മാര്‍ച്ച് 11; തിക്കുറിശ്ശിയുടെ ഓര്‍മ്മദിനം..
പാട്ടെഴുതിയ കടലാസിലേക്കും തിക്കുറിശ്ശി സുകുമാരന്‍ നായരുടെ മുഖത്തേക്കും മാറിമാറി നോക്കി ബാബുരാജ്; കളി നമ്മളോടോ എന്ന മട്ടില്‍. പിന്നെ പൊട്ടിച്ചിരിച്ചുകൊണ്ടൊരു ചോദ്യം: മാഷേ, അപ്പോ നിങ്ങളെന്നെ അക്ഷരം പഠിപ്പിക്കാന്‍ ഒരുങ്ങി ഇറങ്ങിയിക്കയാണ് അല്ലേ? എഴുത്തും വായനയും ഒക്കെ നമ്മക്കും അറിയാം ട്ടോ...''
ബാബുക്കയുടെ ചോദ്യം ന്യായം. തിക്കുറിശ്ശിയുമായി ആദ്യമൊന്നിക്കുന്ന സിനിമയായ സരസ്വതി'' (1970) യില്‍ കാവ്യഗുണമുള്ള രചനകള്‍ അദ്ദേഹം പ്രതീക്ഷിച്ചുപോയത് സ്വാഭാവികം. വെറുമൊരു ഗാനരചയിതാവല്ലല്ലോ തിക്കുറിശ്ശി. സാഹിത്യ സാര്‍വഭൗമനാണ്. പക്ഷേ സരസ്വതി''ക്ക് വേണ്ടി തിക്കുറിശ്ശി ആദ്യമെഴുതിക്കൊടുത്ത പാട്ടിന്റെ പല്ലവിയില്‍ ആകെയുള്ളത് മലയാളഭാഷയിലെ അമ്പത്തൊന്നക്ഷരങ്ങള്‍ മാത്രം. അ, ആ, ഇ, ഈ യില്‍ തുടങ്ങി ള, ഴ, റ'' യില്‍ അവസാനിക്കുന്ന അക്ഷരമാല. സകലകലാവല്ലഭനും ഫലിതപ്രിയനുമായ തിക്കുറിശ്ശിയുടെ മറ്റൊരു കുസൃതി മാത്രമോ ഇത്? -- ബാബുരാജിന് സംശയം.
പക്ഷേ തിക്കുറിശ്ശി സീരിയസ് ആയിരുന്നു; നൂറു ശതമാനം. എന്റെ സിനിമയിലെ സന്ദര്‍ഭത്തിന് യോജിക്കുന്ന പാട്ടാണ് അന്ന് ഞാന്‍ എഴുതിക്കൊടുത്തത്.''-- തിക്കുറിശ്ശിയുടെ വാക്കുകള്‍. പ്രേംനസീര്‍ അവതരിപ്പിക്കുന്ന മന്ദബുദ്ധിയായ ഭര്‍ത്താവിനെ ഭാര്യ അക്ഷരം പഠിപ്പിച്ചു ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന രംഗം. ഓം ഹരിശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു എന്ന വരിയില്‍ തുടങ്ങി അമ്പത്തൊന്ന് അക്ഷരങ്ങളും കടന്നു ചരണത്തിലെത്തുമ്പോഴേക്കും മലയാള ഭാഷാസ്തുതിയായി മാറണം ആ ഗാനം. പാട്ട് തീരുന്നതോടെ നസീറിന്റെ കഥാപാത്രം ജ്ഞാനിയായി മാറുകയാണ്. എന്നാല്‍ പിന്നെ അക്ഷരങ്ങള്‍ ചുമ്മാ പറഞ്ഞാല്‍ പോരേ എന്ന് ബാബുവിന്റെ ചോദ്യം. ഇംഗ്ലീഷ് അക്ഷരമാല ഒരു പ്രത്യേക ഈണത്തിലാണല്ലോ നാം ചൊല്ലാറുള്ളത്. മലയാളത്തിലും അത് പരീക്ഷിക്കുന്നതില്‍ തെറ്റില്ലെന്ന് ഞാന്‍. ''
പടത്തിന്റെ തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവുമെല്ലാമായ തിക്കുറിശ്ശിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ തന്നെ തീരുമാനിക്കുന്നു ബാബുരാജ്. നിമിഷങ്ങള്‍ക്കകമാണ് ആളെ 'സുയിപ്പാക്കുന്ന'' ആ രചനയില്‍ നിന്ന് ബാബുരാജ് ലളിതസുന്ദരമായ ഒരു രാഗമാലിക സൃഷ്ടിച്ചതെന്ന് തിക്കുറിശ്ശി. യേശുദാസിന്റെ ശബ്ദത്തില്‍ ആ പാട്ട് പിറ്റേന്ന് തന്നെ റെക്കോര്‍ഡ് ചെയ്യപ്പെട്ടു.
സരസ്വതിയില്‍ മാത്രമേ ഞാന്‍ ബാബുവിനെ കൊണ്ട് സംഗീതം ചെയ്യിച്ചിട്ടുള്ളൂ. വ്യക്തി എന്ന നിലയിലും എനിക്കിഷ്ടമാണ് അയാളെ. നിഷ്‌കളങ്കമായ പെരുമാറ്റം, സംഭാഷണരീതി. പിന്നെ, അല്‍പ്പം സേവിക്കുന്ന ശീലം കൂടിയായപ്പോള്‍ ഞങ്ങളുടെ രാത്രികള്‍ കുശാല്‍. ഏതു ബഹളത്തിനിടയില്‍ ഇരുന്നും ഹാര്‍മോണിയത്തില്‍ ബാബു ട്യൂണ്‍ ഉണ്ടാക്കും. ആ പെട്ടിവായന കാണാന്‍ വേണ്ടിയാണ് സത്യത്തില്‍ ഞാന്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയെ മാറ്റി അയാളെ സംഗീത സംവിധാനചുമതല ഏല്‍പ്പിച്ചത് തന്നെ. ബാബു എന്റെ സിനിമയില്‍ ചിട്ടപ്പെടുത്തിയ ശ്ലോകങ്ങളും ഭക്തിഗാനങ്ങളും കേട്ട് സാക്ഷാല്‍ സ്വാമി പോലും അന്തം വിട്ടു.''-- തിക്കുറിശ്ശിയുടെ ഓര്‍മ്മ. ഒപ്പം സരസ്വതി''യില്‍ എസ് ജാനകി പാടിയ ''മരതക മണിവര്‍ണ്ണാ'' എന്ന പാട്ട് പാടിക്കേള്‍പ്പിക്കുക കൂടി ചെയ്തു അദ്ദേഹം. ആദ്യം കേള്‍ക്കുകയായിരുന്നു ഞാന്‍ ആ പാട്ട്.
Content Highlights: Thikkurissy Sukumaran Nair death anniversary, saraswathi movie, Prem Nazir, Ragini