മലയാളിയുടെ (തമിഴന്റേയും) പ്രണയസങ്കല്‍പ്പങ്ങളെ പാടിയുണര്‍ത്തിയ സുജാതയ്ക്ക് പിറന്നാള്‍ പ്രണാമം (മാര്‍ച്ച് 31).... സുജാതയുടെ എനിക്കേറ്റവും പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നിന്റെ പിറവിയെ കുറിച്ച്.

വരമഞ്ഞളിന്റെ വിശുദ്ധിയുള്ള പാട്ട്

പിന്നിലേയ്ക്ക് ഓടിമറയുന്ന മരങ്ങളും മലകളും നോക്കി ചെന്നൈ മെയിലിലെ തന്റെ സീറ്റില്‍ ചാരിയിരിക്കെ എങ്ങു നിന്നോ ഒരു കവിതാ ശകലം വന്നു മനസ്സിന്റെ വാതില്‍ക്കല്‍ മുട്ടുന്നു; ഒരു മൂളിപ്പാട്ടായി അത് പുറത്തു വരുന്നു:
``കിളിവന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ് ചാരിയതാരേ,
 മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ് മാറിയതാരെ...''
അവിടെ നിന്നാണ്  തുടക്കം. സിനിമയ്ക്ക് വേണ്ടിയുള്ള തന്റെ ആദ്യ ഗാനത്തിന്റെ പിറവി ആ രണ്ടു വരികളില്‍ നിന്നാണെന്നോര്‍ക്കുന്നു  സച്ചിദാനന്ദന്‍ പുഴങ്കര.  സിറ്റുവേഷന്‍ നേരത്തെ തന്നെ `പ്രണയവര്‍ണങ്ങ'ളുടെ സംവിധായകന്‍ സിബി മലയില്‍ വിവരിച്ചു തന്നിരുന്നു. ഒരു എം എ വിദ്യാര്‍ഥിനിയുടെ മനസ്സില്‍ വിരിയേണ്ട കവിതയാണ്. അതില്‍ പ്രണയം വേണം. കൗമാരത്തില്‍ നിന്ന് യൗവനത്തിലേക്ക് പ്രവേശിക്കുന്ന പെണ്‍കുട്ടിയുടെ വികാരവിചാരങ്ങളും സ്വപ്നങ്ങളും  വേണം. ചെന്നൈയില്‍ എത്തിയ ഉടന്‍  സച്ചിദാനന്ദന്‍ പാട്ടിന്റെ പല്ലവി എഴുതുന്നു: ``വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങി, നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങി...''
വിദ്യാസാഗറാണ് സംഗീതസംവിധായകന്‍. ആദ്യം ഈണമിട്ടു പാട്ടെഴുതിക്കുന്ന ശീലക്കാരന്‍. എങ്കിലും നല്ലൊരു കവിത കയ്യില്‍ കിട്ടിയാല്‍ വിദ്യാസാഗറുടെ മനം തുടിക്കും. ``വരികളുടെ അര്‍ത്ഥം മുഴുവന്‍ ചോദിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹം ഈണമിട്ടത്. സുജാതയുടെയും യേശുദാസിന്റെയും സ്വരത്തില്‍ പാട്ട് റെക്കോര്‍ഡ് ചെയ്തു.  സ്ത്രീശബ്ദത്തിലുള്ള  വെര്‍ഷനാണ് പടത്തില്‍ ഉപയോഗിച്ചത്.'' ആ ഗാനം സുജാതയ്ക്ക്  മികച്ച പിന്നണി ഗായികക്കുള്ള സംസ്ഥാന അവാര്‍ഡും നേടിക്കൊടുത്തു.

