ബി വസന്തയുടെ ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം കളറായതിന് പിന്നിലുണ്ടൊരു രഹസ്യം


രവിമേനോന്‍

3 min read
Read later
Print
Share

അടുത്ത ജന്മത്തില്‍ ആരായി ജനിക്കാനാണ് ആഗ്രഹം എന്ന് ചോദിച്ചു നോക്കൂ വസന്തയോട്: ``സംശയമെന്ത്, പാട്ടുകാരിയായിത്തന്നെ. ഒരു മലയാളിപ്പാട്ടുകാരി...''-വസന്ത പറയും. വസന്താമ്മക്ക് പിറന്നാള്‍ മാർച്ച 29

ബി.വസന്തയും എസ്.ജാനകിയും. Photo: Mathrubhumi Archives

നിറപറ തന്‍ മുന്നില്‍, നിലവിളക്കിന്‍ മുന്നില്‍, നെറ്റിയില്‍ ഇലക്കുറി തൊട്ടവളെ മറ്റൊരു തൊടുകുറി ചാര്‍ത്തിക്കുമെന്ന് പ്രണയഭരിതമായ ശബ്ദത്തില്‍ യേശുദാസ്.

തൊടുകുറി ചാര്‍ത്തിയിട്ടെന്തു ചെയ്യുമെന്ന് ബി വസന്തയുടെ മറുചോദ്യം.

യേശുദാസ്: മുടിയില്‍ പുതിയൊരു പൂ തിരുകും...

വസന്ത: പൂവണിയിച്ചിട്ടെന്തു ചെയ്യും?

യേശുദാസ്: പുഞ്ചിരിമുത്ത് കവര്‍ന്നെടുക്കും...

വസന്ത: മുത്തു കവര്‍ന്നിട്ടെന്തു ചെയ്യും?

യേശുദാസ്: മുദ്രമോതിരം തീര്‍പ്പിക്കും...

വസന്ത: മോതിരം തീര്‍ത്തിട്ടെന്തു ചെയ്യും?

യേശുദാസ്: മോഹിച്ച പെണ്ണിന്റെ വിരലിലിടും....

സംഭാഷണം അവിടെ അവസാനിക്കുന്നു. ഇനിയങ്ങോട്ട് വസന്തയുടെ ഹമ്മിംഗാണ്. ചരണത്തെ പല്ലവിയുമായി കൂട്ടിയിണക്കുന്ന ആ ഹമ്മിംഗ് എത്ര സുന്ദരം; ഭാവദീപ്തം. പറയാതെ പറഞ്ഞറിയിക്കേണ്ട ഒരുപാട് വികാരങ്ങള്‍ പാട്ടിലൂടെ പ്രകടിപ്പിക്കേണ്ടി വരുന്ന ഘട്ടങ്ങളിലാണ് താന്‍ ഹമ്മിംഗിനെ ആശ്രയിക്കാറുള്ളതെന്ന് പറഞ്ഞിട്ടുണ്ട് സംഗീത സംവിധായകന്‍ ജി ദേവരാജന്‍. ഏറ്റവും നല്ല ഉദാഹരണമായി മാസ്റ്റര്‍ എടുത്തുപറഞ്ഞതും ഒതേനന്റെ മകനിലെ ഈ പാട്ട് തന്നെ. പാട്ടിന്റെ വരികള്‍ക്കിടയിലെ ശൂന്യമായ ഇടവേളകള്‍ പൂരിപ്പിക്കുക മാത്രമല്ല ദേവരാജഗാനങ്ങളില്‍ ഹമ്മിംഗിന്റെ ദൗത്യം എന്നര്‍ത്ഥം. വെറുമൊരു മൂളല്‍ പോലും പുതുപുത്തന്‍ അര്‍ത്ഥതലങ്ങള്‍ കൈവരിക്കുന്നു ആ പാട്ടുകളില്‍.

