യല്‍പക്കത്തെ ട്രാന്‍സിസ്റ്ററില്‍ നിന്ന് നേര്‍ത്ത ശബ്ദത്തില്‍ ഒഴുകിവരുന്ന ഗാനം കേള്‍ക്കാന്‍ ജനലഴികള്‍ക്കരികിലേക്ക് ഓടിക്കിതച്ചെത്തിയിരുന്ന പെണ്‍കുട്ടി. ഒരിക്കലുമൊരിക്കലും നിലയ്ക്കാതിരിക്കട്ടെ ആ നാദധാര എന്നായിരുന്നു എന്നും അവളുടെ മൗനപ്രാര്‍ത്ഥന.

ദൈവം ആ പ്രാര്‍ത്ഥന കേട്ടിരിക്കണം. റേഡിയോയില്‍, ടെലിവിഷനില്‍, മ്യൂസിക് സിസ്റ്റങ്ങളില്‍, ഇന്റര്‍നെറ്റില്‍, മൊബൈല്‍ ഫോണുകളില്‍ ഇന്നും നിരന്തരം പ്രവഹിച്ചുകൊണ്ടിരുന്നു അവള്‍ കേള്‍ക്കാനാഗ്രഹിച്ച ശബ്ദം -- പതിറ്റാണ്ടുകള്‍ക്കിപ്പുറവും. ഒരിക്കലെങ്കിലും യേശുദാസിന്റെ ഗന്ധര്‍വ നാദം കാതില്‍ വന്നുവീഴാത്ത ദിനങ്ങള്‍ ഇന്നും അപൂര്‍വമാണ് ശരാശരി മലയാളിയുടെ ജീവിതത്തില്‍. ഭാര്യയിലെയും ഭാഗ്യജാതകത്തിലേയും നിത്യകന്യകയിലെയും പാട്ടുകള്‍ക്കായി കാതോര്‍ത്തിരുന്ന അന്നത്തെ പത്തുവയസ്സുകാരി ഇന്നൊരു അമ്മൂമ്മയാണ്. ``ദാസേട്ടന്റെ ഓരോ പാട്ടും പുതുമ നിറഞ്ഞ അനുഭവമാണ് എനിക്ക്. ആദ്യം കേട്ടപ്പോള്‍ തോന്നിയ അതേ അനുഭൂതിയോടെ അവ ഇന്നും ഞാന്‍ ആസ്വദിക്കുന്നു.'' -- ജയമ്മ എന്ന ജയാ ആന്റണിയുടെ വാക്കുകള്‍.

യേശുദാസിന്റെ ഒരേയൊരു പെങ്ങള്‍ എന്ന വിശേഷണത്തില്‍ ഒതുങ്ങുന്നില്ല ജയമ്മയുടെ വ്യക്തിത്വം. അറിയപ്പെടുന്ന പാട്ടുകാരിയായിരുന്നു ഒരിക്കല്‍ അവര്‍. സ്റ്റേജുകളിലും സിനിമയിലും കാസറ്റിലുമൊക്കെ മുഴങ്ങിയിട്ടുണ്ട് ആ ശബ്ദം. സുജാതയും ചിത്രയുമൊക്കെ രംഗത്തെത്തുന്നതിന് വര്‍ഷങ്ങള്‍ മുന്‍പ് യേശുദാസിന്റെ ഗാനമേളാവേദിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു ജയമ്മ. സ്വദേശത്തും വിദേശത്തുമൊക്കെ അവര്‍ ജ്യേഷ്ഠനൊപ്പം പാടി; ഏറെയും പി സുശീലയുടെ ഗാനങ്ങള്‍; അപൂര്‍വമായി ചില ഹിന്ദി ഗാനങ്ങളും. `ആനന്ദ്' എന്ന ഹിന്ദി ചിത്രത്തില്‍ സലില്‍ ചൗധരി ഈണമിട്ട് ലതാ മങ്കേഷ്‌കര്‍ പാടിയ ``നാ ജിയാ ലാഗേ നാ'' എന്ന പ്രശസ്ത ഗാനം ഒരിക്കല്‍ സ്റ്റേജില്‍ അനിയത്തി പാടിക്കേട്ട യേശുദാസ് അന്ന് പറഞ്ഞ അഭിനന്ദന വചസ്സുകള്‍ ഇന്നും അഭിമാനത്തോടെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു ജയമ്മ. ``ഈ പാട്ട് ഇതുപോലെ ഭംഗിയായി പാടാന്‍ ഇവിടുത്തെ ഒരു പാട്ടുകാരിക്കും കഴിയുമെന്ന് തോന്നുന്നില്ല.'' ഒരു ജ്യേഷ്ഠസഹോദരന്റെ സ്‌നേഹവാത്സല്യങ്ങള്‍ മുഴുവനുണ്ടായിരുന്നു ആ വാക്കുകളില്‍.

