മറ്റൊരു നവംബർ 14 കൂടി. കൃത്യം 59 വർഷം മുൻപ് ഇതേ ദിവസമാണ് യേശുദാസിന്റെ ശബ്ദം ഒരു ചലച്ചിത്രത്തിന് വേണ്ടി ആദ്യമായി റെക്കോർഡ് ചെയ്യപ്പെട്ടത്. എം ബി ശ്രീനിവാസൻ ചിട്ടപ്പെടുത്തി, വിഖ്യാത ശബ്ദലേഖകൻ കോടീശ്വരറാവു റെക്കോർഡ് ചെയ്ത ``കാൽപ്പാടുക''ളിലെ ``ജാതിഭേദം മതദ്വേഷം'' എന്ന് തുടങ്ങുന്ന ഗുരുദേവശ്ലോകം.

1961 നവംബർ 14 നാണ് ആദ്യ സിനിമാ ഗാനം റെക്കോർഡ് ചെയ്യപ്പെട്ടതെങ്കിലും പടം പുറത്തു വരാൻ ഏറെ വൈകി-- പത്തു മാസത്തോളം. 1962 സെപ്റ്റംബർ ഏഴിനാണ് `കാല്പാടുകൾ' റിലീസ് ചെയ്തത്. അതുകൊണ്ടുതന്നെ മലയാളികൾ യേശുദാസിന്റെ ശബ്ദം ആദ്യം കേട്ടത് ``കാൽപ്പാടുക''ളിലല്ല. ``വേലുത്തമ്പി ദളവ'' എന്ന ചിത്രത്തിലായിരുന്നു.

1962 ഫെബ്രുവരി 23 ന് പുറത്തുവന്ന ``വേലുത്തമ്പി ദളവ'' യിൽ ``പുഷ്പാഞ്ജലികൾ'' എന്ന ശീർഷക ഗാനമാണ് ദാസ് പാടിയത്. രചന: അഭയദേവ്. സംഗീതം ദക്ഷിണാമൂർത്തി. ആദ്യമായി സിനിമയിലൂടെ മലയാളികളെ താൻ പാടിക്കേൾപ്പിച്ച പാട്ടിന് അന്നത്തെ തുടക്കക്കാരനായ ഗായകന് പ്രതിഫലം പോയിട്ട് അർഹിച്ച ക്രെഡിറ്റ് പോലും ലഭിച്ചില്ല എന്നത് കൗതുകമുള്ള കാര്യം. ``വേലുത്തമ്പിദളവ''യുടെ ശീർഷകങ്ങളുടെ പശ്ചാത്തലത്തിൽ ഒഴുകിയെത്തുന്നത് യേശുദാസിന്റെ കൗമാര ശബ്ദമാണെങ്കിലും, ടൈറ്റിൽ കാർഡിൽ നവാഗതന്റെ പേരില്ല. ആകെയുള്ളത് പി ലീല, ശാന്താ പി നായർ, റാണി, എ പി കോമള, ഉദയഭാനു, കുമരേശൻ എന്നീ പ്രമുഖരുടെ പേരുകൾ മാത്രം. പാട്ടുപുസ്തകത്തിലാകട്ടെ, യേശുദാസിന്റെ ഗാനമൊട്ട് കൊടുത്തിട്ടുമില്ല. എല്ലാ അർത്ഥത്തിലും ``തമസ്കരിക്കപ്പെട്ട'' ഒരു ഗാനം.

അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെ ഉറ്റ സുഹൃത്തും യേശുദാസിന്റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷിയുമായ അഭയദേവിന്റെ ശുപാർശയിലാണ് പുതിയ പാട്ടുകാരനെ സിനിമയിൽ പാടിക്കാൻ സംഗീതസംവിധായകൻ ദക്ഷിണാമൂർത്തി തയ്യാറായത്. പാട്ടിന് ഇണങ്ങുന്ന സന്ദർഭം സിനിമയിൽ ഇല്ലാത്തതിനാൽ അവസാന നിമിഷം ശീർഷകഗാനമായി ``പുഷ്പാഞ്ജലികൾ'' ഉൾപ്പെടുത്തുകയായിരുന്നു. പാട്ടിന്റെ ക്രെഡിറ്റ് യഥാവിധി രേഖപ്പെടുത്തപ്പെടാതെ പോയതിന് കാരണം അതാവാം.

എന്തായാലും യേശുദാസിന്റെ അസാധാരണമായ ആലാപനസിദ്ധിയും ശബ്ദസൗകുമാര്യവും അടയാളപ്പെടുത്തിയ ഗാനമായിരുന്നില്ല ``പുഷ്പാഞ്ജലികൾ.'' പിൽക്കാലത്ത് നമ്മുടെ സംഗീത ചരിത്രത്തിന്റെ ഭാഗമായി മാറിയ ആ നാദഗാന്ധർവത്തിന്റെ ചെറിയൊരു മിന്നലാട്ടമേ ഉള്ളൂ സ്വാമിയുടെ ഈ പാട്ടിൽ. പാട്ടും പാടിയ ആളും ശ്രദ്ധിക്കപ്പെടാതെ പോയത് വിധിനിയോഗമാകാം. ഇല്ലെങ്കിൽ ഒരു ശരാശരിപ്പാട്ടിലൂടെ പിന്നണിഗായകനായി അരങ്ങേറേണ്ടി വന്നേനെ യേശുദാസിന്. ഭാഗ്യവശാൽ അതുണ്ടായില്ല.

