ബ്രഹ്മാനന്ദന്റെ ഓർമ്മദിനം ആ​ഗസ്റ്റ് 10ന്

സ്വന്തം പാട്ട് മറ്റൊരാൾ  പാടിക്കേൾക്കുന്നത് ഏത് ഗായകനും സന്തോഷവും അഭിമാനവും പകരുന്ന കാര്യം. പാട്ടിനോടുള്ള സ്നേഹവും  ആരാധനയും ഉൾക്കൊണ്ടാണ് ആലാപനമെങ്കിൽ വിശേഷിച്ചും.
പക്ഷേ മറിച്ചൊരനുഭവമുണ്ട് ഗായകൻ ബ്രഹ്മാനന്ദന്റെ ജീവിതത്തിൽ. സ്വന്തം പാട്ട്  മറ്റൊരാൾ പാടിക്കേട്ട് ചിരിക്കണോ കരയണോ അഭിമാനം കൊള്ളണോ എന്നറിയാതെ പകച്ചുനിന്നുപോയ നിമിഷങ്ങൾ. ബ്രഹ്മാനന്ദന്റെ മകനും അനുഗൃഹീത ഗായകനുമായ രാഖേഷ് ബ്രഹ്മാനന്ദൻ പങ്കുവെച്ച ഹൃദയസ്പർശിയായ ആ അനുഭവം ഇന്നും എന്റെ കണ്ണുനിറയ്ക്കുന്നു.

ഒരിക്കലും പാട്ടുലോകത്തെ പന്തയങ്ങളുടെ ഭാഗമായിരുന്നില്ല ബ്രഹ്മാനന്ദൻ. അവസരങ്ങൾക്ക് പിറകെ അലയാതെ, കിട്ടിയ പാട്ടുകൾ ഹൃദയം പകർന്നു പാടി അനശ്വര ഗാനശില്പങ്ങളാക്കുന്നതിലായിരുന്നു അദ്ദേഹത്തിന് താല്പര്യം. പക്ഷേ അത്തരം പാട്ടുകൾ അപൂർവമായേ ആദ്യകാലത്ത് അദ്ദേഹത്തെ തേടിവന്നുള്ളൂ. സിനിമയുടെ ബോക്സോഫീസ് സമവാക്യങ്ങളിൽ ഇടം നേടുക ദുഷ്കരമായിരുന്നു അന്നത്തെ അന്തരീക്ഷത്തിൽ ബ്രഹ്മാനന്ദനെ പോലൊരു  ഗായകന്.  കാത്തിരിപ്പ് അനന്തമായി നീണ്ടപ്പോൾ സ്വാഭാവികമായും അവസരങ്ങൾ കുറഞ്ഞു; വരുമാനവും. ജീവിതപ്രാരാബ്ധങ്ങളായി സന്തത സഹചാരികൾ.
ആയിടക്കൊരിക്കൽ ട്രെയിൻ യാത്രക്കിടെ യാദൃച്ഛികമായി ഒരു പാട്ട് ബ്രഹ്മാനന്ദന്റെ കാതിൽ വന്നുവീഴുന്നു: ``ഇന്റർവ്യൂ'' എന്ന ചിത്രത്തിൽ വയലാർ -- ദക്ഷിണാമൂർത്തി ടീമിന് വേണ്ടി താൻ തന്നെ പാടി അനശ്വരമാക്കിയ ഗാനം: ``കനകം മൂലം ദുഃഖം കാമിനി മൂലം ദുഃഖം, കണ്ണില്ലാഞ്ഞിട്ടും ദുഃഖം, കണ്ണുണ്ടായിട്ടും ദുഃഖം, ദുഃഖമയം ദുഃഖമയം ദുഃഖമയം ജീവിതം....''

നിഷേധാത്മക ചിന്തകളിൽ നിന്ന് ഞെട്ടിയുണർന്നത് അപ്പോഴാണ്.  മുന്നിൽ ഒരു അന്ധഗായകൻ. ജീവിതമേല്പിച്ച കനത്ത ക്ഷതങ്ങളുടെ തീരാവേദനയുമായി യാത്രക്കാരുടെ മുന്നിൽ ഭിക്ഷാപാത്രം നീട്ടി പാടുകയാണ് അയാൾ. ആരൊക്കെയോ പാത്രത്തിൽ നാണയങ്ങൾ വിതറുന്നു. തൊണ്ടകീറി പാടി നേടിയ സമ്പാദ്യവുമായി അടുത്ത കമ്പാർട്ട്മെന്റിലേക്ക് സംതൃപ്തിയോടെ നീങ്ങുന്നു ഭിക്ഷാടകൻ. നൊമ്പരത്തോടെ ആ കാഴ്ച്ച കണ്ടിരിക്കുകയാണ് ബ്രഹ്മാനന്ദൻ; ഒന്നും മിണ്ടാനാകാതെ.


