വെണ്ണക്കല്ലില്‍ തീര്‍ത്ത ഉദയ്പൂര്‍ കൊട്ടാരത്തിന്റെ  മട്ടുപ്പാവില്‍  വികാരവിവശരായി  സുനില്‍ ദത്തും സാധനയും.  കാമുകന്റെ ചുമലില്‍ തല ചായ്ച്ച് പ്രണയാര്‍ദ്രമായ  ഒരു പാട്ടിന്റെ ഈരടികള്‍ മൂളുന്നു കാമുകി:  ``നൈനോം മേ ബദ് രാ   ഛായേ, ബിജ്ലി സേ  ചംകെ ഹായേ, ഐസേ മേ ബലം മോഹേ ഗര്‍വാ ലഗാ ലേ......'' (കണ്ണുകളില്‍ മഴമേഘജാലം നിറയുന്നു,  മിന്നല്‍  തീക്ഷ്ണപ്രകാശം ചൊരിയുന്നു. ഇതാ   ആ നിമിഷമെത്തി; അങ്ങെന്നെ  മാറോടു ചേര്‍ത്തു നിര്‍ത്തേണ്ട നിമിഷം....) ഇന്ത്യന്‍ സിനിമയില്‍ കേട്ട ഏറ്റവും ഹൃദയഹാരിയായ പ്രണയഗീതങ്ങളില്‍ ഒന്ന്. രാജാ മെഹ്ദി അലി ഖാനും മദന്‍ മോഹനും ലതാ മങ്കേഷ്‌കറും ഒരു പാട്ടിനുവേണ്ടി  ഒന്നിക്കുമ്പോള്‍ പ്രണയം പൂത്തുലയാതിരിക്കുന്നതെങ്ങനെ?

പക്ഷേ യഥാര്‍ത്ഥ പ്രണയം പൂത്തതും തളിര്‍ത്തതും വെള്ളിത്തിരയിലല്ല, ഫേമസ് സ്റ്റുഡിയോയിലെ റെക്കോര്‍ഡിംഗ് ബൂത്തിലാണെന്ന് പറയും ലതാജി. ഉസ്താദ് റയീസ് ഖാന്റെ സിതാറും പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയുടെ സന്തൂറും തമ്മിലുള്ള ആ  അവിസ്മരണീയ  ``ജുഗല്‍ബന്ദി'' ഇല്ലെങ്കില്‍ `മേരാ സായ' (1966) യിലെ ഈ പാട്ടുമില്ല. സംഗീതസാന്ദ്രമായ  ആ നിമിഷങ്ങള്‍ ``ഡോണ്‍'' പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍  റയീസ് ഖാന്‍ ഓര്‍ത്തെടുത്തതിങ്ങനെ: ``കച്ചേരിക്ക് വായിക്കുന്ന അതേ ഗൗരവത്തോടെയാണ്  ഞാന്‍ അന്ന്  സിതാര്‍ മീട്ടിയത്;  അങ്ങേയറ്റം അര്‍പ്പണബോധത്തോടെ. റെക്കോര്‍ഡിംഗ് കഴിഞ്ഞയുടന്‍  മുന്നില്‍ വന്നു നിശബ്ദനായി കൈകൂപ്പി നിന്നു മദന്‍മോഹന്‍ജി. അറിയാതെ എന്റെ കണ്ണുകള്‍ ഈറനായി.'' കറാച്ചിയിലെ ഒരു ആശുപത്രിയില്‍ കഴിഞ്ഞ ദിവസം റയീസ് ഖാന്‍ മരണത്തിനു കീഴടങ്ങിയ വാര്‍ത്ത ടെലിവിഷനില്‍ നിന്നറിയുമ്പോള്‍, യാദൃച്ഛികമാകാം, മനസ്സ് മൂളിക്കൊണ്ടിരുന്നത് അതേ ഗാനം തന്നെ. മദന്‍ മോഹന് മികച്ച അര്‍ദ്ധശാസ്ത്രീയ ഗാനത്തിനുള്ള സുര്‍സിംഗാര്‍ പുരസ്‌കാരം നേടിക്കൊടുത്ത  നിത്യസുന്ദര ഗാനം. മനസ്സുകൊണ്ട് ഖാന്‍ സാഹിബിനെ നമിച്ചുപോയി അപ്പോള്‍.  

