പാടുന്നത് മെഹബൂബ്. പാട്ടിനൊത്ത് ചുണ്ടനക്കി അഭിനയിക്കുന്നത് ഉദയഭാനു. അപൂര്‍വമായ ആ പ്രതിഭാസംഗമം കണ്ടത് ``ലൈലാമജ്നു'' (1962) എന്ന ചിത്രത്തിലെ ``അന്നത്തിനും പഞ്ഞമില്ല സ്വര്‍ണ്ണത്തിനും പഞ്ഞമില്ല മന്നിതില്‍ കരുണയ്ക്കാണ് പഞ്ഞം'' എന്ന ഗാനരംഗത്താണ്.

യാദൃച്ഛികമായി നടന്റെ വേഷമണിയുകയായിരുന്നു ഗായകനായ ഉദയഭാനു. ``ഷൂട്ടിംഗ് കാണാന്‍ ചെന്നതാണ്  ഞാനും കെ എസ് ജോര്‍ജ്ജും.''-- ഉദയഭാനുവിന്റെ ഓര്‍മ്മ. ``മെഹബൂബും ജോര്‍ജ്ജും ചേര്‍ന്ന് പാടുന്ന  സൂഫി ശൈലിയിലുള്ള സംഘഗാനം വിജയവാഹിനി സ്റ്റുഡിയോയില്‍ ചിത്രീകരിക്കുന്നു സംവിധായകന്‍ ഭാസ്‌കരന്‍ മാഷ്. മെഹബൂബിന്റെ ഭാഗം പാടി അഭിനയിക്കുന്ന ആള്‍ക്ക് എത്ര ശ്രമിച്ചിട്ടും ലിപ് മൂവ്‌മെന്റ് ശരിയാകുന്നില്ല. ടേക്കുകള്‍ നീണ്ടുപോയപ്പോള്‍ ഭാസ്‌കരന്‍ മാഷിന് ക്ഷമ കെട്ടു. കാണിയായി നിന്ന എന്നോട് അഭിനയിക്കാന്‍ പറയുന്നത് അങ്ങനെയാണ്. പാട്ടുകാരന്‍ ആയതുകൊണ്ട് ചുണ്ടനക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് വിചാരിച്ചുകാണും അദ്ദേഹം. അറബിയുടെ തലേക്കെട്ടും നീണ്ട കുപ്പായവുമായി അങ്ങനെ ഞാന്‍ ക്യാമറക്ക് മുന്നിലെത്തുന്നു; ആദ്യമായും അവസാനമായും..''

മലയാളത്തിലെ, ഒരു പക്ഷേ ഇന്ത്യയിലെ തന്നെ രണ്ടു വ്യത്യസ്ത ശബ്ദങ്ങളുടെ, ആലാപനസരണികളുടെ അപൂര്‍വ സംഗമം കൂടിയായിരുന്നു അന്നത്തിനും പഞ്ഞമില്ല എന്ന ഗാനം-- മെഹബൂബും കെ എസ് ജോര്‍ജ്ജും. രണ്ടുപേരും പകരം വെക്കാനില്ലാത്ത ശൈലിയുടെ ഉടമകള്‍, ജനകീയ ഗായകര്‍. ഇതേ ചിത്രത്തിലെ കണ്ണിനകത്തൊരു കണ്ണുണ്ട് എന്ന ഗാനത്തിലും ഇരുവരുടെയും ശബ്ദങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട് സംഗീത സംവിധായകന്‍ ബാബുരാജ്. ``അന്നത്തിനും പഞ്ഞമില്ല'' എന്ന പാട്ടില്‍ അതൊരു ത്രിമൂര്‍ത്തി സംഗമം കൂടി ആകുന്നു; മെഹബൂബ്, ജോര്‍ജ്ജ്, ഉദയഭാനു എന്നീ അസാമാന്യ പ്രതിഭകളുടെ.

