ന്തോഷ് ശിവന്റെ ക്യാമറക്ക് മുന്നില്‍ വീറോടെ പൊരുതുന്ന തൈപ്പറമ്പില്‍ അശോകനും അരശുംമൂട്ടില്‍ അപ്പുക്കുട്ടനും. ഉരുളയ്ക്ക് ഉപ്പേരി കണക്കെ പോര്‍വിളികള്‍, അടിതടകള്‍, അട്ടഹാസങ്ങള്‍, ആംഗ്യവിക്ഷേപങ്ങള്‍. കട്ട് പറയാന്‍ പോലും മറന്ന് ആ പകര്‍ന്നാട്ടം അന്തംവിട്ടു കണ്ടുനില്‍ക്കുന്നു സംവിധായകന്‍ സംഗീത് ശിവന്‍. അന്തരീക്ഷത്തില്‍ രണവീര്യം തുളുമ്പുന്ന ഒരു മത്സരപ്പാട്ടിന്റെ ഈരടികള്‍: പടകാളി ചണ്ഡിച്ചങ്കരി പോര്‍ക്കലി മാര്‍ഗിനി ഭഗവതി.

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ ഗാനരംഗങ്ങളില്‍ ഒന്നിന്റെ പിറവിക്കാണ്  താന്‍ സാക്ഷ്യം വഹിക്കുന്നതെന്ന് സങ്കല്പിച്ചിരിക്കുമോ ``യോദ്ധ''യുടെ സംവിധായകന്‍? ``ഇല്ല. എന്റെ വേവലാതി മുഴുവന്‍ ഉദ്ദേശിച്ച പൂര്‍ണതയോടെ ആ ഗാനം ചിത്രീകരിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്തായിരുന്നു. കൂടുതല്‍ വിശാലമായ കാന്‍വാസില്‍ ആര്‍ഭാടപൂര്‍വം ചിത്രീകരിക്കാന്‍ ഉദ്ദേശിച്ച പാട്ടാണത്; ഒരു മിനി തൃശൂര്‍ പൂരത്തിന്റെ മാതൃകയില്‍. ചിരവൈരികളായ രണ്ടു കൂട്ടര്‍ തമ്മിലുള്ള പൊരിഞ്ഞ  മത്സരമാണ്. ആനകളും ചെണ്ടമേളവും ഒക്കെയുള്ള ഒരു പൂരപ്പറമ്പില്‍ നൂറു കണക്കിന് ആളുകളെ വെച്ച്  അത് ചിത്രീകരിക്കണം എന്നായിരുന്നു മോഹം. പക്ഷേ പ്രകൃതി കനിഞ്ഞില്ല. മൂന്നു ദിവസം തുടര്‍ച്ചയായി മഴ. ഒടുവില്‍ ഒരുപന്തല്‍ വലിച്ചുകെട്ടി പാട്ടു ഷൂട്ട് ചെയ്യേണ്ടി വന്നു. പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഷൂട്ട് ചെയ്തിട്ടും പാട്ടുരംഗം മോശമായില്ല എന്ന് പലരും പറഞ്ഞറിയുമ്പോള്‍ സന്തോഷം തോന്നും.''-- സംഗീത് ശിവന്‍. പുതിയ തലമുറപോലും ആ പാട്ടിനെ കുറിച്ചും അതിന്റെ ചിത്രീകരണത്തെ കുറിച്ചും നല്ല വാക്കുകള്‍ പറയുന്നു. ഒരു സിനിമ 25 വര്‍ഷങ്ങള്‍ക്കിപ്പുറവും ആരുടെയെങ്കിലുമൊക്കെ മനസ്സില്‍ ജീവിക്കുന്നു എന്നത് വലിയ കാര്യമല്ലേ?
 
``യോദ്ധ''ക്ക് ഒരു രണ്ടാം ഭാഗം മനസ്സിലുണ്ടോ എന്ന് ചോദിക്കാറുണ്ട് പലരും. ഉണ്ടെന്നും ഇല്ലെന്നും തീര്‍ത്തുപറയില്ല സംഗീത്. ഇനി ഒരു തുടര്‍ച്ച ഉണ്ടായാല്‍ തന്നെ അത് പഴയ `യോദ്ധ'യില്‍ നിന്ന് അടിമുടി  വ്യത്യസ്തമായിരിക്കും. കാല്‍ നൂറ്റാണ്ടിനിടക്ക് കാലം ഏറെ മാറിയില്ലേ? അഭിരുചികളും ആസ്വാദന ശീലങ്ങളും സാങ്കേതിക വിദ്യയും ഒക്കെ  മാറി. ``യോദ്ധ'' യില്‍ തകര്‍ത്തഭിനയിച്ചവര്‍ പലരും  ദീപ്തസ്മരണകളുടെ ഭാഗമാണിന്ന്: ഒടുവില്‍ ഉണ്ണികൃഷ്ണന്‍, എം എസ് തൃപ്പൂണിത്തുറ, ജഗന്നാഥ വര്‍മ്മ, സുകുമാരി, മീന.....അങ്ങനെ പലരും.  അപ്രധാന റോളുകളില്‍  മിന്നിമറഞ്ഞവരാകാം അവരില്‍ ചിലരെങ്കിലും. പക്ഷേ ആ വേഷങ്ങളില്‍  പകരക്കാരായി  മറ്റാരെയെങ്കിലും  സങ്കല്‍പ്പിക്കാന്‍ പോലുമാകുമോ നമുക്ക്? മോഹന്‍ലാലിനൊപ്പം യോദ്ധയുടെ ഹൃദയവും ആത്മാവുമായിരുന്ന ജഗതിയുടെ അവസ്ഥയാണ് ഏറ്റവും വേദനാജനകം. ഇനിയൊരിക്കല്‍ കൂടി ക്യാമറക്ക് മുന്നില്‍ നില്‍ക്കാനാവാത്ത വിധം തളര്‍ന്നുപോയിരിക്കുന്നു ആ അനുഗൃഹീത നടന്‍. ജഗതിയില്ലാത്ത `യോദ്ധ' എത്ര ശൂന്യം.  ``യോദ്ധ''യില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സിനിമാ ജീവിതത്തിന്റെ പ്രാരംഭ ദശയിലായിരുന്ന സാങ്കേതിക വിദഗ്ദര്‍ പലരും ഇന്ന് പ്രശസ്തിയുടെ ഔന്നത്യങ്ങളിലാണ്: ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, കലാസംവിധായകന്‍ സമീര്‍ ചന്ദ, ആക്ഷന്‍ ഡയറക്റ്റര്‍ ശ്യാം കൗശല്‍, കോസ്റ്റിയൂം  ഡിസൈനര്‍ സലിം ആരിഫ് ...എല്ലാവരും ഇന്ത്യന്‍ സിനിമയിലെ തിരക്കേറിയ ടെക്നീഷ്യന്മാര്‍. ``നഷ്ടപ്പെടാന്‍ ഒന്നുമില്ലാതിരുന്ന കാലത്ത് വലിയ സ്വപ്നങ്ങളുമായി എനിക്കൊപ്പം ചേര്‍ന്നവരാണവര്‍. അവരില്ലാതെ  യോദ്ധയുമില്ല.''-- സംഗീത് പറയും.

