ആത്മാവിലേക്ക് ഹിമകണം പോലെ വന്നുവീഴുന്ന പാട്ടുകള്‍. അവയില്‍ ചിലത് നമ്മെ ആഹ്‌ളാദഭരിതരാക്കുന്നു; ചിലത് മനസ്സില്‍ പ്രണയം നിറയ്ക്കുന്നു; ഇനിയും ചിലത് വല്ലാതെ നൊമ്പരപ്പെടുത്തുന്നു; കരയിക്കുന്നു...

ആദ്യത്തെ കേള്‍വിയിലേ തന്നെ പൊട്ടിക്കരയിച്ചുകളഞ്ഞ ഒരു പാട്ടിനെ കുറിച്ച് ഗായിക സുജാത പറഞ്ഞുകേട്ടത് കഴിഞ്ഞദിവസമാണ്. ``ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ മനസ്സില്‍ അജ്ഞാതമായ വിഷാദം ഉണ്ടാകാറുണ്ട് എന്നത് സത്യമാണ്. എങ്കിലും കരച്ചിലടക്കാന്‍ കഴിയാതെ പോയത് നടാടെയായിരുന്നു .'' -സുജാത പറഞ്ഞു. ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍ മനസ്സ് വിങ്ങും; കണ്ണുകള്‍ നിറയും.

ഗിരീഷ് പുത്തഞ്ചേരി എഴുതി വിദ്യാസാഗര്‍ ഈണമിട്ട ആ ഗാനം പാടിയത് യേശുദാസും ചിത്രയും വിദ്യാസാഗറും ചേര്‍ന്നാണ്: ``യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം, ആര്‍ദ്രമാം സ്‌നേഹം തേടി നോവുമായ് ആരോ പാടി...'' 1999 ല്‍ പുറത്തുവന്ന നിറം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ പാട്ട്.

``നിറത്തിലെ മിഴിയറിയാതെ എന്ന ഗാനത്തിന്റെ റെക്കോര്‍ഡിംഗ് കഴിഞ്ഞു മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് യാത്രയായ് സൂര്യാങ്കുരം എന്ന പാട്ടിന്റെ ഫൈനല്‍ വേര്‍ഷന്‍ വിദ്യ കേള്‍പ്പിച്ചത്.''-- സുജാത ഓര്‍ക്കുന്നു. ``പാട്ട് കേട്ടു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും എന്റെ ഭാവം മാറി. പറഞ്ഞറിയിക്കാനാവാത്ത ഒരു വിങ്ങല്‍. കൈകളില്‍ മുഖമമര്‍ത്തിയിരുന്നാണ് മുഴുവന്‍ കേട്ടുതീര്‍ന്നത്.'' അത്ഭുതത്തോടെ ആ ഭാവപ്പകര്‍ച്ച നോക്കിയിരിക്കുകയായിരുന്നു വിദ്യാസാഗര്‍. സംഗീത ശില്പിയെ സംബന്ധിച്ചും അത്യപൂര്‍വമായ അനുഭവമായിരുന്നല്ലോ അത്.

``പാട്ട് തീര്‍ന്നയുടന്‍ ഞാന്‍ ആദ്യം ചെയ്തത് ഫോണില്‍ ചിത്രയെ വിളിച്ച് അഭിനന്ദിക്കുകയാണ്. എത്ര ഭാവാര്‍ദ്രമായാണ് ചിത്രയും ദാസേട്ടനും ആ പാട്ടിന് ആത്മാവ് പകര്‍ന്നുനല്കിയിരിക്കുന്നത്..''-- സുജാതയുടെ വാക്കുകള്‍. ``വരികളും ഈണവും ആലാപനവും ചേരുമ്പോഴുള്ള മാജിക് ആണ് ആ പാട്ടിനെ ഇത്രയൂം ഉദാത്തമാക്കിയത് എന്ന കാര്യത്തില്‍ സംശയമില്ല.''

