yesudas‘ഒരേ ഒരു ലക്ഷ്യം ശബരിമാമല, ഒരേ ഒരു മോഹം ദിവ്യദർശനം, ഒരേ ഒരു മാർഗം പതിനെട്ടാം പടി, ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ’   ശബരീശഭക്തരെ ആത്മവിസ്മൃതിയുടെ പാരമ്യത്തിലേക്ക് നയിച്ച  വരികൾ. മലയാളികളുടെ എത്രയോ തലമുറകൾ ഏറ്റുപാടിയ ഈ അയ്യപ്പഭക്തിഗാനമെഴുതിയ കവി ആയുസ്സിലൊരിക്കലും  മലചവിട്ടിയിട്ടില്ല എന്നു പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിക്കണം. സത്യമാണ്.

 ‘‘ഈശ്വരവിശ്വാസിയായിരുന്നു അച്ഛൻ. എങ്കിലും വ്രതമെടുത്തു മലയ്ക്കുപോകുന്നതിൽ  താത്‌പര്യം പ്രകടിപ്പിച്ചുകണ്ടിട്ടില്ല...’’  ദീർഘകാലം തരംഗിണി സ്റ്റുഡിയോയിൽ ശബ്ദലേഖകനായിരുന്ന സുപാൽ പറയുന്നു. സുപാലിന്റെ  അച്ഛൻ  തൈച്ചിറയിൽ കൃഷ്ണൻ രാമഭദ്രനെ ടി.കെ.ആർ. ഭദ്രൻ എന്ന പേരിലാണ്  സംഗീതലോകം അറിയുക.  മലയാളത്തിലെ  എക്കാലത്തെയും വലിയ സൂപ്പർഹിറ്റ് അയ്യപ്പഭക്തിഗാനങ്ങൾ എഴുതിയ കവി.  ഒരേസമയം ലളിതവും ഗഹനവുമായ   ആശയങ്ങളും പദഭംഗിയും യേശുദാസിന്റെ ആലാപനവൈഭവവും ചേർന്ന് അവിസ്മരണീയമാക്കിയ  ആ ഗാനങ്ങൾ പിറന്നുവീണിട്ട് പതിറ്റാണ്ടുകൾ നാലായി; ഗംഗയാറ് പിറക്കുന്നു ഹിമവൻ  മലയിൽ, ഖേദമേകും ദീർഘയാത്ര, ശങ്കരനചലം കൈലാസം പങ്കജാക്ഷന്  തിരുപ്പതി, മനസ്സിന്നുള്ളിൽ ദൈവമിരുന്നാൽ, നീലനീല മലയുടെ മുകളിൽ... ‘സരിഗമ’യുടെ കണക്കുകൾ വിശ്വസിക്കാമെങ്കിൽ അയ്യപ്പഭക്തിഗാനങ്ങളുടെ ചരിത്രത്തിൽതന്നെ ഏറ്റവുമധികം വിറ്റഴിഞ്ഞ മലയാള  ആൽബം. 1970-കളുടെ മധ്യത്തിൽ ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ്  ശ്രീ അയ്യപ്പൻ സോങ്‌സ് എന്നപേരിൽ യേശുദാസിന്റെ ‘യൗവനയുക്ത’മായ സ്വരത്തിൽ ഈ പാട്ടുകൾ ഗ്രാമഫോൺ റെക്കോഡായി പുറത്തിറക്കുമ്പോൾ ഓഡിയോ കാസറ്റ് യുഗം പിറന്നിട്ടില്ല, നമ്മുടെ നാട്ടിൽ. 1980-കളിലാണ്  കാസറ്റുകളുടെ വരവ്.  കോംപാക്ട് ഡിസ്കുകളും എം.പി.ത്രീയും ഇന്റർനെറ്റും പെൻഡ്രൈവുമൊക്കെ പിന്നാലെവന്നു. വിരൽത്തുമ്പിൽ പാട്ടുകൾവന്ന് നൃത്തംചെയ്യുന്ന  ഈ ഡിജിറ്റൽ യുഗത്തിലും  പുതുമനഷ്ടപ്പെടാതെ നമുക്കൊപ്പമുണ്ട് ഭദ്രഗീതങ്ങൾ.  ‘‘എന്റെ കുട്ടിക്കാലത്ത് ഞാൻ ഏറ്റവും അധികം കേട്ടാസ്വദിച്ച പാട്ടുകളിൽ ഒന്ന് ശങ്കരനചലം കൈലാസം ആയിരുന്നു. ഇന്നും ആ പാട്ടിന്റെ വരികൾ എനിക്ക് മനഃപാഠം.’’  -പ്രശസ്ത ഗായകൻ ശങ്കർ മഹാദേവന്റെ വാക്കുകൾ.എഴുത്തും  അഭിനയവുമായിരുന്നു ആലപ്പുഴയ്ക്കടുത്ത് പുന്നപ്ര സ്വദേശി രാമഭദ്രന്റെ ഇഷ്ടവിഷയങ്ങൾ.  ലിയോ തേർട്ടീന്ത് സ്കൂളിൽ പഠിക്കുമ്പോഴേ  കഥകളും നാടകങ്ങളും കവിതകളും എഴുതും. സ്റ്റേജ് നാടകങ്ങളിൽ അഭിനയിക്കും. എയർ ഇന്ത്യ ഓഫീസിൽ ഉദ്യോഗവുമായി മുംബൈയിൽ എത്തിയിട്ടും കലാപ്രേമം ഉപേക്ഷിച്ചില്ല, ഭദ്രൻ. മറുനാടൻ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മകളിൽ  സജീവമായിരുന്ന ആ നാളുകളിലാണ്  പി. ഭാസ്കരനെ പരിചയപ്പെടുന്നത്. അഭിനയജീവിതത്തിലേക്ക് വഴിതുറന്നു  ആ കൂടിക്കാഴ്ച. ആദ്യം മുഖംകാണിച്ചത് ഭാസ്കരന്റെ നായരുപിടിച്ച പുലിവാലിൽ (1958). തുടർന്ന് ഭാര്യമാർ സൂക്ഷിക്കുക, ഡെയ്ഞ്ചർ ബിസ്കറ്റ്, കണ്ണൂർ ഡീലക്സ്, അമ്പലപ്രാവ്, ലോട്ടറി ടിക്കറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ. 1970-കളുടെ തുടക്കത്തിൽ ഇന്ത്യൻ എയർലൈൻസിലെ കാറ്ററിങ്‌ വിഭാഗത്തിൽ ഉദ്യോഗസ്ഥനായി ഭദ്രൻ ചെന്നൈയിൽ എത്തുന്നു.  ആയിടയ്ക്കൊരുനാൾ  യേശുദാസിനെ വിമാനത്താവളത്തിൽവെച്ച് യാദൃച്ഛികമായി പരിചയപ്പെട്ടതാണ് ഭദ്രന്റെ ജീവിതഗതി തിരിച്ചുവിട്ടത്. അപൂർവമായ ഒരു സൗഹൃദത്തിന്റെ തുടക്കം. ഇന്ത്യൻ എയർലൈൻസിന്റെ  കാറ്ററിങ്‌ സൂപ്രണ്ടായി വിരമിച്ചശേഷം യേശുദാസിന്റെ പേഴ്‌സണൽ അസിസ്റ്റന്റായി  ഭദ്രൻ;  പ്രിയ ഗാനരചയിതാവും.

tkr badhran1970-കളുടെ മധ്യത്തിലാണ് ഭക്തിഗാന രചനയിലേക്കുള്ള ഭദ്രന്റെ കടന്നുവരവ്.  ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യയുടെ ചെന്നൈയിലെ റെക്കോഡിങ്‌ ഓഫീസർ പി. മങ്കപതിയുടെ നിർദേശപ്രകാരം  ഗന്ധർവശബ്ദത്തിൽ റെക്കോഡ് ചെയ്യാനായി കുറേ അയ്യപ്പഭക്തിഗാനങ്ങൾ എഴുതിക്കൊടുക്കുന്നു ഭദ്രൻ.  എച്ച്.എം.വി. സ്റ്റുഡിയോയിൽ റെക്കോഡ് ചെയ്യപ്പെട്ട ആ പാട്ടുകൾ ചിട്ടപ്പെടുത്തിയത് ബി.എ. ചിദംബരനാഥും യേശുദാസും ചേർന്ന്. ഖേദമേകും ദീർഘയാത്ര, മകരവിളക്കേ, പൊന്നുപതിനെട്ടാംപടി, നീലനീല മലയുടെ മുകളിൽ എന്നീ ഗാനങ്ങൾക്ക് ചിദംബരനാഥിന്റെ ഈണം. ഗംഗയാറു പിറക്കുന്നു, മനസ്സിനുള്ളിൽ, ശങ്കരനചലം, ഒരേ ഒരു ലക്ഷ്യം, പമ്പയാറിൻ പൊൻ പുളിനത്തിൽ, സുപ്രഭാതം പൊട്ടിവിരിഞ്ഞു എന്നീ പാട്ടുകൾക്ക് യേശുദാസിന്റെയും. ഗാനങ്ങൾക്ക് ഇമ്പമാർന്ന വാദ്യവിന്യാസം നിർവഹിച്ചത് ശങ്കർ സുബ്ബു. 