``യോദ്ധ''യെ  ചരിത്രത്തിന്റെ ഭാഗമാക്കുന്ന മറ്റൊന്നു കൂടിയുണ്ട്: എ ആര്‍ റഹ്മാന്റെ മാന്ത്രിക സാന്നിദ്ധ്യം. റഹ്മാന്റെ രണ്ടാമത്തെ ചിത്രമാണ് യോദ്ധ. ഐതിഹാസികമായ ആ സംഗീതയാത്രയിലെ ആദ്യ ചുവടുവെപ്പുകളില്‍ ഒന്ന്. `റോജ'യിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി തീരും മുന്‍പേ  യോദ്ധയിലെ ഗാനസൃഷ്ടിയുടെ ചുമതല ഏറ്റെടുത്തിരുന്നു റഹ്മാന്‍. പ്രശസ്തിയുടെയും അമിത പ്രതീക്ഷയുടെയും ഭാരമില്ലാതെ, ഒഴിഞ്ഞ മനസ്സുമായി ഏകാന്തസുന്ദരമായ സ്വന്തം ലോകത്തിലേക്ക് ഉള്‍വലിഞ്ഞ് യോദ്ധയുടെ സംഗീത സൃഷ്ടിയില്‍ മുഴുകിയ അന്തര്‍മുഖനായ ആ ചെറുപ്പക്കാരനില്‍ നിന്ന് ലോകോത്തര സംഗീതകാരനിലേക്കുള്ള റഹ്മാന്റെ വളര്‍ച്ച ആഹ്ളാദത്തോടെ കണ്ടുനിന്നവരില്‍ സംഗീത് ശിവനും ഉണ്ടായിരുന്നു. ``ഇന്നും വല്ലപ്പോഴുമൊക്കെ റഹ്മാനെ കണ്ടുമുട്ടാറുണ്ട്; സ്റ്റുഡിയോകളില്‍, അല്ലെങ്കില്‍ വിമാനത്താവളങ്ങളില്‍.''- സംഗീത് പറയുന്നു. ``നിഷ്‌കളങ്കമായ പുഞ്ചിരിയോടെ വന്നു പരിചയം പുതുക്കും റഹ്മാന്‍. പിന്നെ പതുക്കെ എന്റെ കാതില്‍ മന്ത്രിക്കും: സംഗീത്ജി, യോദ്ധക്ക് രണ്ടാം ഭാഗം എടുക്കുന്നുണ്ടെങ്കില്‍ എന്നെ അറിയിക്കാന്‍ മറക്കരുത്. സംഗീത സംവിധായകന്‍ ഞാനായിരിക്കും. എന്റെ  ആഗ്രഹമാണ്. ആത്മാര്‍ത്ഥത തുളുമ്പുന്ന വാക്കുകള്‍.'' രാത്രിയുടെ അന്ത്യയാമങ്ങളില്‍ കോടമ്പാക്കത്തെ പഞ്ചതന്‍ സ്റ്റഡിയോയുടെ കണ്‍സോളില്‍ ഇരുന്ന് താന്‍ സൃഷ്ടിച്ച ഈണങ്ങള്‍ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ, ആവേശത്തോടെ കേള്‍പ്പിച്ചു തരുന്ന പഴയ റഹ്മാന്റെ ചിത്രമാണ് അപ്പോള്‍ ഓര്‍മ്മ  വന്നതെന്ന് സംഗീത്. `` ചിട്ടപ്പെടുത്തിയ ഈണങ്ങള്‍ സംഗീത സംവിധായകര്‍ ഹാര്‍മോണിയം വായിച്ചു പാടിത്തരുന്നതായിരുന്നു അതുവരെയുള്ള രീതി. ട്യൂണിന്റെ ഏതാണ്ടൊരു മാതൃകയേ ഉണ്ടാകൂ. പിന്നീട് ഓര്‍ക്കസ്‌ട്രേഷന്റെ അകമ്പടിയോടെ പാട്ട് റെക്കോര്‍ഡ് ചെയ്തു കേള്‍ക്കുമ്പോള്‍ അത് മറ്റൊരു സൃഷ്ടിയായിത്തീര്‍ന്നിട്ടുണ്ടാകും. നമ്മള്‍ ആദ്യം കേട്ട ഈണവുമായി നേരിയ ബന്ധം പോലും ഉണ്ടാകണമെന്നില്ല അതിന്. പക്ഷെ റഹ്മാന്‍ അന്നെന്നെ കേള്‍പ്പിച്ചത് ഈണത്തിന്റെ വെറുമൊരു അസ്ഥികൂടമല്ല. പശ്ചാത്തല വാദ്യ വിന്യാസത്തോടെയുള്ള, മിക്കവാറും പൂര്‍ണ്ണമായ ഒരു ഗാനമാണ്. അത് പാടിക്കേള്‍പ്പിക്കുന്ന പതിവുമില്ല അദ്ദേഹത്തിന്. ഗാനത്തിന്റെ മെലഡി ഏതെങ്കിലും ഉപകരണത്തിലാണ് നമ്മെ കേള്‍പ്പിക്കുക. എത്രയോ രാത്രികളില്‍ ഉറക്കമിളച്ചിരുന്ന് തേച്ചുമിനുക്കിയെടുത്ത ഈണമായിരിക്കും അത്. അന്നതൊരു പുതുമയായിരുന്നു ഞങ്ങള്‍ക്കെല്ലാം.''  
 
