കൂടുതൽ സിനിമകൾ ചെയ്യാൻ കഴിയാത്തതിൽ നിരാശയുണ്ടോ? -- സംഗീതസംവിധായകൻ ഹരിപ്പാട് കെ പി എൻ പിള്ളയോടൊരു ചോദ്യം.
ഞൊടിയിടയിൽ വന്നു ഉത്തരം: ``ഏയ്, എന്തിന്? ഒരു നിരാശയുമില്ല. നമുക്ക് പറ്റിയ മേഖലയേ അല്ല സിനിമ. വേറൊരു തരം കൾച്ചറാണവിടെ; വൈകുന്നേരമായിക്കഴിഞ്ഞാൽ പ്രത്യേകിച്ചും. ഒത്തുപോകാൻ വലിയ ബുദ്ധിമുട്ടാണ്. ധാരാളം കോംപ്രമൈസ് വേണ്ടിവരും. അതിന്റെയൊന്നും ആവശ്യമില്ലെന്ന് തോന്നി. പിന്നെ കാത്തുനിന്നില്ല. സ്ഥലം വിട്ടു.''

കഷ്ടിച്ച് നാല് സിനിമകൾക്കേ സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ളു പിള്ള. മിക്കതും ബോക്സാഫീസിൽ കാര്യമായ ചലനങ്ങളൊന്നും ഉളവാക്കാനാവാതെ മൃതിയടഞ്ഞ സിനിമകൾ. പക്ഷേ ചെയ്ത പാട്ടുകളിലൊന്ന് ഇന്നുമുണ്ട് മലയാളിമനസ്സുകളിൽ; പുറത്തിറങ്ങി മൂന്നരപ്പതിറ്റാണ്ടിനിപ്പുറവും: ``മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന മാണിക്യക്കുയിലാളെ.'' പി ചന്ദ്രകുമാർ സംവിധാനം ചെയ്ത ഉയരും ഞാൻ നാടാകെ (1985) എന്ന ചിത്രത്തിൽ ഒ എൻ വി എഴുതി വി ടി മുരളി പാടിയ പാട്ട്. മുരളിയുടെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ഗാനങ്ങളിലൊന്ന്.

ഗാനത്തിന്റെ പിതൃത്വം ഇയ്യിടെ ഒരു ടെലിവിഷൻ ചാനൽ എം ബി ശ്രീനിവാസന് ചാർത്തിക്കൊടുത്തു കണ്ടപ്പോൾ ദുഃഖം തോന്നി. റിയാലിറ്റി ഷോയിൽ ``മാതളത്തേൻ'' പാടിയ കുട്ടിക്കോ കേട്ടിരുന്ന് ബലേഭേഷ് പറഞ്ഞ വിധികർത്താക്കൾക്കോ അതിന്റെ യഥാർത്ഥ ശില്പിയെ അറിയുമെന്ന് തോന്നിയില്ല. അന്വേഷിക്കാൻ ശ്രമിച്ചിട്ടുണ്ടാവില്ല എന്നതാണ് സത്യം. ഒരു സുഹൃത്ത് വഴി ഈ അബദ്ധം പരിപാടിയുടെ പ്രൊഡ്യൂസറുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അയാളുടെ ചോദ്യം: ``കെ പി എൻ പിള്ളയോ? അങ്ങനെയൊരു സംഗീതസംവിധായകനോ?''

അത്ഭുതമില്ല പിള്ളയ്ക്ക്. സിനിമയിൽ ഇന്നിനേ പ്രാധാന്യമുള്ളൂ. ഇന്നലെകൾ അപ്രസക്തം. ``പലർക്കും ആ പാട്ട് ചെയ്തത് ഞാനാണെന്ന് അറിയില്ല. കാലമേറെയായില്ലേ? എങ്കിലും ഏതു വേദിയിലും അത് പാടും മുൻപ് ഒ എൻ വിയുടേയും എന്റെയും പേര് പരാമർശിക്കാൻ ശ്രദ്ധിക്കാറുണ്ട് വി ടി മുരളി. ഒരു തരം ഓർമ്മപ്പെടുത്തൽ. അധികമാരും ചെയ്യാത്ത കാര്യം. പാട്ടു പാടുന്നവരെയല്ലേ ആളുകൾക്ക് വേണ്ടൂ. അതിന്റെ ശില്പികളെ ആരോർക്കുന്നു..''

