കാറ്റുവന്നു നിന്റെ കാമുകൻ വന്നു; പള്ളത്തിന്റെ വരികളിൽ പ്രണയം നിറച്ച ദേവരാജൻ മാസ്റ്റർ


രവിമേനോൻ

5 min read
Read later
Print
Share

``പാദസര''ത്തിൽ ഒരു പാട്ട് കൂടി എഴുതി പള്ളത്ത് -- മാധുരി പാടിയ ഇല്ലപ്പറമ്പിലെ പുള്ളോത്തി. ``ദേവരാജൻ മാഷിന് എന്തോ എന്നോട് വലിയ വാത്സല്യമായിരുന്നു.''

Photo | Facebook, Ravi Menon

``പൊന്നിൽ കുളിച്ച രാത്രി''യിൽ ഈറൻ നിലാവിന്റെ തണുപ്പ്. ``സന്ധ്യമയങ്ങും നേര''ത്തിൽ ഗ്രാമസന്ധ്യയുടെ ശാലീനത. ``ഇലഞ്ഞിപ്പൂമണ''ത്തിൽ രഹസ്യമോഹങ്ങളുടെ രാമഴ. ``കായാമ്പൂ''വിൽ പുഴയുടെ പ്രണയാർദ്രസംഗീതം....

പ്രകൃതിയുടെ ഈ സൂക്ഷ്മഭാവങ്ങളെല്ലാം എങ്ങനെ പാട്ടുകളിലൂടെ അനുഭവിപ്പിക്കാൻ കഴിയുന്നു എന്ന് അത്ഭുതത്തോടെ ചോദിച്ചിട്ടുണ്ട് ഒരിക്കൽ ദേവരാജൻ മാസ്റ്ററോട്. അങ്ങേയറ്റം ലളിതമായിരുന്നു മറുപടി: ``അതൊക്കെ അങ്ങനെ സംഭവിച്ചു എന്നേ പറയാനാകൂ. വരികൾ വായിക്കുമ്പോൾ തന്നെ അവയിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന വികാരങ്ങൾ നമ്മുടെ മനസ്സ് ഉൾക്കൊണ്ടിട്ടുണ്ടാകും. ഈണത്തിൽ സ്വാഭാവികമായിത്തന്നെ വന്നുചേരും അവയെല്ലാം..''

``കാറ്റു വന്നു നിന്റെ കാമുകൻ വന്നു'' എന്ന പാട്ടിനൊപ്പം ഏതോ കുന്നിൻ ചെരിവിൽ നിന്നൊഴുകിവരുന്ന തണുത്ത കാറ്റും നമ്മുടെ മനസ്സിനെ വന്നു തലോടുന്നത് അതുകൊണ്ടാവും. ``പാദസര'' (1978) ത്തിലെ ആ പ്രണയഗാനം ആദ്യം കേട്ടത് കോളേജ് ജീവിതത്തിന്റെ തുടക്കകാലത്താണ്. ആരെഴുതിയെന്നോ ആര് ഈണമിട്ടെന്നോ അറിയില്ല അന്ന്. ഒന്ന് മാത്രമറിയാം: വിദൂരതയിൽ നിന്നെങ്ങോ ഒഴുകിവരുന്ന കാറ്റിന്റെ നേർത്ത മർമ്മരമുണ്ട് ആ ഗാനത്തിന്റെ പല്ലവിയിൽ. ``കുന്നിൻചരിവിലോടക്കുഴലിലോണപ്പാട്ടു പാടും'' എന്ന വരിയ്ക്ക് മാസ്റ്റർ നൽകിയ ഈണത്തിന്റെ മാജിക്. കാറ്റിന്റെ ഒഴുക്ക് ഒരൊറ്റ വരിയിൽ ഇത്ര മനോഹരമായി മറ്റാർക്ക് ആവിഷ്കരിക്കാൻ കഴിയും?