റഹ്മാന്റെ ആദ്യ ചിത്രമായ `റോജ' പുറത്തിറങ്ങിയത് 1992 ലെ സ്വാതന്ത്ര്യദിനത്തലേന്നാണ്. മൂന്നാഴ്ച കഴിഞ്ഞായിരുന്നു `യോദ്ധ'യുടെ റിലീസ്, സെപ്റ്റംബര്‍ മൂന്നിന്. `റോജ'യിലെ പുതുമയാര്‍ന്ന ഗാനങ്ങള്‍ അതിനകം തെന്നിന്ത്യയൊട്ടുക്കും തരംഗമായി മാറിക്കഴിഞ്ഞിരുന്നു. ആരാണീ നവാഗത സംഗീത സംവിധായകന്‍ എന്ന് ജിജ്ഞാസയോടെ ആസ്വാദകര്‍ ആരാഞ്ഞുതുടങ്ങിയ ഘട്ടം. ആദ്യ ചിത്രത്തിലെ വിജയഫോര്‍മുല തന്നെ അടുത്ത ചിത്രത്തിലും ആവര്‍ത്തിക്കാന്‍ പ്രലോഭനമുണ്ടാകുക സ്വാഭാവികമാണെങ്കിലും ആ വഴിയല്ല  റഹ്മാന്‍ തിരഞ്ഞെടുത്തത്. പകരം റോജയില്‍ നിന്ന് വ്യത്യസ്തമായ ശ്രവ്യാനുഭവമായിരിക്കണം യോദ്ധയിലേത് എന്ന് തീരുമാനിച്ചു അദ്ദേഹം. ``പുതിയൊരു സംഗീത സംവിധായകനെ സംബന്ധിച്ച് രണ്ടാമത്തെ സിനിമയാണ് യഥാര്‍ത്ഥ വെല്ലുവിളി. ആദ്യ സിനിമയിലെ വാഗ്ദാനങ്ങള്‍ക്കൊത്ത് അടുത്ത പടത്തില്‍ നാം ഉയര്‍ന്നല്ലേ തീരൂ. ''സോഫോമോര്‍ സിന്‍ഡ്രോം എന്ന് മനഃശാസ്ത്രജ്ഞര്‍ വിളിക്കുന്ന ആ പരീക്ഷണഘട്ടത്തെ കുറിച്ച് പിന്നീടൊരു അഭിമുഖത്തില്‍ റഹ്മാന്‍ പറഞ്ഞു. ``എന്റെ സിനിമാ ജീവിതത്തിന്റെ ഗ്രാഫ് പരിശോധിക്കുന്നവര്‍ യോദ്ധയിലെ ഗാനങ്ങളെ അധികം പരാമര്‍ശിച്ചു കാണാറില്ല. സത്യത്തില്‍ ഞാന്‍ വളരെയധികം ആസ്വദിച്ചു ചെയ്ത ഗാനങ്ങള്‍ ആയിരുന്നു യോദ്ധയിലേത് പ്രത്യേകിച്ച് അതിലെ മത്സരപ്പാട്ട്. ഇത്രയും ഫോക് സ്വഭാവമുള്ള പാട്ടുകള്‍ പിന്നീട് അധികം ചെയ്തിട്ടില്ല.''  
 
ഏതാണ്ടതേ സമയത്ത് പുറത്തിറങ്ങിയ `പപ്പയുടെ സ്വന്തം അപ്പൂസി'ലെയോ `അദ്വൈത'ത്തിലെയോ പാട്ടുകളോളം ഹിറ്റായിരുന്നില്ല യോദ്ധയിലെ പാട്ടുകള്‍ എന്നതാണ് സത്യം. എങ്കിലും മലയാള സിനിമയില്‍ അത് വരെ കേട്ട ഗാനങ്ങളില്‍ നിന്നെല്ലാം രൂപഭാവങ്ങളിലും സൗണ്ടിംഗിലും വേറിട്ട് നിന്നു ആ സൃഷ്ടികള്‍. ചൈനീസ് വയലിന്‍ എന്നറിയപ്പെടുന്ന എര്‍ഹുവിന്റേയും, ചൈനീസ് ബാംബൂ ഫ്‌ലൂട്ടായ ഡിസിയുടെയും ജാപ്പനീസ് തെയ്‌ക്കോ ഡ്രമ്മിന്റെയും വേറിട്ട ശബ്ദങ്ങള്‍ മലയാളി ആദ്യമായി കേട്ടത് യോദ്ധയുടെ പശ്ചാത്തല സംഗീതശകലങ്ങളില്‍ ആയിരിക്കണം. കൗതുകമാര്‍ന്ന ആ ശബ്ദങ്ങളെ വടക്കു കിഴക്കന്‍ ഇന്ത്യയുടെ പൗരാണിക സംഗീത സംസ്‌കാരവുമായി വിളക്കിച്ചേര്‍ക്കുകയായിരുന്നു റഹ്മാന്‍. ഇടക്കയും ചെണ്ടയും പോലുള്ള കേരളീയ താളവാദ്യങ്ങള്‍ കൂടി ചേര്‍ന്നപ്പോള്‍ തികച്ചും നവ്യമായ ഒരു ഫ്യൂഷന്‍ അനുഭവമായി മലയാളിക്ക് ആ സംഗീതവിരുന്ന്.  കഥാഗതിയുമായി അതെത്രത്തോളം ഇണങ്ങിനിന്നു എന്നറിയാന്‍ മാല്‍ഗുഡി ശുഭ ശബ്ദം പകര്‍ന്ന യോദ്ധയുടെ പ്രമേയസംഗീതം  കേട്ടുനോക്കിയാല്‍ മതി. ചൈനീസ് ഫ്‌ലൂട്ടിന്റെയും വയലിന്റെയും സാധ്യതകള്‍  പ്രയോജനപ്പെടുത്തി റഹ്മാന്‍  സൃഷ്ടിച്ച ആ ഈണത്തില്‍ ശുഭയുടെ ഹമ്മിംഗ് കൂടി കലരുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ഭീതിദമായ അന്തരീക്ഷം എത്രയോ പില്‍ക്കാല ആക്ഷന്‍ ചിത്രങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നത് നാം കേട്ടു. വേറിട്ട ശബ്ദങ്ങളുടെ മാത്രമല്ല മൗനത്തിന്റെയും ഇന്ദ്രജാലം ഇത്ര തീവ്രമായി പ്രേക്ഷകനെ അനുഭവിപ്പിച്ച വാണിജ്യ സിനിമകള്‍ കുറവായിരുന്നു മലയാളത്തില്‍ അതുവരെ. 

 ``കഥാ പശ്ചാത്തലം ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ സംഗീതം പുതുമയാര്‍ന്നതാവണം എന്ന് തീരുമാനിച്ചിരുന്നു ഞങ്ങള്‍. അതിനുവേണ്ടി നേപ്പാളിന്റെയും തിബത്തിന്റെയുമൊക്കെ സംഗീതസംസ്‌കാരം ആഴത്തില്‍ മനസ്സിലാക്കി ആദ്യം. ഇന്നത്തെ പോലെ ഇന്റര്‍നെറ്റ് ഒന്നും അത്ര വ്യാപകമല്ലാത്ത കാലമാണ്. നേപ്പാളില്‍ ചെന്നുതന്നെ വേണം അവരുടെ സംസ്‌കാരത്തെ കുറിച്ച് പഠിക്കാന്‍. യോദ്ധയുടെ പശ്ചാത്തല സംഗീതത്തില്‍ വടക്കു കിഴക്കന്‍ മേഖലയുടെ സംഗീത പാരമ്പര്യത്തെ കുറിച്ചുള്ള അറിവ് ഔചിത്യപൂര്‍വം പ്രയോജനപ്പെടുത്തിയിട്ടുണ്ട് റഹ്മാന്‍'- സംഗീത് ശിവന്‍ പറയുന്നു.

