``പൊൻവീണേ'' എന്ന പാട്ടിനെ മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിൽ ഒന്നായി നിലനിർത്തുന്ന മാജിക് എന്താവണം?
പൂവച്ചൽ ഖാദറിന്റെ വരികൾ, രഘുകുമാറിന്റെ സംഗീതം, എം ജി ശ്രീകുമാറിന്റേയും ചിത്രയുടെയും ആലാപനം, മോഹൻലാൽ -- ലിസിമാരുടെ അഭിനയം, പ്രിയദർശന്റെ സംവിധാനം....എല്ലാ ഘടകങ്ങളും ചേരുംപടി ചേർന്നപ്പോഴുള്ള ഇന്ദ്രജാലം തന്നെ.
എന്നാൽ ഇതിനെല്ലാമപ്പുറത്ത് ആ ഗാനത്തിന്റെ വിജയത്തിന് പിന്നിൽ മറ്റൊന്നുകൂടി ഉണ്ടെന്ന് വിശ്വസിച്ചു സംഗീതസംവിധായകൻ രഘുവേട്ടൻ -- പാട്ടിന്റെ തുടക്കത്തിലെ ``പൊൻവീണേ'' എന്ന ഒരൊറ്റ വാക്ക്. ``ആ വാക്കായിരുന്നു ആ പാട്ടിന്റെ ഏറ്റവും വലിയ അനുഗ്രഹം. ദൈവസ്പർശം എന്ന് തന്നെ വേണം പറയാൻ. മറ്റൊരു വാക്കിലായിരുന്നു പാട്ട് തുടങ്ങിയിരുന്നതെങ്കിൽ ഇത്രത്തോളം ജനപ്രിയമാകുമായിരുന്നില്ല അതെന്നുതന്നെ വിശ്വസിക്കുന്നു ഞാൻ. വാഗ്ദേവതയ്ക്ക് നന്ദി; പൂവച്ചലിനും..''
താളവട്ടത്തിലെ ആ സൂപ്പർ ഹിറ്റ് ഗാനത്തിന്റെ പിറവിയുടെ കഥ പറയുന്നു രഘുവേട്ടൻ. ``സ്വർണചാമരം'' എന്ന പുസ്തകത്തിൽ..
``എത്രയെത്ര പാട്ടുകൾ ചെയ്തു. പക്ഷെ മലയാളികൾ ഇന്നും എന്നെ തിരിച്ചറിയുന്നത് രണ്ടു പാട്ടുകളുടെ പേരിലാണ്: ഒന്ന് ചെമ്പരത്തിപൂവേ. പിന്നൊന്ന് പൊൻവീണേ... രണ്ടാമത്തെ പാട്ടു ഇത്രയും ഹിറ്റായതിൽ പ്രിയദർശനും മോഹൻലാലിനും കൂടി നന്ദി പറയുന്നു ഞാൻ. വേദിയിൽ ആ ഗാനത്തിന്റെ തുടക്കത്തിലെ ലാ ലാ ലാ എന്ന ഹമ്മിംഗ് പാടി തുടങ്ങുമ്പോഴേ സദസ്സ് ഇളകിമറിയാറുണ്ടെന്ന് അടുത്തിടെ ഒരു ടി വി പരിപാടിയിൽ എം ജി ശ്രീകുമാർ പറഞ്ഞു കേട്ടപ്പോൾ സന്തോഷം തോന്നി. ആ പാട്ട് ഇന്നും മലയാളിയുടെ മനസ്സിൽ ജീവിക്കുന്നു എന്നാണല്ലോ അതിന്റെ അർത്ഥം.''
ചെന്നൈ പാംഗ്രൂവ് ഹോട്ടലിൽ വച്ചുള്ള `പൊൻവീണേ'യുടെ കമ്പോസിംഗ് ഇന്നലെയെന്ന പോലെ ഓർക്കുന്നു രഘുകുമാർ. ``താളവട്ടത്തിന്റെ സംവിധായകൻ പ്രിയദർശനും ഗാനരചയിതാവ് പൂവച്ചൽ ഖാദറും ഉണ്ട് മുറിയിൽ. അഗാധമായ സംഗീതബോധമുള്ള വ്യക്തിയാണ് പ്രിയൻ. . തനിക്കു വേണ്ടതെന്ത് എന്നതിനെ കുറിച്ച് ഉത്തമ ബോധ്യമുള്ള സംവിധായകൻ. പാട്ടിന്റെ സന്ദർഭം പറഞ്ഞു തരുന്നതോടൊപ്പം അതിന്റെ വർണ്ണപ്പകിട്ടാർന്ന വിഷ്വൽ കൂടി നമ്മുടെ മനസ്സിൽ വരച്ചിടും അദ്ദേഹം. അന്നത്തെ ഇരിപ്പിൽ അപ്രതീക്ഷിതമായി എൻറെ മനസ്സിൽ വിരിഞ്ഞ ഒരു സംഗീതശകലം ലാ ലാ ലാ എന്ന മൂളിപ്പാട്ടായി പുറത്തുവന്ന നിമിഷം പ്രിയന്റെ ആഹ്‌ളാദം നിറഞ്ഞ പ്രതികരണം ഓർമയുണ്ട്: ``ഇത് മതി നമുക്ക്. ഇതാണ് നമ്മുടെ പാട്ടിന്റെ തുടക്കം.''
