പൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ  ഗാനം സൃഷ്ടിക്കാന്‍ എന്തായിരുന്നു  പ്രചോദനം? -സ്വാമിയോട് ചോദിച്ചിട്ടുണ്ട് ഒരിക്കല്‍. മറുപടിയൊന്നും പറഞ്ഞില്ല സ്വാമി. പകരം കൈകൂപ്പി  കുറച്ചുനേരം മുകളിലേക്ക് നോക്കിയിരിക്കുക മാത്രം ചെയ്തു. ``ഞാനല്ലല്ലോ, എല്ലാം മുകളിലിരിക്കുന്ന ആളുടെ  ലീലയല്ലേ?'' എന്ന് നിശ്ശബ്ദമായി പറയും മട്ടില്‍.

ഏറെ വിസ്മയിപ്പിച്ച പാട്ടാണത്. മലയാളത്തില്‍, ഒരുപക്ഷേ ഇന്ത്യന്‍ സിനിമയില്‍ തന്നെ അപൂര്‍വതയായ ഒരു പാട്ട്. ആറേ ആറു വരികളില്‍ ഏഴു വ്യത്യസ്ത രാഗങ്ങളുടെ സൗന്ദര്യം, സൗരഭ്യം. അധികമാര്‍ക്കും അത് കേള്‍ക്കാന്‍ ഭാഗ്യമുണ്ടായില്ല എന്നത് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെയും സംഗീത സംവിധായകന്‍ ദക്ഷിണാമൂര്‍ത്തിയുടെയും ഗായകരായ സുശീല-വാണി ജയറാംമാരുടെയും സ്വകാര്യ വേദന. വാണിയമ്മയ്ക്ക് മറ്റൊരു ദുഃഖം കൂടിയുണ്ട്-പാട്ടിലെ തനിക്കേറ്റവും പ്രിയപ്പെട്ട വരികള്‍ പാടാന്‍ അവസരം ലഭിച്ചില്ലല്ലോ എന്ന്.

``നാരദന്‍ കേരളത്തില്‍''-അതാണ് പടത്തിന്റെ പേര്. ഇതേ പേരില്‍ 1987 ല്‍ ക്രോസ്‌ബെല്‍റ്റ് മണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ, നെടുമുടി വേണുവും മുകേഷും അഭിനയിച്ച പടമല്ല. അതിനും വര്‍ഷങ്ങള്‍ മുന്‍പ് തുടങ്ങിവെക്കുകയും ഇടയ്ക്ക് വെച്ച് ഉപേക്ഷിക്കപ്പെടുകയും ചെയ്ത പടം. പെണ്ണുടലിനെ രാഗങ്ങളുമായി വിളക്കിച്ചേര്‍ത്ത് ആ സിനിമക്ക് വേണ്ടി ശ്രീകുമാരന്‍ തമ്പി രചിച്ച മനോഹര ഗാനത്തിന്റെ  തുടക്കം ഇങ്ങനെ: ``എന്‍ ഉടലൊരു രാഗമാലിക, ഞാനൊരു സംഗീത വാടിക, സുരലോകനാഥന്റെ നിറമാല ചാര്‍ത്തിയാല്‍ സ്വരഗംഗയൊഴുകും വിപഞ്ചിക...''

അപ്‌സരകന്യകമാരായ ഉര്‍വശിയും മേനകയും ചേര്‍ന്ന് പാടേണ്ട നൃത്തഗാനമാണ്. മേനക പാടുന്നത് സുശീലയുടെ ശബ്ദത്തില്‍. ഉര്‍വശി വാണിയുടെയും. ചരണത്തില്‍ മേനക പാടുന്ന ഈ വരികള്‍ വായിച്ചപ്പോള്‍ അതൊരു രാഗമാലികയാക്കാം എന്ന് സ്വാമി തീരുമാനിക്കുന്നു:
 
``കണ്ണുകളില്‍ കവിയും കല്യാണി
കവിളിണയില്‍ തുടിക്കും സാവേരി
അധരം മോഹനം മധുരഹിന്ദോളം
ജഘനം ഇടയും നട തോടി
തുളുമ്പും മാറിടം സിന്ധുഭൈരവി
തിളങ്ങും ഗളമോ ഭൈരവി ....''

 
ഓരോ വരിയിലും ഓരോ രാഗം. -കല്യാണി, സാവേരി, മോഹനം, ഹിന്ദോളം, തോടി, സിന്ധുഭൈരവി, ഭൈരവി. ഇടയ്‌ക്കൊരു വരിയില്‍ രണ്ടു രാഗങ്ങള്‍. ഏഴു വ്യത്യസ്ത രാഗങ്ങളില്‍ ആ ആറു വരികള്‍ ചിട്ടപ്പെടുത്താന്‍ അധികസമയം വേണ്ടിവന്നില്ല സ്വാമിക്ക് എന്നോര്‍ക്കുന്നു ശ്രീകുമാരന്‍ തമ്പി.