പടകാളി ചണ്ഡിച്ചങ്കരി എന്ന ഗാനം കാണാം

മൂന്നു പാട്ടുകളാണ് ``യോദ്ധക്ക് വേണ്ടി റഹ്മാന്‍ ഒരുക്കിയത് `പടകാളി'ക്ക് പുറമെ യേശുദാസും സുജാതയും ചേര്‍ന്ന് പാടിയ കുനുകുനെ, മാമ്പൂവേ മഞ്ഞുതിരുന്നോ എന്നീ യുഗ്മഗാനങ്ങള്‍. നിര്‍ഭാഗ്യവശാല്‍മാമ്പൂവേ സിനിമയില്‍ ഉപയോഗിച്ചില്ല. ``റഹ്മാന്‍ ആദ്യം കേള്‍പ്പിച്ചപ്പോഴേ എനിക്ക് ഏറെ  ഇഷ്ടപ്പെട്ട ഈണമാണത്. അശോകനെയും (മോഹന്‍ലാല്‍) അശ്വതിയേയും (മധുബാല) വെച്ച് അത് ചിത്രീകരിക്കുകയായിരുന്നു ഉദ്ദേശ്യം. പൂജയുടെ ചിത്രങ്ങള്‍ രഹസ്യമായി ക്യാമറയില്‍ പകര്‍ത്തിയ ശേഷം ഇരുവരും കാട്ടില്‍ നിന്ന് രക്ഷപ്പെട്ടതിന് തൊട്ടു പിന്നാലെ വരേണ്ട പാട്ടാണ്. പക്ഷേ സിനിമയുടെ ദൈര്‍ഘ്യം  കൂടുമെന്ന ഭയത്താല്‍ അത് ഒഴിവാക്കേണ്ടി വന്നു. സമയ പരിമിതിയും ഉണ്ടായിരുന്നു'- സംഗീത് ഓര്‍ക്കുന്നു.  റഹ്മാനും ഏറെ പ്രിയപ്പെട്ട ഈണമായിരുന്നു മാമ്പൂവേ. അതുകൊണ്ടാവണം രണ്ടു വര്‍ഷത്തിന് ശേഷം പുറത്തുവന്ന `പവിത്ര' എന്ന തമിഴ് സിനിമയില്‍ ആ ഈണം പറയത്തക്ക ഭേദഗതികളൊന്നും കൂടാതെ അദ്ദേഹം പുനരവതരിപ്പിച്ചത്. സെവ്വാനം ചിന്നപ്പെണ്‍ എന്ന് തുടങ്ങുന്ന ആ ഗാനം പാടിയത് എസ് പി ബാലസുബ്രഹ്മണ്യം, മനോ, പല്ലവി എന്നിവര്‍ ചേര്‍ന്ന്. സിനിമയില്‍ ചിത്രീകരിക്കാനായില്ലെങ്കിലും മാമ്പൂവേ എന്ന ഗാനത്തിന്റെ പല്ലവിയുടെ ഈണം യോദ്ധയിലെ  പശ്ചാത്തല സംഗീതത്തിന്റെ ഭാഗമായി ഉപയോഗിച്ചിട്ടുണ്ട് റഹ്മാന്‍: അശോകന്‍ - അശ്വതിമാരുടെ പ്രണയരംഗങ്ങളില്‍.

ചെന്നൈയിലെ പരസ്യ ലോകത്ത് കടന്നുചെന്ന കാലം മുതലേ റഹ്മാനെ (അന്ന് ദിലീപ്) അറിയാം സംഗീതിന്. അടുത്തു പരിചയപ്പെട്ടത്  സഹോദരന്‍ സന്തോഷ് ശിവന്‍ വഴിയാണ്. ജിംഗിളുകളുടെ ലോകത്തെ അതികായനായി അതിനകം തെന്നിന്ത്യയൊട്ടുക്കും പേരെടുത്തുകഴിഞ്ഞിരുന്നു റഹ്മാന്‍. ആല്‍വിന്‍, പാരീസ്, ലിയോ കോഫി, ടൈറ്റന്‍, പ്രീമിയര്‍ പ്രഷര്‍ കുക്കര്‍, ഹീറോ പക്ക്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങി ശ്രദ്ധേയമായ നിരവധി പരസ്യ ഗീതങ്ങള്‍. ലിയോ കോഫിയുടെ ജിംഗിളിന്റെ പേരില്‍ ലഭിച്ച അവാര്‍ഡ് സ്വീകരിക്കുന്ന ചടങ്ങില്‍ വെച്ച് സുഹൃത്തും പരസ്യ ചിത്ര സ്ഥാപന ഉടമയുമായ ശാരദ ത്രിലോക് വഴിയാണ് റഹ്മാന്‍ സംവിധായകന്‍ മണിരത്‌നത്തെ പരിചയപ്പെടുന്നത്. അടുത്തൊരു ദിവസം തന്നെ യുവ സംഗീതജ്ഞന്റെ  സാമ്പിള്‍ ട്യൂണ്‍ കേള്‍ക്കാന്‍ വേണ്ടി മണിരത്‌നം റഹ്മാന്റെ സ്റ്റുഡിയോയില്‍ എത്തുന്നു. സുഹൃത്തായ ഭരത് ബാലക്ക് വേണ്ടി കാവേരി നദീജല തര്‍ക്കം വിഷയമാക്കി ചെയ്ത ഈണമാണ് റഹ്മാന്‍ മണിയെ കേള്‍പ്പിച്ചത്. ആദ്യ ശ്രവണമാത്രയിലേ ആ ഈണത്തിന്റെയും പശ്ചാത്തല വാദ്യ വിന്യാസത്തിന്റെയും ആരാധകനായി മാറി  മണിരത്‌നം. അടുത്ത ചിത്രമായ ``റോജ''ക്ക് സംഗീതമൊരുക്കുന്നത് റഹ്മാന്‍ ആയിരിക്കുമെന്ന് ആ നിമിഷം മനസ്സില്‍ ഉറച്ചിരിക്കണം അദ്ദേഹം. പിന്നീടുള്ളത് ചരിത്രമാണ്. (അന്ന് മണിയെ കേള്‍പ്പിച്ച ഈണം പിന്നീട് റോജയില്‍ ഒരു ഗാനമാക്കി മാറ്റിയെടുത്തു റഹ്മാന്‍ എന്നുകൂടി അറിയുക. തമിഴാ തമിഴാ..)