സിനിമയിലും പാടിയിട്ടുണ്ട് ജയമ്മ; വെള്ളിത്തിരയില്‍ ആ ഗാനം ചിത്രീകരിക്കപ്പെട്ടു വന്നില്ലെങ്കിലും. ``ഞാന്‍ പോലും മറന്നുപോയിരിക്കുന്നു അക്കഥ.'' ജയമ്മ ചിരിക്കുന്നു. അഹങ്കാരം (1983) എന്ന പടത്തില്‍ പാടിയ ശേഷം എന്തുകൊണ്ട് പിന്നണിഗാന രംഗത്ത് തുടര്‍ന്നില്ല എന്ന ചോദ്യത്തിന് മുന്നില്‍ ഒരു നിമിഷം മൗനിയാകുന്നു അവര്‍. ``സംഗീതം ഉപജീവനമായി സ്വീകരിക്കുന്നതിനോട് പൊതുവെ കുടുംബത്തില്‍ എതിര്‍പ്പുണ്ടായിരുന്നു; പ്രത്യേകിച്ച് അമ്മച്ചിക്ക്. സമൂഹത്തില്‍ അന്ന് നിലനിന്നിരുന്ന സാഹചര്യവും അതായിരുന്നു.

വീട്, കുടുംബം, കുട്ടികള്‍... ഇവരെയൊക്കെ മറന്ന് സിനിമയിലും സ്റ്റേജ് ഷോകളിലും സജീവമാകാന്‍ എനിക്കും താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഇടക്ക് തോന്നും കുറച്ചുകൂടി പാടാമായിരുന്നു എന്ന്...'' ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കുന്നു അവര്‍: ``എന്റെ തലമുറയിലെ പെണ്‍കുട്ടികള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങളും നിബന്ധനകളുമൊന്നും ഇന്നത്തെ കുട്ടികള്‍ക്കില്ലല്ലോ. പാട്ടു പാടി നൃത്തം ചെയ്ത് ജീവിതം ആഘോഷമാക്കുകയാണ് അവര്‍. അങ്ങനെയൊന്നും ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല അന്നത്തെ കുട്ടികള്‍ക്ക്.''

വിഖ്യാത ഗായകനും നടനുമായ അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെ അഞ്ചു മക്കളില്‍ നാലാമത്തെയാളാണ് ജയമ്മ. യേശുദാസിനും ആന്റണിക്കും മണിക്കും അനിയത്തി; ജസ്റ്റിന് ചേച്ചി. ``സത്യത്തില്‍ ഞങ്ങള്‍ ഏഴു പേരുണ്ടായിരുന്നു കൂടപ്പിറപ്പുകളായി. ഏറ്റവും മൂത്തയാളായ പുഷ്പം രണ്ടര വയസ്സിലും നാലാമത്തെ ആളായ ബാബു ഒന്നര വയസ്സിലും വേര്‍പിരിഞ്ഞു. അപസ്മാരം മൂര്‍ച്ഛിച്ചാണത്രെ പുഷ്പം മരിച്ചത്. അതുകൊണ്ടുതന്നെയാവാം തൊട്ടു താഴെയുള്ള ദാസേട്ടന്റെ കാര്യത്തില്‍ അമ്മച്ചിക്കും അപ്പച്ചനും പ്രത്യേകിച്ചൊരു കരുതലും ശ്രദ്ധയും ഉണ്ടായിരുന്നു. ഇക്കാര്യം പറഞ്ഞു ഇടയ്ക്കിടെ അമ്മച്ചിയുമായി തമാശയ്ക്ക് വഴക്കിടാറുണ്ട് ഞാന്‍.''