എ വി എം സ്റ്റുഡിയോയിൽ ആ ഗാനത്തിന്റെ പിറവിക്ക് സാക്ഷ്യം വഹിച്ച നിമിഷങ്ങൾ മറക്കാനാവില്ല ഗാനരചയിതാവ് ജി കെ പള്ളത്ത് എന്ന ഗോവിന്ദൻകുട്ടി പള്ളത്തിന്. ``പാട്ടിന്റെ റിഹേഴ്‌സലിനുള്ള ഒരുക്കത്തിനിടെയാണ് ഞാൻ അവിടെ ചെല്ലുന്നത്. ദേവരാജൻ മാഷെ ദൂരെ കണ്ടപ്പോഴേ ഉള്ളിൽ അകാരണമായ ഒരു ഭയം. കർക്കശക്കാരനും മുൻകോപിയും ആണെന്നാണല്ലോ കേൾവി. ചെന്നയുടൻ സംവിധായകൻ എ എൻ തമ്പി എന്നെ മാഷിന് പരിചയപ്പെടുത്തി: ഇതാണ് പള്ളൻ. നമ്മുടെ പാട്ടെഴുതിയ ആൾ. ഭവ്യതയോടെ ഞാൻ തൊഴുതുനിന്നപ്പോഴാണ് കണ്ടുനിന്നവരെയൊക്കെ അത്ഭുതപ്പെടുത്തിയ കാര്യം നടന്നത്. കസേരയിൽ നിന്ന് എഴുന്നേറ്റു വന്ന് എന്നെ സ്നേഹപൂർവം ചേർത്തു പിടിച്ചു മാഷ്. ഇയാളുടെ പാട്ട് എനിക്കിഷ്ടപ്പെട്ടു കേട്ടോ എന്നു കൂടി അദ്ദേഹം പറഞ്ഞുകേട്ടപ്പോൾ കരച്ചിലിന്റെ വക്കോളത്തിയിരുന്നു ഞാൻ; അടക്കാനാവാത്ത ആഹ്ലാദത്തിന്റെ കരച്ചിൽ. തുടക്കക്കാരനായ ഒരു ഗാനരചയിതാവിന് സ്വപ്നം കാണാൻ പോലും കഴിയുന്ന കാര്യമല്ലല്ലോ....''

ഗാനത്തിന്റെ ആദ്യവരിയിൽ ചെറിയൊരു മാറ്റം വരുത്തിയാൽ നന്നായിരിക്കും എന്ന് മാസ്റ്റർ നിർദ്ദേശിച്ചപ്പോൾ സ്വീകരിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല പള്ളത്തിന്. വയലാറിന്റെയും പി ഭാസ്കരന്റെയുമൊക്കെ രചനകളെ കാലാതിവർത്തികളായ ഈണങ്ങൾ കൊണ്ട് അനുഗ്രഹിച്ച ആളല്ലേ പറയുന്നത്? പല്ലവിയിൽ കുന്നിൻചരിവിലോടക്കുഴൽപ്പാട്ടു പാടും എന്നാണ് ഞാൻ എഴുതിയിരുന്നത്. ആ വരിയിൽ ഒരു ചെറുവാക്ക് കൂടി ആകാമെന്ന് മാഷ്. പാട്ട് എന്നത് ഓണപ്പാട്ട് എന്നാക്കിയാൽ ശരിയാകുമോ എന്ന് ഞാൻ. മാസ്റ്റർക്ക് പൂർണ്ണസമ്മതം. ആ വാക്കാണ് അവിടെ അദ്ദേഹം പ്രതീക്ഷിച്ചതെന്ന് തോന്നി. പിന്നീട് ജയചന്ദ്രന്റെ ശബ്ദത്തിൽ ഗാനം റെക്കോർഡ് ചെയ്തു കേട്ടപ്പോഴാണ് എത്ര ഔചിത്യപൂർണ്ണമായിരുന്നു മാഷിന്റെ നിർദേശം എന്ന് മനസ്സിലായതെന്ന് പള്ളത്ത്. ``സിനിമക്ക് വേണ്ടി നമ്മൾ നടാടെ എഴുതിയ പാട്ട് ദേവരാജൻ മാഷ് ചിട്ടപ്പെടുത്തുക. പ്രിയങ്കരനായ ജയചന്ദ്രൻ പാടുക... ഒന്നും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ..''