 ``റോജ''യ്ക്ക് പാട്ടൊരുക്കുന്നതിന്റെ തിരക്കിനിടയിലാണ് കൊല്ലത്തെ റൂബി മിഠായിയുടെ ജിംഗിള്‍ സൃഷ്ടിയില്‍ റഹ്മാന്‍ പങ്കാളിയാകുന്നത്. ജിംഗിള്‍ രചിച്ചതും ചിട്ടപ്പെടുത്തിയതും സുരേഷ് കൈലാസ്. വിഖ്യാത സംഗീതജ്ഞ കമലാ കൈലാസനാഥന്റെ മകന്‍. ഇന്നത്തെ ജനപ്രിയ നായിക പ്രിയാമണിയുടെ അമ്മാവന്‍. റൂബി ജിംഗിളിന്റെ മ്യൂസിക്കല്‍ അറേഞ്ച്‌മെന്റ് പൂര്‍ണ്ണമായി നിര്‍വഹിച്ചത് റഹ്മാനാണ്. ശബ്ദം നല്‍കിയതാകട്ടെ, പരസ്യ മേഖലയിലെ ശ്രദ്ധേയ ശബ്ദ സാന്നിധ്യമായിരുന്ന മാല്‍ഗുഡി ശുഭയും. ഓര്‍മ്മയില്‍ നിന്ന് ആ ജിംഗിള്‍ മധുരമായി മൂളിത്തരുന്നു ശുഭ: ``റൂബി റൂബി സ്വീറ്റ്, വാട്ട് എ ബൈറ്റ് ഐഡിയ. തന്റെ ജീവിതത്തില്‍ എല്ലാം കൊണ്ടും വഴിത്തിരിവായി മാറിയ ജിംഗിള്‍ ആയിരുന്നു അതെന്നു പറയും ശുഭ. ``ജീവിതം അര്‍ത്ഥ പൂര്‍ണ്ണമാക്കിയ ജിംഗിള്‍ എന്നും വേണമെങ്കില്‍ പറയാം. അത് റെക്കോര്‍ഡ് ചെയ്യാന്‍ സ്റ്റുഡിയോയില്‍ ചെന്ന ദിവസമാണ് എന്റെ ജീവിത പങ്കാളിയായിയാകാന്‍ വിധിക്കപ്പെട്ടയാളിനെ ഞാന്‍ ആദ്യമായി കണ്ടത്. പ്രഥമ ദര്‍ശനാനുരാഗം എന്നൊക്കെ പറയില്ലേ? ഏതാണ്ടതുപോലെ ഒന്നാണ്  എനിക്കും സുരേഷിനുമിടയില്‍ സംഭവിച്ചത്.'' അധികം വൈകാതെ സുരേഷ് കൈലാസും ശുഭയും വിവാഹിതരായി എന്നതാണ് കഥയുടെ രത്‌നച്ചുരുക്കം. റൂബി മിഠായിക്ക് നന്ദി.

രവി മേനോന്റെ പുസ്തകങ്ങൾ വാങ്ങാം

 ``യോദ്ധ''യിലേക്കുള്ള റഹ്മാന്റെ കടന്നു വരവിനും നിമിത്തമായത് ഇതേ ജിംഗിള്‍ തന്നെ. റൂബി മിഠായിയുടെ പരസ്യ ചിത്രം സംവിധാനം ചെയ്യാനുള്ള നിയോഗം സംഗീത് ശിവനായിരുന്നു. സന്തോഷ് ശിവന്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെയും ശുഭ പാടിയ ജിംഗിളിന്റെയും പശ്ചാത്തലത്തില്‍  വേണം പടം ചെയ്യാന്‍. ``റഹ്മാന്റെ പഞ്ചതന്‍ റെക്കോര്‍ഡിംഗ് ഇന്‍ അന്നൊരു കൊച്ചു സ്റ്റുഡിയോ ആയിരുന്നു'- സംഗീത് ഓര്‍ക്കുന്നു. ``അവിടെ വെച്ചാണ് പൂര്‍ത്തിയായ ജിംഗിള്‍ റഹ്മാന്‍ ഞങ്ങളെ കേള്‍പ്പിക്കുന്നത്. പുതുമയാര്‍ന്ന അറേഞ്ച്‌മെന്റ് അപ്പോഴേ മനസ്സില്‍ തങ്ങി. ആരെയും പെട്ടെന്ന് ഏറ്റുപാടാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒരു ഘടകം ഉണ്ടായിരുന്നു ആ സംഗീത ശകലത്തില്‍. അക്കാലത്തെ സിനിമാപ്പാട്ടുകളേക്കാള്‍ ആധുനികമായ ഒരു ഫീലും. അടുത്ത പടത്തില്‍ ഈ യുവാവിനെ സംഗീത സംവിധായകനായി പരീക്ഷിക്കണമെന്ന് സന്തോഷും ഞാനും തീരുമാനിക്കുന്നത് അന്നാണ്''. മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. അതേ ദിവസമാണ് `റോജ'ക്ക് വേണ്ടി താന്‍ ആദ്യമായി ചിട്ടപ്പെടുത്തിയ ഗാനം സ്റ്റുഡിയോയില്‍ വെച്ച് റഹ്മാന്‍ സംഗീതിനെയും സന്തോഷിനെയും കേള്‍പ്പിച്ചത് ചിന്ന ചിന്ന ആശൈ. ``പൂര്‍ത്തിയായ രൂപത്തില്‍ ആ ഗാനം ആദ്യമായി കേട്ടവര്‍ ഞങ്ങളായിരിക്കും,''- സംഗീത്. ``അത്ഭുതകരമായ ഒരനുഭവമായിരുന്നു അത്. പുതിയ സൗണ്ടിങ്, പുതിയ ശബ്ദം, പുതിയ ഓര്‍ക്കസ്ട്രേഷന്‍ ശൈലി... മുന്‍പ് കേട്ട ഒരു പാട്ടുമായും സാമ്യമോ താരതമ്യമോ ഉണ്ടായിരുന്നില്ല അതിന്. യോദ്ധയിലേക്ക് റഹ്മാനെ ക്ഷണിക്കാന്‍ പിന്നെ സംശയിച്ചുനിന്നില്ല.'' ആ ക്ഷണം റഹ്മാനില്‍ വലിയ ആവേശമൊന്നും ഉളവാക്കിയില്ല എന്നത് മറ്റൊരു കാര്യം. സിനിമ അന്നൊരു പ്രലോഭനമേയല്ല റഹ്മാന്; സ്വപ്നവും. പരസ്യ ജിംഗിളുകളുടെ ലോകത്തിനപ്പുറത്ത് വിശാലമായ മറ്റൊരു സംഗീത പ്രപഞ്ചം തന്നെ കാത്തിരിക്കുന്നു എന്ന ചിന്തയുമില്ല. ``റോജ ചെയ്യുമ്പോള്‍ ഇതെന്റെ ആദ്യത്തെയും അവസാനത്തെയും സിനിമയായിരിക്കും എന്ന് സ്വയം പറഞ്ഞു ബോധ്യപ്പെടുത്തിയിരുന്നു. പക്ഷേ വിധിയുടെ വഴികള്‍ വിചിത്രമല്ലേ? റോജക്ക് പിറകെ യോദ്ധ വന്നു. അത് കഴിഞ്ഞു പുതിയ മുഖം, തിരുടാ തിരുടാ, ജന്റില്‍മാന്‍...മറ്റൊരു ലോകത്തേക്ക് സ്വയമറിയാതെ തന്നെ നയിക്കപ്പെടുകയായിരുന്നു  ഞാന്‍. ഏതോ ഒഴുക്കില്‍ പെട്ടപോലെ.'' ആ നാളുകളെ കുറിച്ച് പിന്നീടൊരിക്കല്‍ റഹ്മാന്‍ പറഞ്ഞു. 

