ബുദ്ധിരാക്ഷസനായ കുറ്റാന്വേഷകന്‍ സേതുരാമയ്യരെ കാണാന്‍ സി ബി ഐ ഡയറിക്കുറിപ്പ് എന്ന സിനിമ കാണേണ്ടതില്ല നാം. ശ്യാം ചിട്ടപ്പെടുത്തിയ തീം മ്യൂസിക് കേട്ടാല്‍ മതി. ഏതാനും നിമിഷങ്ങള്‍  നീളുന്ന ഒരു സംഗീതശകലത്തിന് ഒരു കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ മുഴുവന്‍  ശ്രോതാക്കളുടെ മനസ്സില്‍ മിഴിവോടെ  വരച്ചിടാന്‍ കഴിഞ്ഞു എന്നത് ചില്ലറ കാര്യമാണോ? അതും എന്നന്നേക്കുമായി. ``സി ബി ഐയുടെ  തീം മ്യൂസിക് ചിട്ടപ്പെടുത്തുമ്പോള്‍ സിനിമക്കപ്പുറത്തേക്ക് അത് വളരുമെന്നോ, ഇത്ര കാലം ജീവിക്കുമെന്നോ ഒന്നും ചിന്തിച്ചിട്ടില്ല. പാട്ടില്ലാത്ത സിനിമയായതുകൊണ്ട് സാധാരണ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ പോന്ന ഒരു തന്ത്രം അതില്‍ ഉള്‍പ്പെടുത്തണം എന്നേ  ആലോചിച്ചിരുന്നുള്ളൂ.'' -- ശ്യാം പറയുന്നു. ഉറക്കത്തില്‍ പോലും മലയാളി തിരിച്ചറിയുന്ന  സംഗീത ശകലമായി അത് മാറി എന്നത് ചരിത്രനിയോഗം. 

റീറെക്കോര്‍ഡിംഗിനായി പടം കണ്ടപ്പോള്‍ ആദ്യം ശ്യാമിന്റെ മനസ്സില്‍ തങ്ങിയത് സേതുരാമയ്യരുടെ വേറിട്ട വ്യക്തിത്വമാണ്. സാധാരണ സി ഐ ഡി സിനിമകളിലെപ്പോലെ ആക്ഷന്‍ ഹീറോ അല്ല അയാള്‍. ബുദ്ധി ഉപയോഗിച്ചാണ് കളി. കേസിന്റെ നൂലാമാലകള്‍ തലച്ചോറ് കൊണ്ട് ഇഴകീറി പരിശോധിക്കുമ്പോള്‍ സ്വാഭാവികമായും മനസ്സ് ഏകാഗ്രമാകും. ``ആ ഏകാഗ്രത സംഗീതത്തിലൂടെ എങ്ങനെ പ്രേക്ഷകനെ അനുഭവിപ്പിക്കാനാകുമെന്ന് ചിന്തിച്ചപ്പോഴാണ് അറിയാതെ തന്നെ എന്റെ മനസ്സ് ഈ ഈണം മൂളിയത്. തലച്ചോറിന്റെ സംഗീതം. അതായിരുന്നു ആശയം. കുറച്ചു നേരം ഒരേ താളത്തില്‍ മുന്നേറിയ ശേഷം പൊടുന്നനെ അത് വിജയതാളത്തിലേക്ക്  മാറുന്നു. വിക്ടറി നോട്ട് എന്നാണ് പറയേണ്ടത്.  സേതുരാമയ്യരെ അവതരിപ്പിക്കുമ്പോള്‍ ഈ വിക്ടറി നോട്ട് അത്യാവശ്യമാണെന്ന് തോന്നി. പരാജയമെന്തെന്നറിയാത്ത കുറ്റാന്വേഷകനല്ലേ?'' മോണ്ടി നോര്‍മന്‍ സൃഷ്ടിച്ച വിഖ്യാതമായ ജെയിംസ് ബോണ്ട് തീം പോലെ  സേതുരാമയ്യരുടെ സവിശേഷ വ്യക്തിത്വം അനായാസം പകര്‍ത്തിവെക്കുന്നു ശ്യാമിന്റെ ഈണം. സി ബി ഐ സിനിമകളുടെ പില്‍ക്കാല പതിപ്പുകളിലും ചില്ലറ ഭേദഗതികളോടെ ഈ ഈണം കേട്ടു. കവര്‍ വേര്‍ഷനുകളുടെയും റീമിക്‌സുകളുടെയും രൂപത്തില്‍ ഇന്നും നമ്മെ തേടിയെത്തിക്കൊണ്ടിരിക്കുന്നു ശ്യാമിന്റെ ഈണം.