yesudas

യേശുദാസിന്റെ സഹോദരങ്ങളില്‍ ജയമ്മക്ക് പുറമെ മണിയും ജസ്റ്റിനും നന്നായി പാടും. മണിക്ക് പാശ്ചാത്യ സംഗീതത്തിലാണ് കമ്പം. ഒപ്പം ഗിറ്റാര്‍ വായനയുമുണ്ട്. ``കൊച്ചിയിലെ ഒരു വെസ്റ്റേണ്‍ ബാന്‍ഡില്‍ അംഗമായിരുന്നു ചേട്ടന്‍. ദാസേട്ടനുമായി കൂടുതല്‍ സാമ്യമുള്ള ശബ്ദം ജസ്റ്റിന്റേതാണെന്ന് തോന്നിയിട്ടുണ്ട്. ഗാനമേളാ വേദികളിലായിരുന്നു ജസ്റ്റിന് തിരക്ക്. ഒരിക്കല്‍ ഞങ്ങള്‍ മൂന്നു പേരും ദാസേട്ടന്റെ ഒരു അമേരിക്കന്‍ പര്യടനത്തില്‍ പങ്കെടുത്തത് ഓര്‍ക്കുന്നു. സംഗീതമയമായിരുന്നു അക്കാലം. പിന്നെയെപ്പൊഴോ ഞങ്ങളെല്ലാം വേദികളില്‍ നിന്ന് അകന്നു. ജീവിതത്തിലെ തിരക്കുകളാകാം കാരണം.'' പാട്ടുകാരനായി അറിയപ്പെട്ടില്ലെങ്കിലും രണ്ടാമത്തെ ജ്യേഷഠനായ ആന്റണിയുടെ മനസ്സ് നിറയെ സംഗീതമാണെന്ന് കൂട്ടിച്ചേര്‍ക്കുന്നു ജയമ്മ. ``ചേട്ടന്‍ പതിവായി പാടിക്കേട്ടിരുന്ന ഒരു പാട്ടുണ്ട് -- ദേവീ ശ്രീദേവി..''

സംഗീതത്തോട് മിക്കവാറും വിടവാങ്ങി കുടുംബ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാലത്താണ് `അഹങ്കാര'ത്തില്‍ പാടാന്‍ ക്ഷണം വരുന്നത്. ബിച്ചു തിരുമല എഴുതി മഹാരാജ എന്ന പുതുമുഖ സംഗീത സംവിധായകന്‍ ഈണം പകര്‍ന്ന `അരയാല്‍ തളിരില്‍' എന്ന ഗാനം യേശുദാസും ജയമ്മയും വെവ്വേറെ സോളോ ആയി പാടി. ചെന്നൈയില്‍ വെച്ചുള്ള ഗാനലേഖനത്തിന്റെ മങ്ങിയ ഓര്‍മ്മയേ ജയമ്മയുടെ മനസ്സില്‍ അവശേഷിക്കുന്നുള്ളൂ. ``ഒരു രഹസ്യം കൂടി പറയാം. റെക്കോര്‍ഡ് ചെയ്ത ശേഷം ഞാന്‍ ആ പാട്ട് കേട്ടിട്ടുപോലുമില്ല. സിനിമയില്‍ വന്നോ എന്നുമറിയില്ല..'' (സിനിമയില്‍ ജെസമ്മ കുര്യന്‍ എന്ന ഗായിക പാടിയ വേര്‍ഷന്‍ ആണ് ഉപയോഗിക്കപ്പെട്ടത്). 1967 ല്‍ ജ്യേഷ്ഠനോടൊപ്പം ജയമ്മ ഗാനമേളകളില്‍ പങ്കെടുത്തു തുടങ്ങുന്നു. അന്ന് പാട്ട് ശാസ്ത്രീയമായി പഠിച്ചിട്ടില്ല. കേള്‍വിജ്ഞാനം മാത്രം. പിന്നീട് ഗാനമേളാവേദിയില്‍ സജീവമായ ശേഷമാണ് സംഗീതം അഭ്യസിച്ചത്. ജയവിജയന്മാരിലെ വിജയന്‍ ആയിരുന്നു ഗുരു. (യേശുദാസും ജയമ്മയും പാടി 1970 കളുടെ തുടക്കത്തില്‍ പുറത്തുവന്ന ഭക്തിഗാന റെക്കോര്‍ഡിന് സംഗീതം പകര്‍ന്നതും ജയവിജയ തന്നെ.)