റഹ്മാന്റെ വിചിത്രമായ സംഗീത സംവിധാന ശൈലിയുമായി പൊരുത്തപ്പെടാന്‍ ആദ്യം അല്‍പ്പം പ്രയാസപ്പെട്ടു എന്ന സത്യം മറച്ചുവെക്കുന്നില്ല സംഗീത്. നിര്‍മ്മാതാവിനെ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു ഏറ്റവും ദുഷ്‌കരം. ഒരു സിനിമയുമായി സഹകരിക്കാന്‍ തീരുമാനിച്ചാല്‍ ആഴത്തില്‍ അതില്‍ മുഴുകുന്നതാണ് റഹ്മാന്റെ പതിവ്. കഥ മുഴുവന്‍ ശ്രദ്ധിച്ചു കേള്‍ക്കും ആദ്യം. ഗാനസന്ദര്‍ഭങ്ങള്‍ ചോദിച്ചു മനസ്സിലാക്കും. അത് കഴിഞ്ഞാല്‍  നമ്മുടെ കണ്‍വെട്ടത്തുനിന്ന് പൊടുന്നനെ റഹ്മാന്‍ അപ്രത്യക്ഷമാകുകയായി. ചുരുങ്ങിയത് പത്തു ദിവസമെങ്കിലും നീളുന്ന കാത്തിരിപ്പാണ് പിന്നെ. അക്ഷമമായ ആ കാത്തിരിപ്പിനൊടുവില്‍, ഈണങ്ങള്‍ കേള്‍ക്കാന്‍ സ്റ്റുഡിയോയില്‍ എത്തിച്ചേരാനുള്ള ക്ഷണം വരുന്നു. രാത്രിയുടെ അന്ത്യയാമങ്ങളിലായിരിക്കും ആ കൂടിക്കാഴ്ച. ഓരോ സിറ്റ്വേഷനും ഇണങ്ങുന്ന മൂന്ന് ഈണങ്ങളെങ്കിലും   കേള്‍പ്പിക്കും അദ്ദേഹം. അതില്‍ നിന്ന് ഇഷ്ടപ്പെട്ടത് സംവിധായകന് തിരഞ്ഞെടുക്കാം. ഒന്നും ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്നെയും പത്തു ദിവസത്തെ കാത്തിരിപ്പാണ്. പുതിയ ഈണങ്ങളുമായി റഹ്മാന്‍ തിരിച്ചെത്തും വരെ നീളും ആ ഇടവേള. സാധാരണ സിനിമാക്കാര്‍ക്ക് ഈ ശൈലിയുമായി ഒത്തുപോകാന്‍ കഴിയണം എന്നില്ല. എല്ലാം പെട്ടെന്ന് തീര്‍ത്തു സിനിമ എങ്ങനെയും തിയേറ്ററില്‍ എത്തിക്കാനുള്ള തത്രപ്പാടിലാണല്ലോ അവര്‍. മാത്രമല്ല സംഗീതം സ്വന്തം സിനിമകളില്‍ ഒരു നിര്‍ണ്ണായക ഘടകമാണെന്ന ബോധവുമില്ല ഇവരില്‍ ഏറെ പേര്‍ക്കും.   അത്തരക്കാര്‍ക്കുള്ളതല്ല തന്റെ സംഗീതം എന്ന് നേരത്തെ തന്നെ വ്യക്തമാക്കാറുണ്ട് റഹ്മാന്‍. ``പലപ്പോഴും പൂര്‍ത്തിയായ ഗാനമല്ല ഷൂട്ടിംഗിനായി റഹ്മാന്‍ തരുക. ഷൂട്ട് മിക്‌സ് എന്ന പേരിലുള്ള ഒരു താല്‍ക്കാലിക  സൃഷ്ടിയാണ്. അതുകഴിഞ്ഞു പൂര്‍ണ്ണമായ രൂപത്തില്‍ ആ പാട്ട് നമ്മളെ കേള്‍പ്പിക്കുമ്പോഴേക്കും അതില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ടാകും അദ്ദേഹം. പശ്ചാത്തലത്തില്‍ കൂടുതല്‍ ഉപകരണങ്ങളുടെ ശബ്ദങ്ങള്‍ കേള്‍ക്കാം ചിലപ്പോള്‍. ചില ശബ്ദങ്ങള്‍ക്ക്  പഴയതിലും പ്രാമുഖ്യം വന്നിട്ടുണ്ടാകാം. പക്ഷേ ബേസിക് മെലഡിക്ക് മാറ്റമുണ്ടാവില്ല. ഫൈനല്‍ മിക്‌സ് ഷൂട്ടിംഗ് സമയത്ത് തന്നിരുന്നെങ്കില്‍ പാട്ടുകളുടെ ചിത്രീകരണം കുറേക്കൂടി ഗംഭീരമാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്'- സംഗീത് പറയുന്നു. എങ്കിലും `യോദ്ധ'യിലെ പാട്ടുകള്‍ ഡിജിറ്റല്‍ തികവോടെ കേട്ടപ്പോള്‍ കാത്തിരിപ്പ് വെറുതെയായില്ല എന്ന് മനസ്സിലായി  സംഗീതിന്.  ``ഓരോ തവണ കേള്‍ക്കുമ്പോഴും  എന്തൊക്കെയോ പുതിയ അനുഭൂതികള്‍  പകര്‍ന്നു തരുന്നുണ്ടായിരുന്നു അവ.''  

ഗാനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയത് `പടകാളി' തന്നെ. കേരളീയമായ ഫോക് അന്തരീക്ഷമാണ് പാട്ടില്‍ വേണ്ടത്. വടക്കന്‍ പാട്ടിന്റെയൊക്കെ ഒരു ഫീല്‍ വരണം. റഹ്മാന് ഒട്ടും പരിചിതമല്ലാത്ത മേഖലയാണ്. ``ഗാനരചയിതാവായ ബിച്ചു തിരുമലയാണ് ആ ഘട്ടത്തില്‍ ഞങ്ങളുടെ രക്ഷക്കെത്തിയത്. വടക്കന്‍ പാട്ടിനെ കുറിച്ചും കേരളത്തിലെ ഗ്രാമീണമായ ആചാരാനുഷ്ഠാനങ്ങളെ കുറിച്ചും  പരമ്പരാഗത വാദ്യങ്ങളെ കുറിച്ചുമൊക്കെ ബിച്ചുവിനോട് വിശദമായി ചോദിച്ചു മനസ്സിലാക്കി റഹ്മാന്‍. ബിച്ചു ചൊല്ലിക്കൊടുത്ത  നാടന്‍ പാട്ടുകളില്‍ നിന്നാണ് സത്യത്തില്‍ ഗാനത്തിന്റെ ഘടനയെ കുറിച്ച് റഹ്മാന് ഒരു ഏകദേശ ധാരണ ലഭിച്ചത്. ബിച്ചുവിന്റെ പങ്കാളിത്തം കൂടിയുണ്ട്  ആ ഗാനത്തിന്റെ സ്വീകാര്യതക്ക് പിന്നില്‍ എന്നത് അവഗണിക്കാനാവാത്ത സത്യം. ഒരാഴ്ച കഴിഞ്ഞു താന്‍ ചിട്ടപ്പെടുത്തിയ ഈണം റഹ്മാന്‍ ഞങ്ങളെ പാടിക്കേള്‍പ്പിച്ചപ്പോള്‍ അത്ഭുതം തോന്നി. തികച്ചും കേരളീയമായ ഒരു ഗ്രാമ്യാന്തരീക്ഷം  ഉണ്ടായിരുന്നു അതില്‍.'' സംഗീത് പറയുന്നു. കാഴ്ച്ചയിലും പെരുമാറ്റത്തിലും ഗൗരവക്കാരനായ, അത്യാവശ്യത്തിനു മാത്രം ചിരിക്കുന്ന ഒരു മനുഷ്യന് എങ്ങനെ  ഇത്രയും നര്‍മ്മഭാവമുള്ള ഒരു ഈണം  സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നോര്‍ക്കുകയായിരുന്നു ബിച്ചു.  