രാഗമാലികള്‍ക്ക് പഞ്ഞമില്ല മലയാള സിനിമയില്‍. എട്ടും പത്തും പതിനഞ്ചുമൊക്കെ രാഗങ്ങള്‍ കോര്‍ത്തിണക്കിയ ഗാനങ്ങള്‍ സുലഭം. ``സ്വത്ത്'' എന്ന  സിനിമയില്‍ ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ ``ഓം മായാമാളവഗൗള രാഗം'' എന്ന പാട്ടില്‍ പതിനഞ്ചോളമുണ്ട് രാഗങ്ങള്‍. പക്ഷേ വഴിക്കുവഴിയായി  ഓരോ വരിയിലും വ്യത്യസ്ത രാഗഭാവം നിറച്ചുവെച്ച പാട്ടുകള്‍ അത്യപൂര്‍വം. പെട്ടെന്ന് ഓര്‍മ്മവരുന്നത് പുറത്തിറങ്ങാതെ പോയ താന്‍സന്‍ എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി രവീന്ദ്ര ജെയ്ന്‍ എഴുതി സ്വരപ്പെടുത്തിയ രാഗമാലികയാണ്: ``ഷഡജ് നേ പായാ..'' സംഗീത ജീവിതത്തില്‍ യേശുദാസിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ ഗാനങ്ങളില്‍ ഒന്ന്.  കാഫി, ബിലാവല്‍, ഭൈരവി, യമന്‍ കല്യാണ്‍ , ഖമാജ്, അസാവരി, ബഹാര്‍, സോഹിനി, ദര്‍ബാരി, മേഘ എന്നിങ്ങനെ പത്ത് രാഗങ്ങളുണ്ട് ആ മാലികയില്‍. ഓരോ രാഗത്തിന്റെയും ഭാവവും ഘടനയും ലളിതമായി വിവരിക്കുന്ന വരികളാണ് ജെയ്നിന്റെത്. എങ്കിലും  ഒരു രാഗത്തില്‍ നിന്ന് അടുത്ത രാഗത്തിലേക്കുള്ള സംക്രമണത്തിന് ഗായകന് ചെറിയൊരു സാവകാശം അനുവദിക്കുന്നുണ്ട് ജെയ്നിന്റെ സംഗീതം. മാത്രമല്ല ഒരേ വരിയില്‍ രണ്ടു രാഗം എന്ന പരീക്ഷണത്തിന് അദ്ദേഹം മുതിര്‍ന്നിട്ടുമില്ല. ഇവിടെ തമ്പി -സ്വാമി ടീമിന്റെ  പാട്ടില്‍, അധരം മോഹനം മധുരഹിന്ദോളം എന്ന വരിയില്‍ എത്ര ലളിതസുന്ദരമായാണ് ആ രാഗഭാവങ്ങള്‍ ഒഴുകിയെത്തുന്നത് എന്ന് നോക്കുക.

പടം വെളിച്ചം കാണാത്തതിനാല്‍ പാട്ടും ``പെട്ടിയില്‍'' ഒതുങ്ങി. നഷ്ടം നമ്മള്‍ സംഗീതപ്രേമികള്‍ക്ക് തന്നെ. (ആരുടെയെങ്കിലും ശേഖരത്തില്‍ ഈ ഗാനമുണ്ടെങ്കില്‍ ഇവിടെ പോസ്റ്റ് ചെയ്യാം) . ഈ അപൂര്‍വ ഗാനം ആദ്യമായി പാടിക്കേള്‍പ്പിച്ചു തന്നത് വാണിജയറാം. എട്ടു വര്‍ഷം മുന്‍പ് ``ചക്കരപ്പന്തല്‍'' എന്ന പരിപാടിക്ക് വേണ്ടി അവരെ ഇന്റര്‍വ്യൂ ചെയ്തപ്പോഴായിരുന്നു ആ അവിസ്മരണീയ അനുഭവം. ``എന്നെ അത്ഭുതപ്പെടുത്തിയ  ഗാനമാണിത്..'' അവര്‍ പറഞ്ഞു. ``പക്ഷേ ഒരു നിരാശയുണ്ട്.  എനിക്കേറ്റവും ഇഷ്ടപ്പെട്ട ചരണം പാടാന്‍ സ്വാമി നിയോഗിച്ചത് സുശീലാമ്മയെ..'' ആ നഷ്ടബോധം ആയുഷ്‌കാലം മുഴുവന്‍ തന്നെ വിട്ടൊഴിയില്ലെന്നു കൂടി പറഞ്ഞു വാണിയമ്മ. 

അതേ പാട്ടിലെ രണ്ടാമത്തെ ചരണം പാടിയത് വാണിയാണ്: ``കണ്ണില്‍ വിടരുന്നതിന്ദ്രനീലം, കവിളിലുദിക്കുന്നു കനകപീതം, അധരം സന്ധ്യാ രാഗവിലോലം, അലമുകില്‍ വേണീ ശ്യാമളം, ഇളകുമെന്നാടയിന്ദ്രധനുസ്സുകള്‍, തളരാത്ത ചിലങ്കയില്‍ മരതകപ്പച്ചകള്‍...'' ശ്രീകുമാരന്‍ തമ്പിയുടെ കാവ്യഭാവന എത്ര സുന്ദരം, കാല്പനികം. 

വാണിയമ്മയുടെ ശബ്ദത്തില്‍ ആ  അപൂര്‍വ രാഗമാലിക ഈ വീഡിയോയില്‍ ആസ്വദിക്കുക. മനസ്സുകൊണ്ട് ശ്രീകുമാരന്‍ തമ്പിയെയും സ്വാമിയെയും സുശീലാമ്മയെയും വാണിജയറാമിനെയും നമിക്കുക....

Content Highlights: Vani Jayaram PSusheela Dakshinamurthy Sreekumaran Thampi Ravi Menon