പക്ഷേ, എന്തുകൊണ്ട് വസന്ത? ഉത്തരം തന്നത് എംഎസ് വിശ്വനാഥനാണ്. വസന്തയുടെ ശബ്ദം ഒരു മുഴുനീള ഗാനത്തില്‍ ഹമ്മിംഗിനായി മാത്രം പ്രയോജനപ്പെടുത്തിയ ആദ്യത്തെ സംഗീത സംവിധായകന്‍. ``സുമതി എന്‍ സുന്ദരിയിലെ ശിവാജി ഗണേശന്റെ കഥാപാത്രം ജയലളിതയുടെ പ്രണയം അംഗീകരിക്കുകയും ആദ്യമായി കാമുകിക്ക് തിരിച്ചുനല്‍കുകയും ചെയ്യുന്ന സന്ദര്‍ഭമാണ്. അവിടെ ഒരു യുഗ്മഗാനമാണ് ആവശ്യം. പക്ഷേ കണ്ണദാസന്‍ എഴുതിയത് ഒരു സോളോ ഗാനത്തിന്റെ വരികള്‍. ``പൊട്ടു വൈത്ത മുഖമോ കട്ടി വൈത്ത കുഴലോ..'' അതില്‍ എങ്ങനെ യുഗ്മഗാനത്തിന്റെ ഫീല്‍ കൊണ്ടുവരാം എന്നാലോചിച്ചപ്പോഴാണ് ഹമ്മിംഗ് ഗുണം ചെയ്യും എന്ന് എംഎസ്‌വിക്ക് തോന്നിയത്. എത്ര ഹൃദ്യമായാണ് എസ് പി ബിയുടെ ആലാപനത്തില്‍ ഒരു മൂളിപ്പാട്ടായി വസന്ത ലയിച്ചുചേരുന്നതെന്ന് അറിയാന്‍ ആ ഗാനം കേട്ടുനോക്കിയാല്‍ മതി.

മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകര്‍ പോലും പല പാട്ടുകളിലും വസന്തയുടെ സാന്നിധ്യം ഹമ്മിംഗില്‍ ഒതുക്കി നിര്‍ത്തിയതില്‍ പരിഭവം പ്രകടിപ്പിച്ചു കേട്ടിട്ടുണ്ട് പലരും. എന്തിന് പരിഭവിക്കണം എന്നാണ് എന്റെ മറുചോദ്യം. സുഖമൊരു ബിന്ദു ദുഖമൊരു ബിന്ദു (സംഗീതം: അര്‍ജ്ജുനന്‍) എന്ന ഗാനത്തെ വസന്തയുടെ പ്രണയസുരഭിലമായ ഹമ്മിംഗ് ഇല്ലാതെ ഉള്‍ക്കൊള്ളാനാകുമോ നമുക്ക്? തുള്ളി തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ (ദക്ഷിണാമൂര്‍ത്തി) എന്ന ഗാനത്തിന് പൂര്‍ണ്ണതയേകാനും വസന്തയുടെ മൂളല്‍ അനിവാര്യം. യേശുദാസ് ചിട്ടപ്പെടുത്തിയ പുഷ്പഗന്ധീ സ്വപ്നഗന്ധീ (അഴകുള്ള സലീന) എന്ന ഗാനത്തില്‍ വസന്തസാന്നിധ്യം രണ്ടുമൂന്ന് വരികളിലും ഹമ്മിംഗിലും മാത്രമേ ഉള്ളു. പക്ഷേ ആ ഗാനത്തെ കാലാതിവര്‍ത്തിയാക്കിയതില്‍ വസന്തയുടെ ഊര്‍ജ്ജസ്വലമായ ആലാപനത്തിനുമില്ലേ നല്ലൊരു പങ്ക്. എംഎസ്‌വിയുടെ ഈണത്തില്‍ ജയചന്ദ്രനോടൊപ്പം പാടിയ ``കര്‍പ്പൂരദീപത്തിന്‍ കാന്തിയില്‍'' മറ്റൊരു പ്രിയ വസന്തഗാനം.