ഒരു ഗായകന് വേണ്ടി മറ്റൊരു ഗായകന്‍ പിന്നണി പാടിയതിന് നമ്മുടെ സിനിമയില്‍ വേറെയുമുണ്ട് ഉദാഹരണങ്ങള്‍. ``അനാര്‍ക്കലി''യിലെ ``സപ്തസ്വരസുധാ സാഗരമേ'' എന്ന ഗാനരംഗത്ത് സംഗീതജ്ഞരിലൊരാളായി അഭിനയിച്ചത് യേശുദാസ്. ദാസിന് വേണ്ടി പിന്നണി പാടിയത് സാക്ഷാല്‍ ബാലമുരളീകൃഷ്ണ. മുഗള്‍ സദസ്സിലെ താന്‍സന്‍ ആയിട്ടായിരുന്നു  സിനിമയില്‍ യേശുദാസിന്റെ ചെറു സാന്നിധ്യം. ഗാനരംഗത്ത് ഒപ്പം പ്രത്യക്ഷപ്പെട്ട  എല്‍ പി ആര്‍ വര്‍മ്മക്ക് വേണ്ടി പിന്നണി പാടിയത് പി ബി ശ്രീനിവാസ് ആയിരുന്നു എന്നത് മറ്റൊരു കൗതുകം.


 ``കുറ്റവാളി''യില്‍ മറിച്ചാണ് സംഭവിച്ചത്. പിന്നണി പാടിയത് യേശുദാസ്. രംഗത്ത് പാടി അഭിനയിച്ചത് സി ഓ ആന്റോ.  ``ജനിച്ചു പോയി മനുഷ്യനായി'' എന്ന ഗാനരംഗത്ത്  കുഷ്ഠരോഗിയുടെ വേഷത്തിലായിരുന്നു ആന്റോ.ഹിന്ദിയിലും യേശുദാസ് ഇതുപോലൊരു ``പരകായ പ്രവേശം'' നടത്തിയിട്ടുണ്ട്. ``ചിന്താമണി സൂര്‍ദാസ്'' എന്ന ചിത്രത്തില്‍ രവീന്ദ്ര ജെയ്ന്‍ ചിട്ടപ്പെടുത്തി യേശുദാസ് പാടിയ മേരോ മന്‍ അനത് കഹാം എന്ന ഗാനം രംഗത്ത് പാടി അഭിനയിച്ചത് മറ്റൊരു വിഖ്യാത ഗായകനാണ് -- അനൂപ് ജലോട്ട. താന്‍സന്റെ വേഷത്തിലായിരുന്നു ഈ സിനിമയില്‍ ഭജന്‍/ ഗസല്‍ ഗായകനായ ജലോട്ടയുടെ അവതാരം.

ഏറ്റവുമധികം അപര ഗായകശബ്ദങ്ങള്‍ കടമെടുത്ത റെക്കോര്‍ഡ് ഒരു പക്ഷേ കിഷോര്‍ കുമാറിനായിരിക്കും. മുഹമ്മദ് റഫിയും മന്നാഡേയുമൊക്കെ വെള്ളിത്തിരയില്‍ കിഷോറിന്റെ ശബ്ദങ്ങളായി. രാഗിണിയിലെ മന്‍ മോരാ ബാവരയും ശരാരത്തിലെ അജബ് ഹേ ദാസ്തായും പ്യാര്‍ ദീവാനയിലെ അപ്നി ആദത്ത് ഹേ യും കിഷോറിന് വേണ്ടി റഫി പാടിയ പാട്ടുകള്‍. മന്നാഡെ കിഷോറിന് വേണ്ടി പാടിയ പാട്ടുകളില്‍ ക്രോര്‍പതിയിലെ ആപ് ഹുവേ മേരെ, പെഹലെ മുര്‍ഗി കി അണ്ഡ എന്നിവയാണ്  ശ്രദ്ധേയം. പാട്ടിനൊത്ത് ചുണ്ടനക്കിയില്ലെങ്കിലും ഹേമന്ദ് കുമാറിന്റെ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ പല തവണ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് കിഷോര്‍. നൗകരിയിലെ ഛോട്ടാ സാ ഘര്‍ ഹോഗാ എന്ന പ്രശസ്ത ഗാനത്തിന്റെ വിഷാദസാന്ദ്രമായ പതിപ്പും ദൂര്‍ കാ രാഹിയിലെ ചല്‍തി ചലി ജായേ എന്ന ഗാനവും ഉദാഹരണം.

Content Highlights : Yesudas and Udayabhanu as Actors Laila Majnu Sapthaswarasudha Chintamani Surdas