``പാദസര''ത്തിൽ ഒരു പാട്ട് കൂടി എഴുതി പള്ളത്ത് -- മാധുരി പാടിയ ഇല്ലപ്പറമ്പിലെ പുള്ളോത്തി. ``ദേവരാജൻ മാഷിന് എന്തോ എന്നോട് വലിയ വാത്സല്യമായിരുന്നു.''-- പള്ളത്ത് ഓർക്കുന്നു. ``സിനിമക്ക് വേണ്ടി തുടർന്ന് ഞാനെഴുതിയ ഗാനങ്ങളിൽ ഭൂരിഭാഗവും ചിട്ടപ്പെടുത്തിയത് മാഷാണ്. ചോര ചുവന്ന ചോരയിലെ മനസ്സേ നിൻ മൗനതീരം, ശിശിര പൗർണ്ണമി, ചാകരയിലെ കുളിര് കുളിര്, സുഹാസിനി സുഭാഷിണീ, അമൃതഗീതത്തിലെ മാരിവില്ലിൻ സപ്തവർണ്ണജാലം, പാടും നിശയിതിൽ, കാട്ടുതീയിലെ ആമ്പൽക്കടവിൽ..... യേശുദാസും മാധുരിയും പാടിയ കുളിര് കുളിര് എന്ന ഗാനം ഇക്കൂട്ടത്തിൽ വേറിട്ടുനിൽക്കുന്നു; ഗാനത്തിന്റെ വരികളിലെ തീവ്ര വൈകാരിക ഭാവത്തിനിണങ്ങും വിധമുള്ള ദേവരാജസംഗീതത്തിലൂടെ.

``ചെന്നൈയിലേക്ക് താമസം മാറ്റിക്കൂടെ എന്ന് ചോദിക്കുമായിരുന്നു മാഷ്. നിർഭാഗ്യവശാൽ അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല അന്നെനിക്ക്. നാട്ടിൽ സർക്കാർ ജോലി. അച്ഛൻ സുഖമില്ലാതെ കിടപ്പിൽ ... അങ്ങനെ പലപല തടസ്സങ്ങൾ. എങ്കിലും മാഷുമായുള്ള ആത്മബന്ധം മരണം വരെ നിലനിർത്തി ഞാൻ. മദ്രാസിൽ പോയാൽ സ്ഥിരമായി ചെന്ന് കാണുമായിരുന്നു അദ്ദേഹത്തെ...''

സ്കൂൾ പഠനകാലം മുതൽ കവിതയെഴുതും ഗോവിന്ദൻ കുട്ടി. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് കവിതാരചനയ്ക്ക് ആദ്യമായി സ്‌കൂൾ തലത്തിൽ ഒന്നാം സമ്മാനം ലഭിച്ചത്. പിന്നീടതൊരു പതിവായി. ഗാനരചന ആരംഭിച്ചത് പത്താം ക്ലാസിൽ വെച്ച്. ``1958 ലാണെന്നാണ് ഓർമ്മ. തൃശൂരിൽ കമ്യുണിസ്റ്റ് പാർട്ടിയുടെ പ്ലീനം നടക്കുന്നു. പരിപാടി കൊഴുപ്പിക്കാൻ കെ എസ് ജോർജ്ജും സുലോചനയും മറ്റും പങ്കെടുക്കുന്ന വിപ്ലവഗാനമേളയുമുണ്ട്. അതറിഞ്ഞപ്പോൾ ഞങ്ങൾ തൃശൂർക്കാർക്കും വേദിയിൽ ഒരു വിപ്ലവഗാനം അവതരിപ്പിക്കാൻ മോഹം. ഗായകൻ ഗംഗാധരൻ (പിൽക്കാലത്ത് കെ പി എ സി ഗംഗാധരൻ), സംഗീത സംവിധായകൻ ദാസ് കോട്ടപ്പുറം തുടങ്ങിയവരായിരുന്നു ആ ആശയത്തിന് പിന്നിൽ. പാട്ടെഴുതാൻ നിയുക്തനായത് പതിനഞ്ചുവയസ്സുകാരനായ ഞാനും. അന്നെഴുതിക്കൊടുത്ത പാട്ടാണ് രക്തത്തിരകൾ നീന്തിവരും പുലരികളേ ചെമ്പുലരികളേ. എന്റെ ആദ്യ ഗാനം.''