വിദ്യാസാഗര്‍ പാടിയ വിരുത്തത്തില്‍ നിന്നാണ് പാട്ടിന്റെ തുടക്കം: ``ആകാശമേഘം മറഞ്ഞേ പോയ്, അനുരാഗതീരം കരഞ്ഞേ പോയ്, ഒരു കോണിലെല്ലാം മറന്നേ നില്‍പ്പൂ ഒരേകാന്ത താരകം..'' ചരണത്തിലുമുണ്ട് പെയ്‌തൊടുങ്ങാത്ത വിരഹവും വിഷാദവും നഷ്ടബോധവും : ``മായുന്നു വെണ്ണിലാവും നിന്‍ പാട്ടും, പൂഴിമണ്ണില്‍ വീഴും നിന്‍ കാലടിപ്പാടും, തോഴീ പെയ്യാതെ വിങ്ങിനില്‍പ്പൂ വിണ്‍മേഘം; കാത്തുനില്‍പ്പു ദൂരെ ഈ ശ്യാമയാം ഭൂമി വീണ്ടും, ഒരോര്‍മ്മയായ് മാഞ്ഞുപോവതെങ്ങു നിന്‍ രൂപം...'' സമ്മര്‍ ഇന്‍ ബത്ലഹേമിലെ ഒരു രാത്രി കൂടി വിട വാങ്ങവെ എന്ന പാട്ടിനോടും ഉണ്ട് സുജാതക്ക് പറഞ്ഞറിയിക്കാനാവാത്ത സ്‌നേഹം.

ഇന്നും യാത്രയായ് എന്ന പാട്ടിനെ കുറിച്ച് പലരും നല്ലതു പറഞ്ഞുകേള്‍ക്കുമ്പോള്‍ ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍ക്കും വിദ്യാസാഗര്‍. ``ഗിരീഷിന്റെ ഭാവന കൂടി കലര്‍ന്നില്ലായിരുന്നെങ്കില്‍ ആ ഈണം അത്രയും ഹൃദയസ്പര്‍ശിയാവില്ലായിരുന്നു.'' ഗിരീഷിനും ഏറെ പ്രിയപ്പെട്ട സ്വന്തം പാട്ടുകളില്‍ ഒന്നായിരുന്നു അത്. സൂര്യാങ്കുരം എന്ന ഒരൊറ്റ വാക്കില്‍ നിന്നാണ് ആ പാട്ട് മുഴുവന്‍ ഉണ്ടായതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട് ഗിരീഷ്. ``നിരാശാകാമുകന്റെ വികാരഭരിതമായ യാത്രാമൊഴി സിനിമാപ്പാട്ടുകളില്‍ മുന്‍പും എത്രയോ കേട്ടിട്ടുണ്ട് നാം. പലതും ക്ളാസിക്ക് എന്ന് വിശേഷിപ്പിക്കാവുന്ന പാട്ടുകള്‍. അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഇമേജറികള്‍ക്കുള്ള അന്വേഷണത്തിനൊടുവിലാണ് സൂര്യാങ്കുരം വീണുകിട്ടിയത്. പിന്നെയെല്ലാം എളുപ്പമായി. വിദ്യയുടെ ഈണത്തിലൂടെയാണ് ആ ഗാനം കൂടുതല്‍ പ്രശസ്തമായതെന്ന് വിശ്വസിക്കുന്നു ഞാന്‍..''

ആരോടും പറയാതെ ഗിരീഷ് പുത്തഞ്ചേരി എന്ന ഏകാന്തതാരകം ഒരു നാള്‍ നീലാംബരത്തില്‍ നിന്ന് മാഞ്ഞുപോയപ്പോള്‍, പത്രങ്ങളിലും ചാനലുകളിലും നിരന്ന തലക്കെട്ടുകളില്‍ ഒന്ന് ആ പാട്ടിന്റെ ആദ്യവരിയായിരുന്നു: യാത്രയായ് സൂര്യാങ്കുരം.

``എന്റെ സിനിമാജീവിതത്തിലെ കണ്ണീരോര്‍മ്മയാണ് ഗിരീഷ്..''- വിദ്യാസാഗര്‍ പറയുന്നു.

Content Highlights : sujatha's reaction niram movie song yathrayayi sooryankuram vidyasagar gireesh puthanchery