ന്‍രാജ് ഭാട്യയുടെ  ചലച്ചിത്രഗാനങ്ങളേക്കാള്‍ ഇന്ത്യയിലെ സാധാരണക്കാരുടെ ഹൃദയങ്ങളോട്  ചേര്‍ന്നുനിന്നത് അദ്ദേഹം സൃഷ്ടിച്ച ഒരു പരസ്യ ജിംഗിളാണ്: ലിറില്‍ സോപ്പിന്റെ വിഖ്യാതമായ ലാ ലാ ലാ ലാ....''

നാലര ദശകം മുന്‍പ് ഹിന്ദുസ്ഥാന്‍ ലീവറിന്റെ പുതിയ പ്രീമിയം സോപ്പിന്റെ പരസ്യ നിര്‍മ്മാണ ചുമതല ഏറ്റെടുക്കുമ്പോള്‍ കുട്ടിക്കാലത്ത് കണ്ട ടാര്‍സന്‍ സിനിമകളായിരുന്നു ലിന്റാസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അലീഖ് പദംസിയുടെ (1928  2018) ഓര്‍മ്മയില്‍. ടാര്‍സന്റെ പ്രണയിനി ജെയ്ന്‍  വെള്ളച്ചാട്ടത്തിനടിയില്‍ നിന്ന് കുളിക്കുന്ന രംഗങ്ങള്‍ എങ്ങനെയോ ചെറുപ്പം മുതലേ മനസ്സില്‍ പതിഞ്ഞിരുന്നു.''-- പദംസി ഒരിക്കല്‍ പറഞ്ഞു. പരസ്യം ഒരുക്കും മുന്‍പ് പദംസിയുടെ നിര്‍ദേശപ്രകാരം ലിന്റാസ് നടത്തിയ മാര്‍ക്കറ്റ് സര്‍വേയില്‍ കണ്ടെത്തിയത് കൗതുകകരമായ ഒരു സത്യം: ഇന്ത്യയിലെ അന്നത്തെ ശരാശരി വീട്ടമ്മ നിത്യജീവിതത്തില്‍ ഏറ്റവുമധികം സ്വാതന്ത്ര്യം അനുഭവിക്കുന്നതും ആഘോഷിക്കുന്നതും കുളിമുറിയുടെ സ്വകാര്യതയിലാണ്.  നാണം കുണുങ്ങിയായ ആ പെണ്‍കുട്ടിയെ പുറത്തെ വിശാലലോകത്തേക്ക് ധീരമായി ഇറക്കിവിടുവുകയാണ് തങ്ങള്‍ ചെയ്തതെന്ന് പദംസി.

ഇനി വേണ്ടത് അവള്‍ക്ക് മൂളാനൊരു ഈണമാണ്. അവളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഒഴുകി വരുന്ന തികച്ചും ലളിതമായ ഒരീണം.സുഹൃത്തായ വന്‍രാജ് ഭാട്യയെ ആ ചുമതല ഏല്‍പ്പിക്കുന്നു പദംസി. (ഇന്ത്യയിലെ  ആദ്യത്തെ പരസ്യചിത്രത്തിന് സംഗീതം നല്‍കിയത് ഭാട്യ ആണ്-- 1959 ല്‍ ശക്തി സില്‍ക്‌സിന് വേണ്ടി). വാക്കുകളില്ലാതെ വാക്കുകളേക്കാള്‍ വാചാലമായ ഒരു സംഗീത ശകലം -- അതായിരുന്നു ഇത്തവണ ഭാട്യക്ക് മുന്നിലുള്ള വെല്ലുവിളി. അന്താരാഷ്ട്ര സോപ്പ് ബ്രാന്‍ഡ് ആയ ഫാ''യുടെ പഴയൊരു ജിംഗിളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് തികച്ചും സ്വതന്ത്രമായ ഒരീണം സൃഷ്ടിക്കുന്നു ഭാട്യ. വാക്കുകളും വരികളുമുണ്ടായിരുന്നില്ല ഏതാനും സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന ആ ഈണത്തില്‍. ലാലാലാ എന്ന മട്ടിലുള്ള മൂളല്‍ (സെല്‍ഫ് എക്‌സ്പ്രഷന്‍ എന്ന് ഭാട്യയുടെ ഭാഷ്യം)  മാത്രം. ഒരു തരം സ്വാതന്ത്ര്യ പ്രഖ്യാപനം..

ബിക്കിനിയണിഞ്ഞ് വെള്ളച്ചാട്ടത്തിനടിയില്‍ മുങ്ങിനിവര്‍ന്ന കരേല്‍ ലുനല്‍ എന്ന സുന്ദരിയെ പോലെ, വന്‍രാജ് ഭാട്യയുടെ ജിംഗിളും ഇന്ന്  ചരിത്രം. പദംസിയും കൂട്ടരും ആ പരസ്യ ചിത്രം ഷൂട്ട് ചെയ്ത കൊടൈക്കനാലിലെ വെള്ളച്ചാട്ടം പില്‍ക്കാലത്ത് അറിയപ്പെട്ടത് ലിറില്‍ ഫാള്‍സ് എന്ന പേരില്‍. പരസ്യം ദൂരദര്‍ശനില്‍ കാണിച്ചു തുടങ്ങി പതിനെട്ട് മാസത്തിനകം ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിയുന്ന സോപ്പായി മാറി ലിറില്‍. കാല്‍ നൂറ്റാണ്ടോളം ആ നമ്പര്‍ വണ്‍ പദവി പോറലേല്‍ക്കാതെ കൊണ്ടുനടന്നു ലിറില്‍.

എണ്ണമറ്റ പരസ്യചിത്രങ്ങള്‍ക്ക് പുറമെ അങ്കൂര്‍, നിഷാന്ത്, ഭൂമിക, ജുനൂന്‍ തുടങ്ങിയ ക്ലാസിക് ചിത്രങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ച വന്‍രാജ് ഭാട്യ കഴിഞ്ഞ ദിവസം തൊണ്ണൂറ്റി മൂന്നാം വയസ്സില്‍ കഥാവശേഷനായി... ആദരാഞ്ജലികള്‍.

Content Highlights: vanraj bhatia music director death, a tribute for jingle king, Liril soap ad