പാട്ടുപാടി മരം ചുറ്റുന്ന സി ഐ ഡി കാമുകന്മാരും പൈപ്പ് വലിക്കുന്ന കൊമ്പന്‍ മീശക്കാരായ കൊള്ളത്തലവന്മാരും അര്‍ദ്ധനഗ്‌നാംഗികളായ കാബറെ നര്‍ത്തകികളും അരങ്ങുവാണ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയുടെ സുവര്‍ണ കാലത്തുനിന്ന് ഇന്നും നമ്മുടെ കാതില്‍ വന്നുവീഴുന്ന, ഓര്‍മ്മകളെ  ഇക്കിളിപ്പെടുത്തുന്ന ഒരു ശബ്ദമുണ്ട് -- ലൂര്‍ദ്‌മേരി രാജേശ്വരിയുടെ മാദകശബ്ദം.

ലൂര്‍ദ്‌മേരി രാജേശ്വരിയെ എല്‍ ആര്‍ ഈശ്വരി എന്ന് പറഞ്ഞാലേ നാമറിയൂ. അറുപതുകളിലും എഴുപതുകളിലും ജ്യോതിലക്ഷ്മിമാരുടെയും വിജയലളിതമാരുടെയും മദാലസ നടനങ്ങള്‍ ജനം കണ്ടാസ്വദിച്ചത് ഈശ്വരിയുടെ സീല്‍ക്കാര ശബ്ദങ്ങളുടെയും കുസൃതിച്ചിരികളുടെയും ചൂളംവിളികളുടെയും അകമ്പടിയോടെയാണ്. ചിരിച്ചും കളിച്ചും മദിച്ചും ഗാനമായി ഒഴുകുമ്പോഴും ആ ഗായികയുടെ  മനസ്സില്‍ വിഷാദത്തിന്റെ  നേര്‍ത്ത ഈണമുണ്ടായിരുന്നുവെന്ന് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞറിഞ്ഞു -- ചെന്നൈ ഗോകുലം കോളനിയിലെ  വീടിന്റെ വിശാലമായ സ്വീകരണമുറിയിലിരുന്ന് ഈശ്വരി മനസ്സ് തുറന്നപ്പോള്‍. 

``മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചുതീര്‍ക്കുകയായിരുന്നു ഞാനെന്റെ ജീവിതം. ആദ്യം അമ്മയ്ക്ക് വേണ്ടി. പിന്നെ അനിയനും അനിയത്തിക്കും വേണ്ടി; എന്റെ പ്രിയപ്പെട്ട ശ്രോതാക്കള്‍ക്ക് വേണ്ടി. അതിനിടെ എനിക്ക് വേണ്ടി ജീവിക്കാന്‍ മാത്രം ഞാന്‍ മറന്നു. ഓര്‍മ്മ വന്നപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു...''

l r easwari

കോറസ് ഗായികയായ റജീന മേരി നിര്‍മ്മലയുടെ മകളായി തമിഴ്‌നാട്ടിലെ പരമകുടിയില്‍ ജനിച്ച ലൂര്‍ദ്‌മേരിയുടെ ശൈശവ സ്മരണകളില്‍ മൂന്ന് നേരവും വയറു നിറയെ ഭക്ഷണം കഴിച്ചു കിടന്നുറങ്ങിയ ദിവസങ്ങള്‍ അപൂര്‍വം. കുടുംബത്തിന്റെ പട്ടിണിയകറ്റാന്‍ ചെറുപ്രായത്തില്‍ അമ്മയെ പിന്തുടര്‍ന്ന് പാട്ടുകാരിയായ ഈശ്വരി യൗവ്വനകാലം മുഴുവന്‍ തൊണ്ടകീറിപ്പാടിയത് കൂടപ്പിറപ്പുകളുടെ ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്താനാണ്. നല്ലകാലത്ത് വിവാഹിതയാകാതിരുന്നത് സാഹചര്യങ്ങള്‍ അനുവദിക്കാതിരുന്നതുകൊണ്ടാണെന്ന് പറയും ഈശ്വരി. തകര്‍ന്ന ദാമ്പത്യത്തിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ കൊണ്ടുനടന്ന  അനിയത്തി എല്‍ ആര്‍ അഞ്ജലിയുടെ ജീവിതവും വിലപ്പെട്ട മറ്റൊരു പാഠമായി അവര്‍ക്ക്.