``വേലുത്തമ്പി ദളവ''യ്ക്ക് തൊട്ടുപിന്നാലെ ``ശാന്തിനിവാസ്''. 1962 മാർച്ച് എട്ടിനാണ് ഈ മൊഴിമാറ്റ ചിത്രം റിലീസായത്. ``ശ്രീകോവിൽ'' ഏപ്രിൽ 13 നും പാലാട്ടുകോമൻ സെപ്റ്റംബർ ഒന്നിനും പുറത്തിറങ്ങി. ആദ്യ ഹിറ്റ് എന്ന് വിശേഷിപ്പിക്കാവുന്നത് സെപ്റ്റംബർ 28 ന് പുറത്തിറങ്ങിയ ``കണ്ണും കരളും എന്ന ചിത്രത്തിലെ ``ആരെ കാണാൻ അലയുന്നു കണ്ണുകൾ..'' (വയലാർ - എം ബി എസ്). യേശുദാസ് എന്ന ഗായകന്റെ ആലാപനപാടവവും അപാരമായ റേഞ്ചും പുറത്തുകൊണ്ടുവരുക എന്ന ഉദ്ദേശ്യത്തോടെ സംവിധായകൻ കെ എസ് സേതുമാധവന്റെ നിർദ്ദേശപ്രകാരം എം ബി എസ് സൃഷ്ടിച്ച ഗാനമാണിത് എന്നാണ് ``ഐതിഹ്യം''.

``പാലാട്ടു കോമനി''ൽ ഒരു കോറസ് ഗാനമാണ് യേശുദാസിന് വേണ്ടി നീക്കിവെച്ചിരുന്നത്. ``പ്രതീക്ഷയോടെ പാടാൻ ചെന്ന എനിക്ക് വലിയ നിരാശ തോന്നിയ സന്ദർഭം. കോറസ് ഗായകനായി ഒതുങ്ങിപ്പോകാതെ നോക്കണമെന്ന് എം ബി എസ് സാർ നേരത്തെ തന്നെ ഉപദേശിച്ചിരുന്നു. പുതിയ ഗായകന്റെ ഭാവിയെ അത് പ്രതികൂലമായി ബാധിക്കുമെന്നും. ആ ഉപദേശം മനസ്സിൽ ഉണ്ടായിരുന്നതു കൊണ്ട് കോറസ് പാടാൻ നിൽക്കാതെ ഞാൻ സ്ഥലം വിട്ടു. നല്ലൊരു പാട്ട് പാടാനായി തിരിച്ചുവിളിക്കാൻ ആരെങ്കിലും എത്തുമെന്ന നേരിയ പ്രതീക്ഷ മനസ്സിൽ ഉണ്ടായിരുന്നു.''

കുറച്ചു ദിവസങ്ങളേ കാത്തിരിക്കേണ്ടി വന്നുള്ളൂ യേശുദാസിന്. മറ്റൊരു പാട്ട് പാടാനുള്ള ക്ഷണവുമായി ഉദയാ സ്റ്റുഡിയോയിൽ നിന്ന് ആളെത്തി. സുശീലയോടൊപ്പം ഒരു യുഗ്മഗാനം: ``ആനക്കാരാ ആനക്കാരാ.'' ശാരംഗപാണിയുടെ രചനയിൽ അവസാന നിമിഷം സിനിമയിൽ ഉൾപ്പെടുത്തിയ പാട്ട്. പുതിയ പാട്ടുകാരന് അവസരം നൽകാൻ പടത്തിന്റെ നിർമാതാവ് കുഞ്ചാക്കോയോടു ശുപാർശ ചെയ്തതും ശാരംഗപാണി തന്നെ. വിധി തന്ന വിളക്ക് (ഒക്ടോ 5), ഭാഗ്യജാതകം (നവം 16), വിയർപ്പിന്റെ വില (ഡിസം 1), ഭാര്യ (ഡിസം 20) എന്നിവയാണ് പുതിയ ഗായകന്റെ പാട്ടുകളുമായി ആ വർഷം പുറത്തുവന്ന മറ്റു ചിത്രങ്ങൾ. മതി. ഇനിയുള്ളത് ചരിത്രമാണ്. മലയാളസിനിമാ സംഗീതത്തിന്റെ കൂടി ചരിത്രം.

content highlights : Yesudas first movie song Veluthambi Dalawa movie Kalpadukal Jaathibhedam Ravi Menon Paattuvazhiyorathu