ശേരിയില്‍ വെച്ച്. . സ്റ്റെതസ്‌കോപ്പിനോളം തന്നെ, ഒരു പക്ഷേ അതിനേക്കാള്‍, മൈക്രോഫോണിനെ സ്‌നേഹിക്കുന്ന ഭര്‍ത്താവ് ഡോ കൃഷ്ണമോഹനുമുണ്ടായിരുന്നു ഗായികക്ക് ഒപ്പം. കുപ്പിവള പൊട്ടിച്ചിതറും പോലെ ചിരിച്ചുകൊണ്ട് സുജാത മുല്ലശ്ശേരിയുടെ പൂമുഖത്തേക്ക് കടന്നുവന്നപ്പോള്‍ ഉള്ളിന്റെയുള്ളില്‍ ഒരു കാലം പുനര്‍ജനിച്ച പോലെ. നിലാവുള്ള രാത്രിയും തണുത്ത കാറ്റും വെള്ളരിമലയിലെ കാട്ടുതീയും ഒപ്പം ആ പാട്ടും: ``ഓടക്കുഴല്‍ വിളി ഒഴുകിയൊഴുകിവരും....''
രാധാകൃഷ്ണന്‍ ചേട്ടന്‍ ആ പാട്ടിന്റെ വരികള്‍ പാടിപ്പഠിപ്പിക്കുന്നതിന്റെ മങ്ങിയ ഓര്‍മ്മകളേയുള്ളൂ ഉള്ളൂ സുജാതയുടെ മനസ്സില്‍. അന്ന് സുജുവിന് പ്രായം കഷ്ടിച്ചു പന്ത്രണ്ടു വയസ്സ്. കൊച്ചി സെന്റ് തെരേസാസ് കോണ്‍വെന്റില്‍ ഏഴിലോ എട്ടിലോ പഠിക്കുന്ന കാലം. ``കലാഭവനിലായിരുന്നു റിഹേഴ്സല്‍ എന്നാണോര്‍മ്മ. അങ്ങേയറ്റം ഭാവമാധുര്യത്തോടെ രാധാകൃഷ്ണന്‍ ചേട്ടന്‍ ലജ്ജാവിവശേ എന്ന വാക്ക് ആവര്‍ത്തിച്ചു പാടിത്തരുന്നത് ഓര്‍മ്മയുണ്ട്. പാട്ടില്‍ ചേട്ടന്‍ ഏറ്റവും ആസ്വദിച്ച് കംപോസ് ചെയ്തത് ആ വരിയാണെന്ന് തോന്നും. നിരന്തരം പാടിപ്പഠിച്ചതു കൊണ്ടാകും ലജ്ജാവിവശേ എന്ന ഭാഗമാണ് എന്റെ ആലാപനത്തില്‍ ഏറ്റവും നന്നായതെന്ന് പലരും പറഞ്ഞുകേട്ടിരുന്നു അക്കാലത്ത്. നന്ദി പറയേണ്ടത് രാധാകൃഷ്ണന്‍ ചേട്ടനോട് തന്നെ...''
കാവാലം സാറിന്റെ കവിതയുടെ ആഴം പൂര്‍ണമായി മനസ്സിലാക്കി അവതരിപ്പിക്കാന്‍ പോന്ന പ്രായമല്ലല്ലോ അന്ന്. സ്വാഭാവികമായും ചില്ലറ പിഴവുകളൊക്കെ ഉണ്ടായിരുന്നു ആലാപനത്തില്‍ എന്ന് സുജാത. ``ആടിയ ദിവ്യാനുരാഗിലമാം രാസക്രീഡാ കഥയിലെ നായികേ എന്ന വരി അന്ന് പാടിയപ്പോള്‍ വാക്കുകള്‍ ശരിക്കും മുറിക്കേണ്ടിടത്തല്ല മുറിച്ചത്. രാസ കഴിഞ്ഞു ഒരു ചെറിയ ഗ്യാപ്പിന് ശേഷമാണ് ക്രീഡയുടെ വരവ്. പില്‍ക്കാലത്ത് സ്റ്റേജില്‍ പാടുമ്പോഴെല്ലാം ഈ പിഴവ് തിരുത്തി രാസക്രീഡാ എന്ന് തന്നെ വ്യക്തമായി പാടാന്‍ ശ്രമിക്കും.''-സുജാത ചിരിക്കുന്നു. എറണാകുളം ഫൈന്‍ ആര്‍ട്ട്‌സ് ഹാളില്‍ ക്ഷണിക്കപ്പെട്ട സദസ്സിന് മുന്‍പാകെ ആകാശവാണി നടത്തിയ സംഗീത പരിപാടിയിലാണ് പാട്ട് ആദ്യമായി അവതരിപ്പിച്ചത്. ആകാശവാണി പിന്നീട് പ്രക്ഷേപണം ചെയ്തതും അവിടെ വെച്ച് ലൈവായി റെക്കോര്‍ഡ് ചെയ്ത വേര്‍ഷന്‍ തന്നെ.