പിൽക്കാലത്ത് നാടകരംഗത്ത് ഗാനരചയിതാവായി സജീവമായെങ്കിലും സിനിമ കയ്യെത്തിപ്പിക്കാവുന്ന അകലത്തായിരുന്നില്ല ഒരിക്കലും. ``പാദസര''ത്തിൽ പാട്ടെഴുതാൻ ക്ഷണം ലഭിച്ചത് തികച്ചും അപ്രതീക്ഷിതമായാണ്. അതിന് വഴിയൊരുക്കിയത് അടുത്ത സുഹൃത്തായ നടൻ ടി ജി രവിയും. ``1960 കളുടെ തുടക്കം മുതൽ രവിയെ അറിയാം. ശങ്കരാടിയുടെ അനിയൻ വേണു ശങ്കരാടിയുടെ അഗ്നി, ചാരിതാർഥ്യം തുടങ്ങിയ നാടകങ്ങൾ മുതൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു -- രവി നടനായും ഞാൻ പാട്ടെഴുത്തുകാരനായും. രവി സിനിമയിൽ ചെറു റോളുകളിൽ അഭിനയിച്ചുതുടങ്ങിയ കാലമാണ്. ഭ്രഷ്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് പോയതൊക്കെ ഓർമ്മയുണ്ട്. ദാസ് കോട്ടപ്പുറമാണ് ആദ്യകാലത്ത് എന്റെ നാടക ഗാനങ്ങൾ അധികവും ചിട്ടപ്പെടുത്തിയിരുന്നത്. പിന്നെ കൊടകര മാധവനും.''

1978 ൽ ഒരു ദിവസം തീർത്തും അപ്രതീക്ഷിതമായി ടി ജി രവിയുടെ പ്രഖ്യാപനം: ഞാനൊരു സിനിമയെടുക്കാൻ പോകുന്നു; അതിൽ നിങ്ങൾ പാട്ടെഴുതുന്നു. `` ചുമ്മാ പറയുകയാണ് എന്നാണ് എനിക്ക് തോന്നിയത്. അഭിനയിക്കാൻ വേണ്ടി ആരെങ്കിലും സിനിമ പിടിക്കുമോ. എന്നാൽ രണ്ടും കൽപ്പിച്ചു തന്നെയായിരുന്നു രവി. പ്രൊഫ ജി ഗോപാലകൃഷ്ണന്റേതാണ് തിരക്കഥയും സംഭാഷണവും. സംവിധാനം എ എൻ തമ്പി. പാട്ടെഴുത്തുകാരായി ഞങ്ങൾ മൂന്നുപേർ. എ പി ഗോപാലനും ജി ഗോപാലകൃഷ്ണനും പിന്നെ ഞാനും. '' മൂർക്കനിക്കരയിലെ വീട്ടിലിരുന്നാണ് ഗാനസന്ദർഭം പള്ളത്തിന് രവി വിവരിച്ചുകൊടുത്തത്. കഷ്ടിച്ച് അര മണിക്കൂറിൽ പള്ളത്ത് പാട്ടെഴുതുന്നു. വായിച്ചു നോക്കിയ രവിയ്ക്കും സംതൃപ്തി. സംഗീതം ചെയ്യേണ്ട ദേവരാജൻ മാസ്റ്റർ ചെന്നൈയിലാണന്ന്. ``ഫോണിൽ മാഷിന് പാട്ട് വായിച്ചുകൊടുക്കാൻ രവി പറഞ്ഞപ്പോൾ വേവലാതിയായിരുന്നു എനിക്ക്. മാഷെക്കുറിച്ചു കേട്ടിട്ടുള്ളതെല്ലാം പേടിപ്പെടുത്തുന്ന കഥകളാണല്ലോ. എങ്കിലും വായിച്ചു കേൾപ്പിച്ചപ്പോൾ ക്ഷമയോടെ വരികൾ എഴുതിയെടുത്തു അദ്ദേഹം.''