പാട്ടിന് ഇണങ്ങുന്ന വരികള്‍ വേണം ഇനി. അങ്ങേയറ്റം ചടുലവും ഊര്‍ജസ്വലവുമായ ഈണമാണ്. മത്സരമായതിനാല്‍ കുറിക്കു കൊള്ളുന്ന വാക്കുകള്‍ കൊണ്ടുള്ള കസര്‍ത്തായാല്‍ നല്ലത്. അര്‍ത്ഥ ഗാംഭീര്യത്തേക്കാള്‍ ഉച്ചരിക്കുന്ന വാക്കുകളുടെ സൗണ്ടിംഗ് ആണ് ഇത്തരം ഗാനങ്ങളില്‍ പ്രധാനം. സമാനമായ ഗാനങ്ങള്‍ മുന്‍പും എഴുതിയിട്ടുള്ള ബിച്ചു തിരുമലക്ക് അതൊരു വലിയ വെല്ലുവിളിയായി തോന്നിയില്ല. ``ചെന്നൈയില്‍ റഹ്മാന്റെ സ്റ്റുഡിയോയില്‍ വെച്ച് സംഗീത് ശിവന്‍ ഗാനസന്ദര്‍ഭം വിവരിച്ചു തന്നപ്പോള്‍ പെട്ടെന്ന് മനസ്സില്‍ വന്നത് ഭദ്രകാളിയുടെ രൂപമാണ്. രൗദ്രരൂപത്തിലുള്ള ദേവിയെ സ്തുതിക്കുന്ന ഒരു ഗാനമായാല്‍ സന്ദര്‍ഭത്തിന് ഇണങ്ങുമെന്ന് തോന്നി. സംഗീതിനും എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. മഹാകവി നാലാങ്കലിന്റെ `മഹാക്ഷേത്രങ്ങള്‍ക്ക് മുന്നില്‍' എന്ന പുസ്തകം ആ ഘട്ടത്തിലാണ് എനിക്ക് തുണയായത്. പടകാളി, പോര്‍ക്കലി, ചണ്ഡി, മാര്‍ഗിനി എന്നിങ്ങനെ ദേവിയുടെ പര്യായപദങ്ങള്‍ ഒന്നൊന്നായി മനസ്സില്‍  ഒഴുകിയെത്തുന്നു. ഹാസ്യ ഗാനമായതിനാല്‍ ആഴമുള്ള ആശയങ്ങള്‍ ആരും പ്രതീക്ഷിക്കാനിടയില്ല. എങ്കിലും  ഉപയോഗിക്കുന്ന പദങ്ങള്‍ അര്‍ത്ഥ ശൂന്യമാകരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ആരാധനയുമായി ബന്ധപ്പെട്ട വാക്കുകളാണ് പാട്ടില്‍ ഏറെയും പറമേളം, ചെണ്ട, ചേങ്കില, ധിം തുടി മദ്ദളം എന്നിങ്ങനെ. മറ്റു ചില പ്രയോഗങ്ങള്‍ ഞാന്‍ കണ്ടെത്തിയത് സ്വാനുഭവങ്ങളില്‍ നിന്നാണ്. ഉദാഹരണത്തിന് പൊടിയാ, തടിയാ  എന്നീ പ്രയോഗങ്ങള്‍. ആകാശവാണി ജീവിതകാലത്ത് സുഹൃത്തുക്കളായ ഗായകന്‍ ഉദയഭാനുവും എം ജി രാധാകൃഷ്ണനും പരസ്പരം കളിയാക്കി വിളിച്ചു കേട്ടിട്ടുള്ള പേരുകളാണ്. ഒരു രസത്തിന് അതും പാട്ടില്‍ ചേര്‍ത്തു.'' അപ്പോഴൊന്നും ഇത്രയും വലിയ ഹിറ്റായി മാറും ആ പാട്ടെന്ന് സങ്കല്‍പ്പിച്ചിട്ടില്ല ബിച്ചു.  ചിത്രീകരണത്തിലൂടെ ഗാനത്തെ  മറ്റൊരു തലത്തിലേക്ക് എത്തിക്കുകയായിരുന്നു സംഗീത് ശിവന്‍ എന്ന് വിശ്വസിക്കുന്നു അദ്ദേഹം.  

പാലക്കാട് ജില്ലാതിര്‍ത്തിയിലെ ഒരു കുഗ്രാമത്തില്‍ വെച്ചായിരുന്നു ``പടകാളി''യുടെ ചിത്രീകരണം. യേശുദാസും എം ജി ശ്രീകുമാറും മത്സരിച്ചു പാടിയ പാട്ടിനൊത്ത് ചുണ്ടനക്കി അഭിനയിക്കുന്നത് മോഹന്‍ലാലും ജഗതിയും. കാഴ്ചക്കാരായായി ഉര്‍വശി, സുകുമാരി, മീന, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍. നിലക്കാതെ പെയ്ത മഴ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചെങ്കിലും  ലാലിന്റെയും ജഗതിയുടെയും അവിസ്മരണീയ പ്രകടനം ഒന്ന് മാത്രം മതിയായിരുന്നു എല്ലാ നിരാശയും മറക്കാന്‍ എന്ന് സംഗീത്.  ``ഗാന ചിത്രീകരണത്തെ കുറിച്ച് എനിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു. പക്ഷേ ലാല്‍ സാറും ജഗതി ചേട്ടനും അഭിനയിച്ചു തുടങ്ങിയതോടെ എല്ലാ പ്ലാനും തെറ്റി. എവിടെ, എപ്പോള്‍ കട്ട് പറയണം എന്നറിയാതെ ആ നടന വൈഭവം ആസ്വദിച്ചു നിന്നുപോയി ഞാന്‍.  ഒരു ഷോട്ട് പോലും ഉണ്ടായിരുന്നില്ല ഒഴിവാക്കാന്‍ എന്നതാണ് സത്യം. രണ്ടു അസാമാന്യ പ്രതിഭകളാണ് നിറഞ്ഞാടുന്നത്. അവരുടെ അഭിനയത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടയാന്‍ എങ്ങനെ മനസ്സു വരും?'' സംഗീതിന്റെ വാക്കുകള്‍. ``മത്സരിച്ചു ചുവടുവെക്കുന്നതിനിടെ ലാലിന് എവിടെയെങ്കിലുമൊന്ന്  പിഴച്ചാല്‍ ഉടന്‍ ജഗതി രക്ഷക്കെത്തും. അതുപോലെ തിരിച്ചും. അത്ഭുതകരമായ ആ കൊടുക്കല്‍ വാങ്ങലിന്റെ സൗന്ദര്യം ഞാനും സന്തോഷുമെല്ലാം വിസ്മയത്തോടെ നോക്കിനിന്നിട്ടുണ്ട്.'' പാട്ടിലെ  കോറസ് ഭാഗം ചിത്രീകരിച്ചത് ചെന്നൈയിലെ സ്റ്റുഡിയോയില്‍ വെച്ചാണ് എന്ന് കൂട്ടിച്ചേര്‍ക്കുന്നു സംഗീത് ശിവന്‍. 

