ശിവന് ആദരാഞ്ജലികൾ

നിർമ്മാതാവും സംവിധായകനും ഛായാഗ്രാഹകനുമൊക്കെയായ ശിവന്റെ ഫോൺകോളിൽ നിന്ന് തുടങ്ങുന്നു മലയാള സിനിമയുമായുള്ള വാണിജയറാമിന്റെ ഹൃദയബന്ധം. ചെന്നൈയിൽ സംഗീത പരിപാടിക്കെത്തിയതാണ് വാണിയമ്മ. ``ഗുഡ്ഡി''യിലെ `ബോൽരേ പപീഹരാ'യുടെ ആർദ്രമധുരമായ ശീലുകൾ അപ്പോഴുമുണ്ട് ഇന്ത്യയുടെ അന്തരീക്ഷത്തിൽ -- സിനിമ റിലീസായി രണ്ടു വർഷം കഴിഞ്ഞിട്ടും.

``ഗാനമേളയുടെ റിഹേഴ്സലിനിടക്കായിരുന്നു ശിവൻ സാറിന്റെ വിളി. ആ ദിവസം എനിക്കിന്നും ഓർമ്മയുണ്ട് -- 1973 ഫെബ്രുവരി 1.''-- വാണിയമ്മ പറയുന്നു. ``തലേന്നാണ് തമിഴിൽ ആദ്യമായി ഒരു ചലച്ചിത്ര ഗാനം പാടാൻ ക്ഷണം ലഭിച്ചത്; എൻ എസ് വിശ്വനാഥൻ പോലും ഗുരുവായി കാണുന്ന എസ് എം സുബ്ബയ്യാനായിഡുവിന് വേണ്ടി. 24 മണിക്കൂർ പോലും തികയും മുൻപിതാ മലയാളത്തിൽ പാടാനുള്ള ശിവൻ സാറിന്റെ ക്ഷണം. അതും ഞാൻ ദൈവത്തെപ്പോലെ ആരാധിക്കുന്ന സലിൽ ചൗധരിക്ക് വേണ്ടി... സ്വപ്നം പോലെ തോന്നി ആ വിളി എനിക്ക്....''

വാണിയുടെ സ്വപ്നം ``സ്വപ്ന''ത്തിലൂടെ തന്നെ യാഥാർത്ഥ്യമാകാൻ പോകുന്നേ ഉണ്ടായിരുന്നുള്ളൂ. ശിവൻ നിർമ്മിച്ച് ബാബു നന്തൻകോട് സംവിധാനം ചെയ്ത ``സ്വപ്നം'' (1973) എന്ന ചിത്രത്തിൽ ഒ എൻ വി -- സലിൽദാ സഖ്യത്തിന് വേണ്ടി ``സൗരയൂഥത്തിൽ വിടർന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി'' എന്ന സുന്ദരഗാനം പാടി മലയാളത്തിൽ തന്റെ ജൈത്രയാത്ര തുടങ്ങുന്നു വാണിജയറാം.

ചെന്നൈ നഗരവീഥികളിലൂടെ ഭാര്യ ചന്ദ്രമണിയുമൊത്തുള്ള കാർ യാത്രക്കിടയിലാണ് യാദൃച്ഛികമായി വാണിജയറാം തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതെന്ന് പറഞ്ഞിട്ടുണ്ട് ശിവൻ. വഴിയോരങ്ങളിലെങ്ങും സുന്ദരിയായ ``ബോൽരേ പപീഹരാ'' ഫെയിം ഗായികയുടെ പോസ്റ്ററുകൾ. ചെന്നൈയിൽ അടുത്ത ദിവസം നടക്കുന്ന ഗാനമേളയുടെ പരസ്യങ്ങളാണ്. ``നമുക്ക് ഈ കുട്ടിയെ കൊണ്ട് സിനിമയിൽ പാടിക്കണം. അസാധ്യ ശബ്ദമാണ്..'' -- ഗുഡ്ഢിയിലെ പാട്ടിന്റെ വലിയൊരു ആരാധികയായിരുന്ന ശിവന്റെ ഭാര്യ പറഞ്ഞു. ആ വാക്കുകൾ മനസ്സിൽ കുറിച്ചിട്ടു താനെന്ന് ശിവൻ.

