'സിനിമാപ്പാട്ടിലില്ല ജാതിയും മതവും' -യൂസഫലി കേച്ചേരിയുടെ ഓര്‍മ്മദിനം മാര്‍ച്ച് 21 ന്

പ്പം വന്ന കൂട്ടുകാരന് ഒരു സംശയം: ഇസ്ലാം മതവിശ്വാസിയായിട്ടും എങ്ങനെ ഇത്ര ഭംഗിയായി കൃഷ്ണഭക്തിഗാനങ്ങള്‍ എഴുതാന്‍ കഴിയുന്നു യൂസഫലി കേച്ചേരിക്ക്?

ചോദ്യം കേട്ട് കവി പൊട്ടിത്തെറിക്കുമെന്നാണ് കരുതിയത്. ഭാഗ്യത്തിന് അതുണ്ടായില്ല. പകരം നേര്‍ത്ത മന്ദസ്മിതത്തോടെ പഴയൊരു പാട്ട് ഞങ്ങളെ പാടിക്കേള്‍പ്പിച്ചു അദ്ദേഹം. അമര്‍ (1954) എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി മുഹമ്മദ് റഫി പാടി അനശ്വരമാക്കിയ ഗാനം: ഇന്‍സാഫ് കാ മന്ദിര്‍ ഹേ യേ ഭഗവാന്‍ കാ ഘര്‍ ഹേ, കഹനാ ഹേ ജോ കഹ് ദേ തുജെ കിസ് ബാത് കാ ഡര്‍ ഹേ...''

കേള്‍വിക്കാരെ ഭക്തിയുടെ പാരമ്യത്തിലേക്ക് നയിക്കുന്ന ഗാനമാണിത്. എന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ സിനിമയില്‍ പിറന്ന ഏറ്റവും തികവാര്‍ന്ന ഭജന്‍''-കവി പറഞ്ഞു. ഇതെഴുതിയത് ആരെന്നറിയുമോ? മുസ്ലീമായ ശക്കീല്‍ ബദായുനി. ഈണമിട്ടതും പാടിയതും അടിയുറച്ച ഇസ്ലാം മത വിശ്വാസികളായ നൗഷാദും റഫിയും. തീര്‍ന്നില്ല. ക്ഷേത്ര പശ്ചാത്തലത്തില്‍ ഗാനം ഹൃദയ സ്പര്‍ശിയായി ചിത്രീകരിച്ചത് മെഹബൂബ് ഖാന്‍; രംഗത്ത് അഭിനയിച്ചത് യൂസഫ് ഖാനും മുംതാസ് ജഹാന്‍ ബീഗം ദഹലവിയും. നമ്മള്‍ അവരെ അറിയുക ദിലീപ് കുമാറും മധുബാലയുമായാണ്. ഈ പറഞ്ഞവരില്‍ ആരെങ്കിലും ഉണ്ടോ ഹിന്ദുക്കളായി?

അതാണ് സിനിമാ സംഗീതത്തിന്റെ മഹത്വം. ഇവിടെ ജാതിയും മതവും ഇല്ല. പണ്ഡിതനും പാമരനുമില്ല; ആകെയുള്ളത് ഗാനശില്‍പ്പികളും ശ്രോതാവും മാത്രം. '' ബൈജു ബാവരാ എന്ന ചിത്രത്തിന് വേണ്ടി ശക്കീല്‍ ബദായുനി -നൗഷാദ് - റഫി ടീമൊരുക്കിയ മറ്റൊരു വിഖ്യാത ഭജന്‍ ഗാനവും ഓര്‍മ്മയില്‍ നിന്ന് മൂളിത്തന്നു, അന്ന് യൂസഫലി: മന്‍ തര്‍പത് ഹരിദര്‍ശന്‍ കോ ആജ്, മോരെ തും ബിന്‍ ബിഗരെ സഗരെ കാജ്....ഭഭവെറും സിനിമാക്കാര്‍ മാത്രമായി കാണാന്‍ പറ്റില്ല നൗഷാദിനെയും റഫിയേയും. സംഗീതത്തിന്റെ ആത്മീയതലം തിരിച്ചറിഞ്ഞ മഹാനുഭവന്‍മാരായിരുന്നു അവര്‍. കൃഷ്ണനേയും ക്രിസ്തുവിനെയും അല്ലാഹുവിനേയും അവര്‍ക്കെങ്ങനെ വേറിട്ട് കാണാന്‍ കഴിയും? ആ വിശ്വാസത്തിന്റെ ഒരംശം എന്നിലും ഉണ്ടായിരിക്കാം. റസൂലേ നിന്‍ കനിവാലേ എന്നെഴുതിയ അതേ പേന കൊണ്ട് കൃഷ്ണകൃപാ സാഗരം എന്നും കാലിത്തൊഴുത്തില്‍ പിറന്നവനെ കരുണ നിറഞ്ഞവനെ എന്നും എഴുതാന്‍ കഴിഞ്ഞത് അതുകൊണ്ടാകാം...'' ഒന്നും പറയാതെ വിസ്മിത നേത്രനായി നിന്നു സുഹൃത്ത്.