യോദ്ധയിലെ മൂന്നു പാട്ടിലുമുണ്ട് യേശുദാസിന്റെ സ്വര സാന്നിധ്യം. അന്ന് തരംഗിണി സ്റ്റുഡിയോയിലേ യേശുദാസ് പാടി റെക്കോര്‍ഡ് ചെയ്യൂ. റഹ്മാനാണെങ്കില്‍ അക്കാലത്തേ സ്വന്തം സ്റ്റുഡിയോയ്ക്ക് പുറത്തു പോയി ജോലി ചെയ്യുന്ന പതിവില്ല താനും. ഭാഗ്യവശാല്‍ റഹ്മാന്റെ സ്റ്റുഡിയോയില്‍ വന്നു പാടാന്‍ യേശുദാസ് തയ്യാറായി. പടകാളി എന്ന ഗാനത്തിന്റെ റെക്കോര്‍ഡിംഗ്  മറക്കാനാവാത്ത അനുഭവമായിരുന്നു എന്ന് പറയും  ബിച്ചു. ``ശ്രീകുമാര്‍ ആദ്യം വന്നു പാട്ടു മുഴുവനായി പാടി റെക്കോര്‍ഡ് ചെയ്തു. പിന്നീടാണ് യേശു വന്നു തന്റെ ഭാഗം പാടുന്നത്. പാട്ടുമത്സരമാണെന്നറിഞ്ഞപ്പോള്‍ രസിച്ചു തന്നെ അദ്ദേഹം പാടി. ഇടക്ക് ഏതോ ഒരു വരിയുടെ ഈണം ചെറുതായൊന്നു മാറിപ്പോയപ്പോള്‍ ആ ഭാഗം ഒന്ന് കൂടി പാടിയാലോ എന്നൊരു നിര്‍ദേശമുണ്ടായി. പക്ഷേ യേശുവിന്റെ മറുപടി രസകരമായിരുന്നു: ഇതൊരു മത്സരപ്പാട്ടാണ്. പകരത്തിനു പകരമാകുമ്പോള്‍  പാടുന്നതെല്ലാം  കൃത്യമാവണം എന്നില്ല. അപ്പപ്പോള്‍ തോന്നുന്ന മട്ടിലാണ് രണ്ടുപേരും പാടുക. അതുകൊണ്ട് ഇതിനി വ്യാകരണശുദ്ധമാക്കാന്‍ മിനക്കെടേണ്ട എന്നാണ് എന്റെ അഭിപ്രായം.'' ആ നിര്‍ദേശം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. ' യേശുദാസ് പാടിയ ശേഷം ശ്രീകുമാര്‍ ഒരിക്കല്‍ കൂടി സ്റ്റുഡിയോയില്‍ വന്ന് തന്റെ ഭാഗം റെക്കോര്‍ഡ് ചെയ്തു എന്നാണ് ബിച്ചുവിന്റെ ഓര്‍മ്മ. ഗാനത്തിന്റെ പൂര്‍ണ്ണതക്കു വേണ്ടിയുള്ള ഇത്തരം യജ്ഞങ്ങള്‍ ഫലം  ചെയ്തു. പുത്തന്‍ തലമുറ പോലും അകമഴിഞ്ഞ് ആസ്വദിക്കുന്നു ആ പാട്ട്. സ്റ്റേജിലും റിയാലിറ്റി ഷോകളിലുമൊക്കെ ഇന്നും പതിവായി `പടകാളി'  പാടിക്കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട് ബിച്ചുവിന്. ദുഃഖം ഒരു കാര്യത്തില്‍  മാത്രം: ``പാട്ടിലെ പോര്‍ക്കലിയും മാര്‍ഗിനിയും ഓര്‍മ്മയായി. പകരം പോക്കിരിയും മാക്കിരിയും വന്നു. ഇപ്പോള്‍ അധികം പേരും പാടിക്കേള്‍ക്കാറുള്ളത് പടകാളി ചണ്ഡിച്ചങ്കരി പോക്കിരി മാക്കിരി എന്നാണ്.'' 

വളരെ ചുരുങ്ങിയ സമയത്തില്‍ എഴുതിത്തീര്‍ത്തതാണ് `കുനുകുനെ' എന്ന പാട്ട്. പല്ലവിയിലെ ആദ്യപദം  ആവര്‍ത്തിക്കണം എന്നൊരു നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ സംഗീത സംവിധായകന്. റോജയിലെ `ചിന്ന ചിന്ന ആസൈ' പോലെ, റഹ്മാന്റെ സംഗീത സംവിധാന ശൈലിയുടെ മുഖമുദ്രയായി മാറിയ ഒരു വിജയ ഫോര്‍മുലയ്ക്ക്  തുടക്കം കുറിച്ച പാട്ടുകളില്‍ ഒന്നായിരിക്കണം കുനുകുനെ. പില്‍ക്കാലത്ത് ആദ്യവാക്കിന്റെ ആവര്‍ത്തനത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയ റഹ്മാന്‍ ഗാനങ്ങള്‍ എത്രയെത്ര. ഉയിരേ ഉയിരേ, ഉര്‍വശി ഉര്‍വശി, അഞ്ജലി അഞ്ജലി, മുസ്തഫ മുസ്തഫ, വെണ്ണിലവേ വെണ്ണിലവേ, എന്നവളേ അടി എന്നവളേ, മലര്‍കളെ മലര്‍കളെ, കൊളംബസ് കൊളംബസ്, ഹൈരെ ഹൈരെ, നെഞ്ചിനിലെ നെഞ്ചിനിലെ, കത്തിരിക്ക കത്തിരിക്ക, ഹമ്മ ഹമ്മ, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, അന്‍പേ അന്‍പേ, സോണിയ സോണിയ, ചിക്കു ബുക്കു ചിക്കു ബുക്കു, നറുമുഗയെ നറുമുഗയെ, കുച്ചി കുച്ചി രാക്കമ്മ, ഒരുവന്‍ ഒരുവന്‍, ഛയ്യ ഛയ്യ, തില്ലാന തില്ലാന, മാര്‍ഗഴിപ്പൂവേ മാര്‍ഗഴിപ്പൂവേ....``