``കവിതാലാപനത്തെ കുറിച്ച് നമ്മുടെ മനസ്സിലൊരു പൊതു സങ്കല്‍പ്പമുണ്ട്. പതിവു സിനിമാഗാനങ്ങളുടെ രൂപഭാവങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതല്ല അത്. മാത്രമല്ല കവിതകള്‍ അത്ര വലിയ ഹിറ്റാകണമെന്നുമില്ല. അതുകൊണ്ടുതന്നെ കവിതയാണ് പാടേണ്ടത് എന്നറിഞ്ഞപ്പോള്‍ അമിതാവേശമൊന്നും  തോന്നിയില്ല എന്നതാണ് സത്യം.''-- സുജാതയുടെ വാക്കുകള്‍. ``എന്നാല്‍ വിദ്യയുടെ ട്യൂണ്‍ കേട്ടതോടെ മുന്‍വിധികളൊക്കെ മാറി. ഗസലിനെ പോലെ മനോഹരമായ ഒരു കാവ്യഗീതം. തെല്ലൊരു ആകാംക്ഷയും ലജ്ജയും കലര്‍ത്തിയാണ് ആ പാട്ട് പാടേണ്ടിയിരുന്നത്. സിനിമയില്‍ ആ ഭാവങ്ങള്‍ എത്ര മനോഹരമായാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നത്... ആ പാട്ട് ഇത്രയും ശ്രദ്ധിക്കപ്പെട്ടതില്‍ മഞ്ജുവിന്റെ അഭിനയത്തിനുമുണ്ട് നല്ലൊരു പങ്ക്..''

``എന്താണ് വരമഞ്ഞള്‍ എന്ന് പലരും ചോദിച്ചിട്ടുണ്ട് സച്ചിദാനന്ദനോട്. ``പൂജിച്ച മഞ്ഞള്‍ ആണത്;  അതുകൊണ്ട് തന്നെ ശ്രേഷ്ഠവും. നിമിനേരവും അധികം പാട്ടുകളില്‍ ഉപയോഗിച്ചിട്ടില്ലാത്ത പദമാണ്.  കണ്ണിമ ചിമ്മി തുറക്കുന്ന സമയം  എന്ന അര്‍ത്ഥത്തിലാണ് അതുപയോഗിച്ചത്.''  സച്ചിദാനന്ദന്‍ പറയുന്നു. പ്രണയ വര്‍ണങ്ങള്‍ക്ക് ശേഷം അപൂര്‍വ്വം ചിത്രങ്ങള്‍ക്ക് കൂടിയേ  പാട്ടെഴുതിയുള്ളൂ അദ്ദേഹം. `ഇഷ്ട' ത്തിലെ കാണുമ്പോള്‍ പറയാമോ (സംഗീതം മോഹന്‍ സിതാര) ആണ് കൂട്ടത്തില്‍ ശ്രദ്ധേയം. ചാലക്കുടിപ്പുഴയുടെ തീരത്ത് ഗ്രാമീണപശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്ന സച്ചിദാനന്ദന്റെ മനസ്സില്‍ ചെറുപ്പം മുതലേ കവിത കൂടുകൂട്ടിയത് സ്വാഭാവികം. ``സിനിമയ്ക്ക് പാട്ടെഴുതേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. സുഹൃത്തായ ജോസ് പെല്ലിശ്ശേരി വഴി തിലകനെ പരിചയപ്പെട്ടതാണ്  അതിനു വഴിയൊരുക്കിയത്.'' സച്ചിദാനന്ദന്‍ പറയുന്നു. ``കവിതയും സാഹിത്യവുമാണ് എന്റെ മേഖലകള്‍. സിനിമാപാട്ട് അതു കഴിഞ്ഞേ വരൂ. നല്ലൊരു ഗാനസന്ദര്‍ഭമോ ഈണമോ നമ്മെ പ്രചോദിപ്പിക്കുമെങ്കില്‍ ചലച്ചിത്രഗാനം എഴുതാന്‍ എന്തിനു മടിച്ചു നില്‍ക്കണം? എങ്കിലും ഒരു പന്തയത്തിന്റെയും ഭാഗമാകാന്‍ ഞാനില്ല...'' 

രവി മേനോൻ എഴുതിയ അതിശയരാഗം വാങ്ങാം

രവി മേനോന്റെ പുസ്തകങ്ങൾ വാങ്ങാം

Content Highlights: Sujatha Mohan Singer Birthday, varamanjaladiya, pranayavarnangal songs, Vidya Sagar, Evergreen hits