(നന്ദി, പ്രിയ രജീന്ദ്രകുമാർ .. ഈ രേഖാചിത്രത്തിന്)

തെന്നൽ, നിലാവ്, തുമ്പി, വാവ, ചെമ്പകം, പാപ്പാത്തി, കിലുകിൽ, കുക്കുടു, ചക്കര, തൂവൽ, സ്വർഗം, കിനാവ്....  കേട്ടാൽ ഓമനത്തം തോന്നുന്ന മനോഹര പദങ്ങൾ. വല്ല സിനിമാപ്പാട്ടിലും നിന്ന് ഇറങ്ങിവന്നതോ എന്ന് തോന്നും നമുക്ക്. അല്ല എന്നാണുത്തരം. എല്ലാം ``സ്നേഹ''പ്പേരുകളാണ്. കുപ്രസിദ്ധ ഗുണ്ടകളുടെ വിശേഷണങ്ങൾ. ചെമ്പകം സുരേഷ്, നിലാവ് ബെന്നി, കിലുകിൽ കാസിം എന്നിങ്ങനെ.  

ഇവർക്കൊക്കെ  ആരും കൊതിക്കുന്ന ഇത്തരം ആർദ്രമധുരനാമങ്ങൾ  വീണുകിട്ടിയതെങ്ങനെ എന്നോർക്കാറുണ്ട്. സ്വയം എടുത്തണിഞ്ഞതോ അതോ ഓരോരുത്തരുടെയും ഇഷ്ടമേഖലകൾ കണക്കിലെടുത്ത് നാട്ടുകാർ സന്ദർഭാനുസരണം ചാർത്തിക്കൊടുത്തതോ? ചിലതൊക്കെ അങ്ങനെയാണെന്ന് പത്രം വായിച്ചറിയാം. പാപ്പാത്തിക്ക് ദീർഘനേരം ചുമരിൽ അള്ളിപ്പിടിച്ചിരിക്കുന്നതാണത്രെ ഹരം. സ്വർഗ്ഗത്തിന് കമ്പം ഇരകളെ ഇടിച്ചു സ്വർഗ്ഗം കാണിക്കുന്നതിൽ. തുമ്പി, പെൻസിലോളം മെലിഞ്ഞ ഗുണ്ട. പക്ഷേ കത്തി ഉന്നം തെറ്റാതെ വീശുന്നതിൽ വേന്ദ്രൻ. നിലാവാകട്ടെ, ചന്ദ്രികാചർച്ചിത രാത്രികളിലേ ഇരകളെ തേടാറുള്ളൂ. ബാക്കി ദിവസങ്ങളിൽ വാർക്കപ്പണി.

മറ്റൊരാളെക്കൂടി  ഈ ഗണത്തിൽ ഉൾപ്പെടുത്തിയേ പറ്റൂ: മൈനാകം മനു. 
‍‍
പാട്ടിലൂടെ  കൈവന്ന അപൂർവ സൗഹൃദമാണ് മനുവുമായി. (അതല്ല യഥാർത്ഥ പേര്. പൊറുക്കുക) ബിച്ചു തിരുമല വിടപറഞ്ഞ നാൾ ഫേസ്ബുക്കിൽ ``മൈനാകം കടലിൽ നിന്നുയരുന്നുവോ'' എന്ന പാട്ടിനെക്കുറിച്ചെഴുതിയ കുറിപ്പ് വായിച്ചു ആവേശം പൂണ്ട് വിളിച്ചതാണ്. ആരോ വാട്സാപ്പിൽ പങ്കുവെച്ച കുറിപ്പ് മനഃപാഠമാക്കിയിരിക്കുന്നു മനു. ``എന്തൊരിഷ്ടമാണെന്നോ അണ്ണാ ആ പാട്ട്. അമ്മയ്ക്കും മരണ ഇഷ്ടമായിരുന്നു മൈനാകം. കുഞ്ഞായിരുന്നപ്പോൾ എന്നെ ഉറക്കിയിരുന്നത് പോലും മൈനാകം പാടിയാണ് പോലും...''  
ജോലിയെന്തെന്ന് ചോദിച്ചപ്പോൾ പറയാൻ മനുവിന് തെല്ലൊരു സങ്കോചം. ``അങ്ങനെയൊന്നുമില്ലണ്ണാ. ഇവിടെ ഒരു ഇൻഡസ്ട്രിയലിൽ പോകുന്നുണ്ട്. ഒറ്റത്തടിയല്ലേ. അതുകൊണ്ട് കാര്യമായ ചെലവൊന്നുമില്ല. കിട്ടുന്നതുകൊണ്ട് അങ്ങനെ ജീവിച്ചു പോകുന്നു...''
നിമിഷങ്ങളുടെ  മൗനം. അതുകഴിഞ്ഞാണ് എന്നെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ. ``പിന്നെ, അണ്ണനോടാകുമ്പോൾ പറയാമല്ലോ. അൽപ്പസ്വൽപ്പം കൊട്ടേഷന്റെ ഇടപാടുമുണ്ട്. എപ്പോഴുമില്ല. സീസൺ കാലത്ത് മാത്രം..''

