രേണുക അരുണിലെ പാട്ടുകാരിയെ അല്ല ആദ്യമറിഞ്ഞതും ആസ്വദിച്ചതും; എഴുത്തുകാരിയെയാണ്. സൗമ്യസുന്ദരമായ ഒരു ആലാപ് പോലെ പരിചിത വഴികളിലൂടെ സഞ്ചരിക്കുമ്പോഴും അത്ഭുതങ്ങൾ കാത്തുവെക്കുന്ന അപൂർവ്വസുന്ദരമായ രചനാശൈലി. വേറിട്ട വീക്ഷണങ്ങളും നിരീക്ഷണങ്ങളും കൊണ്ട് സമൃദ്ധമായ ആ എഴുത്തിന്  സവിശേഷമായ ഒരു 'ക്ലാസ്' ഉണ്ടായിരുന്നു;  ആർക്കും അനുകരിക്കാനാവാത്ത  ഒന്ന്.  

'സോളോ' എന്ന സിനിമയിലെ സീതാകല്യാണ വൈഭോഗമേ എന്ന ഫ്യൂഷൻ ഗാനത്തിൽ  പിന്നീട് രേണുകയെ കേട്ടപ്പോഴും ആദ്യം മനസ്സിൽ തടഞ്ഞത് അതേ ``ക്ലാസ്' തന്നെ. ശബ്ദമാധുര്യത്തെക്കുറിച്ചുള്ള പുരാതനസങ്കൽപ്പങ്ങൾക്ക് തെല്ലും പിടികൊടുക്കാത്ത  ആലാപനശൈലി. ഭാവപ്രധാനമായ ആ ശബ്ദത്തിന്റെ സാദ്ധ്യതകൾ സ്വന്തം ഈണത്തിൽ അതീവഹൃദ്യമായി സന്നിവേശിപ്പിച്ച സംഗീതസംവിധായകൻ സൂരജ് എസ് കുറുപ്പിന് നന്ദി.

അതിനു മുൻപും കൗതുകമാർന്ന പരീക്ഷണങ്ങളിലൂടെ സംഗീത ലോകത്ത് സാന്നിധ്യമറിയിച്ചിരുന്നു രേണുക.  കർണ്ണാടക സംഗീതത്തെ പ്രോഗ്രസ്സിവ് റോക്കുമായി പ്രണയപൂർവം വിളക്കിച്ചേർത്ത മാരവൈരി ആ സാഹസങ്ങളിൽ ഒന്നുമാത്രം. നാലാം വയസ്സ് മുതൽ കർണ്ണാടക സംഗീതം അഭ്യസിക്കുകയും  ഏഴാം വയസ്സിൽ കച്ചേരി അവതരിപ്പിച്ചുതുടങ്ങുകയും ചെയ്‌ത ചരിത്രമുള്ള ഗായിക എന്നും സഞ്ചരിക്കാനാഗ്രഹിച്ചത് വേറിട്ട വഴികളിലൂടെയാണ്. ഫ്യൂഷൻ മ്യൂസിക്കിന്റെ അനന്തവിസ്തൃത ലോകത്തുകൂടിയുള്ള  ആ യാത്ര  ഇന്നും തുടരുന്നു രേണുക. 


'മറുതായ്' -- രേണുകയുടെ ഏറ്റവും പുതിയ ഗാനശിൽപ്പത്തിന് അതിലും അനുയോജ്യമായ മറ്റൊരു  പേരുണ്ടോ? പെൺമയും നിഷ്കളങ്ക ബാല്യവും നിരന്തരം അപമാനിക്കപ്പെടുന്ന പുതിയ കാലത്ത് സ്വന്തം കല തന്നെ പ്രതിഷേധവും പ്രതിരോധവുമാക്കുകയാണ് രേണുകയിലെ രോഷാകുലയായ കലാകാരി. യക്ഷികളും ഗന്ധർവന്മാരും നിറഞ്ഞ  മലയാളിയുടെ 'ഭൂതാവിഷ്ട'കാലത്തു നിന്ന് മറുതയെ കടം കൊണ്ട്  പ്രതികാരത്തെ ചരിത്രവുമായും കടംകഥകളുമായും വിളക്കിച്ചേർക്കുന്നു മനോജ് കുറൂർ.  കേട്ടറിഞ്ഞ മറുതയിൽ നിന്ന് മനോജിന്റെ  ``മറുതായി''യിലേക്ക് അധികദൂരമില്ല എന്നറിയുക. കണ്ണകിയും നീലിയും കാളിയും ഭഗവതിയുമെല്ലാം രൗദ്രരൂപത്തിൽ പടരുന്നു മനോജിന്റെ വരികളിലെന്നപോലെ രേണുകയുടെ സംഗീതത്തിലും ആലാപനത്തിലും. മാസിഡോണിയൻ സിംഫോണിക് ഓർക്കസ്ട്രയുടെ പിന്തുണ കൂടി ചേരുമ്പോൾ കാലദേശാതിർത്തികൾക്കപ്പുറത്തേക്ക് ഒഴുകുന്ന ഒരു ഫ്യൂഷൻ നദി ആയി മാറുന്നു അത്. മനസ്സിൽ  അസ്വസ്ഥതയുണർത്തുന്ന ഗാനപ്രവാഹം.

എങ്കിലും പാട്ടിനൊടുവിൽ  പ്രതീക്ഷയുടെ  നേർത്ത ഒരു കിരണം കാത്തുവെക്കുന്നുണ്ട്  ഗാനശില്പികൾ: ``മാറാനാണ് ശീലങ്ങൾ, തീരാനാണ് ശോകങ്ങൾ, നേടാനുണ്ട് ലോകങ്ങൾ, പോകാനുണ്ട്‌ നാകങ്ങൾ, മുന്നിൽ വന്നു പൂക്കുന്നു മണ്ണിൽ ചേർന്ന ദുഃഖങ്ങൾ, കണ്ണിൽ വന്നുദിക്കുന്നു വിണ്ണിൽ നിന്ന താരങ്ങൾ.... '' 
 അഭിനന്ദനങ്ങൾ രേണുക, മനോജ്...
 

content highlights : Singer Renuka Arun Solo movie song Seetha Kalyana, Marutha, Ravi menon