സ്വപ്നത്തിലെ പാട്ടുകൾ റെക്കോർഡ് ചെയ്യാൻ പ്രസാദ് സ്റ്റുഡിയോയിൽ സലിൽ ചൗധരി കാത്തിരിക്കുന്നു. ഒരു പാട്ടേയുള്ളൂ എടുക്കാൻ ബാക്കി. പക്ഷേ പാടേണ്ട പ്രമുഖ ഗായിക എത്തിയിട്ടില്ല. കാത്തിരുന്നു അക്ഷമനായ സലിൽദാ പുതിയൊരു ഗായികയെ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടപ്പോൾ രണ്ടു വട്ടം ആലോചിക്കേണ്ടി വന്നില്ല ശിവന്. ``വാണിജയറാം''-- അദ്ദേഹം പറഞ്ഞു. ``നിന്നെ ഞാനെന്തു വിളിക്കും, ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നോ'' എന്ന് പ്രണയമധുരമായി ചോദിച്ചുകൊണ്ട് വാണി മലയാളിയുടെ സംഗീത ഹൃദയത്തിലേക്ക് കടന്നുവന്ന നിമിഷം.

``സ്വപ്ന''ത്തിലൂടെ പ്രിയകവി ഒ എൻ വി കുറുപ്പിന് അദ്ദേഹത്തിന്റെ പേര് ``വീണ്ടെടുത്തു'' കൊടുത്തതും ശിവൻ തന്നെ. സർക്കാർ ജോലി ആയതിനാൽ സ്വന്തം പേരിൽ പാട്ടെഴുതി പ്രതിഫലം പറ്റുന്നതിന് പരിമിതികളുണ്ടായിരുന്നു ഒ എൻ വിക്ക്. ബാലമുരളി എന്ന തൂലികാനാമം സ്വീകരിച്ചത് അങ്ങനെയാണ്. ``കളിയോട''ത്തിലായിരുന്നു ബാലമുരളിയിലേക്കുള്ള പകർന്നാട്ടം. തുടർന്ന് കാട്ടുപൂക്കൾ, കരുണ, കുമാരസംഭവം തുടങ്ങിയ ചിത്രങ്ങൾ.

``സ്വപ്നം'' സിനിമയിൽ പാട്ടെഴുതാൻ ക്ഷണിക്കുമ്പോൾ സ്നേഹപൂർവ്വം ഒരു ഉപാധി വെച്ചു ശിവൻ: ``എനിക്ക് വേണ്ടത് ഒ എൻ വിയെ ആണ്; ബാലമുരളിയെ അല്ല.'' സ്വന്തം പേരിലെഴുതിയാൽ ശിക്ഷാനടപടി ഉറപ്പ്. ധർമ്മസങ്കടത്തിലായി ഒ എൻ വി. ഒടുവിൽ മുഖ്യമന്ത്രി സി അച്യുതമേനോനെ കണ്ട് കാര്യം ഉണർത്തിക്കാൻ തീരുമാനിക്കുന്നു അദ്ദേഹം. പേരിന്റെ കാര്യമല്ലേ?

സാഹിത്യരസികനും നല്ലൊരു വായനക്കാരനും കൂടിയായ മുഖ്യമന്ത്രിക്ക് പ്രശ്നം എളുപ്പം മനസ്സിലായി. കുറച്ചുനേരം ആലോചിച്ചിരുന്ന ശേഷം അദ്ദേഹം കവിയോട് പറഞ്ഞു: ``സിനിമക്ക് പാട്ടെഴുതാൻ അനുമതി തരാനുള്ള വകുപ്പില്ല. സ്വകാര്യ ഏജൻസിക്ക് വേണ്ടി പ്രവർത്തിച്ചു എന്ന് ആരോപണമുണ്ടാകും.'' പോംവഴി അച്യുതമേനോൻ തന്നെ നിർദ്ദേശിച്ചു. ``എസ്റ്റാബ്ലിഷ്ഡ് പോയറ്റ് എന്ന നിലയ്ക്ക് സ്വന്തം വർക്ക് മലയാള സിനിമക്ക് സംഭാവന ചെയ്യുന്നതിന് അനുമതി തേടുക.'' പറഞ്ഞപോലെ ഒ എൻ വി അപേക്ഷ സമർപ്പിച്ചു. സഹൃദയനായ വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയ മറ്റ് ചോദ്യങ്ങളൊന്നും കൂടാതെ അനുമതി ഒപ്പിട്ടുകൊടുക്കുകയും ചെയ്തു. ബാലമുരളി വീണ്ടും ഒ എൻ വി ആയി മാറുന്നത് അതോടെയാണ്. അതിന് നിമിത്തമായത് ശിവന്റെ നിർബന്ധവും.

ശിവൻ ചേട്ടന്റെ വേർപാട് വ്യക്തിപരമായി എനിക്ക് വലിയൊരു നഷ്ടം. സിനിമയുടെ ചരിത്ര വഴികളെ കുറിച്ചുള്ള അന്വേഷണങ്ങളിൽ വഴികാട്ടിയായിരുന്നു എന്നും അദ്ദേഹം.
സ്നേഹത്തോടെ, വേദനയോടെ വിട...

Content Highlights :Sivan remembrance Vani Jayaram Swapnam Movie Song ONV salil chowdhury