rais khan

ഇതിഹാസതുല്യമാണ് ഹിന്ദി  സിനിമാലോകത്ത് മദന്‍ മോഹന്‍ -- റയീസ് ഖാന്‍ കൂട്ടുകെട്ടിന്റെ  `രസതന്ത്രം'. 1955 നും 1973 നും ഇടയ്ക്ക് ഖാന്‍ സാഹിബ് ഇല്ലാതെ അപൂര്‍വമായേ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ളൂ മദന്‍ മോഹന്‍. പ്രണയഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ ആദ്യം മനസ്സില്‍ തെളിയുക റയീസ് ഖാന്റെ മുഖമാണെന്ന് തുറന്നുപറഞ്ഞിട്ടുണ്ട് അദ്ദേഹം. അത് കഴിഞ്ഞേ വരൂ  പ്രിയഗായിക ലത  പോലും. ബൈയാ നാ ഡരോ ഓ ബല്‍മാ, ഹം ഹേ മതായീ കൂഛാ ഓ ബാസാര്‍ (ദസ്തക്), തുംഹാരി ജുല്‍ഫ് കെ സായേ മേ ശാം കര്‍ ലൂംഗാ (നൗനിഹാല്‍), സപ്‌നോം മേ അഗര്‍ മേരെ (ദുല്‍ഹന്‍ ഏക് രാത് കി), ആജ് സോചാ തോ ആംസൂ ഭരായേ (ഹസ്‌തേ സഖം), ഛായീ ബര്‍ഖാ ബഹാര്‍ (ചിരാഗ്), ദോ ദില്‍ ടൂട്ടെ (ഹീര്‍ രഞ്ജ) ....ഉസ്താദിന്റെ മാന്ത്രിക വിരല്‍ സ്പര്‍ശം  കൊണ്ടുകൂടി ഓര്‍ക്കപ്പെടുന്ന മദന്‍മോഹന്‍ ഗാനങ്ങള്‍ അങ്ങനെ എത്രയെത്ര. ആ വിജയകഥ ഒരു ആന്റി ക്‌ളൈമാക്‌സില്‍ ചെന്നവസാനിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ല ഇരുവരും.

1973 ല്‍ ചെറിയൊരു  സൗന്ദര്യപിണക്കത്തിന്റെ പേരില്‍ മെലഡിയുടെ ചക്രവര്‍ത്തിയും സിതാറിന്റെ സുല്‍ത്താനും പരസ്പരം അകലുന്നു.   ഇനിയൊരിക്കലും റയീസ് ഖാന്‍ തന്റെ ഗാനങ്ങളില്‍ സിതാര്‍ വായിക്കില്ലെന്ന് മദന്‍ മോഹന്‍. മദന്‍മോഹന്റെ മാത്രമല്ല ഒരു ഇന്ത്യന്‍ സംഗീത സംവിധായകന്റെയും പാട്ടില്‍ സിതാര്‍ മീട്ടാന്‍ തന്നെ കിട്ടില്ലെന്ന് ഖാന്‍ സാഹിബ്. നഷ്ടം ഇരുവര്‍ക്കുമായിരുന്നില്ല; സിനിമാ സംഗീതലോകത്തിനായിരുന്നു. മറ്റൊരു കൗതുകം കൂടിയുണ്ട്:  റയീസ് ഖാനോടൊപ്പം സിതാര്‍ എന്ന വാദ്യോപകരണം തന്നെ അപ്രത്യക്ഷമാകുന്നു മദന്‍മോഹന്റെ പാട്ടുകളില്‍ നിന്ന്. ``റയീസിനെപ്പോലെ മറ്റാര്‍ക്കും മനസ്സിലാവില്ല എന്നെയും എന്റെ സംഗീതത്തെയും'' എന്നായിരുന്നു മദന്‍ മോഹന്റെ വിശദീകരണം.  ഫലം: `ഹസ്‌തേ സഖ' മിന്  പിന്നാലെ വന്ന ഹിന്ദുസ്ഥാന്‍ കി കസം,  മൗസം, ലൈലാ മജ്‌നു  തുടങ്ങിയ ചിത്രങ്ങളില്‍ നിന്ന് മിക്കവാറും പൂര്‍ണ്ണമായിത്തന്നെ സിതാറിനെ ഒഴിച്ചുനിര്‍ത്തി മദന്‍മോഹന്‍. 

