ടം വെളിച്ചം കാണാതെ മൃതിയടഞ്ഞെങ്കിലെന്ത്? പാട്ട്  ജീവനോടെയുണ്ടിപ്പോഴും; പിറന്നുവീണ് മുപ്പത് വർഷങ്ങൾ  കഴിഞ്ഞിട്ടും. 

പുറത്തിറങ്ങാൻ യോഗമില്ലാതെ പോയ ``അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്''  എന്ന ചിത്രത്തിലാണ്   കൈതപ്രം എഴുതി  ജോൺസൺ  ഈണമിട്ട  ``തുമ്പപ്പൂവിൽ  ഉണർന്നൂ  വാസരം  ഹരിവാസരം ''എന്ന ഗാനം. എ ടി അബു സംവിധാനം ചെയ്യാനിരുന്ന പടം. ``ആ പാട്ടിന്റെ റെക്കോർഡിംഗ് നടക്കുമ്പോൾ  കമലിന്റെ ``പാവം പാവം രാജകുമാരൻ‍'' എന്ന ചിത്രത്തിനു വേണ്ടി   ``പാതി മെയ് മറഞ്ഞതെന്തേ '' എന്ന പാട്ട് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു കൈതപ്രം.  `` റെക്കോർഡിംഗ് കഴിഞ്ഞു വൈകീട്ട് തമ്മിൽ‍ കണ്ടപ്പോൾ‍ ജോൺസൺ എന്നോട് പറഞ്ഞു: തിരുമേനിക്ക് ഒരു നാഷണൽ  അവാർഡ്‌ തന്നിട്ടുണ്ട് ദാസേട്ടൻ.  തുമ്പപ്പൂവിൽ എന്ന പാട്ട് പാടിക്കഴിഞ്ഞ് അദ്ദേഹം മനസ്സ് നിറഞ്ഞ് ഒരു കമന്റ്‌ പറഞ്ഞു:  എന്തായാലും തമ്പുരാക്കന്മാർ   തമ്പുരാക്കന്മാർ  തന്നെ എന്ന്‌. സന്തോഷമായില്ലേ?''

സന്തോഷം മാത്രമല്ല  അഭിമാനവും  തോന്നിയ നിമിഷമായിരുന്നു അതെന്നു പറയും കൈതപ്രം. ``എ ടി അബുവിന് വളരെ ഇഷ്ടപ്പെട്ട പാട്ടായിരുന്നു അത്. നിളയും ഓണവും തൃത്താലക്കാവുമൊക്കെ കടന്നുവരുന്നുണ്ടതിൽ. എന്ത് ചെയ്യാം. പ്രൊഡക്ഷനിലെ പ്രശ്നങ്ങൾ  കാരണം പടം റിലീസ് ആയില്ല.  എന്നിട്ടും ജനം അതിലെ പാട്ടുകൾ, പ്രത്യേകിച്ച് തുമ്പപ്പൂവിൽ ഏറ്റെടുത്തു  ഹിറ്റാക്കി എന്നത്  ആഹ്ളാദമുള്ള  കാര്യം. .'' 

ജോൺസണും ഏറെ പ്രിയപ്പെട്ട പാട്ടായിരുന്നു  തുമ്പപ്പൂവിൽ. കൈതപ്രത്തിന്റെ വരികളിൽ നിറഞ്ഞുതുളുമ്പിയ  ഗൃഹാതുരതയെ    മലയമാരുതരാഗ സ്പർശത്തിലൂടെ  ഹൃദയസ്പർശിയാക്കി മാറ്റി  അദ്ദേഹം. ``നമ്മൾ  മനസ്സ്  മുഴുവൻ സമർപ്പിച്ച് ഏറെ സമയമെടുത്ത്  സൃഷ്ടിക്കുന്ന പാട്ടുകൾ ജനങ്ങളുടെ കാതിലെത്താതെ പോകുക എന്നത് വലിയ കഷ്ടമാണ്. എന്റെ പല പാട്ടുകൾക്കും ഉണ്ടായിട്ടുണ്ട് ആ ദുര്യോഗം. ഭാഗ്യവശാൽ പടം മരിച്ചിട്ടും തുമ്പപ്പൂവിൽ  ജീവിച്ചു. ഇന്നും എന്റെ ഗാനമേളകളിൽ ആ പാട്ടിന് ധാരാളം ആവശ്യക്കാരുണ്ട്.'' -- ജോൺസന്റെ വാക്കുകൾ ഓർമ്മവരുന്നു.

സായികുമാർ നായകനാകേണ്ടിയിരുന്ന ``അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്''  എന്ന ചിത്രത്തിൽ വേറെയുമുണ്ടായിരുന്നു ഇമ്പമുള്ള പാട്ടുകൾ. ശാരദചന്ദ്രികയോടെ  (യേശുദാസ്), മന്ദാരപ്പൂവൊത്ത (യേശുദാസ്, കോറസ്), മേലെ കണ്ടത്തിൻ (യേശുദാസ്). കാപ്പി രാഗത്തിൽ ജോൺസൺ മനോഹരമായി സ്വരപ്പെടുത്തിയ   ``ശാരദചന്ദ്രികയോടെ ശ്രീകാർത്തിക രാത്രിയണഞ്ഞു''   ഹൃദ്യമായ ശ്രവ്യാനുഭവമായിരുന്നു. അതേ ഗാനം  ചിത്രയും പാടിയിട്ടുണ്ട് --  പല്ലവി   വ്യത്യസ്തമാണെന്ന് മാത്രം:  ``താമരക്കണ്ണനെ കണ്ടോ എന്റെ കോമളരൂപനെ കണ്ടോ.'' രണ്ടും ഒന്നിനൊന്ന് മികച്ച ഗാനങ്ങൾ.  

ഗൗരവമാർന്ന സങ്കല്പങ്ങളുമായി 1970 കളിൽ സിനിമയിലെത്തിയ  അടെയ്ക്കാട്ട് തോടി അബു എന്ന പെരിന്തൽമണ്ണക്കാരുടെ അബുക്ക നല്ലൊരു സംഗീതാസ്വാദകൻ കൂടിയായിരുന്നു. ``ധ്വനി''യിലൂടെ  സാക്ഷാൽ നൗഷാദിനെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചതും എന്റെ പൊന്നുതമ്പുരാനിൽ വയലാറിന്റെ മകൻ ശരത്തിനേയും  ദേവരാജനെയും ഒരുമിപ്പിച്ചതുമെല്ലാം ഉള്ളിലെ ഈ സംഗീതപ്രേമിയുടെ പ്രേരണയിൽ തന്നെ. തുമ്പപ്പൂവിൽ എന്ന ഗാനം കേൾക്കുമ്പോൾ അബുക്കയെ എങ്ങനെ ഓർക്കാതിരിക്കും? 2004 ജൂൺ 27 നായിരുന്നു  അദ്ദേഹത്തിന്റെ വേർപാട്.  

Content highlights: Yesudas Kaithapram Johnson Maser Paattuvazhiyorathu Ravi Menon