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളായ ചില യുഗ്മഗാനങ്ങള്‍ വസന്തയുടേതാണ്. കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ഉടുക്കാന്‍ യേശുദാസ് വെള്ളപ്പുടവ നെയ്തപ്പോള്‍, കുളിക്കാന്‍ പനിനീര്‍ച്ചോലയും കൂന്തല്‍ മിനുക്കാന്‍ ഞാറ്റുവേലയും ഒരുക്കിയത് വസന്തയല്ലേ? മലയാളിയായ ഒരു ഗായികയല്ല ആ ഞാറ്റുവേലക്കാരിയെന്ന് വിശ്വസിക്കുക പ്രയാസം. നദികളില്‍ സുന്ദരി യമുന, യവനസുന്ദരി, രാസലീലക്ക് വൈകിയതെന്തിന്, വജ്രകുണ്ഡലം മണിക്കാതിലണിയും, വാര്‍തിങ്കള്‍ കണിവെക്കും രാവില്‍, പണ്ടൊരു ശില്പി, കക്ക കൊണ്ട് കളിമണ്ണുകൊണ്ട്, പാവനനാം ആട്ടിടയാ, കണ്ണില്‍ മീനാടും, ഉടലുകളറിയാതുയിരുകള്‍ രണ്ടും, മധുപകര്‍ന്ന ചുണ്ടുകളില്‍, മല്ലാക്ഷീ മണിമാരന്‍ തുടങ്ങി വേറെയുമുണ്ട് മനോഹരങ്ങളായ ഡ്യൂയറ്റുകള്‍. ദേവരാജനും ബാബുരാജൂം രാഘവനും ചിദംബരനാഥനും അര്‍ജുനനുമെല്ലാം ചിട്ടപ്പെടുത്തിയ ക്ലാസിക് സോളോ ഗാനങ്ങള്‍ വേറെ: തെക്കുംകൂറടിയാത്തി (അശ്വമേധം), കസവിന്റെ തട്ടമിട്ട് (ഖദീജ), മേലെ മാനത്തെ നീലിപ്പുലയിക്ക് (കൂട്ടുകുടുംബം) കാര്‍ത്തികവിളക്കു കണ്ടു പോരുമ്പോള്‍ (കായംകുളം കൊച്ചുണ്ണി), പൊന്നിലഞ്ഞി ചോട്ടില്‍ (കറുത്ത പൗര്‍ണമി), കിളിയേ (ഉമ്മാച്ചു)......

അടുത്ത ജന്മത്തില്‍ ആരായി ജനിക്കാനാണ് ആഗ്രഹം എന്ന് ചോദിച്ചു നോക്കൂ വസന്തയോട്: ``സംശയമെന്ത്, പാട്ടുകാരിയായിത്തന്നെ. ഒരു മലയാളിപ്പാട്ടുകാരി...''-വസന്ത പറയും. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന വാക്കുകള്‍....

(ഈ ഫോട്ടോയ്ക്കും ഉണ്ടൊരു ചരിത്രം. വസന്താമ്മയുടെ ഈ പഴയ ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രം പെയിന്റ് ചെയ്ത് വര്‍ണ്ണാഭമാക്കിയത് സാക്ഷാല്‍ എസ് ജാനകി.)

Content Highlights: Playback Singer B Vansantha MSViswanath S Janaki Old Malayalam Song Ravi menon

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Ravi Menon

5 min

ശരദിന്ദു മലർദീപത്തിലേയ്ക്ക് കയറിവന്ന വിമാനം

Feb 28, 2021


Prithviraj Sukumaran, Kaduva Review, Shaji Kailas,  Complete Film Man

4 min

പൃഥ്വിരാജ് എന്ന ഏകാന്തനാവികന്റെ കടല്‍ക്കൊതികള്‍| കഥത്തിര

Jul 9, 2022


Most Commented