കൃഷ്ണകൃപാ സാഗരം എന്ന പാട്ട് കേട്ടപ്പോള്‍ അത് മുത്തുസ്വാമി ദീക്ഷിതരുടെയോ ശ്യാമശാസ്ത്രിയുടെയോ രചന ആവും എന്നാണു ഞാന്‍ ധരിച്ചത്,'' - സര്‍ഗത്തിന്റെ ജൂബിലി ആഘോഷ വേളയില്‍ ആശംസാ പ്രസംഗം നടത്തവേ ഡോ. സി .കെ രാമചന്ദ്രന്‍ പറഞ്ഞു. നമ്മുടെ യൂസഫലി കേച്ചേരിയാണ് അതെഴുതിയത് എന്ന് അറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി. ഒരു യഥാര്‍ത്ഥ കൃഷ്ണഭക്തനല്ലാതെ മറ്റാര്‍ക്കും അത്രയും മനോഹരമായ ആ വരികള്‍ എഴുതാനാവില്ല എന്ന് വിശ്വസിക്കുന്നു ഞാന്‍..'' ഡോക്ടറുടെ വാക്കുകള്‍ കേട്ട് വേദിയിലിരുന്നു കണ്ണ് തുടച്ച യൂസഫലിയെ എങ്ങനെ മറക്കാന്‍. എല്ലാ അവാര്‍ഡുകള്‍ക്കും മുകളില്‍ നില്‍ക്കുന്ന ബഹുമതിയായിരുന്നു അത്''-പിന്നീടൊരിക്കല്‍ യൂസഫലി പറഞ്ഞു.

രണ്ടു മഹാരഥന്മാരുടെ ഓര്‍മ്മകളിലേക്ക് മടങ്ങിപ്പോയി ആ നിമിഷം എന്റെ മനസ്സ്- ഇ പി ഭരത പിഷാരടിയുടെയും, കെ.പി നാരായണ പിഷാരടിയുടെയും. സംസ്‌കൃത ഭാഷയുടെ അതിവിശിഷ്ട ലോകത്തേക്ക് എന്നെ ആനയിച്ച ഗുരുക്കന്മാര്‍. എനിക്ക് ലഭിച്ച എല്ലാ ബഹുമതികളും ഞാന്‍ അവരുടെ പാദങ്ങളില്‍ സമര്‍പ്പിക്കുന്നു; പിന്നെ നജ്മക്കുട്ടി എന്ന ഒരു പാവം വീട്ടമ്മയുടേയും. മാപ്പിളപ്പാട്ടിന്റെ മധുമഴയില്‍ എന്നെ ജ്ഞാനസ്‌നാനം ചെയ്യിച്ചത് അവരാണ് -എന്റെ പ്രിയപ്പെട്ട ഉമ്മ.''

കൃഷ്ണകൃപാ സാഗരം

ധ്വനിയിലെ ജാനകി ജാനേ എന്ന ഗാനം

Content Highlights: yusuf ali kechery death anniversary film lyricist, producer, krishna kripa sagaram janaki jaane malayalam ever green songs