റെക്കോർഡിംഗിന് ചെന്നൈയിൽ പോയത് രവിക്കും എ എൻ തമ്പിക്കും ഗോപാലകൃഷ്ണനും ഒപ്പം. ``സ്റ്റുഡിയോയിൽ ചെന്നപ്പോൾ പരിചയമുള്ള ഒരു മുഖം കണ്ടു. ജോൺസൺ. മാസ്റ്ററുടെ ഓർക്കസ്ട്ര സഹായിയാണ്. വോയ്‌സ് ഓഫ് ട്രിച്ചൂർ എന്ന ഗാനമേളാ ട്രൂപ്പിൽ പ്രവർത്തിച്ചിരുന്ന കാലം മുതൽ അറിയാം ജോൺസണെ. ട്രൂപ്പിന്റെ ശില്പികളിലൊരാളായ ഫ്ലൂട്ടിസ്റ്റ് വി സി ജോർജ്ജിന്റെ സൈക്കിളിന് പിന്നിൽ ഇരുന്ന് ജോൺസൺ റിഹേഴ്‌സലിന് വരുന്നത് ഓർമ്മയുണ്ട്. അന്ന് പത്തുപതിനഞ്ചു വയസ്സേയുള്ളൂ. ഷർട്ടും ട്രൗസറും വേഷം. ഹാർമോണിയത്തിലായിരുന്നു ജോൺസ്‌നറെ തുടക്കം. അധികം വൈകാതെ മറ്റുപകരണങ്ങളും ഹൃദിസ്ഥമാക്കി ആ പയ്യൻ. ശരിക്കും ഒരു ജീനിയസ്. ദേവരാജൻ മാഷാണ് ജോൺസണെ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നത്. പാദസരത്തിലെ എല്ലാ ഗാനങ്ങളുടെയും റെക്കോർഡിംഗിൽ നിഴൽ പോലെ ജോൺസണുണ്ടായിരുന്നു മാഷിനൊപ്പം. കുറച്ചുകാലം കൂടി കഴിഞ്ഞപ്പോഴേക്കും മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനായി വളർന്നു അദ്ദേഹം.'' ഇന്നും നൊമ്പരമുണർത്തുന്ന ഓർമ്മയാണ് പള്ളത്തിന് ജോൺസൺ. പ്രതിഭാശാലിയായ ആ കലാകാരനെ വിധി നേരത്തെ തട്ടിയെടുക്കുമെന്ന് ആരോർത്തു?

പാദസരം സാമ്പത്തികമായി വലിയ വിജയമായിരുന്നില്ലെങ്കിലും പാട്ടുകളെല്ലാം ഹിറ്റായി. എ പി ഗോപാലൻ രചിച്ച ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കിൽ ഒരിക്കലും ഞാൻ ഉണരുകില്ല (യേശുദാസ്), ഗോപാലകൃഷ്ണന്റെ മോഹവീണ തൻ തന്തിയിൽ ഒരു രാഗം കൂടിയുണർന്നെങ്കിൽ (സുശീല) എന്നിവ മറക്കാനാവില്ല. പുറത്തിറങ്ങാതെ പോയ കാളീചക്രം (സംഗീതം: കൊടകര മാധവൻ), കുങ്കുമപ്പൊട്ട്, വാൽക്കണ്ണാടി (സംഗീതം: ടി കെ ലായൻ) എന്നിവയാണ് പള്ളത്ത് പാട്ടെഴുതിയ മറ്റു ചിത്രങ്ങൾ. അവസാനമായി പാട്ടെഴുതിയത് ``നൂൽപ്പാലം'' (2016) എന്ന സിനിമയിൽ. വിദ്യാധരൻ മാഷായിരുന്നു സംഗീത സംവിധായകൻ.