സുഹൃത്തും നാടകകൃത്തുമായ സലാം പള്ളിത്തോട്ടവും എഴുത്തുകാരൻ കെ എ കൊടുങ്ങല്ലൂരുമാണ് കെ പി എൻ പിള്ളയെ ``ഉയരും ഞാൻ നാടാകു''മിന്റെ സംഗീതസംവിധായകനായി നിർദ്ദേശിച്ചത്. നിർമ്മാതാവ് കുറ്റിയിൽ ബാലന് സമ്മതം. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും അതിനകം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നെങ്കിലും അഭ്രലോകം പിള്ളയുടെ സങ്കൽപ്പങ്ങളിൽ ഉണ്ടായിരുന്നില്ല. ``സിനിമക്ക് വേണ്ടി ഇതുവരെ പാട്ട് ചെയ്തിട്ടില്ല'' എന്ന് വിനയത്തോടെ പറഞ്ഞൊഴിയാൻ ശ്രമിച്ചപ്പോൾ കൂട്ടുകാരാണ് ധൈര്യം പകർന്നത്: ``ഒന്ന് ശ്രമിച്ചുനോക്കൂ. നിങ്ങൾക്കത് കഴിയും.'' ആ ശുഭപ്രതീക്ഷയിൽ നിന്നാണ് കെ പി എൻ പിള്ള എന്ന ചലച്ചിത്ര സംഗീത സംവിധായകന്റെ പിറവി.

കോഴിക്കോട്ടെ മാവൂർ റോഡിൽ അന്നുണ്ടായിരുന്ന ഫൗറ ഹോട്ടലിലായിരുന്നു പാട്ടുകളുടെ കമ്പോസിംഗ്. നാല് പാട്ടുകൾ ഒ എൻ വി എഴുതിക്കൊണ്ടുവന്നു. കഥാസന്ദർഭങ്ങളോട് ഇണങ്ങിച്ചേർന്നു നിൽക്കുന്ന രചനകൾ. മോഹൻലാൽ അവതരിപ്പിച്ച ആദിവാസി കഥാപാത്രത്തിന്റെ ആത്മഗീതമാണ് മാതളത്തേനുണ്ണാൻ. അതുകൊണ്ടുതന്നെ രചന അതീവലളിതം. ``ഗ്രാമ്യഭംഗിയുള്ള ഒ എൻ വിയുടെ വരികൾക്ക് ഇണങ്ങുക ഫോക് സ്പർശമുള്ള സംഗീതമാണെന്ന് തോന്നി എനിക്ക്. വാദ്യവിന്യാസത്തിലും ഉണ്ടായിരുന്നില്ല ആർഭാടം.'' -- പിള്ള.

പാടാൻ വി ടി മുരളി തന്നെ വേണമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു അടുത്ത ബന്ധു കൂടിയായ നിർമ്മാതാവ്. ഹോട്ടൽ മുറിയിൽ വെച്ച് തന്നെയാണ് മുരളിയെ പാട്ടു പഠിപ്പിച്ചത്. ``ആകാശവാണിയിൽ എനിക്ക് വേണ്ടി കുറെ നല്ല ലളിതഗാനങ്ങൾ പാടിയ ആളായതുകൊണ്ട് നേരത്തെ അറിയാം മുരളിയെ. പാട്ടുകൾ റെക്കോർഡ് ചെയ്തത് തിരുവനന്തപുരം തരംഗിണി സ്റ്റുഡിയോയിൽ. വരികളുടെ ആശയവും അർത്ഥവും ഉൾക്കൊണ്ട് ഭാവാർദ്രമായിത്തന്നെ പാടി മുരളി.'' (പാട്ട് യേശുദാസ് പാടണമെന്നായിരുന്നു സംവിധായകന്റെ ആഗ്രഹമെന്നത് മറ്റൊരു അണിയറക്കഥ. നിർമ്മാതാവിന്റെ വാശിയാണ് ഒടുവിൽ ജയിച്ചതെന്നു മാത്രം). പടത്തിൽ ഒരു നാടൻ പാട്ട് കൂടി പാടിയിട്ടുണ്ട് മുരളി -- തുള്ളിത്തുള്ളി.

