ഞായറാഴ്ച ഗാനഗന്ധർവന് പിറന്നാൾ 

``പ്രിയസഖിക്കൊരു ലേഖനം'', ``ശ്രുതിലയം'' --രണ്ടും യേശുദാസ് സംവിധാനം ചെയ്യാനിരുന്ന പടങ്ങൾ. ആദ്യത്തെ പടത്തിന്റെ  കഥയും തിരക്കഥയും ആലപ്പി രംഗനാഥിന്റേത്. രണ്ടാമത്തേതിന്റെ ആശയം യേശുദാസിന്റേതു  തന്നെ. ആദ്യത്തേത് സംഗീതസാന്ദ്രമായ പ്രണയകഥയായിരുന്നെങ്കില്‍  രണ്ടാമത്തെത്  സാക്ഷാൽ  ഷഡ്കാല  ഗോവിന്ദമാരാരെ കേന്ദ്രകഥാപാത്രമാക്കി ചരിത്രത്തിനും ഭാവനയ്ക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ടുള്ള  സംഗീതചിത്രം.

കാസ്റ്റിങ്ങും പുതുമുഖ നായികാനായകരുടെ ക്യാമറാ ടെസ്റ്റും  ഗാനങ്ങളുടെ റെക്കോർഡിംഗും കഴിഞ്ഞ  ശേഷമാണ് ``പ്രിയസഖിക്കൊരു ലേഖനം'' ഉപേക്ഷിക്കപ്പെട്ടത്. ``ശ്രുതിലയം''  പ്രാരംഭപ്രവർത്തനങ്ങൾക്ക് ശേഷവും.

``സംഗീതപ്രധാനമായ ഒരു ആശയം എത്രയോ കാലമായി മനസ്സിലുണ്ടായിരുന്നു. ഷഡ്കാല ഗോവിന്ദമാരാരെ കേന്ദ്രീകരിച്ചുള്ള ഒരു കഥ. എന്നെ ഏറെ ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്ത വ്യക്തിത്വമാണ് മാരാരുടെത്. സ്വാഭാവികമായും ത്യാഗരാജ സ്വാമികളും സ്വാതി തിരുനാളും ഒക്കെ അതിൽ മുഖ്യ കഥാപാത്രങ്ങളായി വരും. പടത്തിന്റെ പേരും ഞാന്‍ തീരുമാനിച്ചു  -- ശ്രുതിലയം.''-- യേശുദാസ് ഓര്‍ക്കുന്നു. `` ഫിലിം ചേംബറിൽ  രജിസ്റ്റർ ചെയ്തതാണ് ആ പേര്. പക്ഷെ ഒരു വർഷം കഴിഞ്ഞപ്പോൾ  രജിസ്ട്രേഷൻ  അസാധുവായി. അതേ പേരില്‍ മറ്റൊരു പടം പുറത്തു വരികയും ചെയ്തു..''

സ്വാതി തിരുനാൾ  ആയി നെടുമുടി വേണു ആയിരുന്നു യേശുദാസിന്റെ മനസ്സിൽ‌. ``സ്വാതിയുടെ  ലഭ്യമായ ചിത്രങ്ങളും അദ്ദേഹത്തെ കുറിച്ച് വായിച്ചറിഞ്ഞ കാര്യങ്ങളും എല്ലാം പരിഗണിച്ചപ്പോൾ  വേണു ആയിരിക്കും ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യൻ  എന്ന് തോന്നി. പൊങ്ങച്ചക്കാരനായ ഒരു ഭാഗവതരുടെ റോള്‍ ജഗതിക്കും കണ്ടുവെച്ചിരുന്നു.''

ഷഡ്കാല ഗോവിന്ദമാരാരെ വെള്ളിത്തിരയിൽ  സ്വയം അവതരിപ്പിച്ചാലോ  എന്നാലോചിച്ചിരുന്നു യേശുദാസ്. ``മാരാരുടെ ലാളിത്യമാർന്ന വേഷത്തില്‍ ഞാന്‍ എന്നെത്തന്നെ സങ്കല്‍പ്പിച്ചു നോക്കിയിട്ടുണ്ട്. അഭിനയിക്കാന്‍ ഇഷ്ടമുള്ള ഒരു വേഷമായിരുന്നു അത്.  ഒരുപക്ഷെ ഇനി ആ പടം എടുക്കുകയാണെങ്കിൽ  അതില്‍ അഭിനയിക്കുമോ എന്ന് പറയാനാവില്ല..''

ചരിത്രവും ഐതിഹ്യങ്ങളും ഭാവനയും കൈകോർത്തു നില്‍ക്കുന്ന  ആ സിനിമ യേശുദാസിന്റെ സ്വപ്നമായിരുന്നു.  ``പടം തുടങ്ങാതെ പോയതിന് ഉത്തരവാദി ഞാൻ  തന്നെ. വിശദാംശങ്ങളിലേക്ക്  പൂർണമായി ഇറങ്ങി ചെല്ലുന്ന സ്വഭാവമാണ് എന്റേത്. അതുകൊണ്ട് തന്നെ എളുപ്പം ചെയ്തു തീര്‍ക്കാവുന്ന സിനിമയല്ല അത്.  ഏകാഗ്രമായി നമുക്കതിൽ  മുഴുകാന്‍ കഴിയണം. അതിനുള്ള സമയവും സാവകാശവും ലഭിച്ചില്ല.   വളരെ നിരാശയോടെ  ആ പ്രോജക്റ്റ് ഉപേക്ഷിക്കേണ്ടി വന്നു.. ''

യേശുദാസിന്റെ ശ്രുതിലയം വെളിച്ചം കണ്ടില്ലെങ്കിലും  അതേ  പേരിൽ  (ശ്രുതിലയലു) മറ്റൊരു ചിത്രം 1987 ൽ  പുറത്തു വന്നു.-- തെലുങ്കിലാണെന്ന്  മാത്രം. കെ വിശ്വനാഥ് സംവിധാനം ചെയ്ത ആ ചിത്രത്തിൽ  ഗായകനായി യേശുദാസും ഉണ്ടായിരുന്നു എന്നത് മറ്റൊരു കൗതുകം. അതേ വർഷം തന്നെയാണ് യേശുദാസിന്റെയും ബാലമുരളികൃഷ്ണയുടെയും നെയ്യാറ്റിൻകര വാസുദേവന്റെയുമൊക്കെ  ഗാനങ്ങളുമായി ലെനിൻ രാജേന്ദ്രന്റെ സ്വാതി തിരുനാൾ  പുറത്തുവന്നതും.

``പക്ഷെ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ കഥയാണ്‌ എന്റെ മനസ്സിലുള്ളത്.  തല്‍ക്കാലം  അത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍ സമയമില്ല എന്ന്  മാത്രം.''  -യേശുദാസ്.
 

Content Highlights : Yesudas Birthday special Ravi Menon Paattuvazhiyorathu