വീരമണിയും പീർമുഹമ്മദും പരസ്പരം ലയിച്ചു ചേർന്ന് ഒന്നായിമാറുന്ന ഇന്ദ്രജാലം അനുഭവിച്ചറിഞ്ഞത് സ്കൂളിൽ നിന്ന് വീട്ടിലേക്കുള്ള വൈകുന്നേരത്തെ കാൽനടയാത്രയിലാണ്. മാറിമാറി കാതിൽ വന്നുപതിക്കുകയായിരുന്നു ഇരുവരും; മത്സരിച്ചു പാടുന്ന രണ്ടു ഖവാലി ഗായകരെപ്പോലെ. സുഖശീതളമായ വയനാടൻ കാറ്റിന്റെ കുസൃതി.എങ്ങനെയെന്നല്ലേ?

ചുണ്ടേൽ ടൗണിൽ നിന്ന് ശ്രീപുരത്തേക്കുള്ള ചെമ്മൺപാത പാതി പിന്നിട്ടാൽ ഇരുവശത്തെയും തേയിലക്കാടുകൾക്കിടയിൽ പാടികളുടെ നീണ്ട നിര കാണാം. മലയാളം പ്ലാന്റേഷൻസിന്റെ ഉടമസ്ഥതയിലുള്ള ചുണ്ടേൽ എസ്റ്റേറ്റിലെ ദിവസക്കൂലിക്കാരുടെ ആവാസകേന്ദ്രങ്ങൾ. വലതുഭാഗത്തെ പാടികൾക്കപ്പുറം വരണ്ടുകിടക്കുന്ന പാടങ്ങളാണ്. അനന്തമായ ആ പാടശേഖരത്തിനപ്പുറത്തുനിന്ന് കാറ്റിന്റെ ചിറകിലേറി പാട്ടുകൾ ഒഴുകിവരും-- തരംഗമാലകളായി. കുറിക്കല്യാണപ്പുരകളിൽ നിന്നാകാം. അല്ലെങ്കിൽ കല്യാണവീട്ടിലെ ഉച്ചഭാഷിണികളിൽ നിന്ന്. തമിഴ്, മലയാളം സിനിമാപ്പാട്ടുകളും മാപ്പിളപ്പാട്ടുകളും ഇടക്ക് നാട്ടുകാരുടെയും വീട്ടുകാരുടെയും ശബ്ദത്തിലുള്ള താന്തോന്നിപ്പാട്ടുകളും ഇടകലർന്ന ഒരു വിചിത്ര ഫ്യൂഷൻ. ഇടയ്ക്ക് നാടൻ മട്ടിലുള്ള അനൗൺസ്മെന്റുകൾ.

വിദൂരതയിലെങ്ങോ നിന്ന് വീരമണിയുടെ ``പള്ളിക്കെട്ട്'' കാതിലൊഴുകിയെത്തിയത് അതുപോലൊരു അലസ നടത്തത്തിനിടയിലാണ്. ആത്മാവിന്റെ ആഴങ്ങളിൽ നിന്ന് മേഘഗർജ്ജനം പോലെ പ്രവഹിക്കുന്ന ശബ്ദം: ``പള്ളിക്കെട്ട് സബരിമലൈയ്ക്ക് കല്ലും മുള്ളും കാലുക്ക് മെത്തൈ സ്വാമിയേ അയ്യപ്പോ, അയ്യപ്പോ സ്വാമിയേ, സ്വാമിശരണം അയ്യപ്പ ശരണം....നെയ്യഭിഷേകം സ്വാമിക്ക്, കർപ്പൂര ദീപം സ്വാമിക്ക്, അയ്യപ്പന്മാർഗളും കുടികൊണ്ട്, അയ്യനൈ നാടിൽ സെന്തിടുവാർ സബരിമലയ്ക്ക് സെന്തിടുവാർ...''