നാല് പാട്ടുകളാണ് ചിട്ടപ്പെടുത്തിയതെങ്കിലും രണ്ടെണ്ണമേ സിനിമയിൽ ഇടം നേടിയുള്ളൂ എന്നത് കെ പി എൻ പിള്ളയുടെ സ്വകാര്യ ദുഃഖം. ``എനിക്കേറ്റവും പ്രിയപ്പെട്ട പാട്ടായിരുന്നു യേശുദാസും ചിത്രയും പാടിയ `ഇന്ദു പൂർണ്ണേന്ദു വിണ്ണിൻ നിറുകയിൽ.' സിനിമയിൽ വന്നിരുന്നെങ്കിൽ ഏറെ ശ്രദ്ധിക്കപ്പെടുമായിരുന്ന പാട്ട്. ഗായകൻ ചെങ്ങന്നൂർ ശ്രീകുമാറാണ് ആ പാട്ടിന്റെ ട്രാക്ക് പാടിയത്. മനോഹരമായി പാടി അയാൾ. തരംഗിണിയിൽ വെച്ച് ട്രാക്ക് കേൾപ്പിച്ചുകൊടുത്തപ്പോൾ യേശുദാസ് ചോദിച്ചത് ഇന്നും ഓർമയുണ്ട്: എന്തിനാ ഇത് മാറ്റുന്നത്? അസ്സലായി പാടിയിരിക്കുന്നു. ഇയാളുടെ പാട്ട് തന്നെ ഉപയോഗിച്ചുകൂടേ? എന്നാൽ പടത്തിന്റെ അണിയറപ്രവർത്തകർക്ക് പാട്ട് ദാസ് പാടണമെന്നായിരുന്നു ആഗ്രഹം. ശ്രീകുമാറിന്റെ ഭാഗ്യദോഷം..''

ചിത്ര അന്ന് സിനിമയിൽ താരതമ്യേന തുടക്കക്കാരിയാണ്. അച്ഛൻ കൃഷ്ണൻ നായർക്കൊപ്പം പാടാൻ വന്ന കൗമാരക്കാരിയുടെ ചിത്രം മറന്നിട്ടില്ല പിള്ള. പ്രതിഫലം പോലും വാങ്ങാതെയാണ് ചിത്ര പാടിയത്. ``ഈ പാട്ടും മുരളിയുടെ മാതളത്തേനുണ്ണാൻ എന്ന പാട്ടും എല്ലാവർക്കും ഇഷ്ടപ്പെട്ടു. രണ്ടു ഗാനങ്ങളും മലയാളിയുള്ളിടത്തോളം ജീവിക്കും എന്നായിരുന്നു ഒ എൻ വിയുടെ പ്രവചനം. എന്തു ചെയ്യാം. പല കാരണങ്ങളാലും ഇന്ദു പൂർണ്ണേന്ദു സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. നമ്മൾ ആസ്വദിച്ച് ചെയ്ത പാട്ടല്ലേ. വിഷമം തോന്നിയെന്നത് സത്യം. സിനിമയുടെ വഴികൾ ഇങ്ങനെയൊക്കെയാണ് എന്ന് ആദ്യമായി പഠിപ്പിച്ചുതന്ന അനുഭവം.''