തികച്ചും ലളിതമായ ആ മ്യൂസിക്കൽ ബിറ്റിനു നിമിഷങ്ങൾക്കകം പൊൻവീണേ എന്ന വാക്കിൻറെ ചിറകു നൽകുന്നു പൂവച്ചൽ. ബാക്കിയുള്ള ഈണവും വരികളും വഴിക്ക് വഴിയായാണ് വന്നത്.'' എ വി എം ആർ ആർ സ്റ്റുഡിയോയിൽ എം ജി ശ്രീകുമാറിന്റെയും ചിത്രയുടെയും സ്വരത്തിൽ പിറ്റേന്ന് റെക്കോർഡ് ചെയ്ത ആ ഗാനം വെള്ളിത്തിരയിൽ മോഹൻലാലും ലിസിയും ചേർന്നു അവിസ്മരണീയമാക്കിയത് പിന്നീടുള്ള കഥ.
പ്രിയദർശനുമായുള്ള കൂട്ടുകെട്ടിന്റെ തുടക്കം ``ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ'' (1985 ) എന്ന ചിത്രത്തിലായിരുന്നു. ``ഫീൽഡിൽ സജീവമാകുന്നതിനു മുൻപേ പരിചയമുണ്ട് പ്രിയനെ . എന്നെങ്കിലും സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ സംഗീതം ചെയ്യാൻ ചേട്ടന് അവസരം തരും എന്ന് പ്രിയൻ പറയാറുണ്ടായിരുന്നു. അത് വെറും തമാശ ആയിരുന്നില്ല എന്ന് മനസ്സിലായത് ഒന്നാനാം കുന്നിന്മേൽ എന്ന പടത്തിനു പാട്ടുണ്ടാക്കാൻ ക്ഷണം ലഭിച്ചപ്പോഴാണ്.'' രഘു ഓർക്കുന്നു. ചുനക്കര ഗാനങ്ങളെഴുതിയ ആ പടത്തിൽ യേശുദാസ്, ചിത്ര, എം ജി ശ്രീകുമാർ, ചിത്ര, സിബല്ല എന്നിവർക്കൊപ്പം ഒരു ``നവാഗതൻ'' കൂടി ഉണ്ടായിരുന്നു ഗായകനായി-- മോഹൻലാൽ. ശ്രീകുമാറിനൊപ്പം സിന്ദൂര മേഘമേ എന്ന പാട്ടാണ് ലാൽ പാടിയത്.
``പ്രിയനോടൊപ്പം പാട്ടുണ്ടാക്കുന്നത് തന്നെ ഒരാഘോഷമാണ്. ഗാനസന്ദർഭം അതിന്റെ എല്ലാ വർണഭംഗിയോടെയും വിവരിച്ചു തരും അദ്ദേഹം. നമുക്ക് നമ്മുടെതായ രീതിയിൽ അതിനൊരു സംഗീതവ്യാഖ്യാനം നൽകാം. അതിനുള്ള പൂർണസ്വാതന്ത്ര്യം എനിക്ക് അനുവദിച്ചു തന്നിരുന്നു അദ്ദേഹം. പരീക്ഷണങ്ങൾക്ക് നേരെ ഒരിക്കലും മുഖം തിരിച്ചു നിൽക്കില്ല. ഗാന ചിത്രീകരണങ്ങളിലും കാണാം ഈ പ്രത്യേകത. `ഹലോ മൈ ഡിയർ റോങ്ങ് നമ്പർ' എന്ന ചിത്രത്തിലെ രമേശൻ നായർ എഴുതി ഞാൻ ചിട്ടപ്പെടുത്തിയ നീയെൻ കിനാവോ എന്ന ഗാനം കൂറ്റനൊരു ടെലിഫോണിന്റെ പശ്ചാത്തലത്തിൽ എത്ര ആകർഷകമായാണ് അദ്ദേഹം ചിത്രീകരിച്ചതെന്നോർക്കുക. അതുപോലെ `ബോയിംഗ് ബോയിംഗ്' എന്ന സിനിമയിലെ തൊഴുകൈ കൂപ്പി ഉണരും എന്ന ഗാനവും.