ഗാനങ്ങളിലും പശ്ചാത്തല സംഗീതത്തിലും  ഒരുപോലെ റയീസ് ഖാന്റെ പ്രതിഭ  പ്രയോജനപ്പെടുത്തിയ വേറെയും സംഗീതസംവിധായകരുണ്ട്. ``പക്കീസ'' യില്‍  ഗുലാം മുഹമ്മദ് ചിട്ടപ്പെടുത്തിയ അപൂര്‍വ സുന്ദര ഗാനങ്ങളില്‍ മാത്രമല്ല നൗഷാദിന്റെ റീ-റീക്കോര്‍ഡിംഗിലും തിളങ്ങിനില്‍ക്കുന്നു ഉസ്താദിന്റെ സിതാര്‍ വൈഭവം.  മയങ്ങിക്കിടക്കുന്ന സുന്ദരിയായ സാഹിബ്ജാനിന്റെ (മീനാകുമാരി)  മൃദുലകോമളപാദങ്ങള്‍   ആദ്യമായി കണ്ടു നിര്‍വൃതിയടയുന്ന `പക്കീസ'യിലെ സലിം അഹമ്മദ് ഖാന്റെ (രാജ്കുമാര്‍) ചിത്രം ഓര്‍മ്മയില്ലേ? ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വികാരോജ്വലമായ മുഹൂര്‍ത്തം എന്ന് ഒരിക്കല്‍ നൗഷാദ് തന്നെ വിശേഷിപ്പിച്ച ഈ രംഗത്തിനു മിഴിവേകിയത് റയീസ് ഖാന്റെ സിതാര്‍ നോട്ടുകളാണ്. ഇതേ നൗഷാദിന്റെ ``ഡൂംഡോ ഡൂംഡോരേ സാജ്നാ'' (ഗംഗാ ജംനാ) ആണ് താന്‍ സിതാറില്‍ അനുഗമിച്ച നൂറുകണക്കിന് ഗാനങ്ങളില്‍ റയീസ് ഖാന്റെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്നു നിന്നിരുന്നത് എന്നുകൂടി  അറിയുക --പിന്നീടധികം പാട്ടുകളില്‍ ഇരുവരും ഒരുമിച്ചില്ലെങ്കിലും.