ആദ്യമായി ജ്യേഷ്ഠനൊപ്പം ഗാനമേളയില്‍ പാടിയത് തോപ്പുംപടിയിലെ പട്ടേല്‍ ടോക്കീസില്‍. ഭാര്‍ഗ്ഗവീനിലയത്തിലേയും ചിത്രമേളയിലെയും പരീക്ഷയിലേയുമൊക്കെ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റായി നില്‍ക്കുന്ന സമയം. ``ദാസേട്ടനോടൊപ്പം കുറച്ചു യുഗ്മഗാനങ്ങളും പിന്നെ സുശീലാമ്മയുടെ ഏഴു സുന്ദര രാത്രികള്‍ എന്ന പാട്ടും വേദിയില്‍ പാടിയത് ഓര്‍മ്മയുണ്ട്.'' അന്നും ഇന്നും ജയമ്മയുടെ പ്രിയഗായിക സുശീല തന്നെ. 1972 ലെ അമേരിക്കന്‍ പര്യടനത്തോടെ ഗാനമേളകളോട് വിടപറഞ്ഞ ജയമ്മ 1975 ല്‍ വിവാഹിതയായി. ബിസിനസ്സുകാരനായ എന്‍ജിനീയര്‍ ആന്റണിയായിരുന്നു വരന്‍.

സംഗീതജീവിതം കുടുംബജീവിതത്തിന് വഴിമാറിയ ഘട്ടം. സിനിമയില്‍ പാടി ഏതാണ്ട് ഒരു ദശകത്തിന് ശേഷമാണ് ജയമ്മയുടെ ശബ്ദം ഒരിക്കല്‍ കൂടി മലയാളികള്‍ കേട്ടത്. ജെ എം രാജു ഈണമിട്ട തരംഗിണിയുടെ സ്‌നേഹസുധ എന്ന ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തില്‍. ``വെണ്മേഘം വെളിച്ചം വീശുന്നു..''- അതായിരുന്നു വിടവാങ്ങല്‍ ഗാനം. ``കഴിവുള്ള ഗായികയായിരുന്നു ജയമ്മ. സാഹചര്യങ്ങള്‍ തന്നെയാവണം അവളെ സംഗീതത്തില്‍ നിന്ന് അകറ്റിയത്. കുടുംബത്തിന് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കുക എന്ന പ്രായോഗിക ചിന്തയും അതിനു പിന്നില്‍ ഉണ്ടാവാം.''-- സഹോദരിയെ കുറിച്ച് യേശുദാസിന്റെ വാക്കുകള്‍.

ജ്യേഷ്ഠന്റെ പാട്ടുകളില്‍ ഏറ്റവും പ്രിയപ്പെട്ടത്? -- അനിയത്തിയോടൊരു ചോദ്യം. ``പതിനായിരക്കണക്കിനുണ്ടാകും. എങ്കിലും പെട്ടെന്ന് മനസ്സില്‍ കയറിവരുന്നത് കായാമ്പൂ കണ്ണില്‍ വിടരും ആണ്. നദിയിലെ ആ പാട്ട് കേട്ടുതുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പലതായി. സത്യം പറയാമല്ലോ; ഇന്നും അത് കേട്ടു കൊതി തീര്‍ന്നിട്ടില്ല. ഓരോ തവണ കേള്‍ക്കുമ്പോഴും അതുവരെയില്ലാത്ത അനുഭൂതി പകര്‍ന്നുതരാറുണ്ട് ആ ഗാനം. അല്ലെങ്കില്‍ തന്നെ ദാസേട്ടന്റെ ഏതു പാട്ടാണ് നമുക്ക് മടുക്കുക?''

(അതിശയരാഗം - മാതൃഭൂമി ബുക്‌സ്)  

Content Highlights : Yesudas 79th birthday january 10 Ravimenon Pattuvazhiyorathu Yesudas Sister Jayamma