അത്തരം അനുഭവങ്ങൾ പിന്നെയുമുണ്ടായി. ഒരിക്കൽ വിജയവാഹിനി സ്റ്റുഡിയോയിൽ ഗായിക പാടിക്കൊണ്ടിരിക്കേ സംഗീതസംവിധായകനെ തെല്ലും വകവെക്കാതെ വോയ്സ് ബൂത്തിൽ കയറിച്ചെന്ന് പ്രശ്നമുണ്ടാക്കിയവനെ സഹികെട്ട് ഗെറ്റൗട്ട് അടിക്കേണ്ടിവന്നിട്ടുണ്ട്. ``ചന്ദ്രകുമാർ ഉൾപ്പെടെ പലരും നിർബന്ധിച്ചിരുന്നു, ആകാശവാണിയിലെ ജോലി ഉപേക്ഷിച്ച് ചെന്നൈയിൽ ചെന്ന് നിൽക്കാൻ. പക്ഷേ താല്പര്യം തോന്നിയില്ല. നല്ലൊരു ജോലിയുണ്ടല്ലോ. പിന്നെന്തിന് അവസരങ്ങൾക്ക് വേണ്ടി പ്രൊഡ്യൂസർമാരുടെ പിന്നാലെ അലയണം?'' -- പി സി 369 എന്ന ചിത്രത്തിൽ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെയും ഡോ കെ നാരായണൻകുട്ടിയുടെയും ``കാക്കേ കാക്കേ കൂടെവിടെ'' എന്ന ചിത്രത്തിൽ കാവാലത്തിന്റെയും
വരികൾ ചിട്ടപ്പെടുത്തിയ കെ പി എൻ പിള്ള ചോദിക്കുന്നു.

1960 കളുടെ തുടക്കത്തിൽ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്ന് സംഗീതവിദ്വാൻ ബിരുദം പൂർത്തിയാക്കിയ ഹരിപ്പാട്ടുകാരൻ കെ പി എൻ പിള്ള 1978 ലാണ് ആകാശവാണിയിൽ ചേർന്നത്. ആദ്യം ചിട്ടപ്പെടുത്തിയത് മലയത്ത് അപ്പുണ്ണിയുടെ സ്വർണ്ണമുഖികൾ എന്ന രചന. പിള്ളയുടെ പല ലളിതഗാനങ്ങളും യുവജനോത്സവവേദികളിൽ ഇന്നും പ്രശസ്തം. പി എസ് നമ്പീശൻ എഴുതി കൃഷ്ണചന്ദ്രൻ പാടിയ താമര പൂക്കുന്ന തമിഴകം താണ്ടി എന്ന പാട്ട് ഉദാഹരണം. 2007 ൽ ആകാശവാണിയിൽ നിന്ന് വിരമിച്ച ശേഷം അമ്മയുടെ പേരിലുള്ള ബാലുശ്ശേരിയിലെ ഭവാനി മ്യൂസിക് കോളേജാണ് പിള്ളയുടെ പ്രവർത്തന മണ്ഡലം. ``ധാരാളം ശിഷ്യന്മാർക്ക് വഴികാട്ടിയാകാൻ കഴിഞ്ഞു എന്നത് സന്തോഷമുള്ള കാര്യം. പലരും ഇന്ന് നല്ല നിലയിൽ ജീവിക്കുന്നു. സംഗീതജീവിതം കനിഞ്ഞു നൽകിയ അനുഗ്രഹങ്ങളാണതൊക്കെ..''

മറ്റൊരു അനുഗ്രഹം ``മാതളത്തേനുണ്ണാൻ'' എന്ന പാട്ട് തന്നെ. ഹ്രസ്വമായ സിനിമാജീവിതം മനസ്സിൽ അവശേഷിപ്പിച്ച അപൂർവം നല്ല ഓർമ്മകളിലൊന്ന്.

content highlights : Uyarum Njan Nadake movie song music director KPN Pillai singer murali