ഒ പി നയ്യാറിന്റെ ഏറ്റവും മികച്ച പ്രണയഗാനങ്ങളിലുമുണ്ട് റയീസ് ഖാന്റെ സാന്നിധ്യം. `കശ്മീര്‍ കി കലി' (1964) യിലെ ``ദീവാനാ ഹുവാ ബാദല്‍'' ഓര്‍ക്കുക. റയീസിന്റെ സിതാറും  സുല്‍ത്താന്‍ ഖാന്റെ സാരംഗിയും ഐസക് ഡേവിഡിന്റെ മാന്‍ഡലിനും ചേര്‍ന്ന് സൃഷ്ടിച്ച അലൗകിക നാദപ്രവാഹത്തില്‍  മുഹമ്മദ് റഫിയുടെയും ആശാ ഭോസ്ലെയുടെയും കാല്‍പ്പനിക ശബ്ദങ്ങള്‍ വന്നു നിറയുമ്പോഴുള്ള  അനുഭൂതി വിവരണാതീതം. `മേരെ സന' (1965) മിലെ `ജായിയേ  ആപ് കഹാം ജായേംഗേ' (ആശ ഭോസ്ലെ) ആണ് സമാനമായ മറ്റൊരു ശ്രവ്യാനുഭവം. ശങ്കര്‍ ജയ്കിഷന്‍ ചിട്ടപ്പെടുത്തിയ ``തീസ്രി കസ'' (1966) മിലെ `സജന്‍വാ ബൈരി ഹോ ഗയേ ഹമാര്‍' എന്ന ഗാനത്തില്‍ ഖാന്‍ സാഹിബിന്റെ സിതാര്‍ മുകേഷിന്റെ വിഷാദമധുര ശബ്ദവുമായി ഹൃദയത്തിന്റെ ഭാഷയില്‍ സംവദിക്കുന്നത് നാം കേള്‍ക്കുന്നു. ഇതേ ശങ്കര്‍ ജയ്കിഷന്‍   1968 ല്‍ പുറത്തിറക്കിയ `രാഗാ ജാസ് സ്‌റ്റൈല്‍'  എന്ന  ഫ്യൂഷന്‍ ആല്‍ബത്തിലും ഉണ്ടായിരുന്നു  റയീസ് ഖാന്റെ സജീവ സാന്നിധ്യം. ജയദേവ് ആണ് ഉസ്താദിന്റെ കഴിവുകള്‍  സ്വന്തം ഗാനങ്ങളില്‍ പതിവായി പ്രയോജനപ്പെടുത്തിയ മറ്റൊരു സംഗീത സംവിധായകന്‍. രേശ്മാ ഔര്‍ ശേര, ഹം ദോനോം, പ്രേംപര്‍ബത്  തുടങ്ങി ഒരു പിടി നല്ല  ചിത്രങ്ങള്‍. `ഹം ദോനോ'മിലെ ഹൃദയസ്പര്‍ശിയായ ആ പ്രാര്‍ത്ഥനാഗീതം -- അല്ലാ തേരോ നാം-- ചിട്ടപ്പെടുത്തിയത് താനാണെന്ന് അവകാശപ്പെടുന്നു  റയീസ് ഖാന്‍; പാട്ടു പുറത്തുവന്നത് ജയദേവിന്റെ  പേരിലാണെങ്കിലും.

സിനിമാപ്പാട്ടുകള്‍ക്ക് സിതാര്‍ വായിച്ചു നടന്നതിന്റെ പേരില്‍ പാരമ്പര്യവാദികളില്‍ നിന്ന് ഏറെ പഴിയും പരിഹാസവും ഏറ്റുവാങ്ങിയിട്ടുണ്ട്  ഖാന്‍ സാഹിബ്.  ``ശാസ്ത്രീയ സംഗീതം തന്നെയാണ് ശ്രേഷ്ഠം; സംശയമില്ല. എങ്കിലും  1950 കളിലെയും 60 കളിലെയും ചലച്ചിത്ര ഗാനങ്ങള്‍ നമ്മുടെ ഏതു ശാസ്ത്രീയ കൃതികളോടും കിടപിടിക്കും എന്ന് പറയാതെ വയ്യ.  മഹാരഥന്മാരായ സംഗീതസംവിധായകരുടെ പ്രതിഭാസ്പര്‍ശം  ഉണ്ടായിരുന്നു അവക്ക് പിന്നില്‍. അതിപ്രഗല്ഭരായ വാദ്യകലാകാരന്മാര്‍ക്കൊപ്പം അത്തരം സൃഷ്ടികളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞു എന്നത് മറ്റൊരു മഹാഭാഗ്യം.'' -- റയീസ് ഒരിക്കല്‍ പറഞ്ഞു. മറക്കാനാവാത്ത അനുഭവം ആഖ്രി ഖത് (1966) എന്ന ചിത്രത്തിലെ ``ബഹാരോം മേരാ ജീവന്‍ ഭി സവാരോം'' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ സിതാര്‍ മീട്ടിയതാണ്. കൂടെ വായിച്ചത് ബാംസുരി  ഇതിഹാസമായ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയും സന്തൂര്‍ മാന്ത്രികന്‍ ശിവ്കുമാര്‍ ശര്‍മ്മയും. ഖയ്യാം സ്വരപ്പെടുത്തിയ കഷ്ടിച്ച് ഒന്നര മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള ആ സംഗീത ശകലത്തെ ഇന്ത്യന്‍ സിനിമാഗാനങ്ങളില്‍ കേട്ട ഏറ്റവും മികച്ച ``ഇന്‍ട്രോ പീസ്'' ആയി വാഴ്ത്തുന്നു നിരൂപകര്‍.