ആരാധനാപാത്രവും മാനസഗുരുവുമൊക്കെയായ  ഹെന്റി നിക്കോള മാന്‍ചീനി ആയിരുന്നു ഈ പ്രമേയ സംഗീതം ചിട്ടപ്പെടുത്തുമ്പോള്‍ ശ്യാമിന്റെ മനസ്സില്‍. സംഗീതസംവിധാനത്തിലെ കുലപതിമാരില്‍ ഒരാള്‍. കുട്ടിക്കാലം മുതലേ ഹോളിവുഡ് സിനിമകളില്‍ കേട്ട് മനസ്സില്‍ പതിഞ്ഞ ഈണങ്ങളുടെ ശില്‍പ്പി. ``പിങ്ക് പാന്തര്‍, ഹടാരി, മൂണ്‍ റിവര്‍, റോമിയോ ആന്‍ഡ് ജൂലിയറ്റ് എന്നിങ്ങനെ നിരവധി സിനിമകളില്‍ മാന്‍ചീനിയുടെ മാന്ത്രിക സംഗീതമുണ്ട്. പല സിനിമകളിലും തീം മ്യൂസിക് ഒരുക്കുമ്പോള്‍ എന്റെ മാതൃക അദ്ദേഹമായിരുന്നു.''-- ശ്യാം പറയും.

പ്രിയ സംഗീതസംവിധായകനെ ഒരിക്കലെങ്കിലും നേരില്‍ കണ്ടു സംസാരിക്കാന്‍ മോഹിച്ചിട്ടുണ്ട് ശ്യാം. ലോസ് ഏഞ്ചല്‍സ്  സന്ദര്‍ശനത്തിനിടെ ഒരു തവണ അവസരം ഒത്തുവന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ ആ കൂടിക്കാഴ്ച്ച നടന്നില്ല. മാന്‍ചീനിയുടെ ഓഫീസില്‍ ചെന്നപ്പോള്‍ അദ്ദേഹം പുറത്തു പോയിരിക്കുകയായിരുന്നു. എന്നാല്‍ ആ യാത്രയില്‍ ഹോളിവുഡിലെ മറ്റു പല പ്രമുഖ കംപോസര്‍മാരെയും കണ്ടുമുട്ടാനും സംസാരിക്കാനുമായി. 

Shyam Music Director About sethurama iyer cbi mammootty theme music
സംഗീത സംവിധായകന്‍ ശ്യാമിനും ബിച്ചു തിരുമലയ്ക്കുമൊപ്പം ലേഖകന്‍ 

``ആയിരക്കണക്കിന്  പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. പലതും മലയാളികള്‍ സ്‌നേഹത്തോടെ മനസ്സില്‍ സൂക്ഷിക്കുന്നവ. എങ്കിലും എന്നെ കാണുമ്പോള്‍ പുതിയ തലമുറയിലെ കുട്ടികള്‍ പോലും പെട്ടെന്ന് ഓര്‍ത്തെടുത്തു മൂളിക്കേള്‍പ്പിക്കുക സി ബി ഐ ഡയറിക്കുറിപ്പിന്റെ  തീം മ്യൂസിക് ആണ്. സന്തോഷത്തോടൊപ്പം അത്ഭുതവും തോന്നും അപ്പോള്‍. മനസ്സു കൊണ്ട് ദൈവത്തിന് നന്ദി പറയും. എനിക്ക് വേണ്ടി ആ സംഗീതശകലം ചിട്ടപ്പെടുത്തിയത് ദൈവമല്ലാതെ മറ്റാരുമല്ല എന്ന് വിശ്വസിക്കുന്നു ഞാന്‍. ചില നിമിഷങ്ങളില്‍ നമ്മളറിയാതെ തന്നെ ദൈവം നമ്മുടെ ചിന്തകളില്‍, ഭാവനകളില്‍ മറഞ്ഞുനില്‍ക്കും. അന്ന് അങ്ങനെയൊരു ദിവസമായിരുന്നു....'' ശ്യാം വികാരാധീനനാകുന്നു.

Content Highlights: Shyam Music Director About sethurama iyer cbi mammootty theme music