1975 ഡിസംബറിൽ എൽ.പി. റെക്കോഡ് ആയി പുറത്തിറങ്ങിയ ആ  ഗാനങ്ങൾ അമ്പരപ്പിക്കുന്ന വേഗത്തിലാണ്  ജനഹൃദയങ്ങളിൽ ഇടംനേടിയത്. ‘‘ഭക്തിസമ്പൂർണമായിരുന്നു ഭദ്രന്റെ രചനകൾ. ലളിതമായ ഓർക്കസ്‌ട്രേഷൻകൂടി ചേർന്നപ്പോൾ സാധാരണക്കാരന് എളുപ്പം അവ ഉൾക്കൊള്ളാൻ കഴിഞ്ഞിരിക്കണം.’’ -  യേശുദാസ്.ആദ്യ ആൽബത്തിന്റെ അഭൂതപൂർവമായ വിജയത്തിനു പിന്നാലെ 1980-കളുടെ തുടക്കത്തിൽ സംഗീത കാസറ്റ്‌സിനുവേണ്ടി മറ്റൊരു അയ്യപ്പഭക്തിഗാന സമാഹാരത്തിൽക്കൂടി പങ്കാളിയായി  ഭദ്രൻ. സംഗീതം ദക്ഷിണാമൂർത്തി. ആ ദിവ്യനാമം അയ്യപ്പാ, ആനകേറാമല ആളുകേറാമല, ഏഴാഴികൾ, അഭിരാമശൈലമേ, പമ്പയിൽ കുളികഴിഞ്ഞു, നിന്നെ കണ്ടു കൊതി തീർന്നൊരു, കാട്ടിലുണ്ട് വന്യമൃഗങ്ങൾ തുടങ്ങി യേശുദാസ് അതീവഹൃദ്യമായി ആലപിച്ച ആ  ഗാനങ്ങൾ ഇന്നുമുണ്ട് ഭക്തരുടെ ചുണ്ടിൽ. തരംഗിണി കാസറ്റ്‌സ് അയ്യപ്പഭക്തിഗാനങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ചപ്പോൾ ആദ്യത്തെ സമാഹാരത്തിന് പാട്ടെഴുതുന്നത്‌ ഭദ്രനായിരിക്കണം എന്നകാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു യേശുദാസിന്. യേശുദാസ് തന്നെ അവ ചിട്ടപ്പെടുത്തണമെന്ന് ഭദ്രനും. 1981-ൽ പുറത്തുവന്ന ഈ ആൽബത്തിലും ഉണ്ടായിരുന്നു ഭക്തർ ഏറ്റുപാടിയ പാട്ടുകൾ. ഹിമശീത പമ്പയിൽ, ഇക്കാട്ടിൽ പുലിയുണ്ട്, ഗുരുസ്വാമീ... അതായിരുന്നു ടി.കെ.ആർ. ഭദ്രന്റെ രചനയിൽ പുറത്തുവന്ന അവസാന ഭക്തിഗാന ആൽബം. പിന്നീട് അധികകാലം ജീവിച്ചിരുന്നില്ല അദ്ദേഹം. മരിച്ച്‌ മൂന്നരപ്പതിറ്റാണ്ടു കഴിഞ്ഞിട്ടും ഭദ്രന്റെ ഗാനങ്ങൾ  സൂര്യതേജസ്സോടെ ജീവിക്കുന്നു. പക്ഷേ, അവയുടെ രചയിതാവിനെ എത്രപേർ ഓർക്കുന്നു?അഞ്ചുമക്കളാണ് ഭദ്രൻ-സുമതി ദമ്പതിമാർക്ക്. സുരേഷ്, സുപാൽ, സുചിത്ര, സുവാസ്, സുപ്രിയ. ഇവരിൽ ഉപജീവനാർഥം സംഗീതവഴി തിരഞ്ഞെടുത്തത് സുപാൽ മാത്രം. ‘‘അഭിനയിക്കാനാണ് ആദ്യം ആഗ്രഹിച്ചത്. പക്ഷേ, അച്ഛന് എതിർപ്പായിരുന്നു’’, സുപാൽ ഓർക്കുന്നു.  ആർ.