പല്ലവി കഴിഞ്ഞു പാട്ട് ചരണത്തിലെത്തും മുൻപ് പൊടുന്നനെ വീരമണി മായുന്നു. പകരം പീർമുഹമ്മദ് പ്രത്യക്ഷനാകുന്നു. ഇളംകാറ്റിന്റെ ചിറകിൽ ഇത്തവണ മലയാളം വരികൾ. ``ആമിനയ്ക്കോമന പൊൻമകനായ് ആരംഭപ്പൈതൽ പിറന്നിരുന്നു, ആരംഭപ്പൈതൽ പിറന്ന നേരം ആനന്ദം പൂത്തു വിടർന്നിരുന്നോ..'' ഭാവമധുരമായി പാടുകയാണ് പീർമുഹമ്മദ്. പി ടി അബ്ദുറഹ്മാൻ എഴുതി എ ടി ഉമ്മർ സംഗീതം പകർന്ന ``കാഫ് മല കണ്ട പൂങ്കാറ്റേ കാണിക്ക നീ കൊണ്ട് വന്നാട്ടെ'' എന്ന അതിപ്രശസ്തമായ മാപ്പിളപ്പാട്ടിന്റെ ശീലുകൾ.

തീർന്നില്ല. കാറ്റിന്റെ ഗതി അപ്രതീക്ഷിതമായി മാറിയതോടെ പീർമുഹമ്മദിൽ നിന്ന് വീണ്ടും വീരമണി പാട്ട് ഏറ്റെടുക്കുന്നു. ``ഗംഗൈനദി പോൽ പുണ്യനദിയാം പമ്പയിൽ നീരാടി സങ്കരൻ മഹനെ കുമ്പിടുവാൻ....'' തമിഴ് വരികൾ കാറ്റിലലിഞ്ഞുതീരവേ, അതാ വീണ്ടും മലയാളത്തിന്റെ രംഗപ്രവേശം: ``ഉഹ്ദിന്റെ ഗൗരവം ഇന്നുമുണ്ടോ അഹദിന്റെ കല്പന അന്നു കണ്ടോ, വീരരിൽ വീരനായുള്ള ഹംസ വീണു പിടഞ്ഞതിന്നോർമ്മയുണ്ടോ...'' -- പീർമുഹമ്മദ്.

പാട്ടുകളുടെ വരികളും ആശയങ്ങളും തീർത്തും വ്യത്യസ്തം. ആലാപനശൈലികളും. എങ്കിലും താളം ഏതാണ്ടൊരുപോലെ. അതോ അന്നത്തെ ഇളംപ്രായത്തിൽ തോന്നിയ മണ്ടത്തരമോ? ഇലാസ്റ്റിക് കൊണ്ട് വരിഞ്ഞുകെട്ടിയ പുസ്തകക്കെട്ട് ഒരു കൈയിലും സ്റ്റീലിന്റെ ചോറ്റുപാത്രം മറുകൈയിലുമായി വഴിയരികിൽ ആ ഗാനമാലിക അങ്ങനെ കേട്ടുനിന്നത് ഓർമ്മയുണ്ട്.

അന്നത് കേട്ടപ്പോൾ അന്ധാളിപ്പായിരുന്നു. ഇതെന്തൊരു അലുക്കുലുത്ത് ഏർപ്പാട്? ഒരു പാട്ട് രസിച്ച് ആസ്വദിച്ചുവരുമ്പോഴാണ് മറ്റേ പാട്ടിന്റെ വരവ്. അതിൽ ഹരം പിടിച്ചുവരുമ്പോഴേക്കും അതാ വരുന്നു പിന്നേം പഴേ പാട്ട്. ആകെ മൊത്തം ഒരു ``കൺഫൂഷൻ.''

പക്ഷേ ഇന്നോർക്കുമ്പോൾ വയനാടൻ കാറ്റിന്റെ ``സംഗീതസംവിധാനം'' എത്ര ഭാവനസമ്പന്നം എന്ന് തോന്നും. മറ്റാർക്കെങ്കിലും പറ്റുമോ ഇങ്ങനെയൊരു പാട്ട് ചിട്ടപ്പെടുത്താൻ? ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും.

content highlights : Veeramani Raju ayyappa devotional song Peer Mohammed pattuvazhiyorathu ravi menon