ചെറിയൊരു നഷ്ടബോധത്തിന്റെ കഥ കൂടിയാണ് സുജാതക്ക് ഓടക്കുഴല്‍ വിളി. ``അതുവരെ ലളിതഗാന മത്സരങ്ങളില്‍ പതിവായി ജയച്ചുപോന്നിരുന്ന എന്നെ ഈ പാട്ടോടെ സംഘാടകര്‍ ബോധപൂര്‍വമായ അകല്‍ച്ചയോടെ നോക്കിക്കാണാന്‍ തുടങ്ങിയോ എന്ന് സംശയം. റേഡിയോയില്‍ ഒക്കെ പാടി പേരെടുത്ത കുട്ടി എന്തിന് ഈ വേദിയില്‍ മത്സരിക്കണം എന്നൊരു മനോഭാവം. അടുത്ത വര്‍ഷത്തെ യുവജനോത്സവത്തില്‍ ഞാന്‍ പങ്കെടുക്കുന്നതില്‍ പോലും ചിലര്‍ പ്രതിഷേധം പ്രകടിപ്പിച്ചു കേട്ടപ്പോള്‍ സങ്കടം തോന്നി. പാടിയ പാട്ട് ആളുകള്‍ ഇഷ്ടപ്പെട്ടുപോയത് എന്റെ പിഴവല്ലല്ലോ എന്ന് സമാധാനിപ്പിച്ചു പലരും. എങ്കിലും അതൊരു വലിയ വേദനയായിരുന്നു അന്നത്തെ സ്‌കൂള്‍ കുട്ടിക്ക്..''
യുവജനോത്സവ വേദിയിലെ മത്സരാര്‍ത്ഥികളുടെ പ്രിയഗാനമായി ഓടക്കുഴല്‍ വിളി മാറിയത് പില്‍ക്കാല ചരിത്രം. പാട്ടുകാരിയായ എന്റെ അനിയത്തി രഞ്ജിനിയുടെയും പ്രിയഗാനമായിരുന്നു അത്. ഭാവമധുരമായി ആ ഗാനം പാടിക്കേള്‍പ്പിച്ചിരുന്ന മറ്റു രണ്ടുപേരെ കൂടി ഓര്‍ക്കുന്നു-ഉഷയും മീനയും. ഇരുവരും എനിക്ക് സഹോദരീതുല്യര്‍.
ജനപ്രീതിയില്‍ സിനിമാഗാനങ്ങളെ പോലും കവച്ചുവെച്ച ആ പാട്ടിന് ഞങ്ങളുടെ തലമുറയില്‍ മാത്രമല്ല മുന്‍ തലമുറയില്‍ പോലുമുണ്ടായിരുന്നു എമ്പാടും ആരാധകര്‍. സംവിധായകരായ അരവിന്ദന്റേയും പ്രിയദര്‍ശന്റെയുമൊക്കെ പ്രിയഗാനമാണത്. ഓടക്കുഴല്‍ വിളി സ്വന്തം സിനിമയില്‍ ഉള്‍പ്പെടുത്തണം എന്ന് ആഗ്രഹിച്ചിട്ടുണ്ട് അരവിന്ദന്‍. പക്ഷേ പകര്‍പ്പവകാശം ആകാശവാണിക്കായതിനാല്‍ അതിനു നിവൃത്തിയില്ല. എങ്കില്‍ പിന്നെ അത്ര തന്നെ സൗന്ദര്യമുള്ള മറ്റൊരു രാധാകൃഷ്ണഗീതം സൃഷ്ടിച്ചു തരാന്‍ കാവാലത്തെയും എംജി രാധാകൃഷ്ണനെയും ചുമതലപ്പെടുത്തുന്നു അദ്ദേഹം. അങ്ങനെ പിറന്നതാണ് ``തമ്പി''ലെ ``ഒരു യമുനാനദി ഓളമിളക്കിയെന്‍''. ഉഷാരവി പാടിയ ആ ഗാനം മോശമായിരുന്നില്ല. എങ്കിലും ഓടക്കുഴല്‍ വിളിയെ നിഷ്പ്രഭമാക്കാന്‍ കഴിഞ്ഞില്ല അതിന്. മറ്റു പലരും അവഗണിച്ച കാലത്തും സ്വന്തം സിനിമകളില്‍ തുടക്കം മുതലേ സുജാതയ്ക്ക് നല്ല ഗാനങ്ങള്‍ നല്കാന്‍ പ്രിയന് പ്രേരണയായത് ``ഓടക്കുഴല്‍ വിളി''യോടുള്ള സ്‌നേഹമായിരുന്നില്ലേ?
ഇന്നും വിദൂരതയില്‍ നിന്ന് കാറ്റില്‍ ഒഴുകിവരുന്ന ഒരു മുരളീഗാനം പോലെ ആ പാട്ട് എന്റെ കാതിലുണ്ട്; മനസ്സിലും. ഏകാന്തനിമിഷങ്ങളില്‍ പിന്നില്‍ വന്നു കണ്ണുകള്‍ പൊത്തി നേത്രോല്‍പ്പലമാല ചാര്‍ത്തുന്നു ആ ഗാനം. ഒളികണ്ണോടെ, കപടഭാവത്തോടെ അതെന്റെ മനസ്സിനെ വീണ്ടും വീണ്ടും പുണരുന്നു; മാഞ്ഞുപോകാന്‍ കൂട്ടാക്കാത്ത ഒരു കാലത്തിന്റെ ഓര്‍മ്മകള്‍ക്കൊപ്പം.. നന്ദി കാവാലം, നന്ദി എം ജി രാധാകൃഷ്ണന്‍, നന്ദി പ്രിയ സുജാത...
Content Highlights: Playback Singer Sujatha Malayalam Light Music Odakuzhal vili MG Radhakrishnan Ravi Menon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..