പ്രിയപ്പെട്ട വിദ്യാധരൻ മാഷിന് പിറന്നാൾ ആശംസകൾ.... (മീനത്തിലെ വിശാഖം), മാഷിന്റെ മാസ്റ്റർ പീസായ ``പാദമുദ്ര''യിലെ ``അമ്പലമില്ലാതെ ആൽത്തറയിൽ വാഴും'' എന്ന ഗാനത്തെ കുറിച്ച്...

കവിതയിൽ നിന്ന് സിനിമാപാട്ടിൽ എത്തിപ്പെട്ട കഥയാണ് ഹരി കുടപ്പനക്കുന്നിന്റേത്. ആദ്യമെഴുതിയത് ``ജലരേഖ'' (1982 ) യിൽ. അന്ന് എം എ വിദ്യാർഥിയാണ് ഹരി. പടം പുറത്തിറങ്ങിയില്ലെങ്കിലും എം ബി ശ്രീനിവാസൻ ഈണമിട്ട ഗാനങ്ങൾ (നാലുകെട്ടിൻ തിരുമുറ്റത്ത്, കുറുകിയും കൊക്കുരുമ്മിയും) ശ്രദ്ധിക്കപ്പെട്ടു. പാദമുദ്ര, മഹസ്സർ, വീണ്ടും ഒരു ഗീതം- അങ്ങനെ കുറച്ചു പടങ്ങൾ കൂടി.

പക്ഷേ ഹരി കുടപ്പനക്കുന്നിനെ മലയാളി സംഗീതാസ്വാദകർ ഓർക്കുന്നത് പാദമുദ്രയിലെ (1988 ) അമ്പലമില്ലാതെ ആൽത്തറയിൽ വാഴും എന്ന പ്രശസ്ത ഗാനത്തിലൂടെയാകും. വിദ്യാധരൻ മാസ്റ്റർ ഈണമിട്ട ആ പാട്ടും മോഹൻലാൽ അഭിനയിച്ച ആ ഗാനരംഗവും മറക്കാനാകുമോ?

വേളി യൂത്ത് ഹോസ്റ്റലിൽ പാട്ട് പിറന്നുവീണ നിമിഷങ്ങൾ വിദ്യാധരൻ ഇന്നും ഓർക്കുന്നു. ``ഭജൻ ശൈലിയിലുള്ള ഈണമാണ് വേണ്ടത്. സ്വദേശമായ അടൂരിലും പരിസരത്തും പഴയ തലമുറക്കാർ പാടിക്കേട്ടിരുന്ന ഭജനകളുടെ കാസറ്റുകൾ സംവിധായകൻ സുകുമാരൻ സാർ കംപോസിങ്ങിനു മുൻപ് എന്നെ കേൾപ്പിച്ചിരുന്നു. പ്രത്യേക രീതിയിലുള്ള ആലാപനശൈലിയായിരുന്നു അവരുടേത്. തമിഴ് സംസ്കാരത്തിന്റെ സ്വാധീനമുള്ള ശൈലി. എങ്കിലും സിനിമയ്ക്ക് വേണ്ടി അതിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നു. സിറ്റുവേഷന് പൂർണമായും ഇണങ്ങുന്ന രീതിയിലുള്ള വരികളായിരുന്നു ഹരിയുടെത്. തരംഗിണി സ്റ്റുഡിയോയിൽ നടന്ന റിക്കോർഡിംഗിൽ കോറസ് പാടാൻ വന്ന ഒരു പയ്യന്റെ മുഖം ഓർമയുണ്ട്. . ഞാനാണ് അവനു മൈക്ക് എടുത്തു കൊടുത്തത്. വിധു എന്നായിരുന്നു അവന്റെ പേര്. പിന്നീട് പ്രശസ്തനായി തീർന്ന അതേ വിധു പ്രതാപ് തന്നെ .''

ആ പാട്ടിനെ കുറിച്ചുള്ള വേദനാജനകമായ ഒരു ഓർമ്മ കൂടി പങ്കുവെക്കുന്നു വിദ്യാധരൻ: `` ദേശീയ അവാർഡ് നിർണയത്തിന്റെ അവസാന റൌണ്ട് വരെ എത്തി തഴയപ്പെട്ട പാട്ടാണത് . ജൂറി കണ്ടെത്തിയ കാരണം , അശ്ലീലത്തിന്റെ അതിപ്രസരമായിരുന്നത്രേ. പിറ്റേന്ന് പത്രങ്ങളിൽ നിനാണ് ഞാൻ അക്കാര്യം അറിഞ്ഞത്. ``കാമനെ ചുട്ടൊരു കണ്ണിൽ കനലല്ല കാമമാണിപ്പോൾ ജ്വലിപ്പതെന്നോ, കുന്നിൻ മകളറിയാതെ ആ ഗംഗയ്ക്ക് ഒളിസേവ ചെയ്യുന്നു മുക്കണ്ണൻ' എന്നീ വരികൾ ജൂറിയിലെ ഏതോ അംഗം വികലമായി തർജമ ചെയ്തു കൊടുത്തതാണ് പ്രശ്നമായത്....''

അശ്ലീലം ആരോപിച്ച് ആകാശവാണിയുടെ ചില നിലയങ്ങളെങ്കിലും ഈ ഗാനം ഏറെക്കാലം പ്രക്ഷേപണം ചെയ്തില്ല എന്ന് കൂടി അറിയുക. വിദ്യാധരൻ മാസ്റ്റർക്കൊപ്പം തരംഗിണിക്ക് വേണ്ടി ഒരുക്കിയ അയ്യപ്പഗാനങ്ങൾ ജനപ്രീതി നേടിയെങ്കിലും, ഹരി പാട്ടെഴുത്തിൽ സജീവമായില്ല. ഇടയ്ക്ക് ഇളമുറത്തമ്പുരാൻ എന്നൊരു പടം സംവിധാനം ചെയ്തു. ഓ എൻ വി ആണ് ആ സിനിമയ്ക്ക് പാട്ടെഴുതിയത്. ഒത്തുതീർപ്പുകൾക്കു വഴങ്ങിയുള്ള ഗാനരചനയിൽ താല്പര്യമില്ലെന്ന് പറയുന്നു, തിരുവനന്തപുരം ദൂരദർശനിൽ ഉദ്യോഗസ്ഥനായ ഹരി.

Content Highlights :vidhyadharan master Birthday padamudra movie Songs