`ആര്യനി'ലെ ഒരു പാട്ടിന്റെ കംപോസിംഗിനു മുൻപ് പ്രിയൻ നൽകിയ നിർദേശം ഇതായിരുന്നു: മുംബൈ അന്തരീക്ഷത്തിൽ ഹിന്ദു-മുസ്ലിം സംസ്കാരങ്ങൾ ഇഴുകിച്ചേർന്ന ഒരു ഗാനം വേണം. സിനിമയിലെ കഥാപാത്രം സിത്താർ വായിച്ചു പാടേണ്ട പാട്ട്. ഈ മൂന്ന് ഘടകങ്ങളും മനസ്സിൽ കണ്ടാണ് പൊൻമുരളിയൂതും എന്ന ഗാനം ചിട്ടപ്പെടുത്തിയത്. ആദ്യ കേൾവിയിലേ പ്രിയന് അത് ഇഷ്ടപ്പെടുകയും ചെയ്തു...''
പ്രിയന് വേണ്ടി ചെയ്ത ചിത്രങ്ങളിൽ ``താളവട്ടം'' ആയിരുന്നു ഏറ്റവും വലിയ മ്യൂസിക്കൽ ഹിറ്റ്. എല്ലാം ഒന്നിനൊന്നു മികച്ച ഗാനങ്ങൾ.-- -- പൊൻ വീണേ , കൂട്ടിൽ നിന്നും, കളഭം ചാർത്തും കനകക്കുന്നിൽ, കൊഞ്ചും നിൻ ഇമ്പം. പക്ഷെ ഇവയിൽ മൂന്ന് പാട്ടിന്റെ പിതൃത്വമേ അവകാശപ്പെടുന്നുള്ളൂ രഘുകുമാർ. ``കൂട്ടിൽ നിന്നും എന്ന ഗാനത്തിന്റെ ക്രെഡിറ്റ് എൻറെ അസിസ്റ്റന്റ്റ് ആയിരുന്ന രാജാമണിക്കാണ്. കംപോസിംഗ് വേളയിൽ രാജാമണിയാണ് ആ പാട്ടിന്റെ പല്ലവിയുടെ ഈണം നിർദേശിച്ചത്. പ്രിയൻ ഉൾപ്പെടെ ഞങ്ങൾക്കെല്ലാവർക്കും ആ ട്യൂൺ ഇഷ്ടമായി. ഗാനം പൂർത്തിയാക്കാൻ ഞാനും ഒപ്പം ചേർന്നു വെങ്കിലും ആ പാട്ടിന്റെ ക്രെഡിറ്റ് രാജാ മണിക്ക് തന്നെ നൽകണം എന്നാണ് എൻറെ അഭിപ്രായം. പരഖിലെ ലതാജി പാടിയ ഓ സജ്‌നാ എന്ന പ്രശസ്ത ഗാനത്തിന്റെ പല്ലവി സംഭാവന ചെയ്തത് തന്റെ അസിസ്റ്റന്റ് കാനു ഘോഷ് ആണെന്ന് തുറന്നു പറയാനുള്ള ആർജവം സലിൽ ചൗധരിക്ക് ഉണ്ടായില്ലേ? ഇക്കാര്യത്തിൽ സലിൽദാ ആണ് എൻറെ മാതൃക.'' രഘുകുമാർ ചിരിക്കുന്നു.
`ആര്യൻ' ആണ് രഘുവേട്ടൻ അവസാനമായി സംഗീതം നൽകിയ പ്രിയൻ ചിത്രം. പിന്നീടു എന്ത് കൊണ്ട് പ്രിയനുമായി ഒന്നിച്ചില്ല എന്ന ചോദ്യത്തിന് നിസ്സംഗമായ ഒരു ചിരിയാണ് മറുപടി: ``അതങ്ങനെ സംഭവിച്ചു എന്നെ പറയാനാകൂ. പ്രിയൻ ബോളിവുഡിൽ സജീവമായി. മലയാള പടങ്ങൾ ചെയ്യുന്നത് കുറഞ്ഞു. സിനിമയിൽ ഒരാൾക്കും സ്ഥിരമായി ഒരു ഗ്രൂപ്പിന്റെ ഭാഗമാകാൻ കഴിയണം എന്നില്ല. പുതിയ ആളുകൾ വരും; പോകും. ഞാനാണെങ്കിൽ ബന്ധങ്ങൾ നിലനിർത്തുന്നതിൽ അല്പം പിന്നോക്കമാണ് താനും. സിനിമയിൽ കരയുന്ന കുട്ടിയ്ക്കല്ലേ പാലുള്ളൂ? എൻറെ സമയദോഷം കൊണ്ടാവണം, പിന്നീട് പ്രിയന്റെ സിനിമകളിൽ സഹകരിക്കാൻ അവസരം ലഭിച്ചില്ല..''
Content highlights : Thalavattam Movie Song ponveene Priyadarshan Mohanlal Lissy MG sreekumar Chithra