ക്വട്ടേഷൻ? ``അതെ. ചെറുകിട അടി, ഇടി, കത്തി കാട്ടി ഭീഷണിപ്പെടുത്തൽ. അത്രയൊക്കെയേ ഉള്ളു. കടം വാങ്ങി മുങ്ങിയവർ, മാന്യമായി ജീവിക്കുന്ന പെൺകുട്ടികളുടെ ഫോട്ടോ മൊബൈലിൽ എടുത്ത് പേടിപ്പെടുത്തുന്നവർ, അങ്ങനത്തെ സാമദ്രോഹികളെയാണ്  കത്തി കാട്ടി വിരട്ടുക. സാമാന്യം നല്ല റേറ്റ് കിട്ടും. ഇടക്ക് പോലീസ് കേസ് വരുമ്പോ ഊരിപ്പോകാൻ കുറച്ചു ബുദ്ധിമുട്ടേണ്ടി വരും എന്നൊരു പ്രശ്നമേയുള്ളൂ...''
അത്ഭുതം തോന്നി. പാട്ടിനെക്കുറിച്ചു സംസാരിക്കുമ്പോൾ ആർദ്രചിത്തനാകുന്ന ഈ ചെറുപ്പക്കാരനിൽ കത്തിവീശുന്ന ഒരു ഗുണ്ടയോ? സംസാരത്തിൽ അതീവ കാല്പനികനും  മൈനാകം പോലെ മുഗ്ദ്ധമധുരമായ ഒരു മെലഡിയുടെ ആരാധകനുമായ ഒരാൾക്ക് എങ്ങനെ ഇത്ര ക്രൂരനാകാൻ കഴിയും? ക്വട്ടേഷനും കത്തിയേറും കാൽപ്പനികതയും ഗൃഹാതുരത്വവുമൊന്നും ഒരു വണ്ടിയിൽ ഒരേസമയം കയറ്റിവിടാൻ പോന്ന ചരക്കുകളല്ലല്ലോ.

അറിയാൻ കൗതുകം തോന്നിയെങ്കിലും ചോദിച്ചില്ല. ഓരോരുത്തർക്കും അവരവരുടെ ജീവിതം തിരഞ്ഞെടുക്കാൻ കാരണങ്ങളുണ്ടാകും. ചിലപ്പോൾ സാഹചര്യങ്ങൾ ആ തിരഞ്ഞെടുപ്പ് അനിവാര്യമാക്കിയതാവാം. കൂടുതൽ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നതെന്തിന്? വിശദീകരിക്കാൻ മനുവിനും ഉണ്ടായിരുന്നില്ല താൽപ്പര്യം.

എങ്കിലും പേരിലെ ഈ ``മൈനാകം'' എങ്ങനെ വന്നുവീണു എന്നറിയാനൊരു മോഹം. ``ഞാൻ തന്നെ ഇട്ടതാണ്  അണ്ണാ. പേപ്പറിലൊക്കെ കൊട്ടേഷൻകാരുടെ  പേര് കാണുമ്പോൾ രസം തോന്നും. ഇരട്ടപ്പേര് ഇല്ലാത്ത ഒരുത്തനുമില്ല. എനിക്കും കിട്ടി ഒന്ന്. സത്യം പറയാമല്ലോ. പച്ചത്തെറിയായിരുന്നു. അതൊന്ന് മാറ്റിയെടുക്കാൻ വേണ്ടി പെട്ട പാട് എനിക്കേ അറിയൂ. ഭാഗ്യത്തിന് മൈനാകം എന്ന പാട്ടിനോടുള്ള എന്റെ ഭ്രാന്ത് കൂട്ടുകാരന്മാർക്ക് അറിയാം. അവരെക്കൊണ്ട് വിളിപ്പിച്ചു വിളിപ്പിച്ചാണ് ഞാൻ മൈനാകം മനുവായത്... ഇന്നിപ്പോൾ ഈ പേരിലേ അധികമാളുകളും എന്നെ അറിയൂ..''

ആ പേര് ചാർത്തിക്കിട്ടിയതിനു പിന്നിൽ മറ്റൊരു രഹസ്യം കൂടിയുണ്ട്. ദീർഘനേരം ശ്വാസമടക്കിപ്പിടിച്ചു വെള്ളത്തിൽ മുങ്ങിക്കിടക്കാൻ കഴിയും മനുവിന്. കുട്ടിക്കാലത്തേ ഉള്ള ശീലം. മൈനാകം കടലിൻ നിന്നുയരുന്ന പോലെയാണ് പിന്നെ പൊങ്ങുക. അതും ഇരട്ടപ്പേരിന് കാരണമായിട്ടുണ്ടെന്ന് തുറന്നുപറയുന്നു മനു.  വിടപറയുമ്പോൾ ഒരാവശ്യം കൂടി പങ്കുവെച്ചു മനു: ``അണ്ണൻ ഇനി ശ്യാം സാറിനെ വിളിക്കുമ്പോൾ എന്റെ കാര്യം പറയണം.  ജാനകിയമ്മയെ ഒരിക്കൽ ഒരു പരിപാടിക്ക് വന്നപ്പോൾ കണ്ടു പരിചയപ്പെട്ടിട്ടുണ്ട്. പക്ഷേ ബിച്ചു  സാറിനെയും ശ്യാം സാറിനെയും കാണാനുള്ള ആഗ്രഹം അതേപടി നിൽക്കുന്നു. ബിച്ചു സാർ പോയി. ഇനി ശ്യാം സാറേ ഉള്ളൂ. കാണാൻ ഭാഗ്യമുണ്ടാകുമോ എന്നറിയില്ല. എന്തായാലും അണ്ണൻ പറയണം അദ്ദേഹത്തോട്....'
'
തീർച്ചയായും പറയും, മനു. ``മഴനീർക്കണമായ് താഴത്തുവീഴാൻ വിധികാത്തു നിൽക്കും ജലദങ്ങൾ പോലെയുള്ള'' ഈ മനുഷ്യ ജന്മത്തിൽ ഇതൊക്കെയല്ലേയുള്ളൂ  എന്നും ഓർത്തുവെക്കാനും അത്ഭുതം കൊള്ളാനും..?

Content Highlights : Thrishna Movie song Mainakam Kadalil Shyam Bichi Thirumala