കലക്ടറേറ്റിൽ നിന്ന് ഡെപ്യൂട്ടി തഹസീൽദാർ ആയി വിരമിച്ച ശേഷം ഭാര്യയോടൊപ്പം തൃശൂരിൽ താമസിക്കുന്ന ജി കെ പള്ളത്ത് എഴുപത്തൊമ്പതാം വയസ്സിലും കലാരംഗത്ത് സജീവം; നാടകരചയിതാവായും പാട്ടെഴുത്തുകാരനായും. സിനിമയിലും നാടകങ്ങളിലുമൊക്കെ നിരവധി ഗാനങ്ങൾ എഴുതിയെങ്കിലും ഇന്നും പള്ളത്തിനെ മലയാളികൾ തിരിച്ചറിയുക ആദ്യമെഴുതിയ പാട്ടിൻെറ പേരിൽത്തന്നെ -- കാറ്റു വന്നു നിന്റെ കാമുകൻ വന്നു. ``പാദസര''ത്തിൽ അന്നത്തെ ന്യൂജെൻ നായകൻ ജോസ് പാടി അഭിനയിച്ച ഗാനം. പത്തുനാല്പതു കൊല്ലം കഴിഞ്ഞിട്ടും ആളുകൾ തന്റെ പാട്ട് ഓർമ്മയിൽ സൂക്ഷിക്കുന്നു എന്ന അറിവാണ് നിരന്തരം എഴുതിക്കൊണ്ടിരിക്കാൻ തന്നെ പ്രചോദിപ്പിക്കുന്നതെന്ന് പള്ളത്ത്.


അകലെയേതോ കുന്നിൻചരിവിൽ നിന്ന് കാറ്റിന്റെ ചിറകിലേറി ഇന്നും ഒഴുകിയെത്താറുണ്ട് ഭാവഗായകൻ: ``അതുവരെ തുറക്കാത്ത നിൻ കിളിവാതിലുകൾ ആദ്യമായ് എനിക്കു നീ തുറന്നുതന്നു, അരിമുല്ലവള്ളി പോൽ എന്നിൽ നീ പടർന്നപ്പോൾ അനുഭവിച്ചറിഞ്ഞു നിൻ അംഗസൗരഭ്യം...''

മലയാളികൾ ഇനിയും ആസ്വദിച്ചു തീർന്നിട്ടില്ല ആ ഗാനത്തിന്റെ സൗരഭ്യം.

content highlights: Padasaram movie songs g devarajan master gk pallath ravi menon

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chithra

4 min

'വൺസ് മോർ' കേട്ടാൽ അഭിമാനപുളകിതരാകാത്ത പാട്ടുകാരുണ്ടോ? ശരത് ഉണ്ട്, അതും ചിത്രയ്ക്കൊപ്പം പാടിയപ്പോൾ

Aug 13, 2021


Shabnam

5 min

വെണ്ണിലാ ചന്ദനക്കിണ്ണം; ഒരൊറ്റ പാട്ടിലൂടെ ഹൃദയം കവർന്ന ഗായിക, ശബ്നം

Jul 21, 2021


jayachandran, ravi menon

6 min

കൂട്ടുകാരന്‍ പറഞ്ഞു: ഏശ്വാസിന്റെ അനിയനാ ജയചന്ദ്രന്‍

Mar 3, 2020


Most Commented