l r easwari

ഇന്ന് മിക്കവാറും ഭക്തിഗാനങ്ങളില്‍ -- അമ്മന്‍ പാട്ടുകളില്‍ -- ഒതുങ്ങിക്കഴിയുന്ന ഈശ്വരി ഒരിക്കല്‍ തെന്നിന്ത്യയുടെ മുഴുവന്‍ ഹരമായിരുന്നു. ശബ്ദത്തില്‍ പ്രവചനാതീതമാം വിധം വേരിയേഷനുകള്‍ വരുത്താനുള്ള ഈശ്വരിയുടെ കഴിവ് ലതാ മങ്കേഷ്‌കറെ പോലും വിസ്മയിപ്പിച്ചിട്ടുണ്ട്. സി വി ശ്രീധറിന്റെ ``ശിവന്തമണ്‍'' എന്ന ചിത്രത്തില്‍ ഈശ്വരി പാടിയ എട്ടു മിനുട്ടോളം ദൈര്‍ഘ്യമുള്ള ``പട്ടത്തുറാണി പാര്‍ക്കും പാര്‍വൈ'' (കണ്ണദാസന്‍ - എം എസ് വി) എന്ന ഗാനം ഓര്‍ക്കുക. ഈശ്വരിയുടെ സംഗീത ജീവിതത്തില്‍ ഇത്രയേറെ വെല്ലുവിളി ഉയര്‍ത്തിയ ഗാനങ്ങള്‍ അധികമില്ല. ചാട്ടവാറടി കൊണ്ട് പുളയുന്നതിന്റെയും തേങ്ങിക്കരച്ചിലിന്റെയും ഒക്കെ  പ്രതീതി കൊണ്ടുവരണം ആലാപനത്തില്‍. അതിഗംഭീരമായിത്തന്നെ ആ ഗാനം പാടി ഫലിപ്പിച്ചു ഈശ്വരി; തനിക്ക്  മാത്രം കഴിയുന്ന ശൈലിയില്‍.

l r easwari

ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ``ധര്‍ത്തി''യില്‍ ഇതേ ഗാനം പാടാന്‍ നിയുക്തയായത് സാക്ഷാല്‍ ലതാ മങ്കേഷ്‌കര്‍. പക്ഷേ ഈശ്വരിയുടെ ``ഒറിജിനല്‍'' കേട്ട ലതാജി പറഞ്ഞു: ``ഈ ഗാനത്തോട് ഒരിക്കലും നീതി പുലര്‍ത്താനാവില്ല എനിക്ക്. ഈശ്വരി തന്നെ പാടുന്നതാവും ഉചിതം.'' ചാട്ടവാറടികൊണ്ട് പുളയുന്നതിന്റെ എഫക്റ്റ് ഈശ്വരിയോളം ആലാപനത്തില്‍ കൊണ്ടുവരാന്‍ പറ്റില്ലെന്ന് വ്യംഗ്യമായി സമ്മതിക്കുകയായിരുന്നു അവര്‍. ഒടുവില്‍ ശങ്കര്‍ ജയ്കിഷന്റെ നിര്‍ബന്ധപ്രകാരം ലത തന്നെ ആ ഗാനം പാടി. ഇന്ന് അത് കേള്‍ക്കുമ്പോള്‍ ഈശ്വരിയുടെ`` പട്ടത്തുറാണി''യുമായി താരതമ്യം പോലുമില്ല ലതയുടെ ``ഇഷ്‌ക് കി മേ ബീമാറി''ന്  എന്ന് തിരിച്ചറിയുന്നു നാം. 

 സംഗീത ജീവിതത്തില്‍ ലഭിച്ച മറ്റേത് അവാര്‍ഡിനേക്കാള്‍ ഈശ്വരി വിലമതിക്കുന്നു  ലതാജിയുടെ  വാക്കുകള്‍.. `` ഇത്തരം ഓര്‍മ്മകളാണ് ഇന്നും എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.''

Content Highlights : singer L R Easwari birthday Dec 7 Latha Mangeshkar about L R Easwari, singer L R Easwari birthday, Latha Mangeshkar singer,