ബ്രിട്ടീഷ് ഇന്ത്യയിലെ ഇന്‍ഡോറില്‍ ജനിച്ച റയീസ് ഖാന്‍ വളര്‍ന്നത് മുംബൈയിലാണ്. സിതാറിസ്റ്റും രുദ്രവീണാ വാദകനുമായ അച്ഛന്‍ മുഹമ്മദ് ഖാന്റെയും മുത്തച്ഛന്‍  ഇനായത് അലി ഖാന്റെയും  അമ്മാവന്‍ വിലായത് ഖാന്റെയും പാരമ്പര്യമായിരുന്നു സിതാറിന്റെ വഴി തിരഞ്ഞെടുക്കാന്‍ പ്രചോദനം. ആദ്യ കച്ചേരി അഞ്ചാം വയസ്സില്‍ മുംബൈയിലെ സുന്ദര്‍ബായ് ഹാളില്‍. ശാസ്ത്രീയ സംഗീത സപര്യയും സിനിമാ ജീവിതവും ഏറെക്കുറെ സമാന്തരമായി കൊണ്ടുപോയ റയീസ് 1986 ല്‍ ഇന്ത്യ വിട്ട് പാകിസ്ഥാനില്‍ കുടിയേറിയപ്പോള്‍ ദുഃഖിച്ചവരും രോഷം കൊണ്ടവരും ഏറെ. ``അര്‍ഹിക്കുന്ന അംഗീകാരം നിഷേധിക്കപ്പെടുന്നതിലുള്ള വേദന''യായിരുന്നു ആ കുടിയേറ്റത്തിനു പിന്നില്‍. ഉസ്താദ് അല്ലാ രഖാ ഉള്‍പ്പെടെയുള്ള  സംഗീതജ്ഞര്‍ അന്ന് റയീസിനോട് ചോദിച്ച ഒരു ചോദ്യമുണ്ട്: ``ഇന്ത്യയില്‍ കിട്ടാത്ത  അംഗീകാരം പാകിസ്ഥാനില്‍ പ്രതീക്ഷിക്കാമോ?''    പരമോന്നത ബഹുമതികള്‍ പലതും (സിതാര - ഇ - ഇംതിയാസ്,  പ്രൈഡ് ഓഫ് പെര്‍ഫോമന്‍സ്) തേടിയെത്തിയെങ്കിലും പാകിസ്ഥാനിലെ  സംഗീത ലോകത്ത് നിലനിന്ന ഉച്ചനീചത്വങ്ങളില്‍  ഖിന്നനായിരുന്നു റയീസ് ഖാന്‍; മരണം വരെ. 

ജന്മദേശം വിട്ട് പറന്നകലാനുള്ള  തീരുമാനത്തില്‍  എന്നെങ്കിലും പശ്ചാത്തപിച്ചിരിക്കുമോ ഉസ്താദ് റയീസ് ഖാന്‍? അറിയില്ല. എങ്കിലും, അവസാനമായി ഇന്ത്യയില്‍ നടത്തിയ കച്ചേരിയില്‍ ``പക്കീസ''യിലെ  തനിക്കേറെ പ്രിയപ്പെട്ട പശ്ചാത്തല സംഗീത ശകലങ്ങള്‍ സിതാറില്‍ വായിച്ചുകേള്‍പ്പിച്ച ശേഷം വികാരാധീനനായി ഖാന്‍ സാഹിബ് പറഞ്ഞ ഒരു വാചകം ഓര്‍മ്മയുണ്ട്: ``ഓരോ തവണയും ഇന്ത്യയില്‍ വന്നുപോകുമ്പോള്‍  ഹൃദയം ഇവിടെ മറന്നുവെച്ചാണ് ഞാന്‍ മടങ്ങുക.'' നിശബ്ദമായ ഒരു വിങ്ങല്‍ ഉണ്ടായിരുന്നോ ആ വാക്കുകളില്‍?