യാത്ര കഴിഞ്ഞു തിരിച്ചെത്തിയ ശേഷം അമ്മാവനുമായി ആ അനുഭവം വികാരാധിക്യത്തോടെ അച്ഛൻ പങ്കുവെച്ചു കേട്ടതോർമ്മയുണ്ട് രാഖേഷിന്. `` ചെറുപ്രായമായിരുന്നെങ്കിലും ആ വാക്കുകൾ അന്നേ എന്റെ മനസ്സിൽ തട്ടി. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു അച്ഛൻ.  അവിചാരിതമായ സാഹചര്യത്തിൽ മറ്റൊരാൾ തന്റെ പാട്ടു പേടിക്കേൾക്കുക എന്നത് പാട്ടുകാരനെ സംബന്ധിച്ച് സന്തോഷത്തിന് വകയുള്ള കാര്യം തന്നെ. സ്വന്തം വേദനകൾ പോലും ആ നിമിഷങ്ങളിൽ മറന്നുപോയെന്ന് പറഞ്ഞിട്ടുണ്ട് അച്ഛൻ.  പക്ഷേ പിന്നീടാലോചിച്ചപ്പോൾ  എന്തൊരു വിരോധാഭാസം എന്ന് തോന്നിയിരിക്കണം അദ്ദേഹത്തിന്. മലയാളികൾ എക്കാലവും ഇഷ്ടപ്പെടുന്ന നല്ല കുറെ പാട്ടുകൾ പാടിയിട്ടും ജീവിതത്തിലെ പ്രതിസന്ധി അതിജീവിക്കാൻ അവയൊന്നും തനിക്ക് തുണയാകുന്നില്ല. അതേ സമയം മറ്റു ചിലർക്ക് ജീവിതായോധനത്തിനുള്ള മാർഗ്ഗമായി മാറുന്നു ആ പാട്ടുകൾ. മനുഷ്യജീവിതത്തിന്റെ പ്രവചനാതീതമായ വഴികളെപ്പറ്റിയാണ് അന്ന് അദ്ദേഹം സംസാരിച്ചത്.''


``സ്വർഗം മറ്റൊരു ലോകത്തുണ്ടെന്ന് സ്വപ്നം കാണുന്നവരേ, വെറുതെ സ്വപ്നം കാണുന്നവരേ, ഇവിടെത്തന്നെ സ്വർഗവും നരകവും ഇവിടെത്തന്നെ, രണ്ടും കണ്ടിട്ടുള്ളവരല്ലോ തെണ്ടികൾ ഞങ്ങൾ... '' -- വയലാറിന്റെ ആ വരികൾ അന്ധഗായകൻ പാടിയത് സ്വന്തം ആത്മാവിന്റെ ആഴങ്ങളിൽ നിന്നാണെന്നു തോന്നിയത്രേ ബ്രഹ്മാനന്ദന്. പാട്ടും പച്ചയായ ജീവിതയാഥാർഥ്യങ്ങളും ഒരുമിച്ചൊന്നായി ഒഴുകി അന്തരീക്ഷത്തിൽ അലിഞ്ഞുചേർന്ന നിമിഷങ്ങൾ. 


ഇന്നും അച്ഛന്റെ ആ അനുഭവം രാഖേഷിനെ വികാരാധീനനാക്കുന്നു; എന്നേയും.
ബ്രഹ്മാനന്ദന്റെ ഓർമ്മദിനമായ ഇന്ന്  അച്ഛനുള്ള അഞ്ജലിയായി രാഖേഷ് പാടിയ ``ചന്ദ്രികാ ചർച്ചിതമാം'' എന്ന ഗാനത്തിന്റെ കവർ വേർഷൻ ഇതോടൊപ്പം.


content highlights : singer KP Brahmanandan death anniversary