എസ്. പ്രഭു നിർമിച്ച ‘അമൃതവാഹിനി’ എന്ന ചിത്രത്തിന്റെ നിർമാണപ്രവർത്തനങ്ങളിൽ പങ്കാളിയായിക്കൊണ്ടായിരുന്നു സിനിമാജീവിതത്തിന്റെ  തുടക്കം.  ആ സിനിമയുടെ റെക്കോഡിങ്ങിൽ സഹകരിക്കാൻ അവസരം ലഭിച്ചത് സുപാലിന്റെ ജീവിതത്തിൽ വഴിത്തിരിവായി. അവിടെനിന്നാണ് തരംഗിണി സ്റ്റുഡിയോയിലേക്കുള്ള യാത്ര.  ശബ്ദലേഖനം ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന്  പഠിച്ചയാളല്ല സുപാൽ. പ്രശസ്തരായ സൗണ്ട് എൻജിനീയർമാരുടെ കീഴിൽ പ്രവർത്തിച്ചതുവഴി ലഭിച്ച പരിശീലനമാണ് തന്നിലെ ശബ്ദലേഖകനെ വളർത്തിയതെന്നു പറയും അദ്ദേഹം. ജെമിനിയിലെ കോടീശ്വരറാവു,  തരംഗിണിയിലെ അനന്തരാമൻ എന്നീ പ്രഗല്‌ഭ ഗുരുക്കന്മാരെ നന്ദിപൂർവം  സ്മരിക്കുന്നു സുപാൽ. സ്വതന്ത്ര ശബ്ദലേഖകനായി  മാറിയശേഷം അർജുനൻ മാസ്റ്റർ, എ.ടി. ഉമ്മർ, രവീന്ദ്രൻ, ജോൺസൺ തുടങ്ങി പല  സംഗീത സംവിധായകരുടെയും പാട്ടുകൾ  റെക്കോഡ് ചെയ്തു. രവീന്ദ്രന്റെ  ആദ്യചിത്രമായ ‘ചൂള’യിലെ ‘താരകേ മിഴിയിതളിൽ കണ്ണീരുമായി’ എന്ന പാട്ട് റെക്കോഡ് ചെയ്തതാണ് മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്ന്. തെന്നിന്ത്യയിൽ ആദ്യത്തെ മൾട്ടി ട്രാക്ക് റെക്കോഡിങ്ങിൽ  (പ്രിയ  1978) പങ്കാളിയാകാൻ കഴിഞ്ഞത് മറ്റൊരു ഭാഗ്യം. 1990-കളുടെ ഒടുവിൽ തരംഗിണിയോട് വിടവാങ്ങിയശേഷം സർഗം ഓഡിയോ കമ്പനിക്കുവേണ്ടിയും കുറച്ചുകാലം പ്രവർത്തിച്ചു. ‘‘അച്ഛന്റെ ഒരു പാട്ടെങ്കിലും കാതിൽ വന്നുവീഴാത്ത ദിനങ്ങൾ അപൂർവമാണ് ജീവിതത്തിൽ’’ -  റെക്കോഡിങ്‌ ജീവിതത്തോട് വിടവാങ്ങി ചെന്നൈയിലെ ഷേണായ് നഗറിൽ വിശ്രമജീവിതം നയിക്കുന്ന സുപാൽ പറയുന്നു.
‘പാരിജാത പൂക്കൾപോലെ പ്രഭതൂകും വിളക്കുകൾ പ്രകാശധാരയാലൊരു പാൽക്കടൽ തീർക്കേ, തങ്കഭസ്മത്താൽ തിളങ്ങും പന്തളപ്പൊൻകുടത്തിന്റെ തങ്കവിഗ്രഹം കണ്ടു ഞാൻ’  എന്നെഴുതിയ  കവി ഒരിക്കലും ശബരിമലദർശനത്തിനു മുതിരാതിരുന്നത് എന്തുകൊണ്ടാവാം? അതിനുള്ള ലളിതമായ ഉത്തരം ഭദ്രന്റെതന്നെ മറ്റൊരു  ഗാനത്തിലുണ്ട്: ‘മനസ്സിനുള്ളിൽ ദൈവമിരുന്നാൽ മനുഷ്യനും ദൈവവും ഒന്ന്...’ മനസ്സിൽ കുടികൊള്ളുന്ന  ഈശ്വരനെ വെറുതെ കോവിലുകളിൽ തിരയുന്നതെന്തിന്  എന്ന് ചിന്തിച്